അദ്‌ഭുതങ്ങൾ പ്രധാനമായും രണ്ടുതരത്തിലാണ്: ആവർത്തിക്കുന്നവയും ഒരിക്കൽമാത്രം സംഭവിക്കുന്നവയും. കലാമണ്ഡലം ഗോപിയാശാൻ ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടതാണ്. ആവർത്തനങ്ങളില്ലാത്ത പ്രതിഭയുടെ പുരുഷാകാരം. അത് ആവോളം കണ്ട് ആസ്വദിക്കാൻ മലയാളിക്ക്‌ സാധിച്ചു-പച്ചയായും രൗദ്രമായും കത്തിയായും.

എന്റെ ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ഗോപിയാശാനുമായി പരിചയിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹം ശിരസ്സിൽ ഏറ്റുവാങ്ങാനും സാധിച്ചത്. മുമ്പുതന്നെ അറിയാമായിരുന്നെങ്കിലും ‘വാനപ്രസ്ഥ’ത്തിന്റെ ചിത്രീകരണസമയത്താണ് ഞങ്ങൾ കൂടുതൽ അടുത്തത്.

കുഞ്ഞുക്കുട്ടൻ എന്ന കഥകളിനടനായി കെട്ടിയൊരുങ്ങി കിരീടംവെച്ച് നിന്നപ്പോഴാണ് കഥകളി എന്ന പ്രൗഢകല എന്താണെന്ന് എനിക്ക്‌ അല്പമെങ്കിലും ബോധ്യമായത്. ഞങ്ങൾ സിനിമാ അഭിനേതാക്കൾക്ക് അഭിനയിച്ചത് ശരിയായില്ലെങ്കിൽ എത്രവേണമെങ്കിലും റീടേക്കുകൾ ആവാം. എന്നാൽ, അഭിനയത്തിന്റെയും മുദ്രകളുടെയും അതിസൂക്ഷ്മതയിലേക്ക് പോവുന്ന കലാരൂപമാണ് കഥകളി. അതിനെയാണ് മനോധർമങ്ങളുടെ പെരുക്കങ്ങളിലൂടെ ഗോപിയാശാൻ അനായാസമെടുത്ത് പെരുമാറുന്നത്.

പ്രതിഭാശാലികളായ ഡോക്ടർമാർ ഏറെയുണ്ടാവാം, അഭിനേതാക്കളും ഗായകരും നർത്തകരുമെല്ലാം താരതമ്യപ്പെടുത്തലുകൾ സാധ്യമാക്കിക്കൊണ്ട് ഒട്ടേറെയുണ്ടാവും.

എന്നാൽ, കലാമണ്ഡലം ഗോപി ഒന്നേയുള്ളൂ. ഈ എൺപത്തിനാലാം പിറന്നാളിൽ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേർന്നുകൊണ്ട് മലയാളികളോട് മുഴുവനായി എനിക്കിതേ പറയാനുള്ളൂ: ‘‘കടഞ്ഞുകടഞ്ഞ് അമൃതായ പ്രതിഭയാണിത്. ആ വേഷങ്ങൾ, ഭാവങ്ങൾ കൺനിറയെ കാണുക. അവ ആസ്വദിക്കുക, അദ്‌ഭുതപ്പെടുക; അവയ്ക്കുമുന്നിൽ വണങ്ങുക.’’

Content Highlights: Mohanlal About Kathakali Maestro Kalamandalam Gopi Malayalam Movie Vanaprastham