സംസ്‌കാരത്തിന്റെ വിളനിലമാണ് നമ്മുടെ നാട്. കലയും സംസ്‌കാരവും എന്നും ഇവിടെ സമ്പന്നമായിരുന്നു. സംഗീതവും സാഹിത്യവും നാടകവും ചലച്ചിത്രവും ഇതര കലാരൂപങ്ങളുമെല്ലാം മഹാന്‍മാരുടെ നിരകൊണ്ട് നിറഞ്ഞിരുന്നു. അവര്‍ അടിത്തറയിട്ട പൈതൃകം പക്ഷേ കാലാന്തരത്തില്‍ വിസ്മൃതമായി. 

ഒരുകാലഘട്ടത്തിന്റെ അടയാളങ്ങളായിരുന്നു മണ്‍മറഞ്ഞുപോയ ആ മഹാന്‍മാര്‍. കാലത്തിന്റെയും ദേശത്തിന്റെയും കാവല്‍മാടങ്ങളായിരുന്നു അവര്‍. നമ്മുടെ സംസ്‌കാരത്തിന് ആ മഹാത്മാക്കള്‍ നല്‍കിയ സംഭാവനകള്‍ നാം പാടേ മറന്നു. ആണ്ടിലൊരിക്കല്‍ ആരെങ്കിലും സംഘടിപ്പിക്കുന്ന അനുസ്മരണങ്ങളിലൊതുങ്ങി പലരുടെയും സ്മരണകള്‍. ഓര്‍മ്മകള്‍ക്കപ്പുറത്തേക്ക് നാം തള്ളിവിട്ട മഹാന്‍മാരുടെ ജീവിതാനന്തരം എന്ത് സംഭവിച്ചു എന്നതിനെപ്പറ്റി ഒരന്വേഷണം...

നാരായണീയകാരന്റെ സ്മരണയ്ക്ക് നരകതുല്യമായൊരിടം

സിമന്റ് കൂടാരങ്ങള്‍ക്ക് മഹാന്‍മാരെപ്പറ്റി വെളിപ്പെടുത്താനാകുമോ...ആകുമെന്നാണ് സാംസ്‌കാരികരംഗത്തെ ചിലരുടെയെങ്കിലും ധാരണയെന്നുതോന്നുന്നു. മഹാന്‍മാര്‍ക്ക് മരണാനന്തരം ശില്പങ്ങളോ സ്തൂപങ്ങളോ മണ്ഡപങ്ങളോ സ്മാരകമായി ഒരുക്കും. 'സുവര്‍ണലിപി'-കളാല്‍ അവരുടെ പേര് കൊത്തിവയ്ക്കും. ആ മഹാന്‍ ആരായിരുന്നെന്നോ ചരിത്രത്തിന് അദ്ദേഹം നല്‍കിയ സംഭാവനയെന്തെന്നോ അറിയാനുള്ള ഒന്നും അതോടൊപ്പമുണ്ടാകുകയുമില്ല. കണ്ടുമടുത്ത സിമന്റ് കൂടാരങ്ങളായി മഹാന്‍മാരുടെ സ്മരണകളെ അങ്ങനെ നാം ഒതുക്കിനിര്‍ത്തുകയാണ്.

നമ്മുടെ സാംസ്‌കാരികമണ്ഡലത്തെ അക്ഷരങ്ങള്‍കൊണ്ടും നാദങ്ങള്‍കൊണ്ടും അഭിനയത്തികവുകൊണ്ടും വര്‍ണവിസ്മയംകൊണ്ടുമെല്ലാം സമ്പന്നമാക്കിയ അനേകരുണ്ട്. പ്രശസ്തിയുടെയും പെരുമയുടെയും വെള്ളിവെളിച്ചത്തില്‍നിന്ന് കാലയവനികയയ്ക്കുള്ളിലേക്ക് അവര്‍ മറയുന്നതോടെ എല്ലാം കഴിഞ്ഞു. പലരുടെയും സ്മരണയ്ക്കായി ഒരു ഫലകംപോലുമുണ്ടാകില്ല. ദേശമുദ്രകളെ സമൃദ്ധമായി ഉപയോഗിച്ചിരുന്നവരെ ദേശം എന്നെന്നേക്കുമായി വിസ്മൃതരാക്കുകയാണ്. 

നാരായണീയത്തെപ്പറ്റിയും നാരായണീയകര്‍ത്താവ് മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിയെയുംപറ്റി കേള്‍ക്കാത്തവരുണ്ടാകില്ല. കഥകളാല്‍ സമൃദ്ധമാണ് മേല്‍പ്പുത്തൂരിന്റെ ജീവിതം. ജീവിതാന്തരം ആ പണ്ഡിതശ്രേഷ്ഠന്റെ  ദീപ്തസ്മരണകള്‍ നിലനിര്‍ത്താന്‍ ഒരു മണ്ഡപവും കാടുകയറി, കന്നുകാലികള്‍ മേഞ്ഞുനടക്കുന്ന അനാഥമായൊരു പറമ്പുമാണ് ഇപ്പോള്‍ ബാക്കിയായത്. 

ഓര്‍മ്മയ്ക്കായി കുറേ ശില്പങ്ങള്‍

മലപ്പുറം ജില്ലയിലെ കുറുമ്പത്തൂരിലാണ് മേല്‍പ്പുത്തൂര്‍ ഇല്ലം. ഇല്ലക്കുളവും വിശാലമായ പറമ്പുമെല്ലാമാണ് മുമ്പുണ്ടായിരുന്നത്. കാടുകയറിക്കിടന്ന ഇല്ലപ്പറമ്പ് പിന്നീട് ഗുരുവായൂര്‍ ദേവസ്വം ഏറ്റെടുത്തു. ചുറ്റുമതിലും സ്മൃതിമണ്ഡപവുമെല്ലാം പിന്നീടുണ്ടായി. നാരായണഭട്ടതിരിയുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ ഗ്രന്ഥാലയം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടാകുമെന്നും ഇല്ലക്കുളവും ഭൂമിയുമെല്ലാം സംരക്ഷിക്കുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഒന്നും നടന്നില്ലെന്നുമാത്രം. 

എല്ലാവര്‍ഷവും വൃശ്ചികം എട്ടിന് നടത്തുന്ന അനുസ്മരണവും നാരായണീയപാരായണവും വിദ്യാരംഭവും മാത്രമാണ് മേല്‍പ്പുത്തൂര്‍ സ്മരണകള്‍ ഇന്നും നിലനിര്‍ത്തുന്നത്. ചടങ്ങുകള്‍ കഴിഞ്ഞാല്‍ കാലികള്‍ക്ക് മേയാനുള്ള ഇടമായി ഇല്ലപ്പറമ്പ് മാറും. മലപ്പുറത്തെതന്നെ മൂക്കുതലയിലും ചന്ദനക്കാവിലുമെല്ലാമായി വ്യാപിച്ചുകിടക്കുന്നു അദ്ദേഹത്തിന്റെ ജീവിതയാത്രകള്‍. ചങ്ങരംകുളത്തിനടുത്ത മൂക്കുതലയിലാണ്. അദ്ദേഹം അവസാനകാലം ചെലവഴിച്ചിരുന്നത്. അവിടെ മൂക്കുതല മേലേക്കാവിലും മേല്‍പ്പുത്തൂരിന് സ്മാരകമുണ്ട്.

മേല്‍പ്പുത്തൂര്‍ ആരായിരുന്നെന്നോ അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്തെന്നോ അറിയാനുള്ള ഒരു സംവിധാനവും ഇവിടൊന്നുമില്ല. നാരായണീയത്തിനുപുറമേ വ്യാകരണപഠനം എളുപ്പത്തിലാക്കാന്‍ പ്രക്രിയാസര്‍വസ്വം എന്ന കൃതിയും മേല്‍പ്പുത്തൂര്‍ രചിച്ചിട്ടുണ്ട്്. അപാണിനീയ പ്രാമാണ്യസാധനം,  താന്ത്രവാര്‍ത്തികനിബന്ധനം, ശൈലാബ്ധീശ്വരപ്രശസ്തി, പാഞ്ചാലീസ്വയംവരം, ഗോശ്രീനഗരവര്‍ണനം തുടങ്ങി ഒട്ടേറെ കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്.  

നാടകീയം നാരായണീയം

മേല്‍പ്പുത്തൂരിന്റെ ഗുരുവായിരുന്നു അച്യുതപ്പിഷാരടി. ഗുരു വാതരോഗംമൂലം വലയുന്നതുകണ്ട് സങ്കടം നാരായണഭട്ടതിരി യോഗശക്തിയാല്‍ വാതരോഗം ഏറ്റുവാങ്ങുകയായിരുന്നു. അസുഖത്താല്‍ വലഞ്ഞ ഭട്ടതിരി സ്‌നേഹിതന്‍ കൂടിയായ എഴുത്തച്ഛന്റെ നിര്‍ദ്ദേശപ്രകാരം മത്സ്യാവതാരംമുതലുള്ള ഭാഗവതചരിതം നൂറ് ദശകങ്ങളുള്ള 'നാരായണീയകാവ്യ'മാക്കി ഗുരുവായൂരപ്പന് സമര്‍പ്പിച്ചുവെന്നാണ് ഐതിഹ്യം. അതോടെ വാതരോഗത്തില്‍നിന്ന് അദ്ദേഹം മുക്തിനേടി.

നാരായണീയമാണ് മേല്‍പ്പുത്തൂരിന്റെ പ്രശസ്തമായ കൃതി.  ഗുരുവായൂര്‍ക്ഷേത്രത്തില്‍ ദിവസവും നാരായണീയപാരായണമുണ്ട്്. നാരായണീയ സപ്താഹവും നാരായണീയദിനാചരണവും അവിടെ സംഘടിപ്പിക്കുന്നുണ്ട്.   

ജനനം ജീവിതം 

1559 ലായിരുന്നു നാരായണഭട്ടതിരിയുടെ ജനനം. മാതൃദത്തഭട്ടതിരിയായിരുന്നു പിതാവ്. വിദ്യാഭ്യാസാനന്തരം ഗുരുവായ തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടിയുടെ അനന്തരവളെ അദ്ദേഹം വിവാഹം കഴിച്ചു. വേദവും വ്യാകരണവുമെല്ലാം മേല്‍പ്പുത്തൂര്‍ സ്വായത്തമാക്കിയത് അച്യുതപ്പിഷാരടിയില്‍നിന്നാണ്. നാരായണഭട്ടതിരിയുടെ ഉപാസനാമൂര്‍ത്തിയായിരുന്നു ചന്ദനക്കാവ് ഭഗവതി. ചന്ദനക്കാവ് വിഷ്ണുക്ഷേത്രത്തില്‍ മേല്‍പ്പുത്തൂര്‍ വരച്ചതെന്ന് കരുതുന്ന ചിത്രങ്ങള്‍ ഇപ്പോഴുമുണ്ട്. 

ശ്രീകോവിലിന്റെ തെക്കേച്ചുമരില്‍ ഗരുഡാരൂഢനായ വിഷ്ണുവിന്റെയും ഗണപതിയുടെയും ചിത്രങ്ങളാണുള്ളത്. അപൂര്‍വമായ ആരാധനാസമ്പ്രദായമാണ് ഇവിടെയുള്ളത്. ദിവസവും രാവിലെ മറ്റ് ഉപദേവതകള്‍ക്കെന്നപോലെ നിവേദ്യം ഈ ചിത്രങ്ങള്‍ക്കും സമര്‍പ്പിക്കാറുണ്ട്. തൃശ്ശൂര്‍-കോഴിക്കോട്് ദേശീയപാതയില്‍ പുത്തനത്താണി വഴിയും തീവണ്ടിമാര്‍ഗം തിരുനാവായയില്‍ ഇറങ്ങിയും എളുപ്പത്തില്‍ മേല്‍പ്പുത്തൂര്‍ ഇല്ലപ്പറമ്പിലും ചന്ദനക്കാവിലുമെത്താം. 

സ്മാരകങ്ങളും സ്മൃതിമണ്ഡപങ്ങളുംമാത്രംകൊണ്ട് മഹാന്‍മാരുടെ സ്മൃതികളും സംഭാവനകളും നിലനിര്‍ത്തപ്പെടുന്നില്ല. നാരായണഭട്ടതിരിയുടെ കൃതികള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടാനോ അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയാനോ ഉള്ള സംവിധാനമൊരുക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കാടുകയറുന്ന ഇല്ലപ്പറമ്പ് വൃത്തിയാക്കാനുള്ള അടിയന്തരനടപടികളുണ്ടാകേണ്ടതുണ്ട്. മേല്‍പ്പുത്തൂരിന്റെ കൃതികള്‍ ഉള്‍പ്പെടുത്തി റഫറന്‍സ് ലൈബ്രറിസ്ഥാപിക്കലും അനിവാര്യമാണ്.