MTവെള്ള ഖാദി ഷര്‍ട്ടും തൂവെള്ള മുണ്ടുമുടുത്ത് പടിപ്പുരയുള്ള തറവാട്ടിലെ കോലായിലെ ചാരു കസേരയില്‍ കാലു കയറ്റിവച്ചിരിക്കുന്ന ഒരു രഞ്ജിത്ത് സിനിമയിലെ ആറാം തമ്പുരാന്റെ പ്രഭാവമാണ് എപ്പോഴും എം ടിയ്ക്ക് തോന്നിയിട്ടുള്ളത്. കാലത്തിനനുസരിച്ച് നല്ലൊരു ഉദാഹരണം കണ്ടെത്തിയെന്നേയുള്ളൂ, ആ നിലപാടുകള്‍ക്ക് മാറ്റം വരുന്നതേയില്ല. അദ്ദേഹം കോലായിലിരുന്നു അക്ഷരങ്ങളെ കുറിച്ച് ആലോചിക്കുമ്പോഴും അകത്തെ ഇരുണ്ട മുറികളിലിരുന്നു എം ടിയുടെ കഥാപാത്രങ്ങളായ സ്ത്രീകള്‍ ആരും കാണാതെ കരയുന്നുണ്ടാകും. അവര്‍ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഒരുപക്ഷെ ഒരായിരം ചോദ്യങ്ങള്‍ അവരോരോരുത്തരും വന്നു അദ്ദേഹത്തോട് ചോദിച്ചേനെ... 

'എന്ത് ഞങ്ങളെ ഇപ്പോഴും പുരുഷന്റെ നിഴലാക്കുന്നു എന്തിനു ഞങ്ങളെ അങ്ങനെയുടെ എഴുത്തുകളില്‍ വഞ്ചകിയും കാത്തിരിക്കുന്നവളുമാക്കി മാറ്റുന്നു?' ആവര്‍ത്തന വിരസമായ ചോദ്യങ്ങള്‍ക്കൊടുവില്‍ നിര്‍വികാരമായ തനത് മുഖഭാവത്തോടെ എം ടി അവരെ നോക്കിക്കൊണ്ടേയിരിക്കുന്നു. 

എന്തുകൊണ്ട് എം ടി തന്റെ സ്ത്രീകഥാപാത്രങ്ങളെ പുരുഷന്റെ പിന്നണിയില്‍ ഒളിപ്പിച്ചിട്ടും അവളെ കാര്യം കാണാന്‍ എന്തും ചെയ്യുന്നവളും ആക്കിയിട്ടും ഈ വിഷയത്തില്‍ ഒരുപാട് ചോദ്യശരങ്ങളൊന്നും അദ്ദേഹത്തിന് ഏല്‍ക്കേണ്ടി വന്നില്ല? കാലത്തിന്റെ നീണ്ടൊരു ഇടവേള ഇവിടെ കൃത്യമാണ്. അദ്ദേഹത്തിന്റെ തനതു കാലത്തിലെ സ്ത്രീകളെ അടയാളപ്പെടുത്തുക തന്നെയാണ് ചെയ്തത് എന്നതാണ് ന്യായീകരണമായി പറയാനുണ്ടാവുക. അത് സത്യവുമാണ്. നാലു കെട്ട് മുതല്‍ രണ്ടാമൂഴം വരെ നീണ്ടു കിടക്കുന്ന നോവലുകളിലും ചെറുകഥകളിലുമൊക്കെ രണ്ടാം തരക്കാരികളായ സ്ത്രീകളാണ് ഒരുപക്ഷെ കഥയുടെ പിന്നാമ്പുറങ്ങളിലെവിടെയോ ഇരുന്നു ഒച്ചയില്ലാതെ കരയുന്നതും. പുരുഷ കേന്ദ്രീകൃതമായ കഥാപാത്രങ്ങളാണ് കൂടുതലും എം ടി കഥകളുടെ നിലനില്‍പ്പിന്റെ ആധാരം. അപനിര്‍മ്മിതിയ്ക്ക് ഏറ്റവും മികച്ച ഉദാഹരണമായ വടക്കന്‍ പാട്ടിലെ ചന്തു ചതിയ്ക്കാത്ത ധീരനായി തീരുമ്പോഴും അവിടെ രണ്ടാം കിടക്കാരിയായി പോകുന്നതും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി വിവാഹേതര ബന്ധം പോലും സ്വീകരിക്കുകയും ചെയ്ത ഉണ്ണിയാര്‍ച്ച എന്ന ഇതിഹാസ പുത്രിയാണ്. 

എം ടിയുടെ എക്കാലത്തെയും മനോഹരമായ രചനകളില്‍ ഒന്നെന്നു പറയാവുന്ന മഞ്ഞിലെ നായിക വിമല ഒരുപക്ഷെ ചതിക്കപ്പെട്ടു വ്യത്യസ്തയായവള്‍ എന്ന് പറയാം. അവിടെ വിമലയെ ചതിച്ചത് അവള്‍ എല്ലാം സമര്‍പ്പിച്ച് പ്രണയിച്ച സുധീര്‍ മിശ്ര എന്ന യുവാവാണ്. ഇത്ര നീണ്ട ഒരു കാത്തിരിപ്പു നടത്താന്‍ സ്ത്രീകള്‍ക്കാകുമോ എന്ന ചോദ്യത്തിന്റെ ഉത്തരവുമാണ് ഇവിടെ വിമല. എം ടിയുടെ സ്ത്രീകളോടുള്ള നിലപാടുകളുടെ വിമര്‍ശനത്തിന്റെ മുനകളോടിക്കാന്‍ ഇടയ്ക്ക് ഇതുപോലെ വിമലയും കുട്ട്യേടത്തിയും ഒക്കെ കയറി വരുന്നുമുണ്ട്. വളരെ സുന്ദരിയായ മേല്‍ച്ചുണ്ടില്‍ നനുത്ത രോമങ്ങളുള്ള വിമലയെ കുറിച്ച് പറയുമ്പോള്‍ തന്നെയാണ് വൈരൂപ്യമുള്ള കറുത്ത് ഭംഗിയില്ലാത്ത കരിംപൂരാടക്കാരിയായിരുന്ന കുട്ട്യേടത്തിയെയും എം ടി വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. വളരെ വ്യത്യസ്തരായ സ്ത്രീ കഥാപാത്രങ്ങളെ കൊണ്ട് എപ്പോഴും നിറഞ്ഞു കവിഞ്ഞിരുന്നു അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍. 

കാതില്‍മാംസ മണിയുളള കുട്ട്യേടത്തി, ജാനുവേട്ടത്തിയുടെ ഭാഷയില്‍ പറഞ്ഞാല്‍ തൊട്ടുകണ്ണെഴുതാവുന്ന നിറം. എപ്പോഴും രണ്ട് പല്ലുകള്‍ ചുണ്ടിന് പുറത്തേയ്ക്ക് നില്‍ക്കുന്നവള്‍. അഴുക്കും ചെളിയും പുരണ്ട വസ്ത്രങ്ങള്‍  ഉടുക്കുന്നവള്‍, പരുപരുത്ത ശരീരമുള്ളവള്‍, വിയര്‍പ്പും എണ്ണയും കലര്‍ന്ന ഈറന്‍തുണിയുടെ ഓക്കാനം വരുന്ന ഗന്ധമായി നടക്കുന്നവള്‍,. എല്ലാവര്‍ക്കും അശ്രീകരമായി തോന്നിയവള്‍, പക്ഷെ ആ കുട്ട്യേടത്തിയോടും മനസ്സ് നിറഞ്ഞ സ്‌നേഹമുണ്ടായിരുന്നത് കുഞ്ഞു വാസുവിന് മാത്രമായിരുന്നിരിക്കണം. മറ്റുള്ളവരാല്‍ ഉപേക്ഷിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങളോട് പ്രത്യേക മമതയും സ്‌നേഹവും പരിഗണനയും ഉള്ളില്‍ പുലര്‍ത്തി പോന്നിരുന്ന മാനുഷിക വികാരങ്ങള്‍ ഏറെയുണ്ടായിരുന്ന എം ടി എന്തുകൊണ്ട് ചില കഥകളില്‍ പ്രകടമായ സ്ത്രീ വിരുദ്ധത പ്രോത്സാഹിപ്പിച്ചു എന്നത് ചോദ്യമാണ്.

''അയാള്‍ക്ക് ചിരിക്കണമെന്നും കരയണമെന്നും തോന്നി. മുള്ളുവാക്കുകളും കുറ്റപ്പെടുത്തലുകളും അസൂയ നിറഞ്ഞ മനസ്സുമുള്ള ഒരു ഭാര്യയായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോയിട്ടുണ്ട്. ദീനതയാര്‍ന്ന മുഖത്തെ കുഴിഞ്ഞ കണ്ണുകളില്‍ സ്‌നേഹവും വേദനയും വിശ്വാസവും നിറച്ചുനില്‍ക്കുന്ന ഈ സ്ത്രീയുടെ മുന്നില്‍ അയാള്‍ നിസ്സഹായനാണ്''  ബന്ധനം എന്ന ചെറുകഥയില്‍ കാമുകിയ്ക്കും ഭാര്യയ്ക്കും ഇടയില്‍ നില്‍ക്കുന്ന പുരുഷന്റെ ചിത്രമുണ്ട്. ഏറ്റവും നിസ്സഹായയാണ് ഭാര്യ, സുന്ദരിയാണ് കാമുകി, പക്ഷെ രണ്ടു പേരോടും സ്‌നേഹം ഉണ്ടായിട്ടും അവിഹിത ബന്ധത്തിന്റെ വഞ്ചന മനസ്സിലാക്കി തിരുത്താനാകാതെ നില്‍ക്കുന്ന ഒരു പുരുഷന്റെ വേദന അയാള്‍ക്ക് ഒരുപക്ഷെ ഭാര്യയോടുള്ള അപാരമായ സ്‌നേഹത്തിന്റെ ശേഷിപ്പാകാം. ഇരുവരെയും വഞ്ചിക്കുന്നതിന്റെ വേദനയില്‍ അയാള്‍ ഉരുകുന്നുമുണ്ട് എന്ന് മനസ്സിലാക്കുമ്പോള്‍ താന്‍ മൂലം വേദനിച്ച സ്ത്രീകളുടെ മുഖം അയാളെ പരവശമാക്കുന്നുണ്ട്. തന്നെത്തന്നെ ന്യായീകരിക്കാന്‍ നോക്കുമ്പോഴും അയാള്‍ ഏറെ നോവുകളിലേയ്ക്ക് വഴുതി വീഴുന്നുമുണ്ട്. ഒരുപക്ഷെ സ്ത്രീകളുടെ പ്രണയത്തിന്റെ ശക്തിയുടെ തീവ്രത ഉറക്കെ പറയാതെ പറഞ്ഞു വയ്ക്കുന്നുണ്ട് എം ടി ഈ കഥയില്‍. 

വിമലയെ കുറിച്ചോര്‍ക്കുമ്പോള്‍ എപ്പോഴും നെഞ്ചിലൊരു നീര്‍മണി വന്നു തടയും. ഒരിക്കലും വരാത്ത ഒരാള്‍ക്ക് വേണ്ടി എന്തിനു അവള്‍ ഇത്രയും നീണ്ട കാത്തിരിപ്പു നടത്തുന്നുവെന്ന തിരിച്ചറിവ് തന്നെ വിഷമിപ്പിക്കും. 'ദൂരെ,തോണിയിലിരുന്ന് ബുദ്ദു വിളിച്ചുപറഞ്ഞു' സീസണ്‍ കഴിഞ്ഞു..വന്നില്ല. അടുത്തകൊല്ലം നോക്കാം. അല്ലെ, മേംസാബ്!? ' അതെ അടുത്ത വര്‍ഷവും വിമല അതെ കാത്തിരിപ്പ് തുടരുന്നുണ്ടാകും. മഞ്ഞില്‍ പക്ഷെ സുധീര്‍ എന്ന കാമുകന്‍ വിമലയെ ചതിച്ചു എന്ന പ്രയോഗമൊന്നും എം ടി നടത്തുന്നില്ല, വിമലയും അവളുടെ കാത്തിരിപ്പും മാത്രമാണ് കഥാ പ്രമേയം. സുധീറിന് എന്ത് പറ്റിയെന്നുള്ളത് കഥയുടെ മറുവശത്തുള്ള നിശബ്ദതയാണ്. അവിടം പൂരിപ്പിക്കേണ്ടത് വായനക്കാരും. ഒരുപക്ഷെ സുധീര്‍ എന്നെങ്കിലും അവള്‍ക്കു വേണ്ടി തിരികെ വന്നേക്കാം. അപ്പോഴും വിമല കാത്തിരിപ്പ് തുടരും എന്നത് പെണ്ണിന്റെ പ്രണയത്തിന് മേലുള്ള എഴുത്തുകാരന്റെ ഉറപ്പാണ്. 

നാലു കെട്ടിന്റെ ഉള്ളില്‍ രണ്ടാം തരക്കാരിയായി എം ടിയുടെ മിക്ക കൃതികളിലും സ്ത്രീ കഥാപാത്രങ്ങള്‍ മാറുന്നുണ്ടെങ്കിലും അവളുടെ പ്രണയത്തിന്റെ , സ്‌നേഹത്തിന്റെ ഒക്കെ കാതലായ വശത്തെ കുറിച്ച് എഴുത്തുകാരന് ഉറപ്പുള്ളത് പോലെയാണ് പല കൃതികളും. സ്ത്രീ വിരുദ്ധത എന്ന വിമര്‍ശനം അദ്ദേഹത്തിനെതിരെ ഉയരുമ്പോള്‍ തന്നെ ചില കൃതികള്‍ വച്ചു അപവാദത്തെ മറികടക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ടെന്ന് സാരം. ഒരുപക്ഷെ ആരുമറിയാതെ മായികമായൊരു പ്രണയം ഉള്ളില്‍ കൊണ്ട് നടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടാകാം. എപ്പോഴും ചുളിഞ്ഞ നെറ്റിയിലെ ജരകള്‍ക്കിടയിലും ചിരി കടമായി പോലും കടന്നെത്താത്ത ചുണ്ടിലെ നിശ്ശബ്ദതയിലും നിഗൂഢമാക്കപ്പെട്ട അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ അവശേഷിപ്പുകളിലും തിരഞ്ഞാല്‍ ആ പ്രണയം കണ്ടെത്താനാകുമായിരിക്കാം.