മുന്നുര: 

ഓര്‍മ്മയുണ്ട്. കുറിയ മനുഷ്യന്‍ വിസ്തൃതമായ വേദിയുടെ മധ്യേ നിന്ന് ഒരു കടലാസില്‍ എഴുതിയത് നോക്കി വായിച്ചു: 'എനിക്ക് എന്റെ അമ്മയോടോ അച്ഛനോടോ ഒരു കടപ്പാടുമില്ല.' പാപിയുടെ കഷായം. സദസ്സില്‍ ഞാനുമുണ്ട്. കേരള സാഹിത്യപരിഷത്തിന്റെ പ്രശസ്തമായ കാസര്‍ഗോടന്‍ സമ്മേളനത്തില്‍ വെച്ചാണ് സമൂഹവുമായി തനിക്കൊരു ബന്ധവുമില്ലെന്ന പ്രഖ്യാപനം ആ എഴുത്തുകാരന്‍ നടത്തുന്നത്. കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന ഒരു വേദിയിലേക്ക് ചോദ്യങ്ങളയച്ചുകൊടുത്ത് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളായിരുന്നു ഞാന്‍. കാസര്‍ഗോഡ് വെച്ച് അടിയന്തിരാവസ്ഥകാലത്ത് പരിഷത് സമ്മേളനം നടന്നതുകൊണ്ടും ആ എഴുത്തുകാരന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയതുകൊണ്ടും വിവാദമായ ഒരൊത്തുചേരലായിരുന്നു അത്. ഞാനന്നാണ് ദൂരെയിരുന്ന് ആ എഴുത്തുകാരനെ കാണുന്നത്. ബി.എയ്ക്ക് പഠിക്കുന്ന എനിക്ക് മുമ്പില്‍ ആയൊരു പ്രസംഗം മഹാത്ഭുതമായിരുന്നു. എഴുത്തുകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ള.

ഒടുവിലത്തെ കാഴ്ച

ഓര്‍മ്മയില്‍നിന്ന് മാഞ്ഞിറങ്ങിപ്പോയിട്ടില്ല. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലെ മുറിയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള കിടക്കുന്ന ദൃശ്യം. അദ്ദേഹത്തിന്റെ ബന്ധു പുനത്തില്‍ ഇസ്മായില്‍ വിളിച്ചറിയിക്കുകയായിരുന്നു. കുഞ്ഞിക്കയ്ക്ക് ഹാഫിസിനെ കാണാനാഗ്രഹമുണ്ട്. കുഞ്ഞിക്കയുടെ അവസാനകാല രോഗങ്ങളും വിഷമസന്ധികളും ആശുപത്രിവാസവുമൊക്കെ നന്നായറിയാമായിരുന്നു. കുഞ്ഞിക്കയെ അതിദയനീയമായ ഒരവസ്ഥയില്‍ കാണുന്നത് താങ്ങാനാവാത്ത സന്ദര്‍ഭമായിരിക്കുമെന്നറിഞ്ഞ് സന്ദര്‍ശനം നീട്ടിവെച്ചതാണ്. രോഗക്കിടക്കയിലെ സങ്കടാവസ്ഥയില്‍ കുഞ്ഞിക്ക ബോധാബോധ ഊഞ്ഞാലിലിരുന്ന് എന്നോട് പലതും സംസാരിച്ചു. വീഴ്ചകളുടെ കുമ്പസാരം. അവനവന് വേണ്ടിയുള്ള സങ്കടഹര്‍ജി. കണ്ണ് നനയാതിരിക്കാന്‍ പാടുപെട്ടു. വാക്കുകള്‍ തൊണ്ടയിലെവിടെയോ വരണ്ടുണങ്ങിപ്പോകുന്നതില്‍ ഞാന്‍ എന്നെ പഴിചാരി. കുഞ്ഞിക്കയ്ക്ക് മുന്നില്‍ ഞാന്‍ നിസ്സഹായനായി. എന്റെയും പ്രിയപ്പെട്ട കുഞ്ഞിക്കയെ അവസാനമായി കണ്ട നിമിഷമായിരുന്നു അത്.

കുഞ്ഞിക്കയിലേക്കുള്ള ദൂരം

രണ്ട് കാഴ്ചകള്‍ക്കിടയില്‍ സര്‍ഗധനനായ ഒരു എഴുത്തുകാരനെയും സ്‌നേഹനിധിയായ ഒരു മനുഷ്യനെയും കണ്ടെത്താനൊരുപാട് തീവ്രസന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ആശിച്ചും ആശിക്കാതെയും വന്ന സന്ദര്‍ഭങ്ങള്‍. ഇഷ്ടത്തോടെ എന്നും കാത്തുസൂക്ഷിക്കുന്നതും കൈവെടിയാന്‍ കൊതിക്കുന്നതുമായ അനുഭവസാഹചര്യങ്ങളില്‍ നിന്നാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയില്‍നിന്ന് കുഞ്ഞിക്കയിലേക്ക് പരകായപ്രവേശം നടത്തുന്നത്. അതിനിടയില്‍ കുഞ്ഞിക്കയുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അടുപ്പമുണ്ട്. ഒന്നിച്ചുള്ള യാത്രകളുണ്ട്. ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും നിമിഷങ്ങളുണ്ട്. വഴക്കുകളും വാദപ്രതിവാദങ്ങളുമുണ്ട്. എഴുതിവെക്കാനാവാത്ത സങ്കടങ്ങളുണ്ട്. മധുരത്തിന്റെയും കയ്പുകളുടെയും ഘോഷയാത്രകളില്‍ നിന്നാണ് എനിക്ക് മുമ്പെ എഴുതിയ എഴുത്തുകാരുടെ കൂട്ടത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അത്യപൂര്‍വബന്ധത്തിന്റെ മായാക്കണ്ണിയായി മാറിയത്.

N P Hafiz Muhammed
എന്‍.പി ഹാഫിസ് മുഹമ്മദ്

അധ്യാപകനാകും മുമ്പുള്ള ഇടത്തൊഴിലുകളില്‍ ആദ്യത്തെ ബോസ് ഒരു സ്റ്റുഡിയോ ഉടമയായിരുന്നു. ബി.എയ്ക്കും എം.എയ്ക്കുമിടയിലുള്ള ഹ്രസ്വകാലം ഒരു സ്റ്റുഡിയോയിലെ അറ്റന്‍ഡറായി ജോലി തുടങ്ങിയപ്പോഴാണ് ആദ്യ തൊഴിലുടമയുടെ പിറവി. രണ്ടാം ബോസ് എം.എ. കഴിഞ്ഞയുടനെ ഒരു മാസികയിലെ സഹപത്രാധിപരായി ജോലി നോക്കിയപ്പോള്‍ ലഭിച്ച മായാമനുഷ്യനായിരുന്നു. അത് പുനത്തില്‍ കുഞ്ഞബ്ദുള്ളയായിരുന്നു. ഗള്‍ഫ് സുഹൃത്തുക്കളായ ഇ.എം. ഹാഷിമും പാറക്കടവുമൊക്കെ പിന്‍നിരയിലുണ്ടായിരുന്ന 'ജീവരാഗം' മാസികയുടെ മുഖ്യപത്രാധിപര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയായിരുന്നു. അതിന്റെ എല്ലാ നടത്തിപ്പും  എനിക്കും ഇ.എം. അഷ്റഫിനും ജീവരാഗത്തിന്റെ പിന്നിലുള്ളവര്‍ പകുത്ത് തന്നിരുന്നു. ആരെയും കാണാന്‍പോലും അവസരം കിട്ടിയിരുന്നില്ല. മുഖ്യപത്രാധിപരെ ജീവരാഗം അന്ത്യശ്വാസം വലിക്കുന്ന ആറ് മാസങ്ങള്‍ക്കിടയില്‍ ഞാന്‍ ഒരു തവണപോലും കണ്ടിരുന്നില്ല. ഒരു പ്രാവശ്യം പോലും എന്നെ അക്കാലത്ത് ഫോണിലും വിളിച്ചിട്ടില്ല. എഴുത്തുകളോ കല്പനകളോ പത്രാധിപ ബോസ്സില്‍ നിന്നുണ്ടായിട്ടില്ല. ആദ്യ എഴുത്ത് എന്റെ പക്ഷത്ത് നിന്നായിരുന്നു. അതൊരാവശ്യത്തിന് വേണ്ടി. ജോലിയപേക്ഷക്കൊപ്പം വെക്കാന്‍ ശ്വാസം നിലച്ച ജീവരാഗത്തിന്റെ സഹപത്രാധിപരായിരുന്നുവെന്ന സാക്ഷിപത്രത്തിന് വേണ്ടിയുള്ള ഒരു കത്തായിരുന്നത്. നാലാം ദിവസം എനിക്ക് വന്ന മറുപടിക്കത്ത് സഹപത്രാധിപരായിരുന്നുവെന്ന അറിയിപ്പ്, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സര്‍ട്ടിഫിക്കറ്റ്, ഇപ്പോഴുമെന്റെ ഫയലുകളിലൊരിടത്തുണ്ട്. അതുവരെ കാണാത്ത സഹപത്രാധിപര്‍ക്കുള്ള ഒരു സ്നേഹസമ്മാനമായിരുന്നു അത്.

സ്നേഹസൗഹൃദത്തിന്റെ പൂമരം

സ്നേഹസമ്മാനങ്ങളുടെ മഴക്കാലമായിരുന്നു പിന്നെ. ഫാറൂഖ് കോളേജില്‍ അധ്യാപകനായി. കുഞ്ഞിക്കയുടെ മകള്‍ നാസിമ ഫാറൂഖ് കോളേജിലാണ് പ്രീഡിഗ്രിക്ക് പഠിച്ചത്. നാസിമ പിന്നീടെന്റെ ഭാര്യയായി മാറിയയാളിന്റെ, പി.പി. മുഹമ്മദിന്റെ മകള്‍ താഹിറയുടെ ആത്മസുഹൃത്തായിരുന്നു. ഹോസ്റ്റലില്‍ റൂംമേറ്റായിരുന്നു. ആയൊരു സൗഹൃദം കുഞ്ഞിക്കയുടെ കുടുംബവുമായി അടുക്കാനും മുറുക്കിക്കെട്ടാനും കാരണമായി. വിവാഹാനന്തരം ഞങ്ങള്‍ ഞങ്ങളുടെ വീടുകളല്ലാത്ത ഒരിടത്ത് അന്തിയുറങ്ങയതിലൊരു വീട് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വടകരയിലുള്ള വീട്ടിലായിരുന്നു. നാസിമയുടെ ഉമ്മ ഞങ്ങളുടെ പ്രിയപ്പെട്ട ഹലീമത്തായായി പരിണമിക്കുന്നത് അങ്ങിനെയാണ്. പലകുറി ഞങ്ങള്‍ വടകരയിലവിടെ രാപ്പാര്‍ക്കുകയും ഹലീമത്തായുടെ രുചികരമായി അത്താഴമഹിമ അറിയുകയും ചെയ്തിട്ടുണ്ട്. ആസാദും ടിങ്കുവും കൊച്ചനിയന്മാരായി മാറിയതും ആ നാളുകളിലാണ്. ഞാനവര്‍ക്ക് ഹാഫിസ്‌ക്കയായി. ഭാര്യ തായിത്തായായി. പുനത്തിലിന്റെ കുടുംബവുമായുള്ള ആത്മബന്ധം പോറലേല്ക്കാതെ ഇന്നും തുടരുന്നു. മറ്റൊരു മുതിര്‍ന്ന എഴുത്തുകാരന്റെ കുടുംബത്തോടുമില്ലാത്തവിധം അത്ഭുതബന്ധമായത് മാറിയിരിക്കുന്നു. സുഖസങ്കടങ്ങളില്‍ പങ്കാളിയുമായിക്കഴിഞ്ഞിരിക്കുന്നു.

മലയാളം പബ്ലിക്കേഷനാണ് കുഞ്ഞിക്കയുമായി എന്നെയും അക്ബര്‍ കക്കട്ടിലിനെയും കൂടുതല്‍ കൂട്ടിക്കുഴക്കുന്നത്. മലയാളം പബ്ലിക്കേഷന്‍ അക്ബറും ഞാനും കോഴിക്കോട്ടെ പി.കെ ബ്രദേഴ്സുമായി കൂട്ടുചേര്‍ന്ന് നടത്തിയ പ്രസാധക സംരംഭമായിരുന്നു. മലയാളത്തിന്റെ ആദ്യപുസ്തകം പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കന്യാവനങ്ങളായിരുന്നു. പ്രൂഫ് വായനതൊട്ട് കവര്‍ ഡിസൈനിങ് വരെയുള്ള കാര്യങ്ങളില്‍ എന്നെയായിരുന്നു ചുമതലപ്പെടുത്തിയത്. കന്യാവനങ്ങളുടെ പരസ്യങ്ങള്‍ രൂപകല്പന നടത്തിയതും ഞാന്‍. കന്യാവനങ്ങളില്‍ ഒരു കപ്പല്‍യാത്രയുടെ ഭാഗത്തിലൊരു വിവരണം ടാഗോറിന്റെതാണെന്ന് ഒ.കെ. ജോണിയുന്നയിച്ച ആരോപണം വിവാദമായപ്പോള്‍ സകലതും മറന്ന് കുഞ്ഞിക്കയോടൊപ്പമായിരുന്നു ഞാനും അക്ബറും. പ്രാസയുദ്ധം പോലെ സാഹിത്യത്തിലൊരു കൊടുങ്കാറ്റ് വീശിയപ്പോള്‍ യാത്ര, സര്‍ഗശേഷിയിലെ മൗലികതയെക്കുറിച്ചുള്ള സംവാദമാക്കി എം.എന്‍. വിജയനും മറ്റും മാറ്റിക്കുറിച്ചപ്പോഴും ഞാന്‍ കുഞ്ഞിക്കയോടൊപ്പമായിരുന്നു. ആപല്‍നേരങ്ങളിലെ വീഴ്ചയുടെ സന്ദര്‍ഭങ്ങളിലെ ആത്മബന്ധത്തിന്റെ വിലയറിയിച്ച് തന്ന പുനത്തിലിനൊപ്പം.

മലയാളത്തിന്റെ ദിനങ്ങളില്‍ പിന്നീട് മരുന്ന് മലയാളം പുസ്തമാക്കുമ്പോഴും കുഞ്ഞിക്ക ആഴ്ചയിലൊരിക്കല്‍ കോഴിക്കോട്ടെത്തുമായിരുന്നു. മരുന്നിന്റെ പേജുകളോരോന്നൊരുക്കുന്നതില്‍ കൊളാഷുകള്‍കൊണ്ട് അതിലെ അധ്യായങ്ങളുടെ ദൃശ്യവത്കരണം നടത്തുന്നതില്‍ ഞങ്ങളൊപ്പം പലകുറി ആലോചനയൊന്നിച്ച് നടത്തുമായിരുന്നു. ആയിടക്കൊരു അത്ഭുതവുമുണ്ടായി. കുഞ്ഞിക്കയോട് കുട്ടികള്‍ക്ക് വേണ്ടി ഒരു നോവലെഴുതാന്‍ ഞാനും അക്ബറും ആവശ്യപ്പെട്ടു. കുട്ടിയുടെ മനസ്സുള്ള നിഷ്‌കളങ്കതയുടെ പരിമണം സദാചൊരിയുന്ന കുഞ്ഞിക്കയ്ക്കത് ഭംഗിയായി എഴുതാനാവുമെന്ന് എനിക്കുറപ്പായിരുന്നു.

ഒരൊറ്റ ആഴ്ചകൊണ്ട് ഒരു പച്ച ഫയല്‍ എനിക്ക് നേരെ നീട്ടി. നല്ല എക്സിക്യൂട്ടീവ് ബോണ്ട് പേപ്പറില്‍ എഴുതിയ കുട്ടികളുടെ നോവല്‍: അമ്മയെക്കാണാന്‍. അത് കൈമാറുമ്പോള്‍ ഒരു കല്പന, പത്രാധിപരെന്ന നിലയില്‍ ഇതില്‍ കൈവെക്കാന്‍ ഹാഫിസിനവകാശമുണ്ട് താന്‍ കുട്ടികളുടെ ആളാണല്ലോ. അമ്മയെക്കാണാന്‍ എനിക്ക് തന്ന സ്വാതന്ത്ര്യം പരമാവധി ഫലപ്രദമായുപയോഗിച്ച് പ്രകാശനം ചെയ്തു. പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയ ഏക ബാലസാഹിത്യരചന അമ്മയെക്കാണാന്‍ ആണ്. മരിച്ച് പോയ അമ്മ, സ്വര്‍ഗത്തിലുണ്ടാവുമെന്ന് ഉറപ്പുള്ള മകന്‍, സാഹസപ്പെട്ട് ദൈവദൂതന്മാരുമായി സംവാദത്തിലേര്‍പ്പെട്ട് ഒടുവില്‍ അമ്മയുമായൊത്തുചേരുന്ന ഫാന്റസിയില്‍ അമ്മയെക്കാണാന്‍ ഇന്നും വേറിട്ട ഒരു ബാലസാഹിത്യകൃതിയായി നിലകൊള്ളുന്നു.

ഒടുവിലൊരു സങ്കടം

പല യാത്രകളിലും എനിക്കൊപ്പമുണ്ടാകാന്‍ അനുവാദമുണ്ടായിരുന്നു. ഒറ്റപ്പാലത്തേക്കും തൃശൂരിലേക്കും തലശ്ശേരിയിലേക്കുമൊക്കെയുള്ള യാത്രകളില്‍ നിന്നാണ് ഞാന്‍ കുഞ്ഞിക്കയെന്ന മനുഷ്യനെയറിയുന്നത്. എടുത്തുചാട്ടങ്ങള്‍ മനസിലാക്കുന്നത്. വിയോജിപ്പുകള്‍ക്ക് കുഞ്ഞിക്ക അവസരം നല്‍കുന്നു. മൂര്‍ച്ചയുള്ള നാവേറ് കൊണ്ട് അയുക്തിയെ യുക്തിയാക്കാന്‍, അതസാധ്യമാവുമ്പോള്‍ ഭ്രമാത്മകമായ പരിവേഷത്തോടെ അവതരിപ്പിക്കാന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന സാഹിത്യകാരന് അസാധാരണമായ കഴിവുണ്ടായിരുന്നു. യാഥാര്‍ത്ഥ്യങ്ങളെ അയഥാര്‍ത്ഥ പരികല്പനകളുമായി കൂട്ടിയിണക്കി ഒരു മായാസങ്കല്പനം ഉണ്ടാക്കാന്‍ കുഞ്ഞിക്കയ്ക്ക് വിരുതുണ്ടായിരുന്നു. വഴിമുട്ടലുകളെ ഒരു നിരന്തരമായ സഞ്ചാരമാക്കി മാറ്റുകയായിരുന്നു കുഞ്ഞിക്ക. ചേരാത്തതിനെ ചേര്‍ക്കാന്‍ വിസ്മയകരമായ നൈപുണ്യം കുഞ്ഞിക്കയ്ക്കുണ്ടായിരുന്നു. സാഹിത്യകാരന്‍ എന്ന നിലയില്‍ തന്റെ അടിത്തറയെ ചോദ്യം ചെയ്ത് കൊടുങ്കാറ്റ് വിതച്ച ഒ.കെ. ജോണിയെ ചുരുങ്ങിയ കാലം കൊണ്ട് കൂട്ടുകാരനാക്കി മാറ്റിയതുകണ്ട് ഞാനും അക്ബറും മൂക്കത്ത് വിരല്‍വെച്ചിട്ടിണ്ട്. അക്ബര്‍ പറഞ്ഞിട്ടുമുണ്ട് കുഞ്ഞിക്കയ്ക്കിനി ഞങ്ങളെ വേണ്ട ജോണിയെ മതിയല്ലേ?

ബന്ധങ്ങള്‍ കെട്ടിപ്പടുക്കുംപോലെ ഞൊടിയിടകൊണ്ട് ചിലപ്പോള്‍ പൊടിഞ്ഞ് തകര്‍ന്ന് വീഴുന്നതും കണ്ടിട്ടുണ്ട്. ഒരാളിനോടടുത്ത് പലരെയും സങ്കടക്കടലില്‍ ആഴ്ത്തുന്നതില്‍ ചിലപ്പോള്‍ കുഞ്ഞിക്ക സന്തോഷമനുഭവിക്കുന്നതും മനസ്സിലാക്കാനായിരുന്നു. അതില്‍ വേവലാതി കൊള്ളുന്നതിനെ നിഷ്‌കരുണം അവഗണിക്കുന്നതായി തോന്നിയിട്ടുമുണ്ട്. മദ്യപാനക്കാര്യത്തില്‍ ഞങ്ങള്‍ പലവട്ടം ഏറ്റുമുട്ടിയിട്ടുമുണ്ട്. ഭര്‍ത്താവ് മദ്യപിക്കുമ്പോള്‍ വൃത്തിയാക്കിയ ഗ്ലാസുകള്‍ നല്ല തുണികൊണ്ട് തുടച്ചുമിനുക്കി ഒരുക്കിക്കൊടുക്കേണ്ടത് ഉത്തമഭാര്യയുടെ കടമയാണെന്ന് എഴുതിയപ്പോള്‍ ഈ എഴുത്തിലും വിചാരത്തിലും ഇടയില്‍ വേദനിക്കുന്ന മനുഷ്യരുണ്ടെന്നറിയിച്ചപ്പോള്‍ കാര്യത്തെ അകാര്യമാക്കിമാറ്റുന്ന കുഞ്ഞിക്കയോട് കടുത്ത ദേഷ്യം തോന്നിയിട്ടുണ്ട്. എന്നാലത് പറയാന്‍ കുഞ്ഞിക്ക അവസരവും നല്‍കിയിരുന്നു. ഒരിക്കലും വ്യംഗ്യമായിപ്പോലും എന്നോട് മദ്യപിക്കാന്‍ കുഞ്ഞിക്ക ആവശ്യപ്പെട്ടിട്ടില്ലതാനും. സാമൂഹിക മദ്യപാനം അമിതമദ്യാസക്തിയിലേക്കുള്ള സഞ്ചാരമായി ഭവിക്കുമെന്ന വസ്തുതാവാദം കുഞ്ഞിക്കയിലേശിയില്ല. ജീവിതത്തിൽ അത്തരമൊരവസ്ഥ വന്നപ്പോള്‍ കുഞ്ഞിക്ക പ്രതിനിധാനം ചെയ്ത മരുന്നുകളൊന്നും പ്രയോജനപ്പെട്ടതുമില്ല. ചില കാര്യങ്ങളില്‍ സങ്കടപ്പെടാനേ കഴിയൂ. എന്റെ പ്രിയപ്പെട്ട കുഞ്ഞിക്ക ഒടുവിലെനിക്കൊരു സങ്കടമായിരുന്നു.

അരാജകത്വത്തിന്റെ സ്മൃതിപാഠകര്‍

കഥയെഴുത്തിന്റെ മായികനൈപുണ്യം പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരനിലുണ്ടായിരുന്നു. കഥ പറയുന്നതിന്റെ ശില്പിയായിരുന്നു ആ എഴുത്തുകാരന്‍. ലാളിത്യം കൊണ്ടും സരളതകൊണ്ടും ഒരു കാലത്തും പൂപ്പല്‍ പിടിക്കാത്ത സ്മാരകശിലകള്‍ പണിത കഥയെഴുത്തുകാരനാണദ്ദേഹം. കാലമത് തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, കഥയെഴുത്തുകാരന്റെ യശസ്സും ബ്രാന്‍ഡും രചനാ കൗശലവും തുറന്നുപറച്ചിലും നല്ലതല്ലാത്ത രചനകളും എഴുതിപ്പിച്ച് പത്രാധിപന്മാരും പ്രസാധകരും കവര്‍ന്നെടുക്കുന്ന കെണിയെക്കുറിച്ച് പുനത്തില്‍ കുഞ്ഞബ്ദുള്ള അറിയാതെ പോയതാണെന്ന് തോന്നുന്നില്ല. സ്വയമൊരുക്കുന്ന കുഴക്കുന്ന വിഷമപ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആവാത്ത ഒരവസ്ഥയായിരുന്നു അത് പിന്നെ. കെണിയിലകപ്പെടുന്നതും ഒരു രസമാക്കി മാറ്റുന്ന അബദ്ധമാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരന്റെ അവസാനകാലം. അറിഞ്ഞൊരു വരി പോലുമെഴുതാനാവാത്ത കുരുക്കുകളിലായിരുന്നു അന്ത്യം.

കലാകാരന്മാരുടെ, സാഹിത്യകാരന്മാരുടെ (കാരികളുടെയും) അരാജകത്വത്തെ വാഴ്ത്തിപ്പാടുന്നവരുടെ വംശാവലി ഒരു കാലത്തും ഇല്ലാതായിത്തീരാന്‍ പോകുന്നില്ല. സാധാരണക്കാരുടെ ഭ്രമം തെറ്റലുകളും വീഴ്ചകളും അവര്‍ക്ക് പഴിചാരാനുള്ളതാണ്. സര്‍ഗസമ്പന്നരുടെ അരാജകത്വത്തെ അവര്‍ സ്തുതിഗീതം കൊണ്ട് സുവര്‍ണപ്പുതപ്പണിയിക്കുന്നു. വാഴ്ത്തുപാട്ടുകാരൊരുക്കുന്ന ചുഴിക്കുത്തുകള്‍ തൂക്കിക്കൊലകള്‍ പലപ്പോള്‍ സര്‍ഗസിദ്ധിയിലൊരു കാലത്ത് നിറഞ്ഞ് നിന്നവര്‍ അറിയാതെ പോകുന്നു. ബലിയാടുകളായിത്തീരുന്നു.

വയലാര്‍ രാമവര്‍മ്മയും ജോണ്‍ എബ്രഹാമും എ. അയ്യപ്പനും അങ്ങനെ പലരും ഈ രക്തസാക്ഷികളില്‍പ്പെടുന്നു. അരാജകത്വം സ്വന്തം വീട്ടിലോ കുടുംബത്തിലോ വരുന്നത് താങ്ങാനാവാത്തവരും ദുര്‍ബലതകളില്‍ സ്വന്തം കഴിവ് വളര്‍ത്തിയെടുക്കാനാവാത്തവരുമാണ് മലയാളനാട്ടിലും ഈ കൊലപാതകങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ നിക്ഷിപ്ത താല്പര്യക്കാരുടെ രാഷ്ട്രീയ സംഘടനയും മാധ്യമ സ്ഥാപനങ്ങളുമൊക്കെയുണ്ടാവും. അഭിമുഖത്തിലൂടെ കുത്സിതാനുഗ്രഹങ്ങളുടെ വിഷക്കെണിയൊരുക്കുന്നവരുണ്ടാകും. ചിലപ്പോള്‍ എല്ലാമറിഞ്ഞിട്ടും ചിലര്‍ നിസ്സഹായതയോടെ അറക്കവാളിന് മുന്നില്‍ തലവെച്ചുകൊടുക്കുന്നു. സര്‍ഗശേഷിയുടെ സമ്പന്നതയെ ഒടുവില്‍ സ്വയം ബലിയര്‍പ്പിച്ച നിസ്സഹായനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. നഷ്ടം മലയാളത്തിനും വായനക്കാര്‍ക്കുമല്ലാതെ മറ്റാര്‍ക്കുമല്ല.

പിന്നുര

കുഞ്ഞിക്കാ, ഇന്ന് നിങ്ങളുടെ ചരമദിനം. ഒരു ആകസ്മികത ഞാനറിയിക്കട്ടെ അമ്മയെ കാണാന്‍ പുന:പ്രസിദ്ധീകരിക്കാന്‍ വീണ്ടും ഒരു നിയോഗം എനിക്കുണ്ടായിരിക്കുന്നു. കോഴിക്കോട്ടെ യുവതയുടെ പൂമരം ബുക്സ് നമ്മുടെ കുട്ടികള്‍ എക്കാലത്തും വായിച്ചിരിക്കേണ്ട പത്ത് കൃതികള്‍ തിരഞ്ഞെടുത്തപ്പോള്‍ അതിലൊന്ന് അമ്മയെ കാണാന്‍. ഇക്കൂട്ടത്തില്‍ ഉറൂബ്‌, സുമംഗല, എന്‍പി. മുഹമ്മദ്, വി.പി, മുഹമ്മദ്, കെ. ശ്രീകുമാര്‍, പ്രൊഫ. എസ്. ശിവദാസ്, കെ.വി. രാമനാഥന്‍, എം. വിജയന്‍, സിപ്പി പള്ളിപ്പുറം എന്നിവരുടെ പ്രശസ്ത ബാലസാഹിത്യ രചനകളുമുണ്ട്. ക്ലാസിക് ടെന്‍, കുഞ്ഞിക്ക, അറിയേണ്ട ഒരു രഹസ്യം, അമ്മയെ കാണാന്‍ എന്ന കൃതിക്ക് ഇക്കുറി കവറൊരുക്കിയിരിക്കുന്നത് എന്റെ മകന്‍ ബാസിം അബു. ഇന്ന് രാവിലെ എന്റെ കയ്യില്‍ അമ്മയെ കാണാന്‍ വീണ്ടുമെത്തിയിരിക്കുന്നു. നവംബര്‍ 12-ന് ഷാര്‍ജ ബുക് ഫെസ്റ്റിവലില്‍ വെച്ച് അത് പ്രകാശനം ചെയ്യുമ്പോള്‍ തീര്‍ച്ച, ഞാന്‍ കുഞ്ഞിക്കയെക്കുറിച്ച് പറയും.

Content Highlights: NP Hafiz Muhammed Writes about Punathil Kunjabdulla