മുണ്ടക്കയത്ത് വൃദ്ധമാതാപിതാക്കളെ വീടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത. ഭക്ഷണവും മരുന്നും ലഭിക്കാതെ അവശനിലയിലായ അച്ഛന്‍ മരിച്ചു. മലയാളിയുടെ മനസ്സിനെ ഞെട്ടിച്ച ഈ സംഭവത്തോട് പ്രതികരിക്കുകയാണ് മാവേലിക്കര ബിഷപ് മൂര്‍ കോളേജ് മലയാളം വിഭാഗം  മേധാവിയും എഴുത്തുകാരിയുമായ കെ.രേഖ

ട്ടിണി മരണം, മക്കളുടെ അവഗണന ഇതൊക്കെ യഥാക്രമം ആഫ്രിക്കയ്ക്കും പാശ്ചാത്യരാജ്യങ്ങള്‍ക്കും സ്വന്തമെന്ന നമ്മുടെ തെറ്റിദ്ധാരണ ഒരുവട്ടംകൂടി തിരുത്തപ്പെടുന്നു. ആ അച്ഛനു കാവല്‍നിന്നിരുന്ന നായയ്ക്ക് ഭക്ഷണം എവിടെ കിട്ടുമെന്നറിഞ്ഞിരുന്നെങ്കില്‍, അതു കണ്ടെത്തിക്കൊടുക്കാനുള്ള സവിശേഷ ബുദ്ധി ഉണ്ടായിരുന്നെങ്കില്‍, ഈ അത്യാഹിതം ഒഴിവാക്കാനാകുമായിരുന്നു. ഇത്രയും ഭീകരമായൊരു ധര്‍മസങ്കടത്തില്‍ നമ്മള്‍ അകപ്പെടില്ലായിരുന്നു. ഈ മരണം നമ്മെ ഒരുപാട് കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു. പട്ടിണി എന്നത് ഇല്ലാതായെന്നും, ചുറ്റിനുമുള്ളവര്‍ സുഭിക്ഷമായി കഴിച്ചുകഴിയുകയുമാണെന്ന അമിത പ്രതീക്ഷ. മാതാപിതാക്കളെ ദൈവമായി കരുതുന്ന അവരെ സംരക്ഷിക്കുന്ന ഒരു വലിയ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് നമ്മള്‍ എന്ന അന്ധവിശ്വാസത്തെ.

നഗരങ്ങളിലെ മനുഷ്യബന്ധങ്ങളില്‍ നമുക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ട് കാലം കുറെയായി.നഗരത്തിലെ ഒരു വീട്ടില്‍ അച്ഛനുമമ്മയും മക്കളും മരിച്ചുകിടന്നിട്ട്, അവര്‍ മരിക്കും മുന്‍പ് പോലീസ് സ്റ്റേഷനിലേക്ക് അയച്ച ആത്മഹത്യാക്കുറിപ്പ് വായിച്ച് പോലീസ് എത്തുംവരെ അയല്‍ക്കാര്‍പോലും അറിഞ്ഞില്ല എന്ന വാര്‍ത്ത കുറച്ചുനാള്‍ മുന്‍പ് വായിച്ചിട്ടും നമ്മള്‍ ഞെട്ടാതിരുന്നത് അതുകൊണ്ടാണ്. പക്ഷേ ഗ്രാമങ്ങളില്‍ അപ്പോഴും നമുക്ക് വിശ്വാസമുണ്ടായിരുന്നു. അന്യന്റെ വാക്കുകള്‍ സംഗീതമായി തോന്നുന്നവര്‍ ഇപ്പോഴും അവിടെയുണ്ടെന്ന്.

''നാഴിയില്‍, മുളനാഴിയില്‍ ഗ്രാമം നന്മ മാത്രമളക്കുന്നു ''എന്ന് നമ്മള്‍ ഉറച്ചുപാടിയത് അതുകൊണ്ടാണ്. പക്ഷേ പ്രളയമൊക്കെ വന്നപ്പോള്‍ സ്വന്തം ജീവന്‍ മറന്നും അന്യരെ രക്ഷിക്കാന്‍ പാഞ്ഞവരാണ് നമ്മള്‍ .ചികില്‍സയ്ക്ക് പണമില്ലാതെ വലയുന്നവരെക്കുറിച്ച് കേട്ടറിഞ്ഞാല്‍ പണമൊഴുക്കാന്‍ മടിക്കാത്തവര്‍. പക്ഷേ ചില സമയങ്ങളില്‍ നമ്മുടെ കരുണയും അനുതാപവുമൊക്കെ ഉറങ്ങിപ്പോകുന്നു. ഇടവേളകളെടുക്കുന്നു.

ഈ സംഭവം ഒരു ഓര്‍മപ്പെടുത്തലാണ്. ഇമയനക്കാതെ അന്യന്റെ വേദനകളിലേക്ക് കണ്ണയച്ചില്ലെങ്കില്‍ ,കടുത്ത ആത്മനിന്ദയിലേക്ക് നമ്മുടെ മനസ്സാക്ഷിയെ തള്ളിയിടുന്ന ഇത്തരം ദാരുണകാഴ്ചകള്‍ വന്നു ഭവിക്കുമെന്ന്.

മക്കള്‍ക്കുവേണ്ടി ജീവിച്ച്, സ്വയം ജീവിക്കാന്‍ മറന്നുപോകുന്ന ഒരു സമൂഹമാണ് നമ്മുടേത്. മക്കള്‍ക്കൊരു പനി വന്നാല്‍ ഉറങ്ങാനാവാതെ പിടയുന്ന അച്ഛനമ്മമാര്‍. ഈ അച്ഛനും മക്കള്‍ക്കുവേണ്ടി ഉരുകിയൊലിച്ചിട്ടുണ്ടാകണം. കോവിഡ് സൃഷ്ടിച്ച തൊഴിലില്ലായ്മയില്‍ പട്ടിണിയുടെ നാളുകളാണോ വരാനിരിക്കുന്നത്? ഇതു പോലെ ആരോരുമറിയാതെ പട്ടിണിയിലായ കുടുംബങ്ങള്‍ ഇനിയുമുണ്ടാകുമോ? ഭയം തോന്നുന്നു.

ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെവിന്‍ കാര്‍ട്ടറുടെ പ്രശസ്തമായ ചിത്രം ഓര്‍മ വരുന്നു. സുഡാനില്‍ പട്ടിണിമൂലം പിടഞ്ഞുവീണ് മരിക്കാന്‍ പോകുന്ന കുഞ്ഞ്. അവള്‍ മരിക്കുന്ന നിമിഷം കൊത്തിപ്പിക്കാന്‍ കാത്തിരിക്കുന്ന കഴുകന്‍. ഫോട്ടോ അച്ചടിച്ചുവന്നശേഷം ലോക മനസ്സാക്ഷി കാര്‍ട്ടറോട് ചോദിച്ചത് -'' ആ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുത്തോ, നിങ്ങള്‍ എന്തുചെയ്തു എന്നൊക്കെയാണ്.'' (കാര്‍ട്ടര്‍ ആ ചോദ്യത്തെ നേരിടാനാകാതിരുന്നതുകൊണ്ടോ എന്നറിയില്ല. പിന്നീട് ആത്മഹത്യ ചെയ്തു) നാളെ നമ്മുടെ മനസ്സാക്ഷി ഉത്തരം പറയേണ്ട, പറയേണ്ടുന്ന ചോദ്യം അതുതന്നെയാണ് - നിങ്ങള്‍ എന്തുചെയ്തു?

Content Highlights: Mundakayam son deprives parents of food, father dies, writer K Rekha response