പുരോഗമനസാഹിത്യപ്രസ്ഥാനത്തെ കേരളം കൂട്ടിവായിക്കുന്നത് തകഴി, ബഷീര്‍, ദേവ് എന്നീ പേരുകള്‍ക്കൊപ്പമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാഹിത്യമുന്നേറ്റങ്ങളില്‍ വളരെ പ്രധാനപ്പെട്ടതും സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്കുവേണ്ടി പേനയെടുക്കുക വഴി സാഹിത്യത്തെ ജനപ്രിയമാക്കുകയും ചെയ്ത പുരോഗമനസാഹിത്യകാരന്‍മാര്‍ ജന്മിത്തവും മുതലാളിത്തവും സാമൂഹിക അസംഘടിതാവസ്ഥകളും പട്ടിണിയും ദാരിദ്ര്യവും തങ്ങളുടെ കൃതികളുടെ മുഖ്യപ്രമേയമാക്കി.

തകഴിയുടെ രണ്ടിടങ്ങഴി, കയര്‍, ചെമ്മീന്‍ ബഷീറിന്റെ അറസ്റ്റും ജയില്‍വാസവും, മതിലുകള്‍, ന്റുപ്പാപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന്, വിശപ്പ്, ജീവിതനിഴല്‍പ്പാടുകള്‍, തുടങ്ങിയ കൃതികളും കേശവദേവിന്റെ ദീനാമ്മ, ഓടയില്‍ നിന്ന്, അയല്‍ക്കാര്‍, ഭ്രാന്താലയം, റൗഡി, കണ്ണാടി, സ്വപ്നം, എനിക്കു ജീവിക്കണം, ഞൊണ്ടിയുടെ കഥ, വെളിച്ചം കേറുന്നു, എങ്ങോട്ട് തുടങ്ങിയ കൃതികളും ജീവിതഗന്ധിയായ പ്രമേയാവതരണങ്ങളാല്‍ ജനപ്രിയമായവയാണ്.

മറ്റുള്ളവര്‍ക്ക് എഴുത്തിന് വിഷയമാവാതിരുന്ന മനുഷ്യരുടെ ജീവിതങ്ങളെ കുറിച്ചാണ് പി കേശവദേവ് എന്ന എഴുത്തുകാരന്‍ നിരന്തരം എഴുതിയിരുന്നത്. മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് തെണ്ടിയും വേശ്യയും റിക്ഷാക്കാരനുമൊക്കെ നടന്നുകയറിയത് കേശവദേവിന്റെ കൃതികളിലൂടെയാണ്. മനുഷ്യരുടെ വേദനകളാണ് എന്നും കേശവദേവിനെ അലട്ടിയിരുന്നത്. മറ്റുള്ളവരുടെ വേദനയില്‍ അലിയുന്ന മനസ്സും ഇടത് ആശയങ്ങളോടുള്ള ആഭിമുഖ്യവും കേശവദേവിനെ അധ്വാനവര്‍ഗത്തിന്റെ എഴുത്തുകാരനായി മാറ്റുകയായിരുന്നു. 

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ആധുനിക കേരളത്തില്‍ നടപ്പിലാവേണ്ടത് സാമൂഹ്യപരിഷ്‌കരണമാണെന്ന് പി. കേശവദേവ് വാദിച്ചു. തന്റെ കഥാപാത്രമായ ഓടയില്‍ നിന്നിലെ പപ്പുവിനെ പോലെ ഒരേ സമയം ധിക്കാരിയും അലിവുള്ളവനുമായിരുന്നു ദേവും. സാഹിത്യത്തേക്കാള്‍ വലുത് ജീവിതമാണെന്ന് അദ്ദേഹം വിശ്വസിച്ചു. തിന്മയെ ശക്തമായി എതിര്‍ത്തിരുന്ന കേശവദേവ് തന്റെ ആത്മകഥയ്ക്ക് നല്‍കിയ പേരും എതിര്‍പ്പ് എന്നായിരുന്നു.

1904 ജൂലൈ ഇരുപതിന് പറവൂരിലെ കെടാമംഗലത്തു ജനിച്ച കേശവപ്പിള്ള യുക്തിവാദിചിന്തകളില്‍ ആകൃഷ്ടനാവുകയും ജാതിമതചിന്തകളില്‍ നിന്നും സ്വയം മാറ്റം അനിവാര്യമാണന്നെ ബോധത്തോടെ തന്റെ പേര് കേശവദേവ് എന്നാക്കി മാറ്റുകയും ചെയ്തു. ആദ്യനോവലായ 'ഓടയില്‍ നിന്ന്' പ്രസിദ്ധീകരിച്ചത് 1930 ലാണ്. വായനക്കാര്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കിയ ഓടയില്‍ നിന്ന് എന്ന പുസ്തകത്തെ തുടര്‍ന്ന് ഇരുപതോളം നോവലുകളും പതിനാറോളം ചെറുകഥാസമാഹാരങ്ങളും ദേവ് എഴുതി. നാടകങ്ങള്‍, നിരൂപണങ്ങള്‍, ഗദ്യകവിതകള്‍ തുടങ്ങി മേഖലകളിലും ദേവ് തന്റെ കഴിവ് തെളിയിച്ചു. കേരളസാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടായും ദേവ് സേവനമുഷ്ഠിച്ചു. സാഹിത്യപ്രവര്‍ത്തകസഹകരണസംഘത്തിന്റെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് 1983 ജൂലെ ഒന്നിനാണ് ദേവ് അന്തരിച്ചത്.

Content Highlights: P Kesavadev Death Anniversary