കവിയും ഗാനരചയിതാവുമായ പി ഭാസ്‌കരന്റെ ജന്മവാര്‍ഷികദിനമാണ് ഏപ്രില്‍ 21. അദ്ദേഹം നടന്നുതീര്‍ത്ത വഴികള്‍ മലയാളിക്ക് പറഞ്ഞുതീരാത്ത വിശേഷമാണ്. കവിയും എഴുത്തുകാരനും സിനിമാസംവിധായകനും നടനും രാഷ്ട്രീയ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും അങ്ങനെ മലയാളിക്ക് എല്ലാമെല്ലാമായിരുന്നു പി. ഭാസ്‌കരന്‍. 250 ചിത്രങ്ങളിലായി 3000 ഗാനങ്ങള്‍ ഉതിര്‍ന്നു വീണു ആ തൂലികത്തുമ്പില്‍ നിന്ന്. രവി എന്ന പേരിലെഴുതിയ 'വയലാര്‍ ഗര്‍ജിക്കുന്നു', 'മൂലധനം' എന്ന ചലച്ചിത്രത്തിലെ 'ഓരോ തുള്ളിച്ചോരയില്‍ നിന്നും...' എന്നിവ ജ്വലിപ്പിച്ചത് ആ ദശാസന്ധിയിലെ വിപ്ലവസ്വപ്നങ്ങളെയാണ്. 'ഉയരും ഞാന്‍ നാടാകെ' എന്നു തുടങ്ങുന്ന ഗാനം ഭരണകൂടവര്‍ഗത്തെ ഉലച്ചതും അസ്വസ്ഥമാക്കിയതും ചരിത്രം.

1924 ഏപ്രില്‍ 21 ന് കൊടുങ്ങല്ലൂരിലാണ് അദ്ദേഹം ജനിക്കുന്നത്. വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ടിരുന്ന ഭാസ്‌കരന്‍ 1942-ല്‍ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയില്‍ വാസം വരിക്കുകയുണ്ടായി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി. അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്. വയലാര്‍ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന സമാഹാരം തിരുവിതാംകൂറില്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ നിരോധിച്ചിരുന്നു. 

1949 ല്‍ ഒരു തമിഴ് ചലച്ചിത്രത്തിന് ഗാനരചന നിര്‍വഹിച്ചുകൊണ്ടാണ് പി. ഭാസ്‌കരന്‍ സിനിമയിലേക്ക് കടന്നുവന്നത്. 'അപൂര്‍വ സഹോദരങ്ങള്‍' എന്ന ചിത്രത്തില്‍ പല ഭാഷകള്‍ ചേര്‍ത്ത ഗാനത്തിലെ മലയാളശകലമായിരുന്നു അദ്ദേഹം രചിച്ചത്. 1950 ല്‍ 'ചന്ദ്രിക' എന്ന മലയാള ചലച്ചിത്രത്തിന് പാട്ടെഴുതി. 1954 ല്‍ രാമുകാര്യാട്ടുമായി ചേര്‍ന്ന് 'നീലക്കുയില്‍' എന്ന സിനിമ സംവിധാനം ചെയ്തു. സോഷ്യല്‍ റിയലിസം ആദ്യമായി മലയാളിക്ക് പരിചയപ്പെടുത്തിയ സിനിമ. പഴമയുടെ മാമൂലുകളെ ആശയവന്യത കൊണ്ട് നേരിട്ട സിനിമ. ആദ്യമായി മലയാള സിനിമയ്ക്ക് രാഷ്ട്രപതി വെള്ളിമെഡല്‍ നല്‍കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിന്റെ മണ്ണ് മണക്കുന്ന നിരവധി ചിത്രങ്ങളാണ് പിറന്നത്. ആദ്യകിരണങ്ങള്‍ (1964), ഇരുട്ടിന്റെ ആത്മാവ് (1969), തുറക്കാത്തവാതില്‍ (1971) എന്നിവ സാധാരണക്കാരായ പ്രേക്ഷകരെയും ദേശീയഅവാര്‍ഡ് നിര്‍ണയസമിതിയെയും ആസ്വാദനത്തിന്റെ ഒരേതലത്തിലേക്കാകര്‍ഷിച്ച് അഭിപ്രായൈക്യത്തിലെത്തിച്ചു.

താമസമെന്തേ വരുവാന്‍ (ഭാര്‍ഗവീനിലയം), പ്രാണസഖീ ഞാന്‍ വെറുമൊരു (പരീക്ഷ), ഇന്നലെ നീയൊരു സുന്ദരരാഗമായ് (സ്ത്രീ), തളിരിട്ട കിനാക്കള്‍ (മൂടുപടം), ഒരു കൊച്ചുസ്വപ്നത്തിന്‍ (തറവാട്ടമ്മ), വാസന്ത പഞ്ചമി നാളില്‍ (ഭാര്‍ഗവീനിലയം), അഞ്ജനക്കണ്ണെഴുതി (തച്ചോളി ഒതേനന്‍), നാദബ്രഹ്മത്തിന്‍ സാഗരം (കാട്ടുകുരങ്ങ്), എങ്ങനെ നീ മറക്കും, കായലരികത്ത് (നീലക്കുയില്‍), കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും (വിലയ്ക്ക് വാങ്ങിയ വീണ), ഇന്നെനിക്ക് പൊട്ടുകുത്താന്‍ (ഗുരുവായൂര്‍ കേശവന്‍) തുടങ്ങി എത്രയോ ഗാനങ്ങള്‍ ഭാവുകത്വത്തിന്റെ ഔന്നത്യം പ്രകാശനം ചെയ്തു.

പൊയ്പോയ സുവര്‍ണകാലത്തെ വാക്കുകളടുക്കിവച്ച് ശ്രോതാവിന് മുന്നിലെത്തിച്ച ദൃശ്യാനുഭവമാണ് പി. ഭാസ്‌കരന്റെ രചനകള്‍ നല്‍കിയിരുന്നത്. ആരാധകരെയും അനുയായികളെയും സൃഷ്ടിക്കാന്‍ പോന്ന വ്യക്തിപ്രഭാവമായിരുന്നു മാഷ്. 

ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയര്‍മാനായും, കെ.എഫ്.ഡി.സിയുടെ ചെയര്‍മാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. .

47 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഓര്‍ക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാര്‍ ഗര്‍ജ്ജിക്കുന്നു, ഒസ്യത്ത്, പാടും മണ്‍തരികള്‍, ഓടക്കുഴലും ലാത്തിയും തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഒറ്റക്കമ്പിയുള്ള തംബുരു എന്ന കൃതിക്ക് 1981-ല്‍ ഓടക്കുഴല്‍ പുരസ്‌കാരവും, 1982ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2000 ല്‍ വള്ളത്തോള്‍ അവാര്‍ഡും ലഭിച്ചു. 2007 ഫെബ്രുവരി 25-ന് അദ്ദേഹം അന്തരിച്ചു.

Content Highlights: P Bhaskaran Birth anniversary