ല്ലാ പിറന്നാളിനും മൂകാംബികയിലേക്ക് പോകുന്ന എം.ടി.യെ ഞാന്‍ കൗതുകത്തോടെ ശ്രദ്ധിക്കാറുണ്ട്. ഞാനും പിറന്നാളിന് മൂകാംബികയിലെത്തുന്ന, ആ പ്രകൃതീശ്വരിയുടെ ആരാധകനാണ്. എം.ടി.യുടെ ഭക്തിക്ക് ഒരു സവിശേഷതയുണ്ട്. ആത്മീയതയുടെ വലിയ ആര്‍ഭാടങ്ങളൊന്നുമുണ്ടാവില്ല. രചനകളിലേതുപോലെ വലിയൊരു സാരത്തിന്റെ ലീനധ്വനി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഗുരുവിനെ കാണാനും പോവുന്നില്ല. ഞാന്‍ ഗുരുവെന്ന് വിളിച്ചത് രണ്ട് എഴുത്തുകാരെ മാത്രമാണ്. ബഷീറിനെയും എം.ടി.യെയും. അധ്യാപകനായി ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ച വര്‍ഷമാണ് എം.ടി.ക്ക് ജ്ഞാനപീഠം ലഭിച്ചത്. എന്റെ കോളേജിലേക്ക് ഒന്നുവരുമോയെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം വന്നു. ജ്ഞാനപീഠം ലഭിച്ചതിനുശേഷമുള്ള ആദ്യത്തെ അനുമോദനയോഗമായിരുന്നു അത്. ഞാനൊരു കസവുമുണ്ടും വെറ്റിലയും നാണയവും വേദിയില്‍വെച്ച് അദ്ദേഹത്തിന് സമര്‍പ്പിച്ചു. ആ പ്രണാമത്തിന് അദ്ദേഹം എന്റെ ശിരസ്സില്‍ അനുഗ്രഹം ചൊരിഞ്ഞു. അതുവരെ എം.ടി.യെന്നുവിളിച്ച ഞാന്‍ അന്നുമുതലാണ് അദ്ദേഹത്തെ ഗുരു എന്നുവിളിക്കുന്നത്.

അധ്യാപകനായ എം.ടി.യെക്കുറിച്ച് എനിക്ക് കേട്ടറിവേയുള്ളൂ. അദ്ദേഹത്തിന്റെ ക്ലാസിലിരുന്നവര്‍ പില്‍ക്കാലത്ത് അത് ഓര്‍മിച്ച് പറയാറുണ്ട്. എം.ടി.യില്‍നിന്ന്, അദ്ദേഹം വ്യാപരിച്ച എല്ലാ മേഖലകളിലെയും അനുഭവങ്ങളില്‍നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. കഥയില്‍നിന്ന്, നോവലില്‍നിന്ന്, ഉപന്യാസങ്ങളില്‍നിന്ന്, തിരക്കഥയില്‍നിന്ന്, പാട്ടുകളില്‍നിന്ന്, പ്രഭാഷണങ്ങളില്‍നിന്ന്,. കൂടാതെ എം.ടി.യെന്ന പത്രാധിപരില്‍നിന്ന്, വ്യക്തിയില്‍നിന്ന് അനേകം പാഠങ്ങള്‍ സൂക്ഷ്മത്തില്‍നിന്ന് നമുക്ക് പഠിക്കാനുണ്ട്. കേരളംകണ്ട മികച്ച വായനക്കാരില്‍ ഒരാളാണ് എം.ടി. പുതിയ ഒരു പുസ്തകം കൈയില്‍ കിട്ടുമ്പോള്‍ ആ കണ്ണുകളിലെ പ്രകാശവിടര്‍ച്ച ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എത്രയോ പുസ്തകങ്ങള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചിട്ടുണ്ട്. വായിച്ചതൊക്കെയും അമിതമായി പ്രകടിപ്പിക്കാതെ ഉചിതമായി മനസ്സില്‍ സംസ്‌കരിക്കുന്നതാണ് എം.ടി.യുടെ രീതി. ആ നല്ല വായനക്കാരനെയാണ് നമ്മള്‍ എം.ടി.യെന്ന പ്രഭാഷകനില്‍ കാണുന്നത്. കേരളത്തില്‍ ഇന്നേവരെയുള്ള പ്രഭാഷകരില്‍ ഏറെ വ്യത്യസ്തനാണ് എം.ടി. ഭാഷയുടെ സാരള്യതയും നിരീക്ഷണത്തിന്റെ മൂര്‍ച്ചയും വിഷയത്തിന്റെ വിടര്‍ച്ചയും സുതാര്യശോഭയില്‍ ഒരു എം.ടി. പ്രഭാഷണത്തില്‍ നമുക്ക് കാണാം.

നല്ല സാഹിത്യകൃതികള്‍ക്ക് മറഞ്ഞിരിക്കുന്ന ഒരു നിഗൂഢകേന്ദ്രമുണ്ട്. അത് കൃത്യമായി അറിഞ്ഞ കലാകാരനാണ് അദ്ദേഹം. കഥയായാലും നോവലായാലും തിരക്കഥയായാലും നമ്മെ ഈ എഴുത്തുകാരന്‍ ആ നിഗൂഢ കേന്ദ്രത്തിലെത്തിക്കുന്നു. ഷെര്‍ലക്കോ വാരാണസിയോ ഒരു വടക്കന്‍ വീരഗാഥയോ ആ നിഗൂഢകേന്ദ്രം നമുക്ക് കാണിച്ചുതരും. ഈ നഗരത്തില്‍ എം.ടി. യുണ്ട് എന്നതാണ് കോഴിക്കോടിന്റെ വലിയൊരു ശോഭ. ഒരുപാട് വര്‍ഷങ്ങള്‍ ആ വെളിച്ചം കെടാതെ നമുക്കും നമ്മുടെ ഭാഷയ്ക്കും വേണം. ഗുരുവിന് എന്റെ പിറന്നാള്‍ വന്ദനം.

 Content Highlights: MT Vasudevan Nair Birth day VR Sudheesh