സൗത്ത് ആഫ്രിക്കയുടെ ഭരണാധികാരി എന്ന നിലയില്‍ ഭരണാധികാരി എന്ന നിലയിലെ ജീവിതം നെല്‍സണ്‍ മണ്‍ഡേലയെ സംബന്ധിച്ച് തീര്‍ത്തുമൊരു രണ്ടാം ജീവിതമായിരുന്നു. 1962 മുതല്‍ നീണ്ട ഇരുപത്തിയേഴു വര്‍ഷം ജയിലില്‍ ജീവിച്ച ആ നേതാവ് 1990-ല്‍ പുറത്തു വന്നത് വലിയ ഉത്തരവാദിത്വങ്ങളുടെ നടുവിലേക്കായിരുന്നു. തന്റെ രാജ്യത്തെ ഒരു ജനാധിപത്യരാഷ്ട്രമാക്കി വളര്‍ത്തിയെടുക്കുക എന്ന ഉത്തരവാദിത്വം. ആഫിക്കയെ സംബന്ധിച്ചിടത്തോളം അതൊരു ബാലികേറാമലയായിരുന്നു. അതിനാണ് നെല്‍സണ്‍ മണ്‍ഡേല നേതൃത്വം കൊടുത്തത്. 

1994-ല്‍ അദ്ദേഹം സൗത്ത് ആഫിക്കയുടെ ആദ്യത്തെ തിരഞെഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടായിചുമതലയേറ്റു. അന്നുതൊട്ടുള്ള ജീവിതമാണ് ' Dare not Linger: The Presidential Years' എന്ന പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നത്. ഇത് അദ്ദേഹം തയ്യാറാക്കിയ കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ എഴുത്തുകാരനും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മണ്‍ഡല ലാങ്ക തയ്യാറാക്കിയതാണ്.

1994-ലാണ് മണ്‍ഡേലയുടെ പ്രസിദ്ധമായ ' Long Walk toFreedom' എന്ന ആത്മകഥ പ്രസിദ്ധപ്പെടുത്തിയത്. ആഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ ചരിതമാണ് ആ കൃതിയില്‍ നിറഞ്ഞത്. അതിനുശേഷം അധികാരത്തിലേക്ക് പോയ മണ്‍ഡേല എങ്ങനെയാണ് രാജ്യഭാരം കൈകാര്യം ചെയ്തത്, എന്തൊക്കെ പ്രതിസന്ധികളെയാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത് തുടങ്ങിയ കാര്യങ്ങള്‍ ലോകത്തോട് പറയണമെന്ന ആഗ്രഹമാണ് ഈ കൃതിയിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നത്. 

അദ്ദേഹം തയ്യാറാക്കിയ കുറിപ്പുകളും അദ്ദേഹത്തിന്റെ ഔദ്യോഗിക രേഖകളും അടുത്ത സഹപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖങ്ങളുമൊക്കെ ഉപയോഗിച്ചാണ് ഗ്രന്ഥകാരന്‍ ഈ കൃതി പൂര്‍ത്തിയാക്കിയിട്ടുള്ളത്. മണ്‍ഡേലയുടെ ആത്മകഥയുടെ രണ്ടാം ഭാഗമായി ഇതിനെ കണക്കാക്കാം. 

ഒരു പുതിയ രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം എങ്ങനെയാണ് തീരുമാനങ്ങള്‍ എടുത്തതെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണമാറ്റം എത്ര പ്രയാസമുള്ളതാണെന്ന് തിരിച്ചറിയുന്ന ഒരുപാടു സന്ദര്‍ഭങ്ങള്‍ അദ്ദേഹം ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. 

Dare not Linger: The Presidential Yearsനിയമത്തിന്റെ കീഴില്‍ എല്ലാ പൗരന്മാരെയും തുല്യരായി കാണുന്ന ഒരു സമൂഹം സൃഷ്ടിക്കുക എന്നതായിരുന്നു മണ്‍ഡേലയുടെ പ്രഥമ ദൗത്യം. അതാകട്ടെ അഞ്ചു വര്‍ഷത്തിനുള്ളില്‍ സാധിച്ചെടുക്കണമെന്ന തോന്നലും അദ്ദേഹത്തിനുണ്ടായിരുന്നു. അഞ്ചു വര്‍ഷം മാത്രമേ അധികാരത്തില്‍ തുടരൂവെന്ന് മണ്‍ഡേല ശഠിച്ചിരുന്നു. ഭൂരിപക്ഷ നിലപാടുകളോട് ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ തന്റെ വ്യക്തി പരമായ തീരുമാനങ്ങള്‍ അദ്ദേഹം നടപ്പിലാക്കി. 

രാഷ്ട്രീയ അക്രമങ്ങളും അഴിമതിയും അദ്ദേഹം നേരിട്ട വെല്ലുവിളികളായിരുന്നു. നല്ലൊരു ഉദ്യോഗസ്ഥസമൂഹവും ശക്തമായ പൗരസമൂഹവും സൃഷ്ടിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം, രാഷ്ട്രീയ നേതൃത്വങ്ങളെ നിലയ്ക്ക് നിര്‍ത്തല്‍, ഗവണ്മെന്റിലെ മറ്റു സഹപ്രവര്‍ത്തകരുമായുള്ള ബന്ധം നിലനിര്‍ത്തല്‍ തുടങ്ങിയ മറ്റ് വെ ല്ലുവിളികളും ഇതോടൊപ്പം ഏറ്റെ ടുക്കേണ്ടതുണ്ട്. ഈ രീതിയിലെല്ലാം നെല്‍സണ്‍ മണ്‍ഡേല എന്ന നേതാവ് എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് പുസ്തകം വ്യക്തമാക്കുന്നു. 

സ്വാതന്ത്യം നേടുക എന്നതുപോലെ പ്രധാനമാണ് ഒരു പുതിയ രാജ്യം വാര്‍ത്തെടുക്കുക എന്നതും. ഈ രണ്ടു ദൗത്യത്തിലും ഒരു പോലെ വിജയിച്ചവര്‍ ലോകചരിത്രത്തില്‍ പോലും വിരളമാണ്.അങ്ങനെ ഒരാളാണ് നെല്‍സണ്‍ മണ്‍ഡേല എന്ന് ഈ കൃതി അടി വരയിട്ടു രേഖപ്പെടുത്തുന്നു.

Content Highlights : Dare not Linger The Presidential Years,Long Walk to Freedom, nelson mandela

( ജികെ ആന്‍ഡ് കറന്റ് അഫേഴ്‌സില്‍ പ്രസിദ്ധീകരിച്ചത്. )