ലയാളത്തില്‍ ഏറ്റവും വായിക്കപ്പെട്ട ജനപ്രിയ എഴുത്തുകാരിലൊരാളാണ് മുട്ടത്തുവര്‍ക്കി. മധ്യകേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ കുറിച്ചാണ് മുട്ടത്തുവര്‍ക്കി തന്റെ നോവലുകളില്‍ നിരന്തരം എഴുതിയത്. മലയാള സാഹിത്യത്തെ ജനകീയമാക്കിയതില്‍ അദ്ദേഹത്തിനുള്ള പങ്ക് വലുതാണ്. സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവര്‍ക്കിയാണെന്നും മുട്ടത്തു വര്‍ക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും എന്‍.വി. കൃഷ്ണവാര്യര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

1913 ഏപ്രില്‍ 28, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കു സമീപം ചെത്തിപ്പുഴ ഗ്രാമത്തിലായിരുന്നു മുട്ടത്തുവര്‍ക്കിയുടെ ജനനം. കെ.എം വര്‍ക്കി എന്നായിരുന്നു ശരിയായ പേര്. ചെറുകഥകള്‍, നോവലുകള്‍, നീണ്ടകഥകള്‍, ലേഖനങ്ങള്‍, നാടകങ്ങള്‍, നിരൂപണങ്ങള്‍, വിവര്‍ത്തനങ്ങള്‍, സിനിമാ തിരക്കഥകള്‍ തുടങ്ങി വിവിധ സാഹിത്യ രചനാ ശാഖകളിലായി 150ല്‍ പരം കൃതികളാണ് മുട്ടത്തുവര്‍ക്കി എന്ന അനശ്വര സാഹിത്യകാരന്റെ പേരിലുള്ളത്.

ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ല എന്നു വന്നപ്പോള്‍ അല്പംകൂടി ഭേദപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് കൂടിക്കലിലെ തടിഫാക്ടറിയില്‍ കണക്കെഴുത്തുകാരനായി. കുറച്ചു നാള്‍ എം.പി.പോളിന്റെ ട്യൂട്ടോറിയലില്‍ പഠിപ്പിച്ചു. പിന്നീട് എം.പി. പോളിനോടൊത്ത് സഹപത്രാധിപരായി ദീപികയില്‍ ജോലിചെയ്തു. 1950 മുതല്‍ 1976 വരെ അദ്ദേഹം ദീപികയുടെ പത്രാധിപ സമിതിയില്‍ ഉണ്ടായിരുന്നു. പത്രത്തിലെ 'നേരും നേരമ്പോക്കും' എന്ന പംക്തി എഴുതിയിരുന്നത് അദ്ദേഹമായിരുന്നു. ആറ് ആണ്മക്കളും മൂന്ന് പെണ്മക്കളുമായി ഒന്‍പതു മക്കള്‍. ഭാര്യ തങ്കമ്മ വര്‍ക്കി.

മുട്ടത്തുവര്‍ക്കിയുടെ 26 നോവലുകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തന്നെ തിയേറ്ററുകള്‍ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു. സത്യന്‍ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേം നസീര്‍ അഭിനയിച്ച ഇണപ്രാവുകള്‍, വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, തുടങ്ങിയവയെല്ലാം വന്‍ വിജയമായിരുന്നു. 1989 മേയ് 28നു മുട്ടത്തു വര്‍ക്കി അന്തരിച്ചു.

ഒരു കാലഘട്ടത്തിന്റെ അവഗണിക്കാനാകാത്ത സാന്നിധ്യമായിരുന്നു മുട്ടത്തുവര്‍ക്കി. മുട്ടത്തുവര്‍ക്കിയുടെ നോവല്‍ എന്തോ കാരണവശാല്‍ മുടങ്ങിപ്പോയ ഒരു ഞായറാഴ്ച ഒരു വന്‍ ജനാവലി പത്രമാപ്പീസിലേക്ക് പ്രകടനമായിച്ചെന്ന് ഇടിച്ചുകയറിയതായും വായനക്കാരെ സമാധാനിപ്പിച്ചു പറഞ്ഞയയ്ക്കാന്‍ പത്രാധിപര്‍ കഷ്ടപ്പെട്ടതായും ഒരു കഥ കോട്ടയത്ത് ഇന്നും പ്രചാരത്തിലുണ്ട്. ഉദ്വേഗജനകമായ അന്ത്യത്തോടെ പ്രസിദ്ധീകരിച്ചിരുന്ന തുടര്‍രചനകള്‍ മലയാളത്തില്‍ തുടങ്ങിവെച്ചത് മുട്ടത്തുവര്‍ക്കിയാണ്.

Content Highlights: Muttathu Varkey birth anniversary