''ഴുപത് പൂര്‍ത്തിയായി. പിറന്നാള്‍ ദിനം ഓര്‍ത്തുവെക്കുക,ആഘോഷിക്കുക എന്നൊക്കെയുള്ള ഏര്‍പ്പാടുകളില്‍ ജനിച്ചുവളര്‍ന്ന ആളല്ല ഞാന്‍. ജൂലൈ രണ്ട് എന്ന ദിവസത്തിന് മറ്റൊരു സുഖമുള്ളത് ഒ.വി. വിജയന്‍ ജനിച്ച ദിവസം എന്നതിലാണ്. ഒ.വി. വിജയന്റെ ജന്മദിനം എന്നാണ് ഈ ദിവസം എനിക്കുതരുന്ന സന്തോഷം. പിറന്നാള്‍ മരം എന്നൊരു ക്യാംപെയ്ന്‍ ഉണ്ട് ഫേസ്ബുക്കില്‍. അതിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ കൂടിയാണ് ഞാന്‍. വേറൊന്നും ചെയ്തില്ലെങ്കിലും ആ വകയില്‍ ഒരാള്‍ ജീവിതത്തില്‍ ഒരു മരം നടുമല്ലോ. അടുത്തവര്‍ഷത്തേക്കു കൂടി ആയുസ്സ് കൂട്ടിക്കിട്ടിയാല്‍ ഒരു മരം കൂടിയായി. അത്രയും പച്ചപ്പ്, അത്രയും ഓക്‌സിജന്‍,അത്രയും തണല്‍ ഭൂമിയിലുണ്ടാവുമല്ലോ. ചെയ്യാന്‍ കഴിയുന്ന നല്ല കാര്യം എന്ന നിലയില്‍ കുറേക്കാലമായി പിറന്നാള്‍മരം നടുന്നു.

2016-ലെ ജൂലൈ രണ്ടാം തിയ്യതിയാണ് എക്കാലവും ഓര്‍ത്തിരിക്കുന്ന പിറന്നാള്‍. അന്ന് ഞാന്‍ ജര്‍മനിയിലാണ്. എന്റെ സുഹൃത്ത് ശ്യാമിന്റെ വീട്ടിലാണ് താമസം. ജന്മദിനത്തില്‍ തൈ നടുന്ന ഏര്‍പ്പാടുള്ളതിനാല്‍ പിറന്നാള്‍ക്കാര്യം പറയാന്‍ നിര്‍ബന്ധിതനായി. ശ്യാമിനോടും ഭാര്യ വീണയോടും കാര്യം പറഞ്ഞു- ''എന്റെ പിറന്നാള്‍ മറ്റന്നാളാണ്. എല്ലാ പിറന്നാളിനും ഒരു തൈ നടുന്നതാണ്. ഇവിടെ തൈനടാന്‍ ഒരു സ്ഥലം കിട്ടുമോ? അനുവാദമൊക്കെ വാങ്ങേണ്ടിവരുമോ?'' ശ്യാമും ഭാര്യയും കൂട്ടുകാരും ആലോചിച്ചപ്പോള്‍ കിട്ടിയ വഴി വളരെ രസകരമുള്ളതായിരുന്നു. കളരിവിദ്യയൊക്കെ അറിയുന്ന ഒരു മലയാളി, ജര്‍മനി സ്വദേശിനിയെ പ്രണയിച്ച് വിവാഹം കഴിച്ച് സെറ്റിലായിട്ടുണ്ട്. അയാള്‍ക്കവിടെ സ്വന്തം വീടും പറമ്പുമൊക്കെയുണ്ട്. അദ്ദേഹത്തെ വിളിച്ച് അന്വേഷിച്ചു, ഒരു തൈ നടാന്‍ അനുവാദം തരുമോ എന്ന്. അദ്ദേഹം അനുവാദവും തന്നു. അങ്ങനെ ഞാനും ശ്യാമും സുഹൃത്തുക്കളും പോയി അയാളുടെ വീട്ടുപറമ്പില്‍ എന്റെ പിറന്നാള്‍ തൈ നട്ടു''- എഴുപതാം പിറന്നാളിന്റെ നിറവില്‍ എം.എന്‍ കാരശ്ശേരി സംസാരിക്കുന്നു. 

ഒ.വി വിജയന്റെ പിറന്നാള്‍ ദിനത്തിലാണ് ഞാന്‍ ജനിച്ചത് എന്നതാണ് എനിക്ക് വളരെ സന്തോഷം തരുന്നത് എന്നു പറഞ്ഞല്ലോ. എഴുപതുകളുടെ ക്യാംപസ്സുകളായിരുന്നു എന്റെ തലമുറയുടെ വായനയെയും ആസ്വാദനത്തെയും സ്വാധീനിച്ചിരുന്നത്. ആളുകള്‍ പാട്ടും കവിതകളും കാണാപ്പാഠം പഠിക്കുന്നതുപോലെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ ഓരോ വരികളും കാണാപ്പാഠം കാണുന്നിടത്തുവെച്ച് പറയുന്ന കാലമാണ്. 'ബസ് സ്റ്റോപ്പില്‍ രവി കാത്തു കിടന്നു' എന്നൊക്കെ പറയുമ്പോള്‍ ഒ.വി വിജയന്‍ ഓരോ വായനക്കാരന്റെയും സിരകളിലൂടെ ഒഴുകിയ കാലം. ഡല്‍ഹിയില്‍ വെച്ചാണ് വിജയനെ കാണുന്നതും പരിചയപ്പെടുന്നതും. 1985-ലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പരിചയം നല്ല സൗഹൃദമായപ്പോള്‍ ഒരിക്കല്‍ ഞാന്‍ ചോദിച്ചു: ''ആരാണ് മൈമൂന?'' വിജയന്‍ തിരിച്ചു ചോദിച്ചു: ''എന്താണ് കാര്യം? എന്തിനാണ് അത് അറിയേണ്ടത്?'' അപ്പോള്‍ ഞാന്‍ ഒ.വി.വിജയനോടു പറഞ്ഞു: ''ജീവിതത്തില്‍ എനിക്കൊരാളോടുമാത്രമേ  പ്രണയം തോന്നിയിട്ടുള്ളൂ.'' അപ്പോള്‍ ഒ.വി. വിജയന്‍ ചോദിച്ചു: ''അതാരോടാണ്?'' ''അത് കുഞ്ഞുപാത്തുമ്മയാണ്'' എന്ന് ഞാന്‍ പറഞ്ഞു. 'ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നൂ'ലെ കുഞ്ഞുപാത്തുമ്മ. ''നിയന്ത്രിക്കാന്‍ കഴിയാത്ത കാമം എനിക്കൊരാളോടേ തോന്നിയിട്ടുള്ളൂ- അത് മൈമൂനയാണ്, ഖസാക്കിന്റെ ഇതിഹാസത്തിലെ.'' പറഞ്ഞു കഴിഞ്ഞിട്ട് ഞാന്‍  ഒ.വി. വിജയനെ നോക്കിയിരുന്നു, മറുപടിയ്ക്കായി- ആരാണ് മൈമൂന?

 ഒ.വി. വിജയന്‍ പുഞ്ചിരിയടക്കിക്കൊണ്ടുപറഞ്ഞു: ''മൈമൂനയെന്ന ആളൊന്നുമില്ല. അത് വെറും കഥാപാത്രം മാത്രമാണ്.'' അത് ഞാന്‍ സമ്മതിച്ചില്ല. ''അല്ല, അത് വെറും കഥാപാത്രമല്ല, നിങ്ങള്‍ക്കറിയാവുന്ന ഗൃഢരഹസ്യമാണ് ആ സൗന്ദര്യം.'' അങ്ങനെ അഞ്ചാറ് മണിക്കൂറോളം ഇത്തരം സംസാരം തുടര്‍ന്നു. ഒടുക്കം ചോദിച്ചു: ''ഞാനിതൊക്കെ എഴുതട്ടെ?'', ''നിങ്ങളതിനിന് നോട്‌സൊന്നും എടുത്തിട്ടില്ലല്ലോ'' എന്നായി അദ്ദേഹം. ''ജേണലിസ്റ്റായിട്ടും ജോലി ചെയ്ത ആളാണ് ഞാന്‍. എനിക്കിത് ഓര്‍ത്തെഴുതാന്‍ അത്ര പ്രയാസമുണ്ടാവില്ല'' എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഞാനെഴുതിയാലോ?'', ''ഒ.വി. വിജയനെഴുതിയാല്‍ വളരെ നന്നായിരിക്കും'' എന്നു ഞാനും പറഞ്ഞു. 

ഞങ്ങള്‍ തമ്മിലുള്ള സംഭാഷണവും അല്ലാത്ത ചില ഓര്‍മകളുമെല്ലാം കൂട്ടിയെടുത്ത് അദ്ദേഹം എഴുതി. ഒരു ദിവസം കോഴിക്കോട് വന്നിട്ട് രാവിലെ തന്നെ വിളിച്ചു. ഹോട്ടല്‍ പാരമൗണ്ട് ടവറില്‍ എത്തിയിട്ടുണ്ട്. ഒന്നവിടെ വരെ വരണം. ചെന്നപ്പോള്‍ നേരെ ഒരു ഫയല്‍ നീട്ടി. ''കാരശ്ശേരി, അന്നു നമ്മള്‍ പറഞ്ഞതെല്ലാം ഞാന്‍ എഴുതി. ഒന്നു വായിച്ചുനോക്കണം.'' ഞാന്‍ ഇരുന്ന് ഓരോ പേജും വായിച്ചു. വായിച്ചുകൊണ്ടിരിക്കേ 'കഥാപാത്രചിത്രീകരണം' എന്നൊരു വാക്ക് 'കഥാപാത്രണം' എന്ന് ഞാന്‍ സ്പീഡില്‍ വായിച്ചുപോയി. അതു കേട്ടപ്പോള്‍  അദ്ദേഹം  പറഞ്ഞു 'ഒന്നു കൂടി പറയൂ ആ വാക്ക്.' കഥാപാത്രണം എന്ന് ഞാന്‍ ആവര്‍ത്തിച്ചു. 'അതാണ് വാക്ക് ' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം കഥാപാത്രചിത്രീകരണം എന്നെഴുതിയിടങ്ങളിലെല്ലാം തന്നെ കഥാപാത്രണം എന്നു തിരുത്തിയെഴുതി. അതെന്റെ നാക്ക് പിഴച്ചതാണ്. പക്ഷേ അദ്ദേഹം ആ വാക്ക് സ്വീകരിച്ചു- അതാണ് പിന്നീട് 'ഇതിഹാസത്തിന്റെ ഇതിഹാസം' എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചത്.

എഴുപത് പൂര്‍ത്തിയായി എന്നു പറയുമ്പോള്‍ മരണത്തിന്റെ പ്ലാറ്റ്‌ഫോമില്‍ നമ്മളെത്തിയിരിക്കുന്നു, വണ്ടി വരാന്‍ വളരെ കുറച്ചേ സമയമുള്ളൂ എന്നോര്‍മിക്കാന്‍ നല്ലതാണ്. വണ്ടിയുടെ ചൂളം വിളി അടുത്തുകേട്ടുതുടങ്ങിയിരിക്കുന്നു എന്നുള്ള ഓര്‍മിപ്പിക്കല്‍ കൂടി ഉണ്ട് അതില്‍. മരണത്തിന്റെ ആ മുന്നറിയിപ്പ് നല്ലതാണ്. ഞാനിപ്പോള്‍ മരിച്ചാല്‍ അകാലമരണം എന്നാരെങ്കിലും പറയുമോ? വിജയന്‍ എഴുതിയ ഒരു കത്ത് ഓര്‍മയില്‍ വരുന്നു-'ഞാന്‍ മരിക്കാന്‍ പാകമായി ഇരിക്കുകയാണ്.' ഇനിയങ്ങോട്ടുള്ള ഓരോ പിറന്നാളുകളും ആ പാകപ്പഴുപ്പിലേക്കുള്ള കാലത്തിന്റെ ചുവടുകളാണ്. 

Content Highlights : MN Karassery 70 Birthday OV Vijayan 91 Birth Anniversary