ഴുപതുകളുടെ മലയാള ചെറുകഥാസാഹിത്യത്തിന്റെ ലാവ തിളച്ചൊഴുകിയപ്പോൾ ജ്വലിക്കുന്ന കഥകളുമായി വി.ബി ജ്യോതിരാജ് എന്ന പേരുണ്ടായിരുന്നു. മലയാളസാഹിത്യം പിന്നെയും ആധുനികതയെ കടന്ന് ഉത്തരാധുനികതയും ഉത്തരോത്തരാധുനികതയും തമ്മിൽ കണ്ടുകണ്ടില്ല എന്ന വക്കിലെത്തിയപ്പോഴും വി.ബി ജ്യോതിരാജുണ്ടായിരുന്നു, എല്ലാം നോക്കിനിന്ന് കാണുവാൻ. മാതൃഭൂമി വിഷുപ്പതിപ്പിലെ കഥാവിജയി സാഹിത്യത്തിൽ തന്റെതായ ഇടം അടയാളപ്പെടുത്തിക്കൊണ്ട്, എന്നാൽ കാലത്തിന്റെ കുതിച്ചൊഴുക്കിൽ അള്ളിപ്പിടിച്ചുനിൽക്കാൻ മനസ്സില്ലാതെ യാത്രയായിരിക്കുന്നു. ആരായിരുന്നു വി.ബി ജ്യോതികുമാർ? പ്രദീപ് പനങ്ങാട് എഴുതുന്നു.


വി ബി ജ്യോതിരാജിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല, പക്ഷേ വായനയിലൂടെ നിരവധി തവണ കണ്ടുമുട്ടിയിട്ടുണ്ട്. അതെല്ലാം തീഷ്ണസംവാദത്തിന്റെയും തീവ്രസംവേദനത്തിന്റെയും സന്ദർഭങ്ങളായിരുന്നു. എഴുത്ത് ആത്മസംക്രമണത്തിന്റെ സാധ്യതയും സാക്ഷാൽകാരവുമായി കരുതിയ ഒരു തലമുറയുടെ ചരിത്രത്തിലാണ് ജ്യോതിരാജ് ജീവിക്കുന്നത്. അത് കൊണ്ട് ഓരോ രചനയും ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഏടുകളാണ്. പക്ഷെ പ്രത്യക്ഷമായ അനുഭവങ്ങൾക്ക് അപ്പുറത്തായിരുന്നു അത്. ആധുനികതയുടെ ജീവിത പരിസരത്തിലായിരുന്നു എന്നും അദ്ദേഹം ജീവിച്ചത്.

മാതൃഭൂമി ആഴ്ചപതിപ്പ് 1969-ൽ തുടങ്ങിയ വിഷുപ്പതിപ്പ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സമ്മാനം നേടിക്കൊണ്ടാണ് ജ്യോതിരാജ് എഴുത്തിലേക്കു കടന്നു വരുന്നത്. ആധുനികത അതിന്റെ പ്രഭാവ കാലം ആഘോഷിക്കുകയായിരുന്നു അപ്പോൾ. സക്കറിയ, എം മുകുന്ദൻ, ഒ.വി വിജയൻ എന്നിവരോടൊപ്പെം മേതിൽ രാധാകൃഷ്ണൻ, കെ പി നിർമ്മൽ കുമാർ തുടങ്ങിയവരും എഴുത്തിന്റെ വിസ്മയങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. കാലത്തിന്റെ ഈ ഊർജ്ജപ്രവാഹത്തിലേക്കാണ് ജ്യോതിരാജും പ്രവേശിച്ചത്. രൂപത്തിലും ഉള്ളടക്കത്തിലും വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കാനാണ് ശ്രമിച്ചത്. എഴുപത്- എൺപതുകളിൽ ഇറങ്ങിയ സമാന്തര മാസികകളിൽ അദ്ദേഹം നിരന്തരം എഴുതി, സംക്രമണം, ശിഖ, രസന തുടങ്ങിയ മാസികകളിൽ കഥകൾ പ്രത്യക്ഷപ്പെട്ടു. ആധുനികതയുടെ മുഖ്യധാരയോട് ചേർന്നും അകന്നും എഴുതി. ആ കഥകൾ നന്നായി വായിക്കപ്പെട്ടെങ്കിലും, പലപ്പോഴും ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോയി.

കലയിലും ജീവിതത്തിലും അസംതൃപ്തിയുടെ നിഴൽ പടർന്നിരുന്നു. അത് പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. 'ഏതോ ഒരാൾ'എന്ന കഥയിൽ എഴുതി: 'മരിച്ചു കിടക്കുമ്പോഴും കനത്ത ശോകഭാരം ചിലരുടെ മുഖത്ത് കാണും. ജീവിതം ജീവിച്ചു തീർന്നിട്ടില്ലാത്തതിന്റെ അസംതൃപ്തി അസ്ഥികളിലും ദ്രവിക്കാത്ത വണ്ണം ചിലരുടെ ശവക്കുഴിയിൽ പൂക്കുന്നുണ്ടാവും 'സോഷ്യൽ മീഡിയയുടെ സാധ്യതകളെയും ജ്യോതിരാജ് ഉപയോഗപ്പെടുത്തി. അനുഭവങ്ങളും ആശയങ്ങളും അതിലൂടെ അവതരിപ്പിച്ചു. രോഗാതുരമായ അവസാനനാളുകളിൽ ജീവിതസന്ദേഹങ്ങൾ എഴുതിക്കൊണ്ടിരുന്നു. കാലത്തിന്റെ കാരുണ്യം എന്തുകൊണ്ടോ ലഭിച്ചില്ല. 'ജ്യോതിരാജിന്റെ കഥകൾ' എന്ന സമാഹാരത്തിന്റെ പുറംചട്ടയിൽ ആത്മനിന്ദയുടെയും സ്വയംപീഡനത്തിന്റെയും കഥകളാണിതെന്ന് എഴുതിവെച്ചു. എഴുപതുകളിലെ തീഷ്ണത അവസാനം വരെ നിലനിർത്താൻ ശ്രമിച്ച കഥാകാരൻ. അർബുദത്തിന്റെ പിടിയിൽ അമർന്നപ്പോഴും ജീവിക്കാനുള്ള ത്വരയായിരുന്നു നിരന്തരം പ്രകടിപ്പിച്ചത്. ഒരു കാലത്തിന്റെ സ്വപ്നാടകനാണ് യാത്ര പറഞ്ഞത്.