കേള്‍ക്കുമ്പോള്‍ അന്തരംഗം അഭിമാനപൂരിതമാവുകയും ഞരമ്പുകളില്‍ ചോര തിളയ്ക്കുകയും ചെയ്യുന്ന പോരിന്റെ പടവാളുയര്‍ത്തുന്നൊരു പേരുണ്ട് കേരളമണ്ണില്‍- കുഞ്ഞാലി മരയ്ക്കാര്‍മാര്‍. വൈദേശികാധിപത്യത്തിനെതിരെ ഇന്ത്യയില്‍ നിന്നുയര്‍ന്ന പ്രതിരോധപര്‍വ്വത്തിന്റെ ആദ്യനക്ഷത്രം. അടിച്ചമര്‍ത്തപ്പെട്ടവരുടെ നിലവിളികള്‍ക്കൊപ്പം ആത്മത്യാഗത്തിന്റെ നിലവിളക്കുമുയര്‍ത്തിപ്പിടിച്ച് നിന്ന ധീരതയുടെയും സത്യസന്ധതയുടെയും അനശ്വരമാതൃക. ഗാമമാരുടെ അധിനിവേശചരിത്രവാഴ്ത്തുകളില്‍ മന:പൂര്‍വ്വം തമസ്‌കരിക്കപ്പെട്ട മഹാസമുദ്രസേനാധിപന്മാര്‍. ഗോവ പോലെ പോര്‍ച്ചുഗീസ് കോളനിയായി കേരളം മാറ്റപ്പെടാതിരുന്നതിനുള്ള കാരണഭൂതര്‍. 

പതിനഞ്ചാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യവും സമാധാനപൂര്‍ണ്ണവുമായ വ്യാപാരബന്ധമായിരുന്നു ചീനയെന്ന ചൈന, അറേബ്യ തുടങ്ങിയ മധേഷ്യന്‍ രാജ്യങ്ങളുമായി കേരളത്തിലെ രാജാക്കന്മാര്‍ക്കുണ്ടായിരുന്നത്. അവിടേക്കാണ് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കുടിലതയുടെയും ക്രൗര്യതയുടെ തലപ്പാവുമണിഞ്ഞ് പോര്‍ച്ചുഗീസുകാര്‍ നാവികപ്പടയുമായി അധിനിവേശത്തിന്റെ തുഴ കുത്തുന്നത്. സമുദ്രമാര്‍ഗ്ഗമുള്ള വാണിജ്യത്തിന്റെ കുത്തകവകാശം പോര്‍ച്ചുഗീസുകാര്‍ കൈയ്യടക്കിത്തുടങ്ങി. സമുദ്രസഞ്ചാരത്തിന് അനുമതിക്കായുള്ള കട്ത്താസ് എന്ന പാസ്‌പോര്‍ട്ട് രീതി അവര്‍ നടപ്പിലാക്കി. മറ്റ് നാട്ടുരാജ്യങ്ങള്‍ അവര്‍ക്ക് വിധേയപ്പെട്ടെങ്കില്‍ മലബാറിന്റെ രാജാവ് സാമൂതിരി എതിര് നിന്നു. സമൂതിരിക്ക് അതിന് ധൈര്യം നല്‍കിയത് പാറ പോലെ കൂടെയുറച്ച് നിന്ന കുഞ്ഞാലിമരയ്ക്കാര്‍. 

1524-ല്‍ കൊഷി എന്ന കൊച്ചിയില്‍ നിന്ന് അഹമ്മദ് മരയ്ക്കാര്‍, സഹോദരന്‍ കുഞ്ഞാലിമരയ്ക്കാര്‍, അവരുടെ മാതുലന്‍ മുഹമ്മദലി മരയ്ക്കാര്‍ എന്നിവര്‍ വാണിജ്യത്തിനായി മലബാറിലെത്തിയതെന്ന് ശൈഖ് സൈനൂദ്ദിന്‍ മഖ്ദൂം രചിച്ച തുഹ്ഫത്തൂല്‍ മുജാഹുദ്ദിന്‍ എന്ന പുരാതനഗ്രന്ഥം രേഖപ്പെടുത്തുന്നു. അവര്‍ തങ്ങളുടെ കപ്പലുകളും ആളുകളെയും സാമൂതിരിക്ക്  സമര്‍പ്പിച്ചു. മുഹമ്മദലിക്ക് സാമൂതിരി കുഞ്ഞാലി മരയ്ക്കാര്‍ എന്ന സ്ഥാനവും നല്‍കി. മരയ്ക്കാര്‍ എന്നാല്‍ മാര്‍ഗ്ഗക്കാരന്‍, നിയമം പിന്തുണയ്ക്കുന്നവന്‍. നാവികന്‍ എന്നും പറയപ്പെടുന്നുണ്ട്. കുഞ്ഞാലിയെന്നാല്‍ പ്രിയപ്പെട്ട ആലിയെന്നാണ് അര്‍ത്ഥം. കുഞ്ഞാലി മരയ്ക്കാര്‍ എന്നാല്‍ പ്രിയപ്പെട്ട നാവികന്‍ എന്ന് പറയാം. 

സമുദ്രപാത കൈവശപ്പെടുത്താനും മലബാറിനെ കൊള്ളയടിക്കാനുമുള്ള പോര്‍ച്ചുഗീസുകാരുടെ ശ്രമങ്ങള്‍ക്കെതിരെ കുഞ്ഞാലിമരയ്ക്കാറുടെ നേതൃത്വത്തില്‍ നാവികപ്പട രൂപികരിക്കപ്പെട്ടു. ഹിറ്റ് ആന്റ് റണ്‍ (ആഞ്ഞടിക്കുക, ഓടിപ്പോവുക) എന്ന യുദ്ധതന്ത്രമായിരുന്നു കുഞ്ഞാലിയുടേത്.  വലിയ കാറ്റില്‍ മാത്രം ചലിക്കുന്ന പോര്‍ച്ചുഗീസുകാരുടെ വന്‍കപ്പലുകളെ നേരിടാന്‍ കുഞ്ഞാലി ചെറിയ ബോട്ടുകളായ പറവുകളുണ്ടാക്കി. മുപ്പതാളുകള്‍ കൊണ്ട് തുഴയാവുന്ന പറവുബോട്ടുകളില്‍ കുതിച്ചുവന്നന് കുഞ്ഞാലി ഒന്നാമനും അനുയായികളും പോര്‍ച്ചുഗീസ് കപ്പലുകളെ മിന്നല്‍ വേഗത്തില്‍ ആക്രമിച്ചു. ചെറുബോട്ടുകളെ പ്രത്യാക്രമിക്കാന്‍ പോര്‍ച്ചുഗീസ് കപ്പലുകള്‍ നന്നേപ്രയാസപ്പെട്ടു. ഇന്നും ഇന്ത്യന്‍ നേവിയുടെ പ്രതിരോധമാര്‍ഗ്ഗങ്ങളിലൊന്നാണ് ഹിറ്റ് ആന്റ് റണ്‍. 1531-ല്‍ പോര്‍ച്ചുഗീസ് സൈന്യത്തിന്റെ ആക്രമണത്തില്‍ മരയ്ക്കാര്‍ ഒന്നാമന്‍ ധീരരക്തസാക്ഷിയായി. 

art by vijesh viswam
വര: വിജേഷ് വിശ്വം

കുഞ്ഞാലി ഒന്നാമന്റെ മകന്‍ കുട്ട്യാലിക്ക് 1531-ല്‍ സാമൂതിരി കുഞ്ഞാലി മരയ്ക്കാര്‍ രണ്ടാമന്‍ പദവി നല്‍കി. കിട്ടിയ ഓരോ അവസരത്തിലും കുഞ്ഞാലി രണ്ടാമന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് ഭീഷണി ഉയര്‍ത്തി, അവരുടെ കപ്പലുകള്‍ പിടിച്ചടക്കി, നാവികരെ ഉന്മൂലനം ചെയ്തു. ഒറ്റവര്‍ഷം കൊണ്ട് കുഞ്ഞാലി രണ്ടാമന്‍ കീഴടക്കിയത് നാല്‍പ്പതുകപ്പലുകള്‍. 

ഇതിനിടയില്‍ സാമൂതിരി പോര്‍ച്ചുഗീസുകാരുമായി സന്ധിയിലായി. പോര്‍ച്ചുഗീസുകാരെ ചാലിയത്ത് കോട്ട പണിയാന്‍ സാമൂതിരി അനുവദിച്ചു. അത് സാമൂതിരിക്ക് പറ്റിയ വലിയൊരു തെറ്റായിരുന്നെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. മലബാറിന് മുകളില്‍ അധികാരത്തിന്റെ ചിറകുകള്‍ വിരിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് കിട്ടായ സ്ഥാനമായിരുന്നു ചാലിയം കോട്ട. വെറും 26 ദിവസം കൊണ്ട് 1532 മാര്‍ച്ചില്‍ അവര്‍ കോട്ട നിര്‍മിച്ചു. സാമൂതിരി മരിച്ചപ്പോള്‍ ഭരണസാരഥ്യമേറ്റെടുത്ത സാമൂതിരി പോര്‍ച്ചുഗീസുകാരുമായി, കരാറുകള്‍ പുതുക്കി. സാമൂതിരിയെത്തന്നെ അത് തിരിഞ്ഞുകൊത്താന്‍ ഒട്ടും താമസിച്ചില്ല. സാമൂതിരിക്ക് മുകളില്‍ അവര്‍ കൂടുതല്‍ അധികാരം സ്ഥാപിക്കാന്‍ തുടങ്ങി. ചാലിയം കോട്ട പിടിച്ചെടുക്കാന്‍ സാമൂതിരി യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ കുഞ്ഞാലി രണ്ടാമന്‍ അറബിക്കടലില്‍ രക്തസാക്ഷിയായി. പട്ടുമരയ്ക്കാര്‍ എന്നറിയപ്പെട്ട കുഞ്ഞാലി മൂന്നാമന്‍ യുദ്ധത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. മൂന്നാമന്റെ നേതൃത്വത്തില്‍ ചാലിയം കോട്ട പിടിച്ചെടുത്ത് കല്ലിന്മേല്‍ കല്ല് അവശേഷിക്കാതെ കോട്ട തകര്‍ത്തു. 

കോഴിക്കോടിനു വടക്ക് കോട്ടപ്പുഴയ്ക്കടുത്ത് കോട്ടയ്ക്കലില്‍ കോട്ട പണിയാനും നാടുവാഴിക്ക് സമാനമായ അധികാരവും സാമൂതിരി കുഞ്ഞാലി മൂന്നാമന്  നല്‍കി. മരണം വരെ തോല്‍വിയറിയാത്ത അറബിക്കടലിന്റെ സിംഹമായിരുന്നു മൂന്നാമന്‍. 1594-ല്‍ പന്തലായനിയില്‍ വച്ച് പോര്‍ച്ചുഗീസുകാരെ തോല്‍പ്പിച്ച്, നാട്ടുകാരെ കാണാന്‍ കപ്പലിറങ്ങി വരവെ വീണ്, മരയ്ക്കാര്‍ മരണത്തിലേക്ക് യാത്രയായി. 

കുഞ്ഞാലി മൂന്നാമന്‍ ചരമം പ്രാപിച്ചതോടെ 1595-ല്‍ മരുമകന്‍ മുഹമ്മദ്, കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി. കോട്ടയ്ക്കല്‍ കോട്ടയുടെ അധിപനായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ സാമൂതിരെയും കീഴടക്കി മലബാര്‍ സ്വന്തമാക്കുമെന്ന് പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയെ തെറ്റിദ്ധരിപ്പിച്ചു. കുഞ്ഞാലിയെ ഉന്മൂലനം ചെയ്താല്‍ മാത്രമേ മലബാര്‍ കീഴടക്കാനാവൂ എന്ന് മനസ്സിലാക്കിയ പോര്‍ച്ചുഗീസുകാര്‍ ഒരുക്കിയ കെണി, അതില്‍ സാമൂതിരി വീണു. സാമൂതിരി മരയ്ക്കാര്‍ നാലാമനെതിര് നിന്നു. പോര്‍ച്ചുഗീസുകാര്‍ കടല്‍ വഴി ആക്രമിക്കുമ്പോള്‍ തങ്ങള്‍ കരവഴി ആക്രമിക്കാമെന്ന് സാമൂതിരി ഉടമ്പടി വെച്ചു. 

സാമൂതിരിയുടെ സഹായത്തോടെ പോാര്‍ച്ചുഗീസ് സൈന്യം കോട്ടയ്ക്കല്‍ കോട്ട വളഞ്ഞു. കുഞ്ഞാലി നാലാമന്‍ ആക്രമണത്തെ ധീരതയോടെ നേരിട്ടു. ആദ്യയുദ്ധത്തില്‍ പോര്‍ച്ചുഗീസിന്റെ പടയാളികള്‍ പിന്തിരിഞ്ഞോടി. 300 പറങ്കികള്‍ അന്ന് യുദ്ധഭൂമിയില്‍ മരിച്ചുവീണു. പോര്‍ച്ചുഗീസുകാര്‍ക്ക് ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ അപമാനം. തങ്ങളുടെ എതിരാളി ഏറ്റവും കരുത്തനായ മനുഷ്യനാണെന്ന് മനസ്സിലാക്കിയ പോര്‍ച്ചുഗീസുകാര്‍ യുദ്ധത്തിനായി കൂടുതല്‍ സജജീകരണങ്ങളൊരുക്കി, ആന്ദ്രേ ഫുര്‍ത്താദോവിനെ നാവികമേധാവിയാക്കി. 

art vijesh viswam
വര: വിജേഷ് വിശ്വം

1600 മാര്‍ച്ചില്‍ പോര്‍ച്ചുഗീസുകാരുടെ പീരങ്കിപടയും സാമൂതിരിയുടെ യോദ്ധാക്കളും കോട്ടയ്ക്കല്‍ കോട്ട ഉപരോധിച്ചു. ധീരതയോടെ കുഞ്ഞാലിമരയ്ക്കാരും അനുയായികളും ചെറുത്തുനിന്നു. കോട്ടയ്ക്കകത്തേക്ക് ഭക്ഷണമെത്തിക്കാനുള്ള കുഞ്ഞാലിയുടെ ശ്രമങ്ങള്‍ അവര്‍ ഇല്ലാതാക്കി. പല യുദ്ധങ്ങളിലും കുഞ്ഞാലിമരയ്ക്കാര്‍ സഹായിച്ച ഉള്ളാളിലെ റാണി മുപ്പതിനായിരം ചാക്ക് അരി കോട്ടയിലേക്ക് രഹസ്യമായി അയച്ചു. ഇത് മനസ്സിലാക്കിയ പോര്‍ച്ചുഗീസുകാര്‍ അരിയുമായി വന്ന കപ്പലിനെ പുറങ്കടലില്‍ വെച്ച് നശിപ്പിച്ചു.  കോട്ടയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ദയനീയമായ അവസ്ഥ  കണ്ട് മരയ്ക്കാര്‍ കീഴടങ്ങാന്‍ തയ്യാറായി. തന്റെ രാജാവിന് മുമ്പിലല്ലാതെ മറ്റാര്‍ക്ക് മുന്നിലും തല കുനിക്കാന്‍ മരയ്ക്കാര്‍ തയാറായില്ല. 1600 മാര്‍ച്ച് 13-ന് അത് സംഭവിച്ചു. സ്ത്രീകളും കുട്ടികളും രോഗികളും പൊള്ളേറ്റവരും കോട്ടയില്‍ നിന്ന് ആദ്യം പുറത്തേക്ക് വന്നു. അവര്‍ക്ക് പിറകെ നിരായുധരായ യോദ്ധാക്കള്‍. അവരെ പിന്തുടര്‍ന്ന് മറ്റുള്ളവരും. ഏറ്റവും ഒടുവില്‍ തന്റെ മൂന്ന് കപ്പിത്താന്മാര്‍ക്കൊപ്പം ഒരു പ്രഭുവിനെപ്പോലെ വസ്ത്രധാരണം ചെയ്ത് കുഞ്ഞാലി നടന്നുവന്നു. തലയില്‍ കറുത്ത പട്ടുറുമാല്‍ ചുറ്റിയിരുന്നു കുഞ്ഞാലി. കൈയ്യില്‍ മുന താഴ്ത്തിപ്പിടിച്ച ഉടവാളുമുണ്ടായിരുന്നു. 

കുഞ്ഞാലി മരയ്ക്കാര്‍ സാമൂതിരിയുടെ സമീപത്തെത്തി, തന്റെ വാള്‍ രാജാവിനു സമര്‍പ്പിച്ചു. സാമൂതിരിക്ക് കീഴടങ്ങിയാല്‍ സാമൂതിരിക്ക് കീഴില്‍ കുഞ്ഞാലിമരയ്ക്കാര്‍ സ്വതന്ത്രനാവുമെന്ന് വ്യവസ്ഥയുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. പോര്‍ച്ചുഗീസുകാരുടെ ചതി ആവര്‍ത്തിക്കപ്പെട്ടു. ബലം പ്രയോഗിച്ചാണ് കീഴടക്കിയതെന്ന് വരുത്താന്‍ ഫുര്‍ത്താദോ കുഞ്ഞാലി മരയ്ക്കാരെ പിടികൂടി. സാമൂതിരിയുടെ നായര്‍പടയാളികള്‍ പോര്‍ച്ചുഗീസുകാരെ ആക്രമിച്ച് കുഞ്ഞാലിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

കോട്ടക്കല്‍ കോട്ട ഫുര്‍ത്താദോ തകര്‍ത്തു. കുഞ്ഞാലിയുടെ കപ്പലുകളും തെങ്ങിന്‍തോപ്പുകളും പുരയിടങ്ങളും അഗ്നിക്കിരയാക്കി. മാര്‍ച്ച് 25ന് മരയ്ക്കാരെയും കൂട്ടാളികളെയും ഫുര്‍ത്താദോ ഗോവയിലേക്കു കൊണ്ടുപോയി. മരയ്ക്കാറിന്റെ തല വെട്ടാന്‍ വിധിയുണ്ടായി. വിധി കേട്ട് കൂസലേതുമില്ലാതെ മാന്യതയോടെ കുഞ്ഞാലിമരയ്ക്കാര്‍ തലയുയര്‍ത്തി നിന്നു. വധശിക്ഷ നടപ്പിലാക്കുന്ന ദിവസം ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ ഉല്‍സവം പോലെ കൊണ്ടാടി. ഗില്ലറ്റിനെന്ന് പേരുള്ള ഫ്രഞ്ചുമാതൃകയിലുള്ള കൊലമരത്തില്‍ കുഞ്ഞാലിയെ നിര്‍ത്തി. മേളങ്ങളുടെ അകമ്പടയില്‍ കുഞ്ഞാലിയുടെ കഴുത്തില്‍ കോടാലി വീണു.  കുഞ്ഞാലി മരയ്ക്കാര്‍ മരണപ്പെട്ടിട്ടും പോര്‍ച്ചുഗീസുകാരുടെ അരിശമടങ്ങിയില്ല. കുഞ്ഞാലിയുടെ  മൃതദേഹം വെട്ടി, പല ഭാഗങ്ങളാക്കി, ഗോവയിലെ കടല്‍ത്തീരത്ത് ഉയര്‍ത്തിവെച്ചു. ശിരസ്സ് ഉപ്പ് പുരട്ടി, കണ്ണൂര്‍ കോട്ടയില്‍ പ്രദര്‍ശിപ്പിച്ചു. ഇനിയാരും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ശബ്ദമുയര്‍ത്തരുതെന്ന താക്കീത്. 

art vijesh viswam
വര: വിജേഷ് വിശ്വം

മരയ്ക്കാര്‍ നാലാമന്റെ പതനത്തിന് ശേഷം സാമൂതിരിക്കും കോഴിക്കോടിനും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ചെറുത്തുനില്‍പ്പിന് വേണ്ട കരുത്താര്‍ജ്ജിക്കാന്‍ കഴിഞ്ഞില്ല, മരയ്ക്കാര്‍ നാലാമന് ശേഷം മരയ്ക്കാര്‍ പദവി കൈമാറ്റം ചെയ്യപ്പെട്ടുവെങ്കിലും ചരിത്രത്താളുകളില്‍ അവര്‍ക്കാര്‍ക്കും പ്രതിരോധത്തിന്റെ ഒരോര്‍മയും തീര്‍ക്കാനായില്ല. 

എന്നാല്‍ മരയ്ക്കാര്‍ വധിക്കപ്പെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പറങ്കികള്‍ക്കെതിരായ യുദ്ധത്തില്‍ മരയ്ക്കാര്‍ കുടുംബത്തില്‍ നിന്ന് ഒരാള്‍ നെഞ്ചുറപ്പോടെ മുന്നില്‍വന്നു, പെഡ്രോ റോഡ്ഗ്രസ്. തന്റെ പൂര്‍വ്വികരോട് ചെയ്തതിനെല്ലാം രക്തം കൊണ്ട് കണക്ക് പറയാന്‍ സമുദ്രമെന്ന രണാങ്കണത്തിലേക്ക് ഇറങ്ങിയ കുഞ്ഞാലിമരയ്ക്കാര്‍മാരുടെ ഉശിരും തന്റേടവും ഉള്ളവന്‍. ഫുര്‍താദോ യുദ്ധത്തില്‍ പിടിച്ച നാവികനായിരുന്ന പതിമൂന്നുകാരനായ പെഡ്രോ. ഗോവയിലേക്ക് കൊണ്ടുവന്ന പെഡ്രോയെ നിര്‍ബന്ധിപ്പിച്ച് മതം മാറ്റി, ഒരു പോര്‍ച്ചുഗീസുകാരിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. കുഞ്ഞാലി നാലാമന്റെ മരണം നേരിട്ട് കണ്ട പെഡ്രോ ഗോവയില്‍ നിന്ന് ഒളിച്ചോടി കോഴിക്കോട്ടെത്തി. അഞ്ച് പറവുകളില്‍ പറങ്കിക്കപ്പലുകള്‍ കൊള്ളയടിക്കാന്‍ തുടങ്ങി. സെയ്ന്റ് ജോണ്‍ ബീച്ചിലെത്തി, തന്നെ മതം മാറ്റിയ പുരോഹിതന്മാരോടുള്ള ദേഷ്യം തീര്‍ക്കാന്‍, ഫ്രാന്‍സിസ്‌കന്‍ അച്ചന്മാരെ വധിച്ച് ഫോക്കാദോ ദ്വീപിലേക്ക് പോയി. പെഡ്രോ പറങ്കികള്‍ക്ക് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ഡച്ചുകാരുമായി ചേര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഭീഷണിയുയര്‍ത്തിയെന്നും അനേകം കപ്പലുകള്‍ പിടിച്ചടക്കിയെന്നും മൂന്നൂറിലധികം പോര്‍ച്ചുഗീസ് ഭടന്മാരെ വധിച്ചുവെന്നും ചരിത്രം പറയുന്നു. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ നിന്ന് പലായനം ചെയ്യുന്നതിന് സാക്ഷിയായിട്ടുണ്ട് പെഡ്രോ. പൂര്‍വ്വികര്‍ക്ക് വേണ്ടിയുള്ള പിന്മുറക്കാരന്റെ നേര്‍പ്രതികാരത്തിന്റെ ഉശിരുള്ള ഏട്. 

പാനിപ്പത്തും പ്ലാസിയും ശ്രീരംഗപട്ടണവും പോലെ ഇന്ത്യാചരിത്രത്തില്‍ ശ്രദ്ധമായ സ്ഥാനമുണ്ട് വടകരയ്ക്കടുത്തുള്ള കോട്ടക്കലിനും. പതിനാറാം നൂറ്റാണ്ടില്‍ അറബിക്കടലിനും മലബാറിനും പോര്‍ച്ചുഗീസുകാരിട്ട വിലങ്ങുകള്‍ പൊട്ടിക്കാന്‍ നാവികയുദ്ധങ്ങളിലേര്‍പ്പെട്ട കുഞ്ഞാലിമരയ്ക്കാര്‍മാരുടെ കോട്ടയാകുന്നു കോട്ടക്കല്‍. ചരിത്രസ്മൃതികളില്‍ മരയക്കാര്‍മാരുടെ ആവേശവും ധീരതയും ഇന്നും കോട്ടക്കലിന് പുളകം ചാര്‍ത്തുന്നു. നൂറ്റാണ്ടുകള്‍ കൊഴിഞ്ഞുപോയാലും കുഞ്ഞാലിമരയ്ക്കാര്‍മാര്‍ സ്വദേശാഭിമാനികള്‍ക്ക് ആവേശമുണര്‍ത്തുന്നൊരദ്ധ്യായമാകുന്നു. കുഞ്ഞാലിമരക്കാര്‍മാരുടെ ജീവിതവും ചരിത്രവും പറയുന്ന വടകരയ്ക്കടുത്തുള്ള ഇരിങ്ങലിലെ കുഞ്ഞാലിമരക്കാര്‍ മ്യൂസിയം കാഴ്ചക്കാരില്‍ പട വെട്ടിയ കാലത്തിന്റെ ആവേശം തീര്‍ക്കുന്നു. കുഞ്ഞാലി മരക്കാര്‍ മൂന്നാമന്റെ വീടായ ബലൂഡിയാണ് മ്യൂസിയമായി മാറിയത്. പുരാവസ്തുവകുപ്പിന്റെ കീഴിലാണ് മ്യൂസിയം. മ്യൂസിയത്തിന് സമീപത്തായുള്ള കുഞ്ഞാലിമരക്കാര്‍ പള്ളിയും ഓര്‍മകളെ തിരിച്ചുവിളിക്കുന്നു. 

4 മരയ്ക്കാര്‍മാര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടത്തിയത് 28 യുദ്ധങ്ങള്‍. 1507 മുതല്‍ 1600 വരെ ഒരു നൂറ്റാണ്ടോളം അവര്‍ സമുദ്രത്തിന്റെ കാവല്‍നായകരായി. സമുദ്രത്തിന്റെയും നാടിന്റെയും സ്വാതന്ത്ര്യത്തിന് വേണ്ടി കുഞ്ഞാലി മരക്കാര്‍മാര്‍ ചെയ്ത ആത്മത്യാഗം ഇന്ത്യാചരിത്രത്തിലെ വളരെ പ്രധാനമായൊരേടാകുന്നു. സ്വന്തം മണ്ണിനും വിണ്ണിനും വേണ്ടി, സമുദ്രത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ പറവുബോട്ടുകള്‍ തുഴഞ്ഞവര്‍. കുഞ്ഞാലിമരയ്ക്കാര്‍മാര്‍ വെറുമൊരു പേരല്ല, ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അടങ്ങാത്ത സ്വാതന്ത്ര്യവാഞ്ചയുടെയും ആത്മാഭിമാനത്തിന്റെയും ഒരിക്കലും മങ്ങാത്ത കൊടിയാളമാകുന്നു. മാത്രമല്ല, അപരവിദ്വേഷവും കപടദേശീയതയും പുകയുന്ന നടപ്പുകാലത്ത്, ദേശസ്‌നേഹിയെന്ന പദത്തിന്റെ അര്‍ത്ഥമെന്താണെന്ന് മതേതരത്വത്തിന്റെ സ്‌നേഹഗാഥയുയര്‍ത്തി കുഞ്ഞാലിമരയ്ക്കാര്‍മാര്‍ വെളിച്ചം കാട്ടുന്നു. 

അവലംബഗ്രന്ഥങ്ങള്‍
തുഹ്ഫത്തുല്‍ മുജാഹിദീന്‍-  ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം
മലബാര്‍ മാന്വല്‍- വില്യം ലോഗന്‍
പോര്‍ച്ചുഗീസ് അധിനിവേശവും കുഞ്ഞാലി മരയ്ക്കാര്‍മാരും- കെ.കെ.എന്‍. കുറുപ്പ്
അറിയപ്പെടാത്ത കുഞ്ഞാലി മരയ്ക്കാര്‍- പി.വി. മുഹമ്മദ് മരയ്ക്കാര്‍

Content Highlights : p v shajikumar writes kunjali marakkar real story