ധികമാരും ഇതുവരെ വായിച്ചിട്ടില്ലാത്ത ഒ.വി. വിജയന്റെ മനോഹരമായ ചെറുകഥയുടെ കൈയെഴുത്തുപ്രതി എഴുത്തുകാരൻ പായിപ്ര രാധാകൃഷ്ണന്റെ ശേഖരത്തിൽ. അതു കണ്ടെത്തിയത്, ഖസാക്കിന്റെ കഥാഭൂമിയായ തസ്‌റാക്കിൽ വിജയൻ അനുസ്മരണം നടക്കുന്നതിന്‌ തൊട്ടുമുമ്പായിരുന്നു എന്നത് യാദൃച്ഛികം.

ചടങ്ങിനു പോയ പായിപ്ര, കഥയുടെ കൈയെഴുത്തുപ്രതിയും കഥയുമായി ബന്ധപ്പെട്ട് വിജയൻ അദ്ദേഹത്തിനയച്ച കത്തും വിജയൻ സ്മാരക സമിതി അധ്യക്ഷൻ ടി.കെ. നാരായണദാസിനു കൈമാറി. നാലു പതിറ്റാണ്ടു മുമ്പ്‌ വിജയൻ എഴുതി, മൂവാറ്റുപുഴ കഥാസമിതിക്ക് അയച്ച ‘അക്ബർ ചക്രവർത്തി’ എന്ന കഥയാണിത്. വിജയന്റെ കൃതികളിലൊന്നും ഈ കഥ പ്രസിദ്ധീകരിച്ചിട്ടില്ല.

കഥയുടെ ഭാഗമല്ല

ഈ കഥ എഴുതിയ പേജിൽത്തന്നെ അതിനു താഴെയായി വിജയൻ പായിപ്രയ്ക്കായി ഒരു കുറിപ്പെഴുതിയിട്ടുണ്ട്. കഥയുടെ ഭാഗമല്ല എന്ന തലക്കെട്ടോടെയാണത്. അതിങ്ങനെ:
‘പായിപ്രേ, ഇങ്ങനത്തെ കഥകൾ എന്നക്കൊണ്ട് എഴുതിക്കുന്നത്‌ മഹാപാപമാണ്. പുനർജന്മത്തിൽ വിശ്വാസമുണ്ടോ? എന്തെങ്കിലും സംഭവിച്ചാൽ എന്നെ കുറ്റപ്പെടുത്തുകയില്ലല്ലോ- വിജയൻ’
 മനോഹരമായ കൈയക്ഷരത്തിലാണ് കഥയും കത്തും വിജയൻ തയ്യാറാക്കിയിട്ടുള്ളത്.

O.V.Vijayan Letter
ഒ.വി.വിജയന്റെ കത്ത്

കഥപോലെ കത്ത്‌
 
കഥ ആവശ്യപ്പെട്ട് വീണ്ടും പായിപ്ര എഴുതിയപ്പോൾ വിജയൻ മറുപടി എഴുതി. അതിങ്ങനെ:
‘പ്രിയ പായിപ്രേ...
 കത്ത്...
കൈവശം ഒരു നല്ല കഥപോലുമില്ല. കഴിഞ്ഞ പ്രാവശ്യം ഞാൻ കാണിച്ച കൊള്ളരുതായ്മ ആവർത്തിക്കുന്നത്‌ ശരിയാണോ? കുറേ നല്ല കഥയുടെ ബീജങ്ങൾ കൈയിലുണ്ട്. പക്ഷേ അവയൊന്നും എഴുതാനുള്ള സമയമില്ല. ധർമപുരാണത്തെ പ്രസാധകനുവേണ്ടി തിരുത്തുകയും പുതുക്കുകയുമാണ്. അതിനിടയിൽ, ശാരീരിക ക്ലേശങ്ങൾക്കിടയിൽ, ഇത്തിരി ഇരതേടാനായി പത്രപ്രവർത്തനവും മനസ്സില്ലാമനസ്സോടെ നടത്തേണ്ടിവരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് സമൃദ്ധമായ ഒരു ജോലി (ഹിന്ദുവിന്റെ കാർട്ടൂണിസ്റ്റ്) ഞാൻ ഉപേക്ഷിച്ചതായിരുന്നു. അന്ന് ആ ചെയ്തതിന്റെ പിന്നിൽ ആവേശമുണ്ടായിരുന്നു. ഇന്നോ? എന്റെ സുഹൃത്തുക്കൾ ഭരണത്തിൽ. എനിക്ക്‌ അവരോടും വിമുഖത. ജോലിയാണെങ്കിൽ ഇല്ലതാനും. ചെയ്ത സാഹസം കാലംചെല്ലുമ്പോൾ ഒരു വിഡ്ഢിത്തമായി രൂപാന്തരപ്പെടുമോ എന്ന ആശങ്ക.

അതുകൊണ്ടിപ്പോൾ ചെറുകിട പത്രങ്ങൾക്കു വേണ്ടി ചെറുകിട ചെറുകിട ജോലികൾ ചെയ്ത്‌ ചെറിയതോതിൽ ജീവിക്കാൻ പഠിക്കുന്നു. അത്യന്തം ശ്രമകരമായ ജോലിയാണത്. ചെറുപ്പത്തിൽ അതു ചെയ്യാതിരുന്ന എനിക്ക് അതിനവസരം വാർധക്യത്തിലാണ് വന്നിരിക്കുന്നത്.... -വിജയൻ.

കഥാസമിതിക്കാലം   

എഴുപതുകളുടെ ആദ്യപാദത്തിലാണ് മൂവാറ്റുപുഴ കഥാസമിതി രൂപപ്പെടുന്നത്. ടി.ആർ.,  എം. അച്യുതൻ, എസ്.കെ. മാരാർ, പി. മീരാക്കുട്ടി, കെ.എസ്.പി. കർത്താവ്, അശമന്നൂർ ഹരിഹരൻ എന്നിവരാണ് തുടക്കത്തിൽ കഥാസമിതിയോട് ചേർന്നുനിന്നത്. ആദ്യകഥയോടൊപ്പം തന്റെ മുഴുവൻ കഥകളുടെയും പകർപ്പവകാശം എം.പി. നാരായണ പിള്ള തീറെഴുതിക്കൊടുത്തതായി പായിപ്ര ഓർക്കുന്നു.

ഗ്രേസിയുടെ കഥ പുസ്തകത്തിൽ ഉൾപ്പെടുത്തി ആദ്യമായി പ്രസിദ്ധീകരിക്കുന്നത് കഥാസമിതിയുടെ ആദ്യസമാഹാരത്തിലാണ്.  പകർപ്പവകാശത്തെക്കുറിച്ച് ചില സംശയങ്ങൾ ഉന്നയിച്ചെങ്കിലും സക്കറിയയും കഥ കൊടുത്തു. ഡി. വിനയചന്ദ്രന്റെ കഥയും പ്രസിദ്ധീകരിച്ചു. കവിതയുടെ ലോകം അദ്ദേഹം തിരഞ്ഞെടുത്തു പോയത് പിന്നീടാണ്.   

മലയാളത്തിലെ ഒട്ടുമിക്ക കഥാകൃത്തുക്കളും  കഥ-74, കഥ-75, കഥ-76, കഥ-74, മറുനാടൻ കഥകൾ തുടങ്ങിയ സമാഹാരങ്ങളിൽ സഹകരിച്ചു. അക്ബർ ചക്രവർത്തി കൂടാതെ ‘മഹാഭാരതയുദ്ധം’ എന്ന കഥയും കൊടുത്തു, ഒ.വി. വിജയൻ. എൺപതുകളുടെ തുടക്കമായപ്പോഴേക്കും ഡി.സി. കിഴക്കേമുറിയും മറ്റും വാർഷിക കഥാസമാഹാരം പ്രസിദ്ധീകരിക്കാൻ തുടങ്ങി. കഥാസമിതിക്കാണെങ്കിൽ പ്രാരബ്ധങ്ങളേ കൂട്ടിനുണ്ടായിരുന്നുള്ളൂ.


അക്ബർ ചക്രവർത്തി

അക്ബർ ചക്രവർത്തി ദീൻ ഇലാഹി എന്ന തത്ത്വസംഹിതയ്ക്ക്‌ പൂർണരൂപം കൊടുത്തുവരുന്ന കാലം. അതിലേക്കായി അഷ്ടാംഗഹൃദയം വായിക്കുകയായിരുന്നു അദ്ദേഹം. തത്സമയം ഒരു മീൻമുള്ള്  തൊണ്ടയിൽ കുടുങ്ങി.
അഷ്ടാംഗഹൃദയത്തിൽ അതിന്‌ പ്രതിവിധിയില്ലാതിരുന്നതുകൊണ്ട് മൂസിനെ വിളിച്ച്‌ ബുദ്ധിമുട്ടിക്കേണ്ടെന്നു വച്ചു. പകരം കൊറ്റിയെ വരുത്തി.
കൊറ്റി പ്രവേശിച്ചു.

‘മിൻമുള്ള് എടുക്ക്’ ചക്രവർത്തി പറഞ്ഞു.
‘സമ്മാനങ്ങൾ തരാം’
‘ഉത്തരവ്’ കൊറ്റി പറഞ്ഞു.
കൊറ്റിമുള്ള് കൊത്തിയെടുത്തുകൊടുത്തു. പിന്നെ സമ്മാനത്തിനായി കാത്തുനിന്നു.
‘പോ’ ചക്രവർത്തി പറഞ്ഞു.
‘സമ്മാനം’ കൊറ്റി വിതുമ്പി.
‘സമ്മാനമത്രെ’ ചക്രവർത്തി പറഞ്ഞു. ‘മുഗളരാജാക്കന്മാരുടെ തൊണ്ടയിൽ തലയിട്ട ഏതെങ്കിലും കൊറ്റി ജീവനോടെ തല പുറത്തേക്കെടുത്തിട്ടുണ്ടോ? തലയേക്കാൾ വലിയ സമ്മാനമെന്ത്?'
 ഇക്കഥ ചക്രവർത്തിയുടെ സ്വന്തമല്ല. മറ്റൊരു
പാശ്ചാത്യകഥയോട് അതിന്‌ ആശയാനുവാദമുണ്ടെന്നു കൊറ്റി മനസ്സിലാക്കി. നമ്മുടെ
നാട്ടുകാർക്ക് അങ്ങനെ
ചെയ്യാനല്ലേ വിധിച്ചിട്ടുള്ളൂ.
ഏതായാലും അക്കാര്യം നിരൂപകന്മാർക്ക് വിട്ടുകൊടുത്തുകൊണ്ട് കൊറ്റി തിരിച്ചുപോയി.