ഇത് ഒരു അപ്രകാശിത അഭിമുഖമാണ്. സ്വാതന്ത്ര്യസമര സേനാനിയും നാടകകൃത്തും നടനുമെല്ലാമായിരുന്ന എന്‍.എന്‍. പിള്ളയുമായി അവസാനകാലത്ത് നടത്തിയ സംഭാഷണം. നവംബര്‍ 14-ന് എന്‍.എന്‍. പിള്ള അന്തരിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുന്നവേളയില്‍ ഈ സംഭാഷണം ഇവിടെ ജീവിച്ചിരുന്ന ധീരനായ ഒരു കലാകാരന്റെ ഉന്നതശീര്‍ഷസ്വരൂപവും ഉറപ്പുള്ള നിലപാടുകളും വെളിവാക്കിത്തരുന്നു.....


എന്നാണ് ആദ്യനാടകം പിറന്നത്

1944-ല്‍ ഐ.എന്‍.എ.യുടെ ഫണ്ട് ശേഖരണാര്‍ഥം 'താന്തിയാത്തോപ്പി' എന്ന നാടകം എഴുതി. 1857-ലെ ശിപായിലഹളയെ പശ്ചാത്തലമാക്കിയായിരുന്നു നാടകം. പാരിപ്പള്ളി കുട്ടന്‍നായര്‍, വാസവന്‍ തുടങ്ങിയ സുഹൃത്തുക്കളും അഭിനയിച്ചു. ഞാനായിരുന്നു താന്തിയാത്തോപ്പി. അന്ന് നാടകരചനയുടെ സാങ്കേതികവശങ്ങളെപ്പറ്റി എനിക്ക് ഒരു ചുക്കും അറിഞ്ഞുകൂടായിരുന്നു. ഗ്യാസ്ലൈറ്റുകളുടെപ്രകാശവലയത്തില്‍ അരങ്ങേറിയ ആ നാടകത്തില്‍നിന്ന് കിട്ടിയ അറ്റാദായം പന്തീരായിരംരൂപ മുഴുവന്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന് സംഭാവന ചെയ്തു. പിന്നീട് 'കുര്‍ബാനി' എന്ന പേരില്‍ ഇംഗ്ലീഷിലാണ് മറ്റൊരു നാടകമെഴുതിയത്. ഐ.എന്‍.എ.യിലെ വഞ്ചകരായ സേനാനികളെ ജനറല്‍ സ്‌ളീം നേരിട്ട് വിചാരണ ചെയ്യുന്നതും ഒടുവില്‍ വെടിവെച്ചുകൊല്ലുന്നതുമായിരുന്നു ഇതിവൃത്തം. ആ നാടകം ഹിന്ദി, ഗുരുമുഖി, തമിഴ്, പുഷ്ടു എന്നീ ഭാഷകളില്‍ തര്‍ജമ ചെയ്ത് നാലു ക്യാമ്പുകളില്‍ അവതരിപ്പിച്ചു. വെറും നാലുദിവസത്തെ റിഹേഴ്സലേ വേണ്ടിവന്നുള്ളൂ. ഹിന്ദി അവതരണത്തിന് നേതാജി സുഭാഷ്ചന്ദ്രബോസും പ്രേക്ഷകരുടെ മുന്‍പന്തിയിലുണ്ടായിരുന്നു. അടുത്തുതന്നെ ഞാനുമിരുന്നു. ഞാന്‍ അതില്‍ അഭിനയിച്ചില്ല. നാടകത്തിനിടെ നേതാജിയുടെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ ഒഴുകുന്നതും പലപ്പോഴും കൈലേസുകൊണ്ട് കണ്ണ് തുടയ്ക്കുന്നതും ഞാന്‍ കണ്ടു. നാടകം കഴിഞ്ഞ് അദ്ദേഹം എന്റെ തോളത്തൊന്നു തട്ടി അനുമോദിച്ചു. എന്നിട്ട് ഒരു ചെറിയ പേഴ്സെടുത്തു എന്റെ കൈയില്‍ തന്നു. അതിന്റെ പുറത്ത് ഒരു ചിത്രത്തിന്റെ താഴെ ജയ്ഹിന്ദ് എന്ന മുദ്രണം ചെയ്തിരുന്നു. ഈ അടുത്തകാലം വരെ എന്റെ കൂടെയുണ്ടായിരുന്നു. ആ പേഴ്സ് പെട്ടിയില്‍ കിടന്ന് ദ്രവിച്ച്ദ്രവിച്ച് വികൃതമായി. ആ പേഴ്സ് എന്റെ പോക്കറ്റില്‍ ഇരുന്നപ്പോഴൊക്കെ ഞാന്‍ ദരിദ്രവാസിയായിരുന്നു.

എന്‍.എന്‍. പിള്ള നാടകത്തില്‍നിന്ന് നല്ല പൈസയുണ്ടാക്കിയ ആളാണെന്നുപറഞ്ഞാല്‍ എത്രത്തോളം വാസ്തവമുണ്ട്

ഞാന്‍ ധനികനല്ല. പക്ഷേ, ഒരണ കടമില്ല. ആവശ്യത്തിനുള്ളതെല്ലാം കിട്ടുന്നു. ഒറ്റപ്രമാണമേയുള്ളൂ. ഈ വീടും 34 സെന്റ് സ്ഥലവും. ഭാര്യയുടെ പേര്‍ക്ക് എട്ട് ഏക്കര്‍ നിലവുമുണ്ട്. കൃത്യമായി ഇന്‍കംടാക്‌സ് കൊടുക്കുന്നു. അവര്‍ എന്റെ നാടകം കളിപ്പിക്കാറുപോലുമുണ്ട്. അത്യാവശ്യസംഭാവനകള്‍ സമൂഹത്തിന് നല്‍കുന്നുമുണ്ട്.

ലോകത്തില്‍ എന്തിനെയാണ് ഭയക്കുന്നത്?

മരണത്തില്‍ ശകലം പോലുമില്ല; എന്നാല്‍ വേദനയെയാണ് ഭയം.

'മനുഷ്യന് മരണമെന്നൊന്നില്ല

ജീവിതസ്‌നേഹമേയുള്ളൂ' എന്ന് ഞാന്‍ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്.

വിശ്വകേരളകലാസമിതിക്ക് പ്രചോദനമായത് എങ്ങനെ

1945-ല്‍ ഞാന്‍ നാട്ടിലെത്തി. വിവാഹം കഴിഞ്ഞ് മൂത്തകുട്ടി ജനിച്ച രണ്ടു വയസ്സായപ്പോള്‍ 1948-ല്‍ വീണ്ടും മലയായിലേക്ക് പോയി. കുട്ടന്‍ (നടന്‍ വിജയരാഘവന്‍) ജനിച്ചത് അവിടെയാണ്. 1950-ല്‍ തിരികെ നാട്ടിലെത്തി. പല ബിസിനസും ചെയ്തു. പരാജയപ്പെട്ട നാളുകളില്‍ കുളക്കട പണ്ടാരത്തില്‍ കലാമണ്ഡലത്തിന്റെ മൂന്നു ദിവസത്തെ കഥകളി കാണാന്‍ സുഹൃത്ത് ശിവശങ്കരപ്പിള്ളയുമൊത്ത് പോയി. അന്നാണ് ആദ്യമായും അവസാനമായും മഹാകവി വള്ളത്തോളിനെ കാണുന്നത്. കഥകളി കണ്ടപ്പോള്‍ നമുക്കും ഒരു കലാസമിതി ഉണ്ടാക്കിയാലെന്താ എന്നു തോന്നി. കലാമണ്ഡലം സെറ്റിനെ ബുക്കുചെയ്തു. തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ മൂന്നുദിവസത്തെ കഥകളി നടത്തി. സമിതി ഉദ്ഘാടനം ചെയ്തു. പരിപാടി 76 രൂപ നഷ്ടത്തില്‍ കലാശിച്ചു. അഗതികഗതി (ഒരു ഗതിയുമില്ലാത്തവന്റെ അവസാനത്തെ ആശ്രയം) എന്നു പറഞ്ഞപോലെയാണ് ഞാന്‍ നാടകത്തില്‍ ചെന്നുപെട്ടത്. അതെന്നെ രക്ഷിച്ചു. 'മനുഷ്യന്‍' എന്ന നാടകത്തില്‍ 1952-ല്‍ തുടങ്ങി '54-ല്‍ 'അസ്സലാമു അലൈക്കും' എന്ന നാടകത്തിലൂടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി. സഹോദരിയും ഭാര്യയും കുട്ടികളും നാടകത്തില്‍ അഭിനയിച്ചുതുടങ്ങി.

അങ്ങേക്ക് ലഹരിവസ്തുക്കള്‍ ഒരു ദൗര്‍ബല്യമായിരുന്നിട്ടുണ്ടോ

ഒരിക്കലുമില്ല. കറുപ്പ്തീറ്റ ഇപ്പോഴില്ല. പിന്നെ ഞാന്‍ പരീക്ഷിക്കാത്ത ലഹരിപദാര്‍ഥങ്ങളില്ല -എല്‍.എസ്.ഡി. ഒഴിച്ച്. ഇരുപത് കൊല്ലമായി അലച്ചില്‍. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അംശം കുറഞ്ഞു. പിന്നെ വല്ലാതെ ഇമോഷണലാകും. എനിക്ക് ചുമ്മാ ഇങ്ങനെ പരബ്രഹ്‌മം മാതിരി ഇരിക്കാന്‍ വയ്യ. വന്നുവന്ന് സങ്കടവും ജീവിതവും തമ്മില്‍ തിരിച്ചറിയാന്‍ വയ്യാതായിട്ടുണ്ട്.

അങ്ങയുടെ ഒരു നാടകത്തിലെ സംഭാഷണമാണ് ഞാന്‍ പറയുന്നത്: 'ഭീരുക്കള്‍ക്ക് ചാരാനുള്ള മതിലാണ് ദൈവം'. 'ഈശരന്‍ അറസ്റ്റില്‍' എന്ന പേരില്‍ത്തന്നെ ഒരു നാടകം എഴുതിയിട്ടുണ്ട്. 'ഭാവത്രയം' എന്ന നാടകത്തില്‍ ശ്രീകൃഷ്ണനെയും അര്‍ജുനനെയും രംഗത്ത് കൊണ്ടുവന്നു-ഗീതോപദേശം. ശബരിമല അയ്യപ്പനെ കഥാപാത്രമാക്കി 'വാറ്റ്-69' എന്നൊരു ഏകാങ്കനാടകവും എഴുതിയിട്ടുണ്ട്. ഈശ്വരവിശ്വാസിയാണോ താങ്കള്‍

ഈശ്വരന്‍ ഉണ്ടെന്ന ധാരണയേയില്ല. ഈശ്വരനില്‍ വിശ്വസിച്ചില്ലെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന ധാരണയുമില്ല. ഗുരുവായൂരില്‍ 20 പ്രാവശ്യം പോയ ഞാന്‍ ഒരു തവണയേ അകത്തുകയറിയുള്ളൂ. അലങ്കാരങ്ങളൊക്കെ എങ്ങനെയുണ്ടെന്ന് കാണാന്‍.

പി.എം. ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവി'നെ എതിര്‍ത്തവര്‍ 'കാപാലിക'യും 'ഈശ്വരന്‍ അറസ്റ്റി'ലും എഴുതിയ എന്‍.എന്‍. പിള്ളയെ എതിര്‍ക്കാതിരുന്നതെന്തുകൊണ്ടാവാം

എതിര്‍ക്കാനൊക്കില്ലല്ലോ. ഞാന്‍ എണ്ണിയെണ്ണിയാണ് പറഞ്ഞത്.

സാഹിത്യത്തെക്കുറിച്ച് ആധുനികം, ഇപ്പോള്‍ അത്യാധുനികം, ആധുനികോത്തരം എന്നെല്ലാമുള്ള വിശേഷണങ്ങള്‍ കേട്ടുതുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഈ വേര്‍തിരിവുകള്‍ കേള്‍ക്കുമ്പോള്‍ എന്താണ് തോന്നാറുള്ളത്

ഇന്നുവരെയുണ്ടായിട്ടുള്ള എല്ലാ കലാസൃഷ്ടികളും അതതുകാലത്ത് അത്യാധുനികങ്ങളായിരുന്നു. വിക്രമാദിത്യരാജാവിന്റെ കാലത്ത് കാളിദാസന്‍ അത്യാധുനികനായിരുന്നല്ലോ. 'മേഘസന്ദേശ'ത്തിന്റെ രചനയോടുകൂടി അന്നുവരെയുണ്ടായിട്ടുള്ള മഹാകവികളാരും ചിന്തിച്ചിട്ടില്ലാത്ത 'സന്ദേശകാവ്യം' എന്നൊരു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായി അദ്ദേഹം. പിന്നീട് അത് എത്രയോപേര്‍ അനുകരിച്ചു. കഴിഞ്ഞ രണ്ട് വ്യാഴവട്ടക്കാലത്തിനുള്ളില്‍ വയലാര്‍, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, ചെമ്മനം, കടമ്മനിട്ട തുടങ്ങി അപൂര്‍വം ചിലരുടെ കൃതികള്‍ ഒഴിച്ച് ഒന്നുംതന്നെ എനിക്കോര്‍മയില്ല. വായിക്കാഞ്ഞിട്ടല്ല. ഉള്ളില്‍ത്തട്ടാത്തതുകൊണ്ടും അല്പം തട്ടിയാല്‍ത്തന്നെ അവിടെ തങ്ങിനില്‍ക്കാത്തതുകൊണ്ടുമാണ്.

ആധുനിക കവികളില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്.

''ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള

ദുഃഖമെന്താനന്ദമാണെനിക്കോമനേ

എന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ

നിന്നസാന്നിധ്യം പകരുന്ന വേദന...'

എന്നെഴുതിയ കവി തന്നെയാണോ 'അമാവാസി' എന്നെഴുതിയതെന്ന് അദ്ഭുതപ്പെട്ടുപോയി. അത്യന്താധുനികത്തിലെ മനഃപൂര്‍വമായ അതിദുര്‍ഗ്രാഹ്യതായ്ക്കാധാരം (ഉലഹശയലൃമലേ ഛരൌൃമിശോെ) ഇനി പറയുന്നവയാണ്:വെറും നാട്യം, ആവിഷ്‌കരണത്തിനുള്ള അസമര്‍ഥത, ദുര്‍ഗ്രഹത, നൂതനമാക്കാനുള്ള ശ്രമം, രൂപഭ്രമം, അനുഭൂതിക്കനുയോജ്യമല്ലാത്ത ഭാഷയും താളവും. മനസ്സിലാകുന്നത് ഇഷ്ടപ്പെടുമ്പോള്‍ മനസ്സിലാകാത്തത് വാഴ്ത്തപ്പെടുമെന്നാണല്ലോ തത്ത്വം. ശരിയാണ്, ഒട്ടും മനസ്സിലാകാത്തവര്‍ക്ക് നല്ലതുപോലെ മനസ്സിലാകുന്നതാണ് അത്യന്താധുനികം.

അങ്ങയുടെ രചനയില്‍ ആരുടെയും സ്വാധീനം ഇല്ലെന്നാണോ

അങ്ങനെയല്ല. ക്രാഫ്റ്റില്‍ ഇബ്സനും സംഭാഷണത്തില്‍ ബര്‍ണാഡ്ഷായുമാണ് എന്റെ മാര്‍ഗദര്‍ശികള്‍. ഞാന്‍ ഒരുപാട് വായിച്ചിട്ടുള്ള ആളാണ്. നമ്മുടെ ചുറ്റുവട്ടത്തുള്ള അല്ലെങ്കില്‍ മുന്‍തലമുറയിലുള്ള പ്രതിഭാശാലികളെ പഠിക്കുന്നത് അവരെ അനുകരിക്കാനല്ല, അനുകരിച്ച് പോകാതിരിക്കാനാണ്. ഷേക്സ്പിയറും മോളിയറും ലോര്‍ക്കയും മറ്റാരെയും അനുകരിച്ചവരല്ല. സ്വന്തമായ സരണികള്‍ വെട്ടിത്തുറന്നവരാണ്. ഇവര്‍ സ്വീകരിച്ച ഇതിവൃത്തങ്ങളില്‍ ഭൂരിപക്ഷവും മറ്റു പലരോടും കടം മേടിച്ചവയായിരുന്നു. അതില്‍നിന്ന് മെനഞ്ഞെടുത്ത കലാസൃഷ്ടികള്‍ അവരുടേത് മാത്രമായിരുന്നു. നാടകത്തില്‍ എന്ത് എന്നതല്ല എങ്ങനെ എന്നതാണ് പ്രശ്‌നം. എന്നോളം വായിച്ചവരല്ല ഇബ്സനും മോളിയോയും ഒനീലും ഷേക്സ്പിയറും. പക്ഷേ, പ്രതിഭയുടെ കാര്യത്തില്‍ ഞാന്‍ അവരുടെ അടുത്തെങ്ങും നില്‍ക്കത്തില്ലല്ലോ. അതെനിക്കറിയാം.

അങ്ങയുടെ നാടകങ്ങള്‍ സറ്റയര്‍ ആണെന്നറിയാം. ജനാധിപത്യം, നമ്മുടെ ജുഡീഷ്യറി എന്നിവയൊക്കെ അതിശക്തമായി വിമര്‍ശിക്കാന്‍ സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ നാടകങ്ങളിലൂടെ നടത്തുന്ന അങ്ങയുടെ ശ്രമം ബോധപൂര്‍വം തന്നെയാണോ

സംശയമെന്താ, ബോധപൂര്‍വം തന്നെ. ഡെമോക്രസി വളര്‍ന്നുവളര്‍ന്ന് 18-ാം നൂറ്റാണ്ടിന്റെ സ്വപ്നവും 19-ാം നൂറ്റാണ്ടിന്റെ നേട്ടവും 20-ാം നൂറ്റാണ്ടിന്റെ ശാപവുമായിത്തീര്‍ന്നു. ഏീ്‌ലൃിാലി േശ െീൃഴമിശലെറ യ്യ വശുീരൃമ്യെ. ജലൃളലര േറലാീരൃമര്യ വേല ാീേെ വെമാലഹല ൈവേശിഴ വേല ംീൃഹറ/ 18ാം നൂറ്റാണ്ടിന്റെ എഡ്മണ്ട് ബര്‍ക്ക് എന്ന ആംഗലേയ രാജ്യതന്ത്രജ്ഞന്റെ ഈ വാക്കുകള്‍ ഒരു സഹിച്ചുകൂടായ്മയുടെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ശാപവചനങ്ങളായിരുന്നു. അല്പം തമാശയായി പറഞ്ഞാല്‍ ?െഡമോക്രസി എന്ന ഇംഗ്‌ളീഷ് പദത്തിന് ആ വാക്കുതന്നെ അല്പം മാറ്റി 'ഡിയാ-ഇ-കുര്‍സി' എന്നാണ് മലേഷ്യക്കാരന്‍ അര്‍ഥം കല്പിക്കുന്നത്. മലായി ഭാഷയില്‍ 'ഡിയാ-ഇ- കുര്‍സി' എന്നു പറഞ്ഞാല്‍ 'അവന് കസേര വേണം എന്നാണര്‍ഥം'.

നാടകങ്ങളില്‍ കൂടി ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന താങ്കള്‍ പരിഹാരമാര്‍ഗങ്ങള്‍ തരേണ്ടത് നാടകകൃത്തിന്റെ ചുമതലയല്ല എന്ന് പറഞ്ഞിട്ടുണ്ടല്ലോ? എങ്കിലും ജനാധിപത്യം വികസിക്കുന്നതിന് എന്തെങ്കിലും ഉപദേശങ്ങള്‍ നല്‍കാനുണ്ടോ

'A dramatist is not expected to answer questions, but to ask them' എന്ന ഇബ്സന്റെ അഭിപ്രായം ഞാന്‍ പരിപൂര്‍ണമായി അംഗീകരിക്കുന്നു. എന്റെ ഓരോ നാടകവും ബുള്‍ഡോസറാകണമെന്നാണ് ആഗ്രഹം. പഴകി ദ്രവിച്ച ഇന്നത്തെ കോട്ടകൊത്തളങ്ങള്‍ പലതും ഇടിച്ചുനിരത്താന്‍ ഇന്നത്തെ ബുള്‍ഡോസറുകള്‍ തന്നെ വേണം. അങ്ങനെ ഇടിച്ചു നിരത്തിയ സ്ഥാനങ്ങളില്‍ പുതിയതെന്തു പണിയണം എന്നതിനെപ്പറ്റി സുവ്യക്തമായ നിര്‍ദേശങ്ങളൊന്നും ഞാന്‍ വെക്കാറില്ല. ആ ഉത്തരവാദിത്വം ഞാന്‍ സമൂഹത്തിന് വിട്ടുകൊടുക്കുകയാണ്. ബുള്‍ഡോസറിന്റെ ഉദ്ദേശ്യം ഇടിച്ചുനിരത്തലാണ്. പുതുക്കിപ്പണിയേണ്ടത് എന്‍ജിനിയര്‍മാരാണ്. ബുള്‍ഡോസര്‍ തന്നെ എന്‍ജിനിയറാകണമെന്ന് ശഠിക്കുന്നത് ബുദ്ധിശൂന്യതയാണ്.

നമ്മുടെ ഇന്നത്തെ പ്രശസ്തരായ സിനിമാതാരങ്ങളെ നാടകത്തിലേക്ക് കൊണ്ടുവന്നാല്‍ അവരില്‍ എത്രപേര്‍ എത്രത്തോളം വിജയിക്കും.

ഈ താരം ഒരു നടനാണെങ്കില്‍ അയാള്‍ക്ക് സിനിമയെന്നോ നാടകമെന്നോ വ്യത്യാസമുണ്ടാകില്ല. അഭിനയവുമായി ബന്ധപ്പെട്ട ഏതൊരു മാധ്യമത്തിലും അയാള്‍ക്ക് വിജയിക്കാന്‍ കഴിയും. പക്ഷേ, നടനായിരിക്കണം. ഒരു നടനെന്ന് പറയണമെങ്കില്‍ ജന്മസിദ്ധമായ പ്രതിഭ, നിരന്തരമായ സാധകംകൊണ്ട് സൃഷ്ടിച്ച അനായാസത, സര്‍വോപരി പ്രകടനവൈഭവം എന്നിവ ഉണ്ടായിരിക്കണം. ഇതൊന്നും ഈ പറയുന്ന താരങ്ങളില്‍ ഭൂരിപക്ഷം പേര്‍ക്കും ഇല്ല. ഇവരെല്ലാം ഇതെല്ലാം ചെയ്യുന്നത് നേരത്തേ പറഞ്ഞ മറ്റ് ചിലരെക്കണ്ടാണ്. സിനിമയിലെ ഈ വൈഭവങ്ങളെല്ലാം ടെക്നോളജിയുടെ വിജയമാണ്. ചുരുക്കത്തില്‍ സംവിധായകന്റെ കലയാണ് സിനിമയെന്ന് പറയാം. Director creates the actor. നാടകമതല്ല. നടന്റെ കല തന്നെയാണ്. അതുകൊണ്ട് ഈ താരങ്ങളെന്നു പറയുന്നവരെ നാടകത്തില്‍ കൊണ്ടുവന്നാല്‍ കര്‍ട്ടന്‍ പോലും വലിക്കാന്‍ കഴിയാത്തവരായിരിക്കും ഭൂരിപക്ഷവും. എന്നാല്‍, സിനിമയില്‍ നല്ല നടന്മാരോ നടിമാരോ ഇല്ലെന്നല്ല. ഒന്നാന്തരം നടന്മാരും നടിമാരും ഉണ്ട്. നാടകത്തില്‍ കൊണ്ടു വന്നാല്‍ വിജയിക്കുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇന്ന് സിനിമാലോകത്തില്‍ നല്ല നടന്മാരെന്ന് പറയുന്നവര്‍ നിരന്തരമായി നാടകരംഗത്ത് പരിശീലനം സിദ്ധിച്ചവരാണ്. നാടക അഭിനയ സ്റ്റുഡിയോകളില്‍, നാടകക്കളരികളില്‍ പരിശീലനം സിദ്ധിച്ചവരാണ്. ഇവിടെ മാത്രമല്ല ഏതൊരു രാജ്യത്തും.

സിനിമയില്‍ മനുഷ്യര്‍ വേണമെന്നില്ലല്ലോ. 'The Incredible Journey' എന്ന സിനിമയില്‍ ഒരു പട്ടിയും പൂച്ചയും ആണ് പ്രധാന കഥാപാത്രങ്ങള്‍. നമ്മള്‍ പല സന്ദര്‍ഭങ്ങളിലും കരഞ്ഞുപോകും. അത്രകണ്ട് വികാരനിര്‍ഭരമായ രംഗങ്ങളാണ് ഈ പട്ടിയും പൂച്ചയും കൂടി സൃഷ്ടിക്കുന്നത്. അതുംവേണമെന്നില്ല. അചേതനമായ വസ്തുക്കള്‍പോലും സിനിമയിലെ കഥാപാത്രങ്ങളാകും. പിന്നെ കാര്‍ട്ടൂണ്‍ സിനിമകള്‍, മിക്കി, ഡൊണാള്‍ഡ്, വാള്‍ട്ട് ഡിസ്നിയുടെ കാര്‍ട്ടൂണ്‍ സിനിമകള്‍, ലോകസിനിമയിലെ പ്രഗല്ഭരായ പോള്‍ മുനി, മര്‍ലന്‍ ബ്രാന്‍ഡോ ഇന്ത്യന്‍ സിനിമയിലെ ദിലീപ്കുമാര്‍, രാജ്കുമാര്‍, ഓംപുരി, കൊട്ടാരക്കര, പി.ജെ. ആന്റണി, ശങ്കരാടി, തിലകന്‍, നെടുമുടിവേണു തുടങ്ങിയ ഒട്ടനവധി കലാകാരന്മാര്‍ സിനിമയിലും നാടകത്തിലും ഒരുപോലെ വിജയിച്ചവരാണ്.

(ഒന്നുചിരിച്ച്) മലയാള സിനിമയിലും അചേതനമായ വസ്തുക്കള്‍ കഥാപാത്രങ്ങളാവുന്നുണ്ട്. (ചിരിയൊതുക്കിക്കൊണ്ട്) ഞാന്‍ പണ്ട് എന്റെ ഒരു ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. 500-ല്‍പ്പരം സിനിമയില്‍ അഭിനയിച്ച ഒരു കസേര കോടമ്പാക്കത്തുണ്ടായിരുന്നു എന്ന്. അതിന്റെ മൂടി ഓരോ സിനിമയിലും മാറ്റുകയാണ് ചെയ്യുന്നത്. അന്നത്തെക്കാലത്ത് ഇത്രയൊക്കെയേ ചെയ്യാനാകുകയുള്ളൂ.

സിനിമാനടനാണല്ലോ മകന്‍ വിജയരാഘവന്‍, മകന്റെ സിനിമകള്‍ കാണാറുണ്ടോ

ഈയാണ്ടില്‍ കുട്ടന്‍ അഭിനയിച്ച നാല് സിനിമകള്‍ കണ്ടു. ന്യൂഡല്‍ഹി, 1921, മൂന്നാംമുറ, വിറ്റ്നസ്. ന്യൂഡല്‍ഹി കണ്ടിരിക്കാം.

 

Content Highlights: nn pillai Interview