ല്‍ഹിയില്‍ ജനിച്ച്, അമേരിക്കയില്‍ പഠിച്ചു വളര്‍ന്ന് പ്രവര്‍ത്തിച്ച്, ഇംഗ്ലീഷില്‍ കഥകള്‍ എഴുതുന്ന മലയാളിയായ മൃദുല കോശിയുടെ സാഹിത്യസപര്യയുടെ തുടക്കം ഇന്ത്യയിലെയും വിദേശത്തെയും എണ്ണംപറഞ്ഞ ആനുകാലികങ്ങളില്‍ ചെറുകഥകളെഴുതിയായിരുന്നു. ആ കഥകളില്‍ ചിലത് അന്താരാഷ്ട്ര തലത്തില്‍ സമ്മാനങ്ങള്‍ നേടി ശ്രദ്ധിക്കപ്പെട്ടു.

2009ല്‍ വെസ്റ്റ് ലാന്‍ഡ് പ്രസിദ്ധീകരിച്ച 'If It Is Sweet' എന്ന മൃദുലയുടെ ആദ്യ പുസ്തകം മേല്‍പ്പറഞ്ഞ കഥകള്‍ കൂടി ഉള്‍പ്പെട്ട ഒരു സമാഹാരമായിരുന്നു. അക്കൊല്ലത്തെ ക്രോസ് വേഡ് സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഈ പുസ്തകത്തെത്തേടി അതേ വര്‍ഷത്തെ 'ശക്തി ഭട്ട് ആദ്യ പുസ്തക പുരസ്‌കാര'വും വന്നെത്തി. ചെറുകഥകള്‍ പൊതുവേ പുസ്തക പ്രസാധകര്‍ക്ക് പ്രിയംകരമല്ലാത്ത ഒരു കാലാവസ്ഥയിലാണ് ഈ സമാഹാരം പുറത്തുവന്നതും ജനപ്രീതി നേടിയതും. അത് ശുഭകരമായ ഒരു തുടക്കമായിരുന്നു.

2012ല്‍, ഹാര്‍പര്‍ കോളിന്‍സ് 'Not Only the Things That Have Happened' എന്ന മൃദുലയുടെ ആദ്യ നോവല്‍ പുറത്തിറക്കി. ദത്തെടുക്കല്‍ പ്രമേയമായുള്ള ഈ നോവലില്‍ രണ്ടു സമൂഹങ്ങളുടെ രേഖാചിത്രമുണ്ട്. കേരളത്തിലും അമേരിക്കയിലുമായാണ് കഥ നടക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ നാലു വയസ്സുകാരന്‍ മകനെ ദത്ത് കൊടുക്കുകയും പിന്നെ അവനെ കാണാന്‍ വിധിയില്ലാതാകുകയും ചെയ്ത ഒരമ്മയും, അമ്മയുമായി പിരിഞ്ഞ ശേഷം തന്റെ നിയന്ത്രണത്തിലേ അല്ലാത്ത സാഹചര്യങ്ങളില്‍ എങ്ങനെയൊക്കെയോ വളരുന്ന മകനും കഥാപാത്രങ്ങളായ ഈ നോവല്‍ അക്കൊല്ലത്തെ ക്രോസ് വേഡ് സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ പിന്നെയും ഇടം പിടിച്ചു.

മൃദുല കോശിയുടെ മൂന്നാമത്തെ പുസ്തകം ഇറങ്ങുന്നത് 2016ലാണ്. സ്പീക്കിങ് ടൈഗര്‍ പ്രസിദ്ധീകരിച്ച 'Bicycle Dreaming' എന്ന നോവല്‍ പറയുന്നത് പതിമൂന്നുകാരിയായ ഡല്‍ഹി സ്വദേശി നൂര്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതകഥയാണ്. ആക്രി പെറുക്കി വിറ്റു ഡല്‍ഹിയുടെ തെരുവുകളിലൂടെ നിത്യവൃത്തിക്കായി അലയുന്ന അവളുടെ അച്ഛനുള്ളതുപോലെ ഒരു പച്ച സൈക്കിള്‍ വേണമെന്നുള്ളതാണ് നൂറിന്റെ ഏറ്റവും വലിയ മോഹം. അവളുടെ ജീവിതത്തിന്റെ ചെറിയ ചലനങ്ങളിലൂടെ ഡല്‍ഹിയിലെ തെരുവുകളില്‍ ചില്ലറ ജോലിയെടുത്ത് ജീവിക്കുന്നവരുടെ കുടുംബജീവിതവും അവരുടെ കഷ്ടപ്പാടുകളും മൃദുല കൈയടക്കത്തോടെ പറയുന്നുണ്ട്. 

കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി ജീവിതപങ്കാളിയും മൂന്നു മക്കളുമൊത്തു ഡല്‍ഹിയില്‍ താമസിക്കുന്ന മൃദുല കണ്ടുപോരുന്ന കാഴ്ചകള്‍ ഈ നോവലില്‍ പ്രതിഫലിക്കുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം, ഇപ്പോള്‍ ദീപാലയ കമ്മ്യൂണിറ്റി ലൈബ്രറി പ്രോജക്ട് എന്ന പേരില്‍ തൊഴിലാളികളുടെ മക്കള്‍ക്കായി ഡല്‍ഹിയില്‍ രണ്ടിടങ്ങളില്‍ സൗജന്യ വായനശാല നടത്തുകയാണ് മൃദുലയും ജീവിത പങ്കാളി മൈക്കല്‍ ക്രെയിറ്റനും. 

ഡല്‍ഹിയെന്ന നഗരത്തിലേക്ക് ഇരുപതു കൊല്ലത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന മൃദുലയ്ക്ക് ഇന്നത്തെ ഡല്‍ഹിയുടെ പുറംലോകം കാണാത്ത ജീവിതങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട് ഈ വായനശാല. ആദ്യമായി ഒരു പുസ്തകം വായിക്കാന്‍ കിട്ടുന്ന കുട്ടി മുതല്‍, എനിക്കും വായിക്കണം എന്ന് പറഞ്ഞെത്തുന്ന നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന രക്ഷിതാവ് വരെ ചെന്നെത്തി നില്‍ക്കുന്നു മൃദുലയുടെ ദിവസങ്ങള്‍. ഇന്ന് എഴുന്നൂറോളം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്നുണ്ട് ദീപാലയ എന്ന അക്ഷരദീപം. 

അമേരിക്കയിലായിരുന്ന കാലത്ത് പലതരം ജോലികള്‍ നോക്കിയതായി മൃദുല വ്യത്യസ്ത അഭിമുഖങ്ങളില്‍ പറയുന്നുണ്ട്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം, കമ്യൂണിറ്റി ഓര്‍ഗനൈസര്‍, ക്ലാര്‍ക്ക്, കെ.എഫ്.സി. യില്‍ വെയ്ട്രസ്സ് അങ്ങനെ പലതും. അതില്‍ നിന്നൊക്കെ കിട്ടിയ ജീവിതാനുഭവങ്ങള്‍ അവരുടെ കഥകളില്‍ ഉടനീളം കാണാം. 'ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്താനാണ് ഞാന്‍ എഴുതുന്നത്'. എന്ന് പറയുന്ന മൃദുല ഇപ്പോള്‍ ഡല്‍ഹിയില്‍ ജീവിക്കുന്നതും ആ സമൂഹത്തിന്റെ ഹൃദയമിടിപ്പ് അറിഞ്ഞു തന്നെയാണ്.

കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാന്‍ മാത്രം വരുമായിരുന്ന കൊച്ചു മൃദുല സ്‌കൂള്‍ പഠനക്കാലത്ത് മൂന്നു കൊല്ലം തിരുവനന്തപുരത്ത് പഠിച്ചിട്ടുമുണ്ട്. അതിനു ശേഷം ഡല്‍ഹിയും, അമേരിക്കയുമായിരുന്നു തട്ടകമെങ്കിലും, മുറിച്ചാല്‍ മുറിയാത്ത ഒരു ആത്മബന്ധം കേരളവുമായി മൃദുലയ്ക്കുണ്ട്. ഇവര്‍ മലയാളത്തിന്റെ പ്രിയ കവയിത്രിയായ അന്തരിച്ച സിസ്റ്റര്‍ മേരി ബെനീഞ്ഞയുടെ പിന്മുറക്കാരിയാണ്.