സ്വപ്നത്തെ അനുഗമിച്ച് നിധിതേടിപ്പോയ സാന്റിയാഗോയുടെ തിരിച്ചറിവാണ് പൗലോ കൊയ്ലോയുടെ 'ആല്‍ക്കെമിസ്റ്റ്' പറയുന്നത്. അവസാനം അവന്‍ കണ്ടെത്തുന്നത് നിധിയെന്നത് സഞ്ചരിച്ച വഴികളും അവ നേടിത്തന്ന അറിവുമാണെന്നാണ്.

ഓട്ടോറിക്ഷാഡ്രൈവറായ പ്രദീപിനെക്കുറിച്ച് പറയുമ്പോള്‍ പൗലോ കൊയ്ലോയെക്കുറിച്ചും ആല്‍ക്കെമിസ്റ്റിനെക്കുറിച്ചുമൊക്കെ പറയണം. പുസ്തകവായന ജീവിതലഹരിയാക്കിയ മനുഷ്യനാണ് ചെറായി കണയ്ക്കാട്ടുശ്ശേരി സ്വദേശി കെ.എ. പ്രദീപ്. വീട് ചെറായിയില്‍ ആണെങ്കിലും ഓട്ടോ ഓടിക്കുന്നത് നഗരത്തിലാണ്. 

ജീവിതപ്രാരബ്ധങ്ങള്‍ക്കിടയിലും വായനയില്ലാത്ത ദിവസത്തെക്കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാനാവില്ല. ലൈബ്രറിയില്‍ പോകാനും അവിടിരുന്ന് വായിക്കാനുമൊന്നും ഓട്ടോ ഓടിക്കലിനിടയില്‍ സമയം കിട്ടില്ല. പുസ്തകങ്ങളെല്ലാം പണംകൊടുത്ത് വാങ്ങിയാണ് വായിക്കുന്നത്. ചെറുതല്ലാത്തൊരു പുസ്തകശേഖരവും സ്വന്തമായുണ്ട്. പിന്നെ സ്വന്തം പുസ്തകമെന്നത് ഒരു ആനന്ദമാണെന്ന് അദ്ദേഹംതന്നെ പറയും. 'എപ്പോള്‍വേണമെങ്കിലും എവിടെവേണമെങ്കിലിമിരുന്ന് വായിക്കാമല്ലോ'- പ്രദീപ് ചിരിച്ചുകൊണ്ട് പറയുന്നു.

Alchemist
ഓട്ടോയ്ക്കുള്ളില്‍ പതിച്ചിരിക്കുന്ന പൗലോ കൊയ്ലോയുടെയും
വി.കെ.എന്നിന്റെയും ചിത്രങ്ങള്‍

പ്രദീപിന്റെ ഓട്ടോയില്‍ കയറുന്നവര്‍ ആദ്യം ശ്രദ്ധിക്കുന്നത് ഓട്ടോയില്‍ ഒട്ടിച്ചുവെച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളാണ്. പൗലോ കൊയ്ലോയുടെയും വി.കെ.എന്നിന്റെയും ചിത്രങ്ങളാണ് അദ്ദേഹം തന്റെ ഓട്ടോയില്‍ പതിച്ചിരിക്കുന്നത്. ഓട്ടോയുടെ പേരാകട്ടെ 'ആല്‍ക്കെമിസ്റ്റ്'എന്നാണ്. തന്റെ പ്രിയ എഴുത്തുകാരന്‍ പൗലോ കൊയ്ലോയുടെ ലോകപ്രശസ്തമായ പുസ്തകത്തിന്റെ പേരാണ് ഓട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്. പുസ്തകം വായിച്ചതിന് ശേഷം ഓട്ടോയുടെ പേര് ആല്‍ക്കെമിസ്റ്റ് എന്നാക്കുകയായിരുന്നു. 

ആല്‍ക്കെമിസ്റ്റ് തുടങ്ങി അഡല്‍റ്ററി വരെയുള്ള പൗലോ കൊയ്ലോയുടെ പുസ്തകങ്ങള്‍ അദ്ദേഹം വായിച്ചുകഴിഞ്ഞു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസും ടോള്‍സ്റ്റോയിയും എല്ലാം അദ്ദേഹത്തിന് പ്രിയപ്പെട്ട എഴുത്തുകാര്‍ തന്നെയാണ്. നോവലുകളാണ് അധികവും വായിക്കുന്നത്. വിശ്വസാഹിത്യകൃതികളോട് പ്രത്യേക ഇഷ്ടമുള്ളതായും പ്രദീപ് പറയുന്നു. വണ്ടിയില്‍ കയറുന്ന ചിലര്‍ ഫോട്ടോയെപ്പറ്റിയും വണ്ടിയുടെ പേരിനെപ്പറ്റിയും ചോദിക്കും. ചിലര്‍ താത്പര്യത്തോടെ ഇതൊക്കെ കേള്‍ക്കാറുണ്ടെന്നും ചിലര്‍ക്ക് ഇതിലൊന്നും താത്പര്യമില്ലെന്നും പ്രദീപ് പറയുന്നു.

പേരിന്റെ വഴി

20 വര്‍ഷത്തിലേറെയായി ഓട്ടോ ഓടിക്കുന്നു. പത്തുവര്‍ഷം മുന്‍പാണ് ഓട്ടോയ്ക്ക് ആല്‍ക്കെമിസ്റ്റ് എന്ന് പേരിടുന്നത്. അതിനുമുന്‍പ് ഓട്ടോയ്ക്ക് പ്രത്യേകിച്ച് പേരൊന്നുമില്ലായിരുന്നു. കൈയിലുള്ള ബാഗില്‍ എപ്പോഴും ഒരു പുസ്തകമുണ്ടാകും. വണ്ടിയോടിക്കലിന്റെ ഇടവേളകളില്‍ വായിക്കും. 'പ്രായം കൂടുകയല്ലേ... ഓട്ടത്തിനിടയില്‍ പഴയപോലെയുള്ള വായനയില്ലിപ്പോള്‍. ലീവെടുത്തിരുന്ന് വായിക്കുന്ന ശീലമുണ്ടായിരുന്നു. രണ്ടുദിവസമൊക്കെ ജോലിക്കൊന്നും പോകാതെയുള്ള വായനയായിരുന്നു'-പ്രദീപ് പറയുന്നു. വി.കെ.എന്നിനോടുള്ള ആരാധനമൂത്ത് അദ്ദേഹത്തെ നേരില്‍പ്പോയി കണ്ട കഥയെല്ലാം അദ്ദേഹം ഇന്നലെയെന്നപോലെ ഓര്‍ത്തെടുക്കുന്നു. പയ്യന്‍ കഥകളാണ് ഏറ്റവും പ്രിയപ്പെട്ടത്. 'ലോകത്തെ അറിയണമെങ്കില്‍ വായിക്കണം. നമ്മളങ്ങനെയല്ലേ അറിവ് നേടേണ്ടത്' -പത്താംക്ലാസുകാരനായ പ്രദീപ് പറയുന്നു.

ആദ്യം കൊല്‍ക്കത്തയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിനോക്കിയിരുന്നു. പിന്നീട് വിവാഹശേഷമാണ് ഓട്ടോ ഓടിച്ചുതുടങ്ങിയത്. ഭാര്യ സിന്ധു, പ്രീ-പ്രൈമറി അധ്യാപികയായിരുന്നു. മകന്‍ പ്രണവ്, ഡിഗ്രിക്ക് പഠിക്കുന്നു. 'പുസ്തകങ്ങളുടെ വിലയെക്കുറിച്ച് ചിന്തിക്കാറില്ല. അതിനൊന്നും വിലയിടാന്‍ പറ്റില്ലല്ലോ. ഇനിയും ഒരുപാട് പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനുമുണ്ട്'-പ്രദീപ് പറഞ്ഞു.

അപ്പോഴേക്കും അടുത്ത ഓട്ടത്തിന് ആളെത്തി. ആല്‍ക്കെമിസ്റ്റെന്ന ഓട്ടോയ്ക്ക് താണ്ടാന്‍ ഇനിയുമുണ്ട് ഒരുപാട് ദൂരം.

Content Highlights: Paulo Coelho and Alchemist fan book lover auto driver Ernakulam