ഭൂമിശാസ്ത്രവും ഭൂമിയിലെ ഭ്രംശപ്രവര്‍ത്തനങ്ങളും എങ്ങനെ ആധുനിക നാഗരികത സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചു എന്നന്വേഷിക്കുന്ന പുസ്തകമാണ് 'ഒറിജിന്‍സ്'. വായനക്കാരന്റെ വൈജ്ഞാനിക മണ്ഡലത്തെ സമ്പന്നമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം

ടക്കന്‍ അത്‌ലാന്റിക്കില്‍ ബ്രിട്ടന്‍ മുതല്‍ നോര്‍വ്വെ വരെ യൂറോപ്യന്‍ തീരത്തോട് ചേര്‍ന്നുള്ള സമുദ്രമേഖലയാണ് 'നോര്‍ത്ത് സീ'. അവിടെ, ഇംഗ്ലണ്ടിനും ഡെന്‍മാര്‍ക്കിനും മധ്യേ വിസ്തൃതമായ ഒരു മണല്‍ത്തിട്ടയുണ്ട്, 'ഡോഗര്‍ ബാങ്ക്' എന്ന പേരില്‍. ഒടുവിലത്തെ ഹിമയുഗത്തില്‍ സ്‌കാന്‍ഡനേവിയന്‍ ഹിമപാളിയുടെ ശിരസ്സിന്റെ ഭാഗത്ത് രൂപംകൊണ്ടതാണ് ആ മണല്‍ത്തിട്ട. ഹിമയുഗത്തില്‍ സമുദ്രവിതാനം താണിരുന്നതിനാല്‍ കരഭാഗമായിരുന്നു അത്. 

ഹിമയുഗം പിന്‍വാങ്ങിയപ്പോള്‍ സമുദ്രവിതാനം ഉയര്‍ന്നു, ആ പ്രദേശം വെള്ളത്തില്‍ മുങ്ങി. ആഴം കുറഞ്ഞ് നിരന്ന സമുദ്രമേഖലയായി ഡോഗര്‍ ബാങ്ക് (Dogger Bank) രൂപപ്പെട്ടു. എ.ഡി.1000 ആയപ്പോഴേക്കും വടക്കന്‍ യൂറോപ്പിലെ മീന്‍പിടുത്തക്കാരുടെ, പ്രത്യേകിച്ചും കോഡ് മത്സ്യം (cod fish) പിടിക്കുന്നവരുടെ, ഇഷ്ടമേഖലയായി അവിടം മാറി. 

ഡോഗര്‍ ബാങ്കില്‍ ആഴംകുറഞ്ഞ സമുദ്രതടത്തോട് ചേര്‍ന്ന നിരന്ന പ്രദേശമാണ് ബല്‍ജിയം, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങള്‍. ഈ ഭൂമിശാസ്ത്രം മൂലം തീരമേഖലയിലെ വലിയൊരു ഭാഗം വെള്ളം കയറിയ നിലയിലായി (കേരളത്തിലെ കുട്ടനാട് പോലെ!). പതിമൂന്നാം നൂറ്റാണ്ടു മുതല്‍, തീരപ്രദേശത്തെ ആഴംകുറഞ്ഞ കടല്‍ഭാഗവും ചതുപ്പുകളും കാറ്റാടിമില്ലുകള്‍ (wind mills) കൊണ്ട് വറ്റിച്ച് കൃഷിയിറക്കാന്‍ നെതര്‍ലന്‍ഡ്‌സുകാര്‍ തുടങ്ങി. 

കാറ്റാടിമില്ലുകള്‍ സ്ഥാപിക്കാനും വെള്ളം വറ്റിച്ച പ്രദേശങ്ങള്‍ ചിറകെട്ടി സംരക്ഷിക്കാനും വലിയ ചെലവ് വേണ്ടിവന്നു. അതിനുള്ള പ്രതിവിധി വന്നത് നാട്ടുകാരുടെ പക്കല്‍ നിന്നാണ്. കൈയില്‍ അധികമുള്ള ചെറിയ തുകകള്‍ ആ സംരംഭത്തിനായി നാട്ടുകാരില്‍ നിന്ന് പള്ളികളും കൗണ്‍സിലുകളും വഴി സമാഹരിച്ചു. കൃഷിയില്‍ നിന്നുള്ള ലാഭം, പദ്ധതിക്ക് മുതല്‍ മുടക്കിയവര്‍ക്ക് വീതിച്ചു നല്‍കി. മുടക്കുന്ന പണത്തിന് ലാഭം കിട്ടുമെന്ന് വന്നതോടെ, കൃഷിക്ക് മാത്രമല്ല, മറ്റ് പല സംരംഭങ്ങളിലും മുതലിറക്കാന്‍ ആളുകള്‍ തയ്യാറായി. 

കടല്‍ത്തീരത്തിന്റെ ഭൂമിശാസ്ത്രം അങ്ങനെ നെതര്‍ലന്‍ഡ്‌സിനെ ക്യാപ്പിറ്റലിസ്റ്റുകളുടെ സമൂഹമാക്കി മാറ്റി!

പതിനേഴാം നൂറ്റാണ്ടോടെ ഈ ഏര്‍പ്പാട് അന്താരാഷ്ട്രവ്യാപര രംഗത്തേക്കും വ്യാപിച്ചു. ലോക്കല്‍ കാറ്റാടിമില്ല് സ്ഥാപിക്കുന്നതിന് മുതലിറക്കിയ സ്ഥാനത്ത്, അങ്ങ് ദൂരെ സ്‌പൈസ് ദ്വീപുകളിലേക്ക് പോകുന്ന വ്യാപാരകപ്പലിന്റെ ഓഹരി വാങ്ങാന്‍ ആളുകള്‍ തയ്യാറായി. ഭാരിച്ച ചെലവ് ചെറിയ തുകയുടെ ഓഹരികളാക്കി മാറ്റുക വഴി, വലിയ റിസ്‌കില്ലാതെ ഇത്തരം സംരംഭങ്ങളില്‍ ആര്‍ക്കും മുതല്‍ മുടക്കാം എന്നുവന്നു.കാശ് മുഴുവന്‍ ഒറ്റ പദ്ധതിയില്‍ നിക്ഷേപിക്കാതെ, പല വ്യാപാരകപ്പലുകളില്‍ ചെറിയ നിക്ഷേപങ്ങളാക്കി ഇടുക വഴി, ഒരു കപ്പല്‍ മുങ്ങിയാലും നിക്ഷേപകന് കൈ പൊള്ളില്ല എന്ന സ്ഥിതിയായി! 

Wind Mills
തെക്കന്‍ നെതര്‍ലന്‍ഡില്‍ കിന്‍ഡര്‍ജിറ്റ് ഗ്രാമത്തിലെ കാറ്റാടിമില്ലുകള്‍. Pic Credit: AP

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ആദ്യത്തെ നാഷണല്‍ സെന്‍ട്രല്‍ ബാങ്കും സ്‌റ്റോക്ക് മാര്‍ക്കറ്റും ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിലവില്‍ വന്നു. സാമ്പത്തികമായി ഏറ്റവും മികച്ച യൂറോപ്യന്‍ രാജ്യമായി നെതര്‍ലന്‍ഡ്‌സ് മാറി. സ്വാഭാവികമായും ഈ സംവിധാനം ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വേഗം വ്യാപിച്ചു. യൂറോപ്പില്‍ വ്യവസായിക വിപ്ലവം സാധ്യമാക്കാന്‍ ആവശ്യമായ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കാണ് അങ്ങനെ ഡച്ച് ജനത തുടക്കം കുറിച്ചത്. 

11,000 വര്‍ഷം മുമ്പ് അവസാനിച്ച ഹിമയുഗവും അതു സൃഷ്ടിച്ച ഭൂമിശാസ്ത്രവും എങ്ങനെ ആധുനിക കാലത്തെ സ്വാധീനിക്കുന്നു എന്നതിന് ഉദാഹരണമാണ് മേല്‍വിവരിച്ചത്. ആഴംകുറഞ്ഞ കടലിലെ വെള്ളം വറ്റിക്കാനാരാംഭിച്ച സംരംഭം ആധുനിക ലോകസൃഷ്ടിക്കുള്ള മുഖ്യഘടകങ്ങളിലൊന്നായി പരിണമിച്ചു. ഓഹരിവിപണികളും കോര്‍പ്പറേറ്റ് സംരംഭങ്ങളും ഇന്ന് എന്തു റോളാണ് ലോകത്ത് വഹിക്കുന്നതെന്ന് നോക്കുക!

ഭൂമിശാസ്ത്രവും ഭൂമിയിലെ ഭ്രംശപ്രവര്‍ത്തനങ്ങളും (plate tectonics) എങ്ങനെ ആധുനിക നാഗരികത സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചു എന്നന്വേഷിക്കുന്ന ഗ്രന്ഥമാണ് 'ഒറിജിന്‍സ്: ഹൗ ദി എര്‍ത്ത് മെയ്ഡ് അസ്'. ലണ്ടനില്‍ വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാലയില്‍ സയന്‍സ് കമ്മ്യൂണിക്കേഷന്‍ പ്രൊഫസറായ ലൂയിസ് ഡാര്‍ട്ട്‌നെല്‍ രചിച്ച ഈ ഗ്രന്ഥത്തിന്റെ നാലാം അധ്യായത്തില്‍, സമുദ്രങ്ങളുടെ ഭൂമിശാസ്ത്രം വിവരിക്കുന്നിടത്ത് നല്‍കിയിട്ടുള്ള ഉദാഹരണമാണ് മുകളില്‍ വിവരിച്ചത്. 

കിഴക്കന്‍ ആഫ്രിക്കയിലെ റിഫ്റ്റ് വാലിയില്‍ (Rift valley) ഉത്ഭവിച്ച് ഇന്നത്തെ നിലയ്ക്ക് എത്തിയ നരവംശത്തിന്റെ ചരിത്രമാണ് പുസ്തകത്തില്‍ ഭൗമശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ വിവരിച്ചിട്ടുള്ളത്. മനുഷ്യപരിണാമത്തെ, കുടിയേറ്റത്തെ, കാര്‍ഷികവൃത്തിയെ, കൃഷിക്കായി വന്യസസ്യങ്ങളൈയും മൃഗങ്ങളെയും മെരുക്കിയതിനെ, സമുദ്രസഞ്ചാരങ്ങളെ, നിര്‍മാണവിദ്യകളെ, ശിലകളും കളിമണ്ണും ലോഹങ്ങളും അടങ്ങിയ നിര്‍മാണവസ്തുക്കളെ, വാണിജ്യപാതകളെ, കല്‍ക്കരിയും പെട്രോളിയവും തുടങ്ങിയ ഊര്‍ജസ്രോതസ്സുകളെ ഒക്കെ ഭൂമി എങ്ങനെ രൂപപ്പെടുത്തി എന്ന് ഈ ഗ്രന്ഥം കാട്ടിത്തരുന്നത്. ഇതുവരെ പലരും കാണാത്ത പരസ്പര ബന്ധങ്ങള്‍ ഗ്രന്ഥകര്‍ത്താവ് അണിനിരത്തുമ്പോള്‍, വായനക്കാര്‍ അത്ഭുതപ്പെട്ടാല്‍ അതിശയമില്ല!

'പോയകാലത്തെക്കുറിച്ച് പഠിക്കുക വഴി നമുക്ക് വര്‍ത്തമാനകാലത്തെ മനസിലാക്കാന്‍ കഴിയും, ഭാവിയെ നേരിടാനും'-ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. ശാസ്ത്രജേര്‍ണലായ 'നേച്ചര്‍' പ്രസിദ്ധീകരിച്ച പുസ്തക റിവ്യൂ ഇങ്ങനെ പറയുന്നു: 'മനോഹരമായി എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തതാണ് ഡാര്‍ട്ട്‌നെലിന്റെ രചന. ഗ്രന്ഥകര്‍ത്താവിന്റെ ജിജ്ഞാസയും ആവേശവും വായനക്കാരനിലേക്ക് പകരുന്നു......അതിനായി ഭൗമശാസ്ത്രം, സമുദ്രപഠനം, കാലാവസ്ഥാശാസ്ത്രം, ഭൂമിശാസ്ത്രം, പ്രാചീനജീവശാസ്ത്രം, പുരാവസ്തുശാസ്ത്രം, രാഷ്ട്രീയ ചരിത്രം എന്നിവ സമ്മേളിപ്പിച്ച് വിശകലനം ചെയ്തിരിക്കുകയാണ് ഗ്രന്ഥകാരന്‍. 1997-ല്‍ ജേറെഡ് ഡയമണ്ട് പ്രസിദ്ധീകരിച്ച 'ഗണ്‍സ്, ജേംസ് ആന്‍ഡ് സ്റ്റീല്‍' ('Guns, Germs, and Steel') എന്ന ക്ലാസിക്ക് ഗ്രന്ഥത്തെ ഈ കൃതി അനുസ്മരിപ്പിക്കുന്നു'. 

ഒന്‍പത് അധ്യായങ്ങളിലായി ചിട്ടപ്പെടുത്തിയ ഈ ഗ്രന്ഥം തുടങ്ങുന്നത് നരവംശത്തിന്റെ ഉത്ഭവം വിവരിച്ചുകൊണ്ടാണ്. കിഴക്കന്‍ ആഫ്രിക്കയില്‍ ഭൂമധ്യരേഖയ്ക്ക് ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന പ്രദേശത്താണ് നമ്മുടെ പരിണാമനാടകം അരങ്ങേറിയത്. കോംഗോയിലെയും ആമസോണിലെയും മാതിരി ഇടതൂര്‍ന്ന മഴക്കാടുകള്‍ കാണപ്പെടേണ്ട ഉഷ്ണമേഖലാ പ്രദേശം (rainforest belt) ആണ് കിഴക്കന്‍ ആഫ്രിക്ക. പകരം, അവിടെയുള്ളതോ വരണ്ട് ഊഷരമായ സാവന്ന പുല്‍മേടുകളും! മരംകയറി കായ്കനികള്‍ തിന്നുനടന്ന സ്ഥിതി മാറി ഇരുകാലികളായി നരവംശം രൂപപ്പെടാന്‍ ആ സാവന്ന പ്രദേശം പശ്ചാത്തലമൊരുക്കി. 

Origins: How the Earth Made Us, Book Cover
പുസ്തകത്തിന്റെ കവര്‍

മഴക്കാടുകള്‍ ആകേണ്ടിടം വരണ്ട സാവന്നയായത് എന്തുകൊണ്ട്? അതിന് ഉത്തരം തേടുമ്പോള്‍ നമ്മളെത്തുക ലക്ഷക്കണക്കിന് വര്‍ഷംമുമ്പ് ഭൂമിയിലെ ഭ്രംശപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ മൂന്നു വ്യത്യസ്ത സംഭവങ്ങളിലേക്കാണെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ഒന്ന്, ഇന്ത്യന്‍ ഭൂഫലകം യൂറേഷ്യന്‍ ഫലകവുമായി കൂട്ടിയിടിച്ച് ഹിമാലയവും ടിബറ്റും രൂപപ്പെട്ടത്. രണ്ട്, ഓസ്‌ട്രേലിയയും ന്യൂ ഗിനിയും വടക്കുഭാഗത്തേക്ക് നീങ്ങി, സമുദ്രമാര്‍ഗ്ഗമായ 'ഇന്‍ഡൊനീഷ്യന്‍ സീവേ' (Indonesian Seaway) അടച്ചത്. മൂന്ന്, ഇരുഭാഗത്തും പര്‍വ്വതക്കെട്ടുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഘടനയോടെ ആഫ്രിക്കയിലെ പ്രസിദ്ധമായ റിഫ്റ്റ് വാലി രൂപപ്പെട്ടത്. ഈ മൂന്ന് സംഭവങ്ങളും ചേര്‍ന്ന് കിഴക്കന്‍ ആഫ്രിക്കയെ മഴ കുറഞ്ഞ വരണ്ട പ്രദേശമാക്കി മാറ്റി. 

ഹിമാലയം ഉയര്‍ന്നു വന്നപ്പോള്‍ ശക്തമായ ഏഷ്യന്‍ മണ്‍സൂണ്‍ രൂപംകൊണ്ടു. കിഴക്കന്‍ ആഫ്രിക്കയിലെ അന്തരീക്ഷ ഈര്‍പ്പം ഏഷ്യന്‍ മണ്‍സൂണ്‍ വലിച്ചെടുക്കാന്‍ തുടങ്ങി. ആ പ്രദേശത്ത് മഴ കുറഞ്ഞു. ഏതാണ്ട് 30 ലക്ഷം വര്‍ഷംമുമ്പാണ് ഇന്‍ഡൊനീഷ്യന്‍ സീവേ അടയ്ക്കപ്പെട്ടത്. അതോടെ, തെക്കന്‍ ശാന്തസമുദ്രത്തില്‍ നിന്ന് പടഞ്ഞാറോട്ടുള്ള ഉഷ്ണജലപ്രവാഹം തടസ്സപ്പെടുകയും, വടക്കന്‍ ശാന്തസമുദ്രത്തില്‍ നിന്നുള്ള തണുത്ത ജലം ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ പ്രവഹിക്കാന്‍ തുടങ്ങുകയും ചെയ്തു. അതിന്റെ ഫലമായി, ഇന്ത്യന്‍ സമുദ്രത്തില്‍ തണുപ്പ് കൂടിയപ്പോള്‍ ബാഷ്പീകരണം കുറഞ്ഞു, കിഴക്കന്‍ ആഫ്രിക്കയെ അത് നേരിട്ട് ബാധിച്ചു. 55 ലക്ഷം മുതല്‍ 37 ലക്ഷം മുമ്പുവരെയുള്ള കാലത്ത് രൂപപ്പെട്ട റിഫ്റ്റ് വാലി എന്ന ഭ്രംശ താഴ്‌വരയുടെ വശങ്ങളിലെ പര്‍വ്വതക്കെട്ടുകള്‍, ഇരുഭാഗത്തും നിന്നുള്ള നീരാവിയെ തടഞ്ഞ് താഴ്‌വരയെ വരണ്ട മഴനിഴല്‍ പ്രദേശമാക്കി മാറ്റി. ആധുനിക നരവംശത്തിന് ഉത്ഭവിക്കാനും ഇരുകാലികളായി പരിണമിക്കാനും ആവശ്യമായ സാഹചര്യം ഭൗമശാസ്ത്രപരമായി റിഫ്റ്റ് വാലിയില്‍ രൂപപ്പെടുകയായിരുന്നു! 

നമ്മുടെ വര്‍ഗ്ഗമായ ഹോമോ സാപ്പിയന്‍സ് ആഫ്രിക്കയില്‍ നിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് കുടിയേറ്റം തുടങ്ങുന്നത് ഏതാണ്ട് 60,000 വര്‍ഷം മുമ്പാണ്. അതിന് അവസരമൊരുക്കിയത് ഹിമയുഗമായിരുന്നു. ഹിമയുഗത്തില്‍ ഭൂമിയിലെ വെള്ളത്തില്‍ നല്ലൊരു പങ്ക് ഹിമപാളികളായി പലയിടത്തും ഇരിപ്പുറപ്പിച്ചപ്പോള്‍, സമുദ്രവിതാനം വല്ലാതെ താണു. സമുദ്രനിരപ്പ് താണപ്പോള്‍ പല തിട്ടകളും വെള്ളത്തിന് മുകളിലായി. മനുഷ്യര്‍ക്കും മറ്റ് ജീവികള്‍ക്കും നടന്ന് അടുത്ത വന്‍കരയിലെത്താം എന്ന സ്ഥിതി വന്നു. അന്റാര്‍ട്ടിക്ക ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും മനുഷ്യനെത്തി. ഭൂമിയില്‍ ഏറ്റവുമധികം പ്രദേശത്ത് ആവാസമുറപ്പിച്ച ജീവിവര്‍ഗ്ഗമായി ഹോമോ സാപ്പിയന്‍സ് മാറി.

Lewis Dartnell
ലൂയിസ് ഡാര്‍ട്ട്‌നെല്‍, ഗ്രന്ഥകാരന്‍.
Pic Credit: University of Westminster

പ്രാചീനകാലത്ത് മാത്രമല്ല, ആധുനിക യുഗത്തിലും ഭൗമശാസ്ത്രം സ്വാധീനം ചെലുത്തുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. അതില്‍ ശ്രദ്ധേയമായ ഒന്നാണ്, 8.6 കോടി വര്‍ഷം മുമ്പ് ക്രിറ്റേഷ്യസ് യുഗത്തില്‍ രൂപപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത ഒരു പ്രാചീനസമുദ്രം യു.എസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്നും എങ്ങനെ സ്വാധീനിക്കുന്നു എന്ന കഥ! അന്ന് അന്തരീക്ഷ താപനില കൂടുതലായിരുന്നു. സമുദ്രവിതാനം ഇന്നത്തേതിലും ഉയര്‍ന്നു നിന്നു. ഇപ്പോള്‍ യു.എസ്.എന്നറിയപ്പെടുന്ന ഭൂപ്രദേശത്തിന്റെ നല്ലൊരു ഭാഗം വെള്ളം കയറിയ നിലയിലായി. യു.എസിന്റെ മധ്യഭാഗത്തായി ആഴംകുറഞ്ഞ സമുദ്രം രൂപപ്പെട്ടു.

അപ്പലാച്ചിയന്‍ പര്‍വ്വതക്കെട്ടുകളില്‍ നിന്ന് നദികള്‍ വഴിയെത്തിയ എക്കല്‍ ആ സമുദ്രതടത്തില്‍ അടിഞ്ഞുകൂടി. ഏറെക്കാലം കൊണ്ട് ആ എക്കല്‍പാളികള്‍ ഷെയ്ല്‍ ശിലകളായി (Shale rock) രൂപപ്പെട്ടു. ജലവിതാനം താണതോടെ സമുദ്രത്തിന്റെ അടിത്തട്ട് തെളിഞ്ഞു. ഷെയ്ല്‍ പാളികളില്‍ നിന്നുള്ള കറുത്ത മണ്ണ് നല്ല വളക്കൂറുള്ളതായിരുന്നു. ആധുനിക കാലത്ത് അല്‍ബാമ, മിസ്സിസിപ്പി സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ കാര്‍ഷികസമൃദ്ധി നല്‍കിയ ആ മേഖല 'ബ്ലാക്ക് ബെല്‍റ്റ്' (Black Belt) എന്ന് വിളിക്കപ്പെട്ടു. ക്രിറ്റേഷ്യസ് യുഗത്തില്‍ രൂപപ്പെട്ട ആ മണ്ണ് പരുത്തികൃഷിക്ക് വളരെ യോജിച്ചതായിരുന്നു. 

വ്യവസായിക വിപ്ലവത്തോടെ പരുത്തിക്ക് ആവശ്യം കൂടി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ആ മേഖലയില്‍ പരുത്തി കൃഷിക്കായി വന്‍തോതില്‍ അടിമകളെ എത്തിക്കാന്‍ തുടങ്ങി. 1865-ല്‍ അടിമത്വം അമേരിക്കയില്‍ നിരോധിക്കപ്പെട്ടെങ്കിലും, പരുത്തികൃഷി നിലച്ചില്ല. അടിമകളുടെ പിന്‍ഗാമികള്‍ അവിടെ തുടര്‍ന്നു. കറുത്ത വര്‍ഗ്ഗക്കാര്‍ക്കും തൊഴിലാളികള്‍ക്കും അനുകൂലമായ നയങ്ങളെടുക്കുന്ന ഡെമോക്രാറ്റുകള്‍ക്കായി ആ മേഖലയില്‍ സ്വാധീനം. സ്വാഭാവികമായും യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 'ബ്ലാക്ക് ബെല്‍റ്റ്' മേഖല ഇന്നും ഡെമോക്രാറ്റുകള്‍ക്കൊപ്പം നില്‍ക്കുന്നു! അതായത്, ക്രിറ്റേഷ്യസ് യുഗത്തിലെ ആ പ്രാചീന സമുദ്രം ഇന്നും അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നു.

'അമേരിക്കയുടെ രാഷ്ട്രീയഭൂപടത്തില്‍ ഇപ്പോഴും ആ പ്രാചീന സമുദ്രതടത്തിലെ എക്കല്‍ മണ്ണ് മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു'-ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു! 

വായനക്കാരന്റെ വൈജ്ഞാനിക മണ്ഡലത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ 'ഒറിജിന്‍സ്' എന്ന ഈ ഗ്രന്ഥം സഹായിക്കുന്നു. മനോഹരവും ലളിതവുമായ ഭാഷ, ഉദ്വേഗജനകമായ വിവരണം, അത്ഭുതപ്പെടുത്തുന്ന വസ്തുതകളും ചരിത്രവും, ഭൂമിയും മനുഷ്യവര്‍ഗ്ഗവും തമ്മിലുള്ള ഇതുവരെ സാധാരണക്കാര്‍ ചിന്തിക്കാത്ത ബന്ധങ്ങളുടെ വെളിപ്പെടുത്തല്‍. ഒരു ജനകീയശാസ്ത്ര ഗ്രന്ഥത്തിന്റെ എല്ലാ ഗുണങ്ങളും ആവാഹിക്കാന്‍ ഗ്രന്ഥകര്‍ത്താവിന് സാധിച്ചിരിക്കുന്നു. 

(Origins: How the Earth Made Us (2018). By Lewis Dartnell. The Bodley Head, Vintage. Page: 346. Rs. 699)

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Book Review, Geology, Human Civilization, Evolution of Man, History of Civilization, Geography, Anthropology, Political History, Lewis Dartnell