ലയാളത്തിന്റെ ഇതിഹാസകഥാകാരന്‍ ഒ.വി വിജയന്‍ ഓര്‍മയായിട്ട് 2020 മാര്‍ച്ച് 30ന് പതിനഞ്ചു വര്‍ഷം തികയുകയാണ്. മലയാള സാഹിത്യത്തെ ഖസാക്കിന് ശേഷം, ഖസാക്കിനുമുമ്പ് എന്നിങ്ങനെ രണ്ടു കാലഘട്ടങ്ങളായി തിരിച്ച ഖസാക്കിന്റെ ഇതിഹാസം പന്ത്രണ്ട് വര്‍ഷമെടുത്ത് പൂര്‍ത്തീകരിച്ചപ്പോള്‍ എഴുത്തുകാരന്‍ പ്രതികരിച്ചത് അത് ഞാനൊരു രസത്തിന് വേണ്ടി എഴുതിയതാണെന്നാണ്. ധര്‍മപുരാണവും കടത്തത്തീരത്തും ഖസാക്കോളം പ്രതിധ്വനികള്‍ ഉണ്ടാക്കിയില്ലെങ്കിലും ഒ.വി വിജയന്‍ എന്ന എഴുത്തുകാരന്റെ തൂലികയെ സാകൂതം വീക്ഷിക്കുന്ന ഒരു അവസ്ഥാവിശേഷം സംജാതമാവുകയായിരുന്നു. ആനന്ദി രാമചന്ദ്രന്‍ എന്ന പേര് ഒ.വി വിജയനോട് ചേര്‍ത്തുവായിച്ചാണ് മലയാളത്തിന് പരിചയം. അത്രമേല്‍ ദൃഢമായ ഒരു സൗഹൃദമായിരുന്നു ആനന്ദിയും വിജയനും തമ്മില്‍. വിജയന്റെ സ്‌നേഹോഷ്മളമായ സ്മരണകള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് ആനന്ദി രാമചന്ദ്രന്‍.

തെരേസ ടീച്ചര്‍ അനുവദിച്ചുതന്ന സൗഹൃദമായിരുന്നു ആനന്ദിയും ഒ.വി വിജയനും തമ്മില്‍. എങ്ങനെയായിരുന്നു ആ കണ്ടുമുട്ടല്‍?

എഴുപതുകളുടെ അവസാനമാണ് ഞാന്‍ വിജയനുമായി അടുക്കുന്നത്. വിജയന്റെ നോവലുകള്‍ വായിച്ചല്ല ഞാനദ്ദേഹത്തെ ഇഷ്ടപ്പെട്ടത്. ലേഖനങ്ങളിലെ നിലപാടുകളായിരുന്നു എന്നെ അടുപ്പിച്ചത്. കത്തുകളിലൂടെ ഞങ്ങള്‍ പരസ്പരം ആശയസാമ്യതകളും വൈരുദ്ധ്യങ്ങളും പങ്കുവെച്ചു. നേരിട്ടു കണ്ടപ്പോള്‍ ആ ബന്ധം കൂടുതല്‍ ദൃഢമായി. ഒരുതരം പ്ലേറ്റോണിക് ലവ് ഞങ്ങള്‍ പരസ്പരം സൂക്ഷിച്ചിരുന്നു. വിജയന്‍ പോയതിനുശേഷവും ഇന്നും ഞാനത് തുടരുന്നു.

വിജയനെനിക്ക് എന്തായിരുന്നു എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. ഒരു മാര്‍ഗദര്‍ശിയായിരുന്നോ, പിതാവായിരുന്നോ, മകനായിരുന്നോ, സഹോദരനായിരുന്നോ, കാമുകനായിരുന്നോ, സുഹൃത്തായിരുന്നോ... ഒരു കണക്കിന് പറഞ്ഞാല്‍ യഥാര്‍ഥസൗഹൃദം എന്നു പറഞ്ഞാല്‍ അതൊക്കെത്തന്നെയല്ലേ.

സാധാരണ വിജയനെ ഏറെക്കുറേ വിലയിരുത്തുന്നത് ഖസാക്കിന്റെ ഇതിഹാസമല്ലേ. എന്നാല്‍ എന്നെ ആകര്‍ഷിച്ചത് ലോകത്തോടുള്ള വിജയന്റെ കാഴ്ചപ്പാടുകളായിരുന്നു. വിജയന് ഒരു നിലപാടുണ്ടായിരുന്നു. ആരെയും കൂസാതെ ആ നിലപാടുകളെ കയ്യടക്കാനുള്ള ഇച്ഛാശക്തിയും വിജയനുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ഏറെ ആഭിമുഖ്യമുണ്ടായിരുന്ന ആളായിരുന്നല്ലോ വിജയന്‍. പിന്നെ കമ്യൂണിസത്തിന്റെ വലിയ വിമര്‍ശകനായി മാറി. അതേസമയം ജൂതര്‍ക്ക് ഇസ്രായേല്‍ കൊടുത്തതിനെ ന്യായീകരിച്ചു. വേട്ടയാടപ്പെട്ടവരോട് പ്രതിബദ്ധത കാണിച്ചു. സംവരണത്തിന്റെ ആനുകൂല്യത്തിന് അര്‍ഹനായ വിജയന്‍ അത് നിരാകരിച്ചത് സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവരുടെ പക്ഷത്ത് നിലകൊള്ളുന്നതിന്റെ ഭാഗമായാണ്.

O.V.VIJAYAN
ഒ.വി.വിജയനും ആനന്ദി രാമചന്ദ്രനും. ഒരു പഴയകാലചിത്രം

എങ്ങനെയായിരുന്നു അക്കാലത്ത് നിങ്ങൾ നിരന്തരം സംവദിച്ചിരുന്നത്?

കത്തെഴുതും, ഫോണ്‍ ചെയ്യും, നേരിട്ട് കാണും. പല ദിവസങ്ങളിലും കൂടെ താമസിച്ചിട്ടുണ്ട്. വല്യ വാത്സല്യമായിരുന്നു എന്നോട്. ഞാന്‍ ആലോചിക്കുന്നതാണ് ആനന്ദി പറയുന്നതെന്ന് ഒരിക്കലെന്നോട് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ തമ്മില്‍ നല്ല സാമ്യതയുണ്ടായിരുന്നു.

ഗള്‍ഫില്‍ എന്തായിരുന്നു ജോലി ചെയ്തിരുന്നത്?

ഞാന്‍ സ്‌കൂളില്‍ ടീച്ചറായിരുന്നു കുറച്ചുകാലം. പിന്നീട് റോയല്‍ ഫാമിലിയിലെ ട്യൂട്ടറായി. പിന്നെ ഞാന്‍ ബിസിനസ്സില്‍ ശ്രദ്ധിച്ചു.

തെരേസ വളരെ ജനാധിപത്യപരമായിട്ടാണല്ലോ നിങ്ങളുടെ സൗഹൃദത്തെ കണ്ടിരുന്നത്.

തെരേസയുമായും എനിക്ക് നല്ല ബന്ധമായിരുന്നു. വിജയന്‍ അവസാനനാളുകളില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ തെരേസ എന്നെ വിളിച്ചു. എന്നോട് വിജയനെന്തോ പറയാനുണ്ടെന്ന് പറഞ്ഞു. ഞാന്‍ അദ്ദേഹം കിടക്കുന്ന മുറിയിലേക്കു ചെന്നു. എന്നോടെന്തോ പറയാനാഞ്ഞു. പക്ഷേ, പറയാന്‍ കഴിയുന്നില്ല. ഞാന്‍ പെന്‍സിലും പേപ്പറും എടുത്തുകൊടുത്തു. കൈ വിറച്ചതുമൂലം എഴുതാനും കഴിയുന്നില്ല. അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. എന്നോട് പറയാനുള്ളതെന്തായിരുന്നു എന്ന് ഞാന്‍ ഇപ്പോഴും ആധിയോടെ ഓര്‍ക്കാറുണ്ട്. അതെനിക്ക് കേള്‍ക്കാന്‍ കഴിയാതെ പോയല്ലോ എന്ന സങ്കടവും.

തെരേസയും വിജയനും കോട്ടയത്തുണ്ടായിരുന്ന സമയത്ത് എന്റെ കത്തുകള്‍ വിജയന് വായിച്ചുകൊടുക്കുക തെരേസയായിരുന്നു. വിജയന്‍ എനിക്കാരായിരുന്നു എന്ന് ഞാനതില്‍ എഴുതിയത് തെരേസ വായിച്ചുകൊടുത്തപ്പോള്‍ വിജയന്‍ ഏറെ സന്തോഷിച്ചു എന്ന് തെരേസ എനിക്ക് മറുപടിയെഴുതി. നിര്‍വചിക്കാന്‍ പറ്റാത്ത ആ ബന്ധത്തെ തെരേസയുടെ ജനാധിപത്യബോധം അംഗീകരിച്ചിരുന്നു.

സ്വന്തമായി ഒരു റോഡ് മുറിച്ചുകടക്കാന്‍ പോലും ഉള്‍ഭയമുള്ള ആളായിരുന്നു വിജയന്‍ എന്ന് പറയാറുണ്ടല്ലോ?

ശരിക്കും ആയിരുന്നു. ശാരീരികമായി ദുര്‍ബലനായിരുന്നു. പക്ഷേ മാനസികമായി വളരെ ശക്തനും. ആരോടും ഒന്നും ആവശ്യപ്പെടില്ല. എന്താണ് വിജയന് വേണ്ടതെന്ന് നിരന്തരം ചോദിച്ചപ്പോള്‍ ഒരു കാലിഗ്രാഫ് മതിയെന്നാണ് പറഞ്ഞത്. ഗള്‍ഫിലിരിക്കുമ്പോള്‍ വിജയന്റെ കൃതികള്‍ ഞാന്‍ വായിച്ചുകൊടുക്കും. മിണ്ടാതെ അത് കേട്ടിരിക്കും കുറേ നേരം. പിന്നെ മറ്റുള്ളവരുടെ പുസ്തകങ്ങളും വായിച്ചുകൊടുക്കും. ചിലപ്പോള്‍ ഒന്നും മിണ്ടാതെ മുഖത്തോടുമുഖം നോക്കി കുറേനേരമങ്ങനെ ഇരിക്കും. എത്ര സമയം വേണമെങ്കിലും അങ്ങനെ ഇരിക്കാന്‍ വല്യ ഇഷ്ടമായിരുന്നു. ഒരു തപസ്സിയുടെ ശ്രദ്ധയോടെ ഇരിക്കുന്ന അതേ അനുഭവമാണ് എനിക്കപ്പോളൊക്കെ തോന്നിയിട്ടുള്ളത്.

ആനന്ദിയുടെ കുടുംബം? ഒരെഴുത്തുകാരനോട് ഇത്രയധികം വ്യക്തിബന്ധം സൂക്ഷിക്കുക എന്നത് അത്ര എളുപ്പമായിരുന്നോ?

എന്റെ ഭര്‍ത്താവ് അഭിഭാഷകനാണ്. ബിസിനസ്സുമുണ്ട്. മൂന്നു മക്കളുണ്ട്. മൂത്ത മകന്‍ അമേരിക്കയിലാണ്. ഇളയ രണ്ടുപേര്‍ ബിസിനസ്സുകള്‍ നോക്കി നടത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം എനിക്കങ്ങനത്തെ സദാചാരപ്രശ്‌നങ്ങളെയൊന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. വിജയന് കത്തുകളെഴുതുന്നത് ഭര്‍ത്താവ് അനുകൂലിച്ചിരുന്നു. മക്കള്‍ വിജയനോട് നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ഇളയമകന്‍ ഇംഗ്ലീഷില്‍ കവിതകള്‍ എഴുതിയപ്പോള്‍ വിജയന്‍ താത്പര്യത്തോടെ പ്രോത്സാഹിപ്പിച്ചിരുന്നു.

സാഹിത്യകാരന്മാരുമായി ഒരു ചെറിയ അകല്‍ച്ച ഞാന്‍ എപ്പോളും പാലിച്ചിരുന്നു. ഇവരൊക്കെ ഒരു സ്വപ്നജീവികളാണ് എന്നത് എന്നെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. വിജയനാണ് അത് തിരുത്തിയത്. പിന്നെ വിജയന്‍ മുഖേന കുറച്ചുപേരെ പരിചയപ്പെട്ടു.

വിജയന്‍ റൊമാന്റിക്കായിരുന്നോ?

അല്ല. വിജയന്‍ ഒട്ടും റൊമാന്റിക്കായിരുന്നില്ല. ഒരു കത്തില്‍ വിജയന്‍ എഴുതി. എനിക്ക് ആണോ പെണ്ണോ എന്ന വ്യത്യാസമില്ല, എന്റെ സൗഹൃദങ്ങല്‍ ലിംഗാതീതമാണ്. ആ ഒരു സ്വാത്വിക മനോഭാവമാണ് ഞാന്‍ വിജയനില്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത. വളരെ മുമ്പേ ഞാന്‍ വിജയനെ കണ്ടുമുട്ടിയിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ ഞാന്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലായിരുന്നു. എന്റെതു മാത്രമാക്കിയേനെ.

കഥാകൃത്ത്, നോവലിസ്റ്റ്, കോളമിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്... ഇങ്ങനെ പല മേഖലകളിലും കഴിവുതെളിയിച്ച വിജയനെ തേടി എത്ര അവാര്‍ഡുകളെത്തിയിട്ടുണ്ട്? അതിനെക്കുറിച്ചു വിഷമമൊന്നുമില്ലേ എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചു. അപ്പോള്‍ ഖസാക്ക് വായിച്ചിട്ട് ആനന്ദിക്ക് എന്തുതോന്നി എന്നു തിരിച്ചു ചോദിച്ചു. എനിക്കിഷ്ടമായി എന്നു പറഞ്ഞപ്പോള്‍ അതാണെനിക്ക് കേള്‍ക്കേണ്ടത് എന്നു പറഞ്ഞു. വിജയന് അത്ര ഗാഢമായ സൗഹൃദങ്ങളില്ലായിരുന്നു. ബന്ധുബലവുമില്ലായിരുന്നു. ആരോടും ആരെപ്പറ്റിയും ഒന്നിനെക്കുറിച്ചും പരാതികളുമില്ലായിരുന്നു.

വിജയന്റെ ഇഷ്ടങ്ങള്‍ എന്തൊക്കെയായിരുന്നു?

എഴുത്തിനോടല്ലാതെ വിജയന് മറ്റൊന്നിനോടും പ്രത്യേകിച്ചൊരു ഇഷ്ടവുമില്ലായിരുന്നു. അവസാനകാലത്താണ് വിജയനെതിരേ  വിമര്‍ശനമുയര്‍ന്നത്. അതൊന്നും മനപൂര്‍വമായിരുന്നില്ല. അസുഖം മാറും എന്നു കരുതി ആശ്രമത്തില്‍ പോയതിന് ഞാനും വിജയനെ വിമര്‍ശിച്ചു. ഒരിക്കല്‍ ഞാനവിടെ പോയപ്പോള്‍ മോഷണക്കുറ്റമാരോപിച്ച് ഒരു കുട്ടിയെ ചങ്ങലയ്ക്കിട്ടിരിക്കുന്നു. അപ്പോള്‍ ഞാന്‍ ഞാനെഴുതി, വിജയാ ഒരു കുട്ടിയെ തിരുത്താന്‍ കഴിയാത്ത ആശ്രമം എന്താണ്? അപ്പോള്‍ വിജയനെഴുതി, ആനന്ദീ അതെന്നെ കൂടുതല്‍ വേദനിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഇനി അങ്ങോട്ടുപോകുന്നില്ല എന്നു തീരുമാനിച്ചിരിക്കുന്നു. നമ്മള്‍ ശാരീരികമായി വളരെ തളര്‍ന്നുപോകുന്ന അവസരത്തില്‍ ഒരു കച്ചിത്തുരുമ്പില്‍ പോലും പിടിച്ചുകയറാന്‍ ശ്രമിക്കും. അതായിരുന്നു വിജയന്റെ ആശ്രമവാസം.

 

O.V.VIJAYAN
ഒ.വി.വിജയന്‍ തരേസയ്ക്കും ആനന്ദിക്കുമൊപ്പം. വലത്ത് ഒ.വി.വിജയന്റെ കൈപ്പട

ഒ.വി വിജയന്‍ സ്മാരകം ആനന്ദിയുടെ പരിശ്രമം കൂടിയാണല്ലോ

വിജയന്‍ മരിച്ച് നാല് വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന് വേണ്ടി ഒരു സ്മാരകം പോലും ഉയരുന്നില്ലെന്നത് എനിക്ക് വിഷമമുണ്ടാക്കുന്നതായിരുന്നു. ഞാനിക്കാര്യം ബി. സന്ധ്യയുമായി പങ്കുവെച്ചു. പറ്റിയ ഒരു സ്ഥലം കണ്ടെത്തിക്കൊള്ളാന്‍ സന്ധ്യയാണ് പറഞ്ഞത്. രണ്ട് മൂന്ന് സ്ഥലങ്ങള്‍ പോയിക്കണ്ടു. പിന്നെയാണ് മലപ്പുറത്ത് എത്തിപ്പെടുന്നത്. വിജയനുമായി ഒരു പൈതൃകബന്ധം കൂടി ആ സ്ഥലത്തിനുണ്ടായിരുന്നു. വിജയന്റെ മുത്തശ്ശിയെ സംസ്‌കരിച്ചിരിക്കുന്നത് അവിടെയാണ്. അങ്ങനെ ഒ.വി വിജയന്‍ സ്മാരകം അവിടെ പണിയുകയായിരുന്നു. എല്ലാ വര്‍ഷവും വിജയന്റെ ജന്മദിനാഘോഷവും മറ്റുമൊക്കെയായി നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്നതാണ്. അപ്പോഴേക്കും മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ കാരണം അവിടെ അടച്ചിടേണ്ടി വന്നു. വിശാലമായ ഒരു ലൈബ്രറിയൊക്കെ ഉണ്ടായിരുന്നു. അതിനുശേഷം തസ്രാക്കില്‍ പി.ആര്‍ അജയന്‍ മുന്‍കൈയെടുത്ത് നല്ലൊരു സ്ഥാപനം ഉണ്ടാക്കിയിട്ടുണ്ട്. വര്‍ഷത്തിലും അവിടെ ചേരാറുണ്ട് ഞങ്ങള്‍. പിന്നെ അദ്ദേഹത്തിന്റെ സഹോദരി ഒ.വി ഉഷ എന്നോടൊപ്പമുണ്ട്. ഞങ്ങള്‍ ഒരുമിച്ചാണ് ഇപ്പോള്‍ താമസിക്കുന്നത്. വിജയന്റെ സഹോദരി എന്റേതും കൂടിയാണ്.

വിജയന്‍ ദൈവവിശ്വാസിയായിരുന്നോ?

അല്ലായിരുന്നു. പിന്നെ ദൈവത്തില്‍ വിശ്വസിച്ചുതുടങ്ങി അവസാനകാലത്തേക്ക്. ദൈവമെന്നത് വിജയനെ സംബന്ധിച്ചിടത്തോളം ഒരു എനര്‍ജിയായിരുന്നു. ഒരു മതത്തോടും വിജയന് പ്രതിപത്തിയില്ലായിരുന്നു.വിജയനെ തെറ്റിദ്ധരിക്കുന്നവര്‍ പറയുന്നതാണ് വിജയന്‍ ഒരു ഹിന്ദുഫാസിസ്റ്റായിരുന്നെന്ന്. ആത്മീയവാദം വിജയനുണ്ടായിരുന്നു എന്നത് ശരിയാണ്. വിജയന്റെ ആത്മീയത ഒരിക്കലും മതവുമായി കൂട്ടിവായിക്കാന്‍ പറ്റാത്തതാണ്.

വ്യക്തിപരമായി ഒരുപാട് വിഷമിച്ചിട്ടുണ്ട് വിജയന്‍. പന്ത്രണ്ടാം ക്ലാസു കഴിഞ്ഞപ്പോള്‍ മകന്‍ അമേരിക്കയിലേക്ക് പോയത് ഇഷ്ടമില്ലായിരുന്നു. പിന്നെ അതുപോലെ അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോള്‍ ഉണ്ടായ അനാവശ്യവിവാദങ്ങള്‍ മറ്റുള്ളവരെയും ദുഃഖിപ്പിച്ചു. വിജയന്റെ മരണാനന്തരം വേണ്ടപ്പെട്ടവരുടെ ശ്രദ്ധക്ഷണിക്കല്‍ എന്നു മാത്രമേ എനിക്കതിനെയൊക്കെ വിശേഷിപ്പിക്കാനുള്ളൂ.

Content Highlights: Indian Author OV Vijayan Fifteenth Death Anniversary Remembering Anandi Ramachnadran