'സമാഹരണം റാദുഗ പബ്ലിഷേഴ്സ്, 1986. മലയാളപരിഭാഷ റാദുഗ പബ്ലിഷേഴ്സ്, 1988. സോവിയറ്റ് യൂണിയനില്‍ അച്ചടിച്ചത്' 

- പഴക്കംകൊണ്ട് വക്കുകള്‍ അടര്‍ന്നുപൊടിഞ്ഞു തുടങ്ങിയ ഈ പുസ്തകത്തില്‍ കുറേ കഥകള്‍മാത്രമല്ല ഉള്ളത്. മലയാളികളുടെ വായനയുടെ സുരഭിലമായൊരു കാലംകൂടിയാണ്. 

മിനുമിനുത്ത കടലാസില്‍ കറുത്തുതെളിഞ്ഞ കുഞ്ഞക്ഷരങ്ങളില്‍ ലോകത്തിന്റെ മറ്റേതോ കോണിലുള്ള മനുഷ്യരും മറ്റുജീവജാതികളും സസ്യജാലവും നമുക്ക് അത്രമേല്‍ പരിചിതരായി. 'മലകളുടെയും സ്റ്റെപ്പികളുടെയും കഥകള്‍' എന്നാണ് ആ പുസ്തകത്തിന്റെ പേര്. എഴുത്തുകാരന്‍ ചിംഗീസ് ഐത്മാത്തൊവ്. ലോകത്തില്‍നിന്നു മാഞ്ഞുപോയൊരു ദേശത്തിന്റെ അടയാളങ്ങള്‍പേറുന്ന പുസ്തകം. ആ ദേശം മാഞ്ഞുപോയപ്പോള്‍, സ്വന്തമായിരുന്നൊരു ലോകം കൈവിട്ടുപോയപ്പോഴെന്നപോലെ ആകുലരായവരാണല്ലോ നാം.

പുതുമണവും മിനുസവുമൊക്കെ പോയിരിക്കുന്നുവെങ്കിലും ഏറെക്കാലം കാണാതിരുന്ന പഴയൊരു ചങ്ങാതിയെ അവിചാരിതമായി കാണുന്നപോലെയൊരാഹ്ലാദം...പഴയ പുസ്തകങ്ങള്‍ അങ്ങനെയാണ്. ഏറെ പ്രിയങ്കരങ്ങളായ ഓര്‍മകള്‍കൂടിയാണ് അവ തിരിച്ചുതരുന്നത്. അത്തരം ഓരോ പുസ്തകത്തിന്റെയുമുള്ളില്‍ കാണുന്ന വരകളും കുറികളും കുറിപ്പുകളും സ്മാരകങ്ങളാണ്- പഴയ ഏതൊക്കെയോ സുമുഹൂര്‍ത്തങ്ങളുടെ. 

പുസ്തകങ്ങളോട് പ്രണയമുള്ളവരെ അവ എവിടെനിന്നൊക്കെയാണ് പിടികൂടുകയെന്ന് ആര്‍ക്കു പറയാനാവും? മാനാഞ്ചിറയിലോ പുതിയ ബസ്സ്റ്റാന്‍ഡിലോ ഇറക്കിക്കെട്ടിയ കടവരാന്തകളില്‍ അവ നമ്മെ ക്ഷണിക്കും. എറണാകുളത്ത് മഹാരാജാസ് കോളേജ് മൈതാനത്തിന്റെ മുന്നിലെ റോഡരികില്‍ ഒരുകാലം, നിറയെ ഈ പുസ്തകങ്ങളുടേതായിരുന്നു. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിനും കേരള സര്‍വകലാശാലയ്ക്കുമിടയിലുള്ള പാതയോരത്തും താടിക്കാരും അല്ലാത്തവരുമായവര്‍ പുസ്തകക്കാടുകളില്‍ തിരിച്ചലിനിറങ്ങി. തലശ്ശേരിയില്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ മരച്ചുവട്ടിലെ മനുഷ്യനായിരുന്നു ഇമ്മാതിരി പുസ്തകങ്ങളുടെ മുഖ്യസ്രോതസ്സ്. 

അങ്ങനെ ഓരോരോ നഗരത്തിലും വെവ്വേറെ ഇടങ്ങളില്‍ അവ നിറഞ്ഞു. പാതയോര വില്പനയ്ക്കിടയില്‍ മഴയില്‍നിന്നും വെയിലില്‍നിന്നും രക്ഷിക്കാന്‍ പ്ലാസ്റ്റിക്കിന്റെയും ടാര്‍പോളിന്റെയും ഷീറ്റുകളുമായി കാവല്‍നിന്ന കാലവും അധികം ദൂരെയല്ലായിരുന്നു. ഇന്നിപ്പോള്‍ പാതയോരത്തുനിന്ന് കടകള്‍ക്കുള്ളിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നു പഴയ പുസ്തകങ്ങള്‍ക്ക്. 

എങ്ങനെയാണ് പഴയൊരു പുസ്തകത്തിന്റെ വില കണക്കാക്കുക? രണ്ടുരൂപ വിലയിട്ടിരിക്കുന്ന പഴയൊരു അമര്‍ചിത്രകഥാപുസ്തകമിതാ മുന്നില്‍. അതിന് നൂറുരൂപവരെ തരാന്‍ തയ്യാറുള്ളവരുണ്ടെന്ന് പുസ്തകവില്പനക്കാരന്റെ സാക്ഷ്യം. അത്രയൊന്നും വാങ്ങിക്കാറില്ലെന്ന് ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ക്കുമ്പോഴും എഴുതപ്പെട്ട വിലയെക്കാള്‍ മൂല്യമേറുന്ന പുസ്തകങ്ങളുടെ സൂക്ഷിപ്പുകാരന്റെ നിഗൂഢത ആ ചിരിയില്‍ ബാക്കിയാവുന്നു...

പഴയവ മാത്രമല്ല, ലോകസാഹിത്യത്തിലെ പുതിയ പുസ്തകങ്ങളുമുണ്ട് ഈ പുസ്തകശാലയില്‍. എഴുത്തിന്റെ ജ്ഞാനപീഠമേറിയ എം.ടി. വാസുദേവന്‍ നായര്‍ മുതല്‍ വായനയെ പ്രണയിക്കുന്ന എത്രയോ പേര്‍ ഇതുവഴി പോയ്ക്കൊണ്ടിരിക്കുന്നു. 

മിക്കപ്പോഴും ആള്‍ത്തിരക്കുണ്ടാവും പുസ്തകശാലയില്‍. എം.ടി. ഈ തിരക്കിലേക്കുവന്ന് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്ങനെ? ''അധികം ആളുകളുള്ളപ്പോഴല്ല അദ്ദേഹം വരുന്നത്. പിറകിലൂടെയാണ് വരിക. അവിടെയിരുന്ന് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കും. ഒരു തവണ വരുമ്പോള്‍ പത്തു പുസ്തകങ്ങളെങ്കിലും കൊണ്ടുപോകും''- പലപല ജനുസ്സില്‍ പരന്നുകിടക്കുന്ന അദ്ദേഹത്തിന്റെ വായനയെ ഒന്നരദശകത്തോളമായി പുസ്തകവില്പനയുമായി നടക്കുന്ന നിസാം ആദരവോടെ അടയാളപ്പെടുത്തുന്നു.

പുസ്തകങ്ങള്‍ തിരയാനെത്തുന്ന വരില്‍ ചിലര്‍ വില്പനക്കാര്‍ക്ക് പ്രിയപ്പെട്ടവരായിത്തീരും. അവര്‍ക്കായി പുസ്തകങ്ങള്‍ ഒളിപ്പിച്ചുവെക്കാറുമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമല്ല, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, ഗ്രീക്ക്, ജര്‍മന്‍ ഭാഷകളിലെ പുസ്തകങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. ഭാഷ പഠിക്കുന്നവരാണ് ഇത്തരക്കാരിലേറെ.
 
മെഡിക്കല്‍, എന്‍ജിനീയറിങ്, ബാങ്കിങ് തുടങ്ങിയവ പഠിക്കുന്ന കുട്ടികള്‍ക്ക് ഈ ശേഖരങ്ങള്‍ വലിയ സഹായമാകുന്നു. മത്സരപ്പരീക്ഷകള്‍ക്കുള്ള പുസ്തകങ്ങള്‍ക്കും എക്കാലവും ആവശ്യക്കാരേറെ. ആധ്യാത്മികപുസ്തകങ്ങളാണ് പുതിയ കാലത്ത് ഏറെ ആവശ്യക്കാരുള്ള മറ്റൊരിനം. നിഘണ്ടുകള്‍, കുട്ടികള്‍ക്കായുള്ള ചിത്രപുസ്തകങ്ങള്‍ തുടങ്ങിയവതേടി എക്കാലവും ആളുകളെത്തുന്നു... 

മാന്‍ഡ്രേക്കിനെയും ഫാന്റത്തിനെയുമൊക്കെ അന്വേഷിച്ചു നടക്കുന്നവരുണ്ട്. ആ പഴയ വരകളോടുള്ള ഒടുങ്ങാത്ത ഗൃഹാതുരത്വമാണ് അതിനുപിന്നിലെ സംഗതി. അമര്‍ചിത്രകഥയും  അമ്പിളിഅമ്മാവനുമൊക്കെ അന്വേഷിച്ച് വരുന്നവര്‍ക്ക് രണ്ടാണ് ലക്ഷ്യം. സ്വന്തം കുട്ടിക്കാലത്തേക്കു വീണ്ടുമൊരു യാത്ര. പിന്നെ, താനനുഭവിച്ചത് തന്റെ കുഞ്ഞുങ്ങള്‍ക്കുകൂടി പകര്‍ന്നുകൊടുക്കാമെന്ന മോഹം.

അങ്ങനെ നോക്കിനടക്കുമ്പോഴതാ, പൂമ്പാറ്റകളെക്കുറിച്ചൊരു വര്‍ണപുസ്തകം, ഇംഗ്ലീഷില്‍. മാഗസിന്‍വലുപ്പത്തില്‍ അഞ്ഞൂറിലേറെ പേജുകള്‍. നിറയെ പൂമ്പാറ്റകള്‍. അവയെക്കുറിച്ച് കുഞ്ഞക്ഷരങ്ങളില്‍ വിവരണം. പൂന്തോട്ടങ്ങളുണ്ടാക്കുന്നതിനെക്കുറിച്ചും ഇമ്മട്ടിലൊരു വര്‍ണപുസ്തകം ആരോ ഉപയോഗം കഴിഞ്ഞ് വിറ്റതായി കാണുന്നുണ്ട്...

എവിടെനിന്നാണ് ഇവയൊക്കെ വരുന്നത്? മലയാളപുസ്തകങ്ങള്‍ മിക്കവയും തിരുവനന്തപുരത്തുനിന്ന്. ഇംഗ്ലീഷ് ഡല്‍ഹിയില്‍ നിന്ന്. പഴയ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും നേരിട്ടുകൊണ്ടുവരുന്നവരുണ്ട്. ഇവയ്ക്ക് ശേഖരണകേന്ദ്രങ്ങളുമുണ്ട്. വിലമതിക്കാനാവാത്ത ചില പുസ്തകങ്ങള്‍ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവരില്‍നിന്നു കിട്ടിയ അനുഭവങ്ങളും കടക്കാര്‍ പങ്കുവെക്കുന്നു...