മുസോളിനി ഭരിച്ചിരുന്ന കാലത്ത് ഇറ്റലിയില്‍ നടന്ന കഥയാണിത്. സര്‍ക്കാര്‍, നാട്ടുകാര്‍ക്കിടയില്‍ സൗജന്യമായി റേഡിയോകള്‍ വിതരണംചെയ്തു. പക്ഷേ, ആ റേഡിയോകള്‍ക്ക് ഒരു പ്രശ്‌നമുണ്ടായിരുന്നു: അതില്‍ ഒരേയൊരു സ്റ്റേഷന്‍മാത്രമേ കിട്ടുകയുള്ളൂ. ആ സ്റ്റേഷന്‍ നടത്തിയിരുന്നതാകട്ടെ ഇറ്റലിയിലെ ഭരണകക്ഷിയായിരുന്ന ഫാസിസ്റ്റ് പാര്‍ട്ടിയും. റേഡിയോ തുറക്കുമ്പോഴെല്ലാം ഇറ്റലിക്കാര്‍ സര്‍ക്കാര്‍ വാര്‍ത്തകള്‍മാത്രം കേള്‍ക്കാന്‍ നിര്‍ബന്ധിതരായി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ റേഡിയോ വാര്‍ത്തകളുടെ സ്ഥിതിയും ഇതില്‍നിന്ന് വ്യത്യസ്തമല്ല. ഓള്‍ ഇന്ത്യ റേഡിയോക്കപ്പുറം ഇന്ത്യയില്‍ റേഡിയോവാര്‍ത്തകളില്ല. സ്വകാര്യമേഖലയിലുള്ള എഫ്.എം. സ്റ്റേഷനുകള്‍ അവരുടേതായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ ഇന്ത്യയില്‍ വിലക്ക് നിലവിലുണ്ട്.
എഫ്.എം. വന്നതിനുശേഷം ലോകമെമ്പാടും റേഡിയോ എന്ന മാധ്യമത്തിന് ഒരു പുതുജീവന്‍ ലഭിച്ചു. ഇതിന് രണ്ടുകാരണങ്ങളുണ്ട്: ആദ്യത്തേത്, റേഡിയോ എന്ന മാധ്യമത്തിന്റെ പ്രകൃതി. അത് ജീവിതത്തിലേക്ക് നുഴഞ്ഞുകയറുന്നില്ല (nonitnrusive). ആധുനികജീവിതത്തിന് ഏറ്റവും അനുയോജ്യം. കാലത്ത് എഴുന്നേറ്റ് പണിക്കുപോകാന്‍ തയ്യാറാകുന്ന അവനെയോ അവളെയോ നേരിട്ടുബാധിക്കാതെ റേഡിയോ നിര്‍ബാധം പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അതുകൂടാതെ, ഇന്നത്തെക്കാലത്ത് ദീര്‍ഘദൂരം സഞ്ചരിച്ചാലേ പണിസ്ഥലത്ത് പലര്‍ക്കും എത്താന്‍കഴിയൂ. ഈ ദീര്‍ഘയാത്രകളാണ് എഫ്.എം. റേഡിയോയുടെ ജനപ്രീതിയില്‍ വലിയ പങ്കുവഹിക്കുന്നത്.
രണ്ടാമത്തെ കാരണം, എഫ്.എമ്മിനുമുമ്പുണ്ടായിരുന്ന ഷോര്‍ട്ട് വേവ് അല്ലെങ്കുല്‍ എ.എം. റേഡിയോകളുടെ പ്രസരണപരിധി വളരെ വലുതാണ്. വലിയ ഭൂവിഭാഗത്തില്‍ എത്തിക്കാനുള്ളതുകൊണ്ട് ഈ സങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തുന്ന പ്രക്ഷേപണങ്ങളുടെ ഉള്ളടക്കം ഏകീകൃതവും നാനാത്വം കുറഞ്ഞവയുമാണ്. എന്നാല്‍, ഒരു പട്ടണത്തിലോ ജില്ലയിലോ മാത്രം ഒതുങ്ങുന്ന എഫ്.എമ്മിന്റെ സാങ്കേതികപരിമിതിതന്നെയാണ് അതിന്റെ കരുത്തും. ലോകം ചുരുങ്ങി നിങ്ങളുടെ പട്ടണമാകുന്നു. ഉള്ളടക്കത്തിലെ നാട്ടുരുചിയും വൈവിധ്യവുമാണ് എഫ്.എമ്മിനെ ആധുനികകാലത്തെ ഏറ്റവും ജനപ്രിയമാധ്യമമാക്കുന്നത്.
ജാംബവാന്റെ കാലത്തെ നിഷേധങ്ങള്‍
എഫ്.എമ്മിലൂടെ വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ അനുവദിക്കാത്ത സര്‍ക്കാരിന്റെ നിലപാട് കൊളോണിയല്‍ കാലം മുതല്‍ നിലനില്‍ക്കുന്ന യാഥാസ്ഥിതികത്വത്തിന്റെ തുടര്‍ച്ചയാണ്. സാറ്റലൈറ്റ് ടെലിവിഷന്‍ നിലവില്‍വന്നപ്പോള്‍ അവയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമില്ലായിരുന്നു. അതിനുകാരണം ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് 1885-ലെ ഒരു വകുപ്പാണ്: ഇന്ത്യയില്‍നിന്ന് സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും ഉപഗ്രഹങ്ങളിലേക്ക് അപ്ലിങ്ക് ചെയ്യാനുള്ള അനുവാദമില്ലായിരുന്നു. ഇതിന്റെ ഫലമായി ആദ്യകാല സാറ്റലൈറ്റ് ടി.വി.കളായ ഏഷ്യാനെറ്റ്, സ്റ്റാര്‍ തുടങ്ങിയ ചാനലുകള്‍ക്ക് സിങ്കപ്പൂരില്‍നിന്നും ഹോങ്കോങ്ങില്‍നിന്നും അപ്ലിങ്ക് ചെയ്യേണ്ട സ്ഥിതിയുണ്ടായി. 1995-ലെ സുപ്രീംകോടതിയുടെ ഒരു വിധിക്കുശേഷം ടെലിവിഷന്‍മേഖല ഇന്ത്യയില്‍ മലര്‍ക്കെത്തുറന്നു. അവയിലൂടെ നിങ്ങള്‍ക്ക് വാര്‍ത്തകളും വാര്‍ത്താവിശേഷങ്ങളും കേള്‍ക്കാം. എന്നാല്‍, തികച്ചും വിവേചനപരമായി, എഫ്.എമ്മില്‍ വാര്‍ത്തകള്‍ക്കുള്ള വിലക്ക് തുടരുന്നു.
ഇതെല്ലാം നടക്കുന്നത് ഇന്റര്‍നെറ്റിന്റെ കാലത്താണെന്നുകൂടി ഓര്‍ക്കുക. നെറ്റില്‍ അതിര്‍ത്തികളില്ല; അനവരതം വാര്‍ത്തകള്‍ പ്രവഹിക്കുന്നു. അവയില്‍ പലതും കളവാണെന്നുകൂടി കണക്കിലെടുക്കുക. വാര്‍ത്തകള്‍ പ്രക്ഷേപണംചെയ്യുന്നതില്‍ വിലക്കുള്ള കേരളത്തിലെ ഒരു എഫ്.എം. സ്റ്റേഷന്‍ ദുബായില്‍നിന്ന് പ്രക്ഷേപണംചെയ്യുകയാണെങ്കില്‍ അതില്‍ വാര്‍ത്തകളുമാകാം. ദുബായിലെ ആ സ്റ്റേഷന്റെ ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഇന്ത്യയിലും വാര്‍ത്തകള്‍ കേള്‍ക്കാം. വിവരസങ്കേതികവിദ്യ ഇത്രയും വളര്‍ന്നിരിക്കുന്ന സ്ഥിതിയില്‍ ജാംബവാന്റെ കാലത്തെ നിഷേധങ്ങള്‍ക്ക് എന്തുയുക്തി?
നേരറിയിക്കാനുതകുന്ന മാധ്യമം
ആകാശവാണി വാര്‍ത്തകള്‍ അതുപോലെത്തന്നെ പ്രക്ഷേപണംചെയ്യാനുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ എഫ്.എം. റേഡിയോകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു രീതിയില്‍ പറഞ്ഞാല്‍ മുസോളിനിചെയ്ത കാര്യംതന്നെയാണിത്. സര്‍ക്കാര്‍വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശ്രോതാക്കളെ കണ്ടെത്തുക. പല എഫ്.എം. ചാനലുകളും ഇതിനായുള്ള ലൈസന്‍സെടുത്തെങ്കിലും ആരും ആകാശവാണി വാര്‍ത്തകള്‍ പ്രക്ഷേപണംചെയ്യുന്നില്ല. എഫ്.എം. റേഡിയോ സ്റ്റേഷനുകളെ വാര്‍ത്ത പ്രക്ഷേപണംചെയ്യാന്‍ അനുവദിച്ചാല്‍, കേന്ദ്രീകൃതമായി സൃഷ്ടിക്കുന്ന ആകാശവാണിവാര്‍ത്തകള്‍ക്കുപകരം അവയില്‍നിന്ന് പ്രാദേശികമായ ഊഷ്മളതകലരുന്ന വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. വാര്‍ത്തകളില്‍ പ്രാദേശികതയുടെ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടാണ് വാര്‍ത്താപത്രങ്ങള്‍ വിവിധ നഗരങ്ങളില്‍ എഡിഷനുകള്‍ തുടങ്ങുന്നത്.
എഫ്.എമ്മിനെ ആര്‍ക്കാണുപേടി? ഒരുപക്ഷേ, അവസാനത്തേതും അതുപോലെത്തന്നെ അര്‍ഥശൂന്യവുമായ വാര്‍ത്തകള്‍ക്കുമേലുള്ള സര്‍ക്കാര്‍കുത്തക തകരാതെ സൂക്ഷിക്കുക എന്നതായിരിക്കാം അധികൃതരുടെ ലക്ഷ്യം. ഇതുസംബന്ധിച്ച് 2017-ലെ ഒരു സുപ്രധാന സുപ്രീംകോടതി കേസില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഔദ്യോഗികഭാഷ്യം സ്വകാര്യവ്യക്തികളുടെ, എന്‍.ജി.ഒ.യുടെ കൈകളില്‍ പ്രത്യേകിച്ചും വടക്കുകിഴക്കന്‍ ഇന്ത്യയില്‍ വാര്‍ത്ത സുരക്ഷിതമല്ല എന്നായിരുന്നു. പ്രസരണതരംഗങ്ങള്‍ പൊതുമുതലാണെന്നും അത് വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് ഉതകുന്നരീതിയില്‍ ഉപയോഗിക്കണമെന്നുമുള്ള കോടതിയുടെ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. പ്രകൃതിദുരന്തങ്ങളുടെയും ലഹളകളുടെയും സമയത്ത് സര്‍ക്കാരിന് ഏറ്റവും സഹായമാകുന്ന ഒരു ജിഹ്വയെയാണ് അവര്‍ മൗനമാക്കിയിരിക്കുന്നത്. സ്‌ഫോടനാത്മകമായ കപടവാര്‍ത്തകള്‍ പ്രചരിക്കുന്ന ഇക്കാലത്ത്, നേരറിയിക്കാന്‍ എഫ്.എമ്മിനെക്കാള്‍ പറ്റിയ മാധ്യമം വേറെയേത്?
ലോകമെങ്ങും വാര്‍ത്തകള്‍ ഇന്ത്യയില്‍ വിലക്ക്
ഇന്ത്യയിലെ സ്വകാര്യ എഫ്.എം. നിലയങ്ങള്‍ക്ക് ഇപ്പോഴും വാര്‍ത്തകള്‍ നല്‍കാന്‍ അനുമതിയില്ല. എന്തുകൊണ്ട് ഈ വേര്‍തിരിവ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇപ്പോഴുമില്ല.
വേണമെങ്കില്‍ പ്രസാര്‍ ഭാരതി കോര്‍പ്പറേഷന്റെ കീഴിലുള്ള ആകാശവാണിവാര്‍ത്തകള്‍ പുനഃസംപ്രേഷണം ചെയ്യാമെന്നുമാത്രമാണ് എഫ്.എം. നിലയങ്ങള്‍ക്കുള്ള നിര്‍ദേശം. മലയാളികള്‍ പ്രവാസികളായുള്ള വിദേശരാജ്യങ്ങളിലെല്ലാം അവരുടെ പ്രധാന വാര്‍ത്താസ്രോതസ്സ് സ്വകാര്യ എഫ്.എം. റേഡിയോ നിലയങ്ങളാണ്. നാട്ടിലെ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുകയും നാട്ടിലെ വിവാദവിഷയങ്ങളില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നതുമെല്ലാം അവിടങ്ങളില്‍ പതിവാണ്. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളുള്ള യു.എ.ഇ.യില്‍മാത്രം ക്ലബ്ബ് എഫ്.എം. ഉള്‍പ്പെടെ അഞ്ചുനിലയങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. സ്വകാര്യ ടെലിവിഷന്‍ ചാനലുകളും നൂറുകണക്കിന് ഓണ്‍ലൈന്‍ മാധ്യമങ്ങളും നിലവില്‍ വാര്‍ത്തകള്‍ യഥേഷ്ടം സംപ്രേഷണംചെയ്യുമ്പോള്‍ സ്വകാര്യ റേഡിയോ സ്റ്റേഷനുകള്‍ക്കുമാത്രം എന്താണ് വിലക്ക് എന്ന ചോദ്യം വര്‍ഷങ്ങളായി ഉയരുന്നു.
മൂന്നുവര്‍ഷംമുമ്പ് ഇക്കാര്യം സുപ്രീംകോടതിയിലുമെത്തി. എന്താണ് ഇത്തരമൊരു വിവേചനം എന്നായിരുന്നു ജസ്റ്റിസുമാരായ ജെ.എസ്. ഖേഹറും ഡി.വൈ. ചന്ദ്രചൂഡുമുള്‍പ്പെട്ട ബെഞ്ച് ചോദിച്ചത്. 2013-ലാണ് റേഡിയോ വാര്‍ത്തകളുടെ കുത്തകാവകാശവുമായി പ്രസാര്‍ ഭാരതി ഉത്തരവിട്ടത്. അതുസംബന്ധിച്ച തര്‍ക്കം പല തലങ്ങളിലൂടെയാണ് സുപ്രീംകോടതിവരെയെത്തിയത്. അമേരിക്കയില്‍ ഇപ്പോള്‍ പതിനഞ്ചായിരത്തിലേറെ എഫ്.എം. റേഡിയോ നിലയങ്ങളുണ്ട്. എല്ലാവരും വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലും ഇതേ രീതിയിലാണ് പ്രവര്‍ത്തനം.
Content Highlights: NS Madhavan, FM news regulations