'ജനിച്ച ഈ നാട് അശുദ്ധാക്കീന്നല്ലാതെ ഈ നാടിന്റെ ഗുണമോ രുചിയോ അനുഭവിക്കാനിടവന്നിട്ടില്ല' -മഹാകവി പി ഒരഭിമുഖത്തില്‍ എസ്.ഗുപ്തന്‍ നായരോട് തന്റെ ജന്മനാടിനെക്കുറിച്ച് പറഞ്ഞു. എന്നാല്‍ ആത്മകഥയായ കവിയുടെ കാല്‍പ്പാടുകളിലെ പല അധ്യായങ്ങളിലും ജന്മനാടിനെ കവി അതിരറ്റു സ്‌നേഹിച്ചതിന്റെ വരികള്‍ കാണാം. നാടിനെക്കുറിച്ച് പറയുന്നിടത്ത്  വാചാലതയും സൗന്ദര്യവും നിറഞ്ഞുതുളുമ്പുന്നു. കവിയുടെ ജനനം നാട്ടില്‍ തെയ്യക്കാവുകള്‍ സജീവമാകുന്ന തുലാമാസത്തിലാണ്. തുലാപ്പത്തിനാണ് ഉത്തരകേരളത്തില്‍ തെയ്യക്കാലം തുടങ്ങുന്നത്. 

മലയാളവര്‍ഷം1082 തുലാം ഒന്‍പതിനാണ് കവി ജനിച്ചത്. ഇംഗ്ലീഷ് കലണ്ടറില്‍ 1906 ഒക്ടോബര്‍ 26-ന്. 112-ാം ജന്മദിനമാണ് വ്യാഴാഴ്ച. 13-ാം വയസ്സില്‍ പഠനത്തിനായി പട്ടാമ്പിയിലേക്ക് വണ്ടികയറുന്ന കവി പിന്നീട് നിളയുടെ കാമുകനായി കവിതയ്ക്കായി അലഞ്ഞുതിരിയുകയായിരുന്നു. ആത്മകഥയില്‍ ജന്മനാട്ടില്‍ വന്ന ഓരോ കാര്യവും കവി ഓര്‍ത്തെടുത്ത് വിവരിക്കുന്നുണ്ട്. 

ജനിച്ചുവളര്‍ന്ന മഠത്തില്‍വളപ്പ് വീട്ടിലേക്കുള്ള കവിയുടെ വരവ് വളരെ അപൂര്‍വമായിരുന്നു. അവസാനമായി വെള്ളിക്കോത്തുള്ള മകള്‍ രാധയ്‌ക്കെഴുതിയ കത്തില്‍ മഠത്തില്‍വളപ്പിലെ മഠത്തില്‍ കര്‍ക്കടകത്തില്‍ നടക്കുന്ന ഭഗവതിസേവയ്ക്ക് തന്റെ പേരില്‍ വഴിപാട്പൂജ ഏര്‍പ്പാടാക്കണമെന്നും അതിനു തീര്‍ച്ചയായും വരുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആ വരവുണ്ടായില്ല. യാത്രയൊക്കെ അവസാനിപ്പിച്ച് ജന്മനാട്ടില്‍ത്തന്നെ സ്ഥിരവിശ്രമം വേണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. വിശ്രമത്തിനായി കണ്ടുവെച്ച ഇടം ആനന്ദാശ്രമമായിരുന്നു. ഈ ആവശ്യം മകള്‍ രാധയുടെ ഭര്‍ത്താവ് പി.ശങ്കരന്‍നായര്‍ ആശ്രമത്തിലെ അമ്മ കൃഷ്ണാബായിയെ അറിയിക്കുകയും അവര്‍ പൂര്‍ണസമ്മതം നല്‍കുകയും ചെയ്തിരുന്നു. 

ആത്മകഥയില്‍ കാഞ്ഞങ്ങാട് തീവണ്ടിയാപ്പീസില്‍ തുടങ്ങുന്ന നാടിനെപ്പറ്റിയുള്ള വിവരണം കോട്ടച്ചേരി പട്ടണത്തെക്കുറിച്ചും പുതിയകോട്ടയിലെ ആഴ്ചച്ചന്തയെക്കുറിച്ചുമുള്ള വാങ്മയചിത്രങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പുഞ്ചവിള നോക്കിനില്‍ക്കുന്ന അകന്ന കാരണവരായാണ് ആനന്ദാശ്രമത്തോട് ചേര്‍ന്നുനില്‍ക്കുന്ന മഞ്ഞംപൊതിക്കുന്നിനെ  കാണുന്നത്. ആനന്ദാശ്രമത്തെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നുണ്ട്. തച്ചോളി ഒതേനന്‍ അന്തിയുറങ്ങിയ  തറവാട്ടുഭവനത്തെക്കുറിച്ചും തെയ്യങ്ങളെക്കുറിച്ചും നാട്ടിലെ ക്ഷേത്രോത്സവങ്ങളെക്കുറിച്ചും ഹൃദ്യമായ രീതിയിലാണ് വിവരിക്കുന്നത്.

പി. കുഞ്ഞിരാമന്‍ നായരുടെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം