അന്തരിച്ച നാടകകൃത്തും സംവിധായകനുമായ എ.ശാന്തകുമാറിന്റെ ഓര്‍മകള്‍ക്കുമുമ്പില്‍ പ്രണാമമര്‍പ്പിക്കുകയാണ് നാടകകൃത്തും സംവിധായകനുമായ സതീഷ്.കെ. സതീഷ്

ത് അടഞ്ഞുപോയ ഒരു കാലം. അരങ്ങ് നിലച്ചുപോയ കാലം. റിഹേഴ്സലും നാടകരാത്രികളും ഓര്‍മയുടെ നനവായി മനസ്സില്‍ ഇന്നലെ വൈകുന്നേരം തിമര്‍ത്ത് പെയ്ത മഴ അപഹരിച്ചകന്നത് പ്രിയ നാടകസുഹൃത്ത് ശാന്തനെയായിരുന്നു.

ശാന്തന്‍ പ്രിയ സുഹൃത്തേ, അരങ്ങിന്റെ ജ്വലനമായിരുന്നു നീ, അശാന്തമായ ഒരു കാലത്തോടാണ് ഒട്ടും ശാന്തനല്ലാതെ നീ നിന്റെ നാടകങ്ങളിലൂടെ നിരന്തരം കലഹിച്ചുകൊണ്ടിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹെമറ്റോളജി വാര്‍ഡില്‍ ലുക്കീമിയ എന്ന രോഗത്തോട് മല്ലടിച്ച് ഞെരിഞ്ഞമരുമ്പോള്‍ നീ എഴുതി...

'അന്തിമവിധി എന്തായാലും നാടകക്കാരനായി തന്നെ എനിക്ക് പുനര്‍ജനിക്കണം' അത് ജീവന്റെ പിടച്ചിലിനിടെയുള്ള ഒരു നാടകക്കാരന് അരങ്ങിനോടുള്ള അഭിനിവേശമായിരുന്നു. ഈയൊരു അടങ്ങാത്ത ലോകം നീ സമ്പന്നമാക്കിയ അരങ്ങിലെ എല്ലാ നാടകങ്ങള്‍ക്കുമുമ്പുണ്ട്, ഉള്ള് കത്തുന്നവന്റെ എഴുത്തായിട്ടാണ് നീ അരങ്ങിന് തന്ന നാടക പ്രപഞ്ചങ്ങളത്രയും എനിക്ക് അനുഭവപ്പെട്ടത്.
   
കോഴിക്കോട് ബാങ്ക് മെന്‍സിന്റെ നാടക മത്സരത്തിലാണ്, നിന്റെ 'സുഖനിദ്രകള്‍' എന്ന നാടകം ഞാന്‍ കാണുന്നത്. അത് പൊള്ളിക്കുന്ന ഒരനുഭവമായിരുന്നു. വരാനിരിക്കുന്നവന്റെ സ്വരം ഞങ്ങള്‍ കേട്ടു. ടി. സുരേഷ് ബാബുവാണ് ആ നാടകം സംവിധാനം ചെയ്തത്. സുഖനിദ്രകളിലേക്ക് ആഴ്ന്നിറങ്ങുന്നവന്റെ ബോധങ്ങളെയാണ് ആ നാടകം കടന്നാക്രമിച്ചത്. നാം ജീവിക്കുന്ന ഭീദിതമായ ഒരു കാലത്തിന്റെ അവസ്ഥകളില്‍ നിന്ന് മുഖം തിരിച്ച് സുഖശീതളമെത്തകളില്‍ സുഖനിദ്രകളിലേക്ക് വഴുതുന്നവരാണ് നാമൊക്കെ. ഒരു വലിയ താക്കീതായ ആ നാടകം നമ്മെ ആഞ്ഞ് കുടഞ്ഞു. തുടര്‍ന്ന് പതിമൂന്നാം വയസ്, കര്‍ക്കിടകം, സ്വപ്നവേട്ട എന്നീ നാടകങ്ങള്‍ എന്റെ കാഴ്ചയിലേക്ക് വന്നു. അരങ്ങിന്റെ ഭാവി എന്തെന്ന് നിര്‍ണയിക്കാനിരിക്കുന്ന ഒരു നാടകകൃത്തിന്റെ സ്വരം ഞാന്‍ ആ നാടകങ്ങളില്‍ കേട്ടു, കണ്ടു. ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ടും ആഖ്യാനഘടനയിലെ പുതിയ പുതിയ സഞ്ചാരവഴികള്‍ കൊണ്ടും ശാന്തന്‍ എന്നെ അമ്പരിപ്പിക്കുകയായിരുന്നു. അത് എന്റെ എഴുത്തിനും കരുത്ത് പകരുകയായിരുന്നു.
  മലയാള നാടകരചനയിലെ അത്ഭുത പ്രതിഭാസമായിരുന്ന താജിന് ശേഷം മലയാള നാടകരചനാ ലോകത്തേക്ക് കടന്നുവന്നവരെന്ന നിലയില്‍ ശാന്തനെയും എന്നെയും പലപ്പോഴും പലരും താജിന്റെ പിന്‍മുറക്കാര്‍ എന്ന് പറഞ്ഞുപോന്നു. സത്യത്തില്‍ ഞങ്ങള്‍ പിന്‍നടത്തക്കാരായിരുന്നില്ല, വഴി മാറി സഞ്ചരിച്ചവരായിരുന്നു. താജ് ഏറെ പറഞ്ഞുപോയതിനപ്പുറം പറയാനുള്ള ഒരു ശ്രമം അറിഞ്ഞോ അറിയാതെയോ ശാന്തന്റെയും എന്റെയും രചനകളില്‍ കടന്ന് വന്നിട്ടുണ്ടാവാം; അത് ബോധപൂര്‍വ്വമായിരുന്നില്ല.

ബോധപൂര്‍വ്വമല്ലാതെയുള്ള മുമ്പേ പോയവന്റെ രചനാവഴികളെ മറികടന്നുകൊണ്ടുള്ള രചനകളാണ് ശാന്തനെ മലയാള അരങ്ങിന്റെ പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്. 'പെരുംകൊല്ലന്‍' എന്ന രചന കേരള രാഷ്ട്രീയത്തിലെ ചോരചിതറുന്ന പകപോക്കലിന്റെ കാലങ്ങളായി ആവര്‍ത്തിച്ചുപോരുന്ന ഹിംസയുടെ ഉത്സവത്തെയാണ് വലിച്ച് കീറുന്നത്. 'പെരുംകൊല്ലന്‍' യൂണിവേഴ്സിറ്റിയിലെ സംഗീത നാടക അക്കാദമി നാടക മത്സരത്തില്‍ ആളുകള്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന് നാടകം കാണുന്നതിന് സാക്ഷിയായി. അക്കാദമി സദസ്സുകള്‍ക്കപ്പുറം കേരളത്തിലെ സാധാരണക്കാരുടെ മനസ്സിലേക്ക് പടര്‍ന്ന് കയറുന്ന നാടകങ്ങളായിരുന്നു ശാന്തനില്‍ പിറവിയെടുത്തത്.

വളരെ സാധാരണമെന്ന് തോന്നിപ്പിക്കുകയും എന്നാല്‍ ഒട്ടും സാധാരണമല്ലാത്ത അസാധാരണമായ ഒരെഴുത്തായിരുന്നു ഈ നാടകക്കാരന്റേത്. തിരശ്ശീല വീഴുന്നതോടെ ശാന്തന്റെ നാടകങ്ങള്‍ അവസാനിക്കുന്നില്ല. അത് പൊള്ളിപ്പിക്കുന്ന ഒരു കനലായി നമ്മുടെ ബോധത്തില്‍ വീണ് പുകയുകയാണ്.

 'സുഖ നിദ്രകളിലേക്ക്', 'പതിമൂന്നാം വയസ്സ്', 'ദാഹം', 'ന്റെപുള്ളിപയ്യ് കരയ്യാണ്', 'കര്‍ക്കിടകം', 'സ്വപ്നവേട്ട', 'ജയില്‍ ഡയറി', 'പെരുംകൊല്ലന്‍', 'ഒരു ദേശം നുണ പറയുന്നു'... ലൈംഗിക തൊഴിലാളികളുടെ അതിജീവനത്തിന്റെ കഥപറയുന്ന 'ഒറ്റരാത്രിയുടെ കാമുകിമാര്‍' സ്വവര്‍ഗ അനുരാഗികള്‍ക്ക് വേണ്ടി രചിച്ച 'അവസാന ചുംബനം' തുടങ്ങിയ അമ്പതിലേറെ രചനകളുടെ ഒരു ലോകം, സ്വന്തം പ്രാണനെപ്പോലെ അരങ്ങിനെ സ്നേഹിക്കുകയും സ്വന്തം ചൂടും ചോരയും വിയര്‍പ്പുമേകി അതിന് കരുത്തേകുകയും അരങ്ങ് ഒരായുധമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്ത ഒരു നാടകകൃത്തിന്റെ രചനാ സാക്ഷ്യങ്ങളാണ് ആ നാടകങ്ങളത്രയും.

ശാന്തന്‍ എപ്പോഴും അശാന്തനായി കലഹിച്ച് കൊണ്ടേയിരുന്നത് ചുറ്റുപാടുകളുടെ ജീര്‍ണതകളോടായിരുന്നു. മഴ ഇലകളിലെ അഴുക്ക് കഴുകികളയുന്നപോലെ ഓരോ രചനകളും നമുക്ക് മേല്‍പറ്റിപിടിച്ച ജീര്‍ണതകളെ കഴുകികളയുകയായിരുന്നു. ഞാന്‍ ശാന്തന്റെ അവസാനമായി കാണുന്ന നാടകം 'കൂവാഗ'മാണ്. ട്രാന്‍സ്ജന്റേഴ്സിന്റെ ജീവിതം പറയുന്ന, അഗാധ സങ്കടങ്ങളിലൂടെ കടന്ന് പോവുന്ന ഈ നാടകം കാലങ്ങളായി നമ്മള്‍ പറ്റിചേര്‍ന്ന ഇത്തരം അഴുക്കുകളെയാണ് എടുത്ത് വിചാരണ ചെയ്യുന്നത്. ഇന്റര്‍ സോണ്‍ അരങ്ങില്‍ കോഴിക്കോട് പ്രോവിഡന്‍സ് ഈ നാടകം വളരെ ശക്തമായാണ് അവതരിപ്പിച്ചത്. നടുക്കുന്ന ഒരു രാഗാനുഭവമായി അതിപ്പോഴും മനസ്സില്‍. മത്സര പ്രഖ്യാപനത്തില്‍ ആ നാടകം ഒന്നാം സമ്മാനാര്‍ഹമായപ്പോള്‍ ഓടിച്ചെന്ന് ആശ്ലേഷിച്ചത് നനയുന്ന ഓര്‍മയായി ഇപ്പോഴും മനസ്സില്‍.
  ഒട്ടേറെ നാടക പുസ്തകങ്ങള്‍ എഡിറ്റ് ചെയ്ത എനിക്ക് ശാന്തന്‍ ഒരാവേശമാണ്, ആ ഓരോ നാടകപുസ്തകത്തിലെയും കരുത്താണ്. 'നാടകകാലം' എന്ന ഞാന്‍ എഡിറ്റ് ചെയ്ത നാടക പുസ്തകത്തിലാണ് 'ന്റെ പുള്ളിപയ്യ് കരയ്യാണ്' എന്ന രചന വരുന്നത്. പിന്നീട് ആ നാടകം കേരളീയ അരങ്ങില്‍ കത്തിപ്പടരുകയായിരുന്നു. ഒടുവില്‍ അധികം വൈകാതെ പുറത്തിറങ്ങുന്ന തിയേറ്റര്‍ ടെക്സ്റ്റ് എന്ന പുസ്തകത്തില്‍ ശാന്തന്റെ ഒരു രചനയുണ്ട് 'പെണ്‍ക്കിനാവ്', ഇതാ ഇപ്പോള്‍ ബയോഡാറ്റ എഴുതി വെച്ച പേജ് മരണക്കുറിപ്പായി മാറുകയാണ്, എല്ലാം ഒരു നാടകം പോലെ.

ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് മുമ്പ് ഈ അടഞ്ഞ് പോയ കാലത്തിന്റെ നിശ്ചലതയില്‍ ഞാന്‍ ശാന്തനെ വിളിച്ചു. അശാന്തമായ മനസ്സോടെ രോഗം വീണ്ടും ആക്രമിച്ച് തുടങ്ങിയതും രചനയും നാടകവുമൊക്കെ ആഘോഷിച്ചവരുടെ വിളി നിന്ന് പോയതുമൊക്കെ വളരെ സന്തോഷത്തോടെ അറിയിച്ചു. അനുശോചനങ്ങളുടെ ആഘോഷങ്ങളില്‍ വാഴ്ത്തപ്പെടുന്നവരാണല്ലോ കലാകാരന്മാര്‍. മനസ്സ് വലിഞ്ഞ് കീറിയവന്റെ സ്വരം ഇനി നമ്മോടൊപ്പമില്ല. അത് അണഞ്ഞ് പോകാതെ അരങ്ങില്‍ ജ്വലിച്ച് കൊണ്ടേയിരിക്കും.

Content Highlights: Playwright Satheesh K Satheesh pays Homage to Veteran Playwright A Santhakumar