മലയാളസാഹിത്യത്തിൽഖസാക്കിന് മുമ്പ്, ഖസാക്കിന് ശേഷം എന്നീ രണ്ട് കാലങ്ങളെ സൃഷ്ടിച്ച ഒ.വി വിജയൻ. കാർട്ടൂണുകളുടെ മാസ്മരികതയിലൂടെ ലോകരാഷ്ട്രീയവും ചിന്തകളും യുക്തികളും സാമാന്യബോധത്തിലേക്കെറിഞ്ഞു വീഴ്ത്തിയ പ്രതിഭ. അസ്ഥിത്വപ്രതിസന്ധിയെന്ന മാറാരോഗം പേറി അലയാൻ രവിയെന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേരിപ്പിച്ച ഒ.വി വിജയൻ. ഖസാക്കിന്റെ ഇതിഹാസവും ധർമപുരാണവും ഗുരുസാഗരവും കടന്ന് ആ മഹാമനീഷി എന്നെന്നേക്കുമായുള്ള യാത്രപുറപ്പെട്ടിട്ട് ഇന്നേക്ക് പതിനാറ് വർഷം തികയുന്നു. കൂമൻകാവ് ബസ്സ്റ്റോപ്പിൽ രവി അവശേഷിപ്പിച്ച കാത്തിരിപ്പ് പോലെ, ആ സാഹിത്യമറിഞ്ഞവർ അനുഭവിക്കുന്ന ഒ.വി വിജയനെന്ന ശൂന്യതയെക്കുറിച്ച് സഹോദരി ഒ. വി ഉഷ സംസാരിക്കുന്നു.

സ്നേഹിക്കുന്ന ഏതൊരു ഏട്ടൻ പോയാലും ഒരനിയത്തിയെ സംബന്ധിച്ചിടത്തോളം അത് നികത്താനാവാത്ത വിടവാണ്. അപ്പോൾ വളരെയേറെ സ്നേഹിക്കുകയും എന്റെ സാഹിത്യ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും മകളെപ്പോലെ വളർത്തുകയും ചെയ്ത, ലോകമാകമാനം ബഹുമാനിക്കുന്ന ഒരു പ്രതിഭ കൂടിയായ ഏട്ടൻ പോയാലുള്ള അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂ. ആ ശൂന്യത കഴിഞ്ഞ പതിനാറു വർഷമായി അങ്ങനെ തന്നെ നിൽക്കുന്നു. ഞാൻ മരിക്കുന്നതുവരെ അതങ്ങനെ തന്നെ നിൽക്കുകയും ചെയ്യും. പതിനെട്ട് വയസ്സിന്റെ പ്രായവ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ. ഏറ്റവും ഇളയവളായതുകൊണ്ടും ഏട്ടന്റെ യൗവ്വനകാലത്ത് ഞാൻ കുഞ്ഞായിരുന്നതുകൊണ്ടും ഒരേസമയം മകളും അനിയത്തിയുമായി. ഡൽഹിയിൽ താമസിക്കുമ്പോൾ ഏറെക്കാലം എന്നെയും കൂടെക്കൂട്ടി. സാഹിത്യത്തിൽ അല്പം അഭിരുചി കാണിക്കുന്നുവെന്നറിഞ്ഞപ്പോൾ അതിയായ സന്തോഷമായിരുന്നു അദ്ദേഹത്തിന്.

ഏട്ടൻ എനിക്ക് ഈയൊരു ദിവസത്തിന്റെ അഭാവം അല്ല. ഒരു ദിവസത്തിന്റെ ഓർമയുമല്ല. ആ അഭാവം നിരന്തരം വേദനിപ്പിച്ചുകൊണ്ടിരിക്കുന്നതുതന്നെയാണ്. അദ്ദേഹത്തിന് പ്രായമായിട്ടും അവശതയായിട്ടുമാണ് മരണപ്പെട്ടത്. മരണം അനിവാര്യമായിരിക്കുന്ന വേളയിൽ തന്നെ എന്നു പറയാം. പക്ഷേ വ്യക്തിബന്ധങ്ങളിൽ, വേർപാടുകളിൽ മരണത്തെ എപ്പോഴും പ്രതിസ്ഥാനത്താണല്ലോ നമ്മൾ ചേർക്കാനിഷ്ടപ്പെടുന്നത്. കാലം ചെല്ലുന്തോറും ആ ശൂന്യതയ്ക്ക് ഒരു ഭംഗവും സംഭവിച്ചിട്ടില്ല. ചേച്ചി പോയത് ഒരു മാർച്ച് ഇരുപത്തിയാറിനാണ്. ഏട്ടൻ പോയത് മാർച്ച് മുപ്പതിനും. അതുകൊണ്ടുതന്നെ മാർച്ച് മാസം എന്നെ സംബന്ധിച്ചിടത്തോളം നൊമ്പരമുള്ള ഒരു മാസമാണ്.

പാലക്കാടാണ് ഞങ്ങളുടെ ജന്മദേശം. ചേച്ചിയുടെ കുടുംബം അവിടെ സ്ഥിരതാമസമാക്കി. ഒ.വി വിജയന്റെ വീട്,കുടുംബം, പൈതൃകഭൂമി എന്നൊന്നും പറയാനും ചൂണ്ടിക്കാണിക്കാനും ഒന്നും തന്നെയില്ല. തെരേസ ടീച്ചറോടൊപ്പം സെക്കന്ദരാബാദിലായിരുന്നു അദ്ദേഹം കുറേക്കാലം. പിന്നെ കേരളത്തിലേക്ക് വരാൻ ആഗ്രഹം വന്നപ്പോൾ കുറച്ചു കാലം കോട്ടയത്ത് വീട് വാടകക്കെടുത്ത് താമസിച്ചു. ഞങ്ങളുടെ അച്ഛന്റെ ജോലി മാറ്റം കിട്ടുന്നതിനനുസരിച്ച് ഒരുപാട് സ്ഥലങ്ങളിൽ താമസിച്ചാണ് വളർന്നത്. പൊതുവായി തറവാട് വീട് എന്ന കാഴ്ചപ്പാടൊന്നും ആർക്കുമുണ്ടായിരുന്നില്ല.

ഏട്ടന്റെ മനസ്സിൽ ഞാൻ എന്നുമൊരു കുട്ടിയായിരുന്നു. മുതിർന്ന ഒരാളായി എന്നെ അദ്ദേഹം കണ്ടിരുന്നോ എന്നറിയില്ല. അദ്ദേഹത്തിന്റെ മനസ്സിൽ എന്നും വാത്സല്യം മാത്രമായിരുന്നു. ഏട്ടൻ ചിന്തിക്കുന്നതൊക്കെ വായനയിലൂടെ എന്റെ ചിന്തകളായി ഞാൻ ഏറ്റെടുക്കുമായിരുന്നു. ഏട്ടന്റെ കണ്ണിലൂടെ കണ്ട ലോകമാണ് എന്റെ ലോകം. ആദർശങ്ങളും ചിന്തകളും എല്ലാം സ്വാധീനിച്ചിരുന്നു. ചേച്ചിയുടെ വായനയും കാഴ്ചപ്പാടുകളും കൂടി എന്നിൽ സ്വാധീനിച്ചിരുന്നു.

ഖസാക്കിലെ രവിയും ഏട്ടന്റെ സ്വഭാവവും തമ്മിൽ ഒരു ബന്ധവുമില്ല. രവി തികച്ചുമൊരു സാങ്കല്പിക കഥാപാത്രം മാത്രമായിരുന്നു. ചേച്ചിയുടെ അധ്യാപക കാലത്തെ അനുഭവങ്ങളാണ് ഖസാക്കിനാധാരം. വളരെ ചടുലമായും ഉദ്വേഗഭരിതമായും കഥകളവതരിപ്പിക്കാൻ ചേച്ചിയ്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. അങ്ങനെ ചേച്ചിയുടെ അധ്യാപകാനുഭവങ്ങളും അവർ കണ്ടുപരിചയിച്ച ജീവിതങ്ങളെയും ഏട്ടൻ പരിചയപ്പെട്ടു. അത് അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച സാഹിത്യസംഭാവനയായി രൂപപ്പെടുകയായിരുന്നു.

ഒ.വി.വിജയന്റെ പുസ്തകങ്ങൾ വാങ്ങാം

Content Highlights : OV Vijayan 16 Death Anniversary OV Usha speaks about her Brother