പിയേഴ്‌സ് സൈക്ലോപീഡിയയുടെ ആദ്യ പതിപ്പ് 1897 ഡിസംബറിലാണ് പുറത്തിറങ്ങിയത്. കയ്യിലൊതുങ്ങുന്ന സമഗ്രമായ വിജ്ഞാന കോശം എന്ന നിലയില്‍ ഈ കൃതി ഒരു നൂറ്റാണ്ടിലേറെ സേവനം പൂര്‍ത്തിയാക്കി. 2017-2018 പതിപ്പോടെ ഈ വിജ്ഞാന കോശം വിടവാങ്ങുകയാണ്. ഇന്റര്‍നെറ്റിന്റെ കാലത്ത് ഇത്തരമൊരു പുസ്തക അനാവശ്യമാണ് എന്ന ബോധ്യത്തോടെ അവര്‍ സ്വയം പിന്‍വാങ്ങുകയാണെന്ന് പുതിയ പതിപ്പില്‍ അറിയിപ്പായി രേഖപ്പെടുത്തിയിട്ടുണ്ട്. ദി ഫൈനല്‍ എഡിഷന്‍ എന്ന് കവറില്‍ തന്നെ കൊടുത്തിട്ടുമുണ്ട്.

പ്രശസ്തമായ പിയേഴ്‌സ് സോപ്പിന്റെ നിര്‍മ്മാതാക്കളായിരുന്ന എ&എഫ് പിയേഴ്‌സ് ലിമിറ്റഡ് കമ്പനി ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിക്ക് അവരുടെ ഡയമണ്ട് ജൂബിലി ആഘോഷത്തിന് സമ്മാനമെന്ന നിലയില്‍ തുടങ്ങിയതത്രേ ഈ പ്രസിദ്ധീകരണം. 1807-ല്‍ ആന്‍ഡ്ര പിയേഴ്‌സ് ഇംഗ്ലണ്ടില്‍ ഉത്പാദനം തുടങ്ങിയ സോപ്പിന്റെ പേരാണ് പിയേഴ്‌സ്. വിജ്ഞാനകോശത്തിന്റെ ആദ്യ പതിപ്പിന്റെ പേര് 'പിയേഴ്‌സ് ഷില്ലിങ് സെക്ലോപീഡിയ' എന്നായിരുന്നു. ലണ്ടന്‍ പിയേഴ്‌സ് കമ്പനി മാനേജര്‍ തോമസ് ബാരറ്റ് എന്ന മിടുക്കനായിരുന്നു ഈ ആശയത്തിന്റെ പിന്നില്‍.

ഇംഗ്ലീഷ് ഡിക്ഷണറി, മെഡിക്കല്‍ ഡിക്ഷണറി, ഗസറ്റിയര്‍, അറ്റസ്, പൊതുവിജ്ഞാനകോശം എന്നിവ ചേര്‍ത്തുള്ള ഒരു പുസ്തകമായിരുന്നു ആദ്യത്തേത്. അതില്‍ ചരിത്രം, ശാസ്ത്രം, മതം, സാഹിത്യം, കച്ചവടം തുടങ്ങിയ വിഷയങ്ങളിലെ വിവരങ്ങളാണ് പൊതുവിജ്ഞാന ഭാഗത്ത് ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീടത് എല്ലാ വര്‍ഷവും പുതുക്കിയ പതിപ്പുകളുമായി രംഗത്തെത്തി. ഓരോ പതിപ്പിലും പുതിയ വിജ്ഞാന മേഖലകളെ ഉള്‍പ്പെടുത്തി ഇത് നിരന്തരം പരിഷ്‌കരിച്ചു. ആളുകള്‍ ഓരോ വര്‍ഷവും ഇതിനു വേണ്ടി കാത്തിരുന്നു തുടങ്ങി. 

1960-ല്‍ സോപ്പ് കമ്പനിയില്‍ നിന്നും ഇതിന്റെ പ്രസിദ്ധീകരണാവകാശം ആദ്യം പെല്‍ഹാം ബുക്‌സസും തുടര്‍ന്ന് പെന്‍ഗ്വിന്‍ ബുക്സ്സും ഏറ്റെടുത്തു. അതുവരെ ബ്രിട്ടനില്‍ മാത്രം പ്രചാരത്തിലി രുന്ന ഇത് ലോകത്തിന്റെ മുന്നിലെത്തി. ആദ്യകാല പതിപ്പുകളിലെ പല വിഭാഗങ്ങളും ഇപ്പോഴും നില നിര്‍ത്തിപ്പോരുന്നു. ക്ലാസ്സിക്കല്‍ മിത്തോളജി, സ്‌പോര്‍ട്‌സ്, മ്യൂസിക് ആന്‍ഡ് ആര്‍ട്ട്, ആശയങ്ങളും വിശ്വാസവും തുടങ്ങിയ വിഭാഗങ്ങള്‍ പിന്നീട് ചേര്‍ക്കപ്പെട്ടു. ഒറ്റ വോള്യത്തില്‍ ഇത്രയധികം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച മറ്റൊരു വിജ്ഞാനകോശം ഇല്ലെന്നു തന്നെ പറയാം. വായിക്കാന്‍ ഭൂതക്കണ്ണാടി വേണമല്ലോ എന്ന പരാതി പലപ്പോഴും കേട്ടിരുന്നു. കാരണം അത്ര ചെറിയ അക്ഷരങ്ങളാണ് ഇതില്‍ ഉപയോഗിച്ചത്.

ഇപ്പോള്‍ പുറത്തുവന്ന പുതിയ പതിപ്പില്‍ (20172018) ഇരുപതു വിഭാഗങ്ങളാണുള്ളത്. Chronicle of Events, Prominent People, Background to World Events, Britain Today, The Historical World, General Compendium, Biblical Glossary, Myths and Legends, Ideas and Beliefs, Gazetteer of the British Isles, General Information, Literary Companion, Introduction to Art and Architecture, The World of Music, The Cinema, Food and Drink, Sporting Almanac, The World of Science, Planet Earth, Medical Matters എന്നിവയാണ് അവസാന പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. കഴിഞ്ഞ നാല്‍പതു വര്‍ഷമായി ഇതിന്റെ എഡിറ്റര്‍ ആയിരിക്കുന്ന കിസ് കൂക്കാണ് ഈ പതിപ്പും തയ്യാറാക്കിയത്.

( ജികെ ആന്‍ഡ് കറന്റ് അഫേഴ്‌സില്‍ പ്രസിദ്ധീകരിച്ചത്. )