മഹാത്മാഗാന്ധിയുടെ ആദ്യജീവചരിത്രം ജൊഹനാസ്ബര്‍ഗിലെ ബാപ്റ്റിസ്റ്റ് പുരോഹിതനായ ജോസഫ് ജെ. ഡോക് ആണെഴുതിയത്. ഗാന്ധിജിയുടെ അസാധാരണമായ  വ്യക്തിത്വത്തോടുള്ള ആദരവാണ് ജോസഫ് ഡോക്കിനെ ഈ പുസ്തകത്തിലേക്ക് നയിച്ചത്.  ഗാന്ധിജിയുമായി ഡോക് നടത്തിയ ഉജ്ജ്വലവും ഹൃദയസ്പര്‍ശിയുമായ നിരന്തര സംഭാഷണങ്ങളുടെ ചരിത്രരേഖകൂടിയാണ്  ഈ പുസ്തകം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

ലോകഭാഷകളില്‍ രചിക്കപ്പെട്ട പ്രഥമ ഗാന്ധി ജീവചരിത്രകൃതിയാണ് 'M.K Gandhi - An Indian Patriot in South Africa'. ജൊഹാനസ്ബര്‍ഗിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാതിരിയായിരുന്ന ജോസഫ് ജെ. ഡോക് ആണ് ജീവചരിത്രകാരന്‍. 1909-ല്‍  The London India Chronicle ഈ മാറ്റര്‍ പ്രസിദ്ധീകരിച്ചു. യൗവനത്തില്‍ ദക്ഷിണാഫ്രിക്കയിലെത്തി, അവിടത്തെ വര്‍ണവിവേചനനയത്തിനെതിരേ പോരാടുന്ന മോഹന്‍ദാസ് ഗാന്ധിയെ ബ്രിട്ടീഷുകാരനായ ഈ പാതിരി സൂക്ഷ്മമായി കുറേനാള്‍ നിരീക്ഷിച്ച് കഴിഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വവും കര്‍മങ്ങളും കണ്ടപ്പോള്‍ വലിയ വിസ്മയം തോന്നി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഗാന്ധിയെ സമീപിച്ച് പല കാര്യങ്ങളും നേരില്‍ ചോദിച്ച് മനസ്സിലാക്കണമെന്ന താത്പര്യം ജനിച്ചു. യേശുവിനെപ്പോലെ ജീവിക്കുന്ന ഒരാളാണ് ഗാന്ധിയെന്ന് ഡോക്കിന് തോന്നിയിരുന്നു. സമ്പര്‍ക്കവും സംസാരവുമൊക്കെയായപ്പോള്‍ ഗാന്ധിയുടെ ഒരു ഹ്രസ്വജീവചരിത്രം രചിക്കണമെന്ന മോഹം അദ്ദേഹത്തിന്റെ മനസ്സിലങ്കുരിച്ചു. അങ്ങനെ പിറന്ന കൃതിയുടെ പ്രസക്തഭാഗങ്ങളുടെ സംക്ഷിപ്തവിവര്‍ത്തനമാണിവിടെ ചേര്‍ക്കുന്നത്. ഭാരതസര്‍ക്കാരിന്റെ പബ്ലിക്കേഷന്‍ ഡിവിഷന്‍ ഡോക് കൃതി പിന്നീട് പ്രസിദ്ധീകരിച്ചു. അതിനെ അവലംബിച്ചുള്ളതാണ് ഈ മലയാളവിവര്‍ത്തനം. 

മിസ്റ്റര്‍ ഗാന്ധിയെ ഞാന്‍ ആദ്യമായി കണ്ടത് 1907 ഡിസംബറിലായിരുന്നു. അദ്ദേഹത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു. Passive Resistance Movement വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. റിസിക് ആന്‍ഡ് ആന്‍ഡേഴ്സണ്‍ സ്ട്രീറ്റിലെ ഓഫീസ് മറ്റ് ഓഫീസുകളെപ്പോലെതന്നെയായിരുന്നു. അവിടത്തെ ഒരു മുറിയില്‍ മിസിസ് ബസന്റ്, സര്‍ വില്യം വില്‍സണ്‍ ഹണ്ടര്‍, ജസ്റ്റിസ് റാണാഡേ എന്നിവരുടെയും നിരവധി ഇന്ത്യക്കാരുടെയും ഫോട്ടോകളുണ്ടായിരുന്നു. യേശുക്രിസ്തുവിന്റെ മനോഹരമായ ഒരു ഫോട്ടോയും അവിടെയുണ്ടായിരുന്നു. അലമാരയില്‍ കുറെ നിയമഗ്രന്ഥങ്ങളും സൂക്ഷിച്ചുവെച്ചിരുന്നു. ഏകദേശം 38 വയസ്സ് തോന്നിക്കുന്നുണ്ടായിരുന്നു. ഇംഗ്ലീഷിലുള്ള സംസാരം വളരെ കൃത്യമായിരുന്നു. നല്ല സംസ്‌കാരമുള്ള ഒരാളാണിതെന്ന് വ്യക്തമായിരുന്നു.

എന്നെ അദ്ദേഹം ഭവ്യതയോടെ മുറിയിലേക്ക് ക്ഷണിച്ചു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അദ്ദേഹം തലയാട്ടി. ഇവിടെ നടക്കുന്ന സമരത്തില്‍ മതപരമായ കാര്യങ്ങളുണ്ടോയെന്നറിയാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നു. അതിനെല്ലാം വിശദമറുപടി ലഭിച്ചു. വിശദാംശങ്ങള്‍ പറയാനുള്ളതെല്ലാം കഴിഞ്ഞെന്ന അനുമാനത്തില്‍ ഞാനെന്റെ നോട്ടുബുക്ക് അടച്ചുവെച്ചു. അടച്ചുവെയ്ക്കാനായിട്ടില്ല, പ്രധാന കാര്യങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം അപ്പോള്‍ സൂചന നല്‍കി. ഈ ഇന്ത്യന്‍ നേതാവിന്റെ മനസ്സിന്റെ മഹത്ത്വവും സുതാര്യമായ സത്യസന്ധതയും എന്നില്‍ വലിയ മതിപ്പുളവാക്കി. അന്നത്തെ കൂടിക്കാഴ്ചയ്ക്കുശേഷം ഞങ്ങള്‍ സുഹൃത്തുക്കളെന്ന നിലയില്‍ പിരിഞ്ഞു. 
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിക്ക് രണ്ടുമാസത്തെ തടവുശിക്ഷ ലഭിച്ചിരുന്നു. ജയിലിലടയ്ക്കുംമുന്‍പ് അദ്ദേഹം മുസ്ലിം പള്ളിക്കു സമീപം തടിച്ചുകൂടിയ ഏഷ്യന്‍ വംശജരോട് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു: ''മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഈ സമരം ഞാന്‍ തുടരും. ഞാന്‍ വിവക്ഷിക്കുന്ന മതം സര്‍വമതങ്ങളെയും സമാശ്ലേഷിക്കുന്നതാണ്. ആ മതം നമ്മെ സ്രഷ്ടാവുമായി മുഖത്തോടുമുഖം നിര്‍ത്തുന്നതാണ്.''

ഏതാനും പഠാന്‍ വംശജര്‍ ചേര്‍ന്ന് അദ്ദേഹത്തെ മര്‍ദിച്ചവശനാക്കിയ രംഗമാണ് മറ്റൊരു സന്ദര്‍ഭത്തില്‍ ഞാന്‍ കണ്ടത്. ബോധം തെളിഞ്ഞപ്പോള്‍ സമീപത്തുള്ള ഒരു ഓഫീസില്‍ അദ്ദേഹത്തെ എത്തിച്ചു. അവിടെ കിടക്കുന്ന രംഗമാണ് ഞാന്‍ കണ്ടത്. അപ്പോഴദ്ദേഹം വളരെയധികം നിസ്സഹായനായിരുന്നു. ദേഹത്തുനിന്ന് ചോരപൊടിയുന്നുണ്ടായിരുന്നു. കുറച്ചു പോലീസുകാര്‍ സമീപത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ മുറിവില്‍ മരുന്നുവെച്ച് കെട്ടുകയായിരുന്നു. ഉള്ള ശക്തി പ്രയോഗിച്ച് അദ്ദേഹം പറഞ്ഞു: ''എന്റെ ഭാവിഘാതകരെ ശിക്ഷിക്കരുത്. അവരുടെ വീക്ഷണത്തില്‍ തങ്ങള്‍ ചെയ്യുന്നത് ശരിയായിരിക്കും. അവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.''

എന്തായാലും അക്രമികള്‍ക്ക് ശിക്ഷ ലഭിക്കുകതന്നെ ചെയ്തു. ഈരംഗങ്ങളൊന്നും ആര്‍ക്കും മറക്കാനാകില്ല. മറ്റു പലരെക്കാളും ഉയര്‍ന്ന ഒരു തലത്തിലാണ് നമ്മുടെ ഇന്ത്യന്‍ സുഹൃത്ത് നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ ബഥനി മേരിയുടേതിനു തുല്യമാണ്. ശരിയായരീതിയില്‍ മനസ്സിലാക്കാത്തവര്‍ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിക്ഷിപ്തതാത്പര്യങ്ങളുണ്ടെന്ന് തോന്നിയേക്കും. വേറൊരവസരത്തില്‍ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു: ''ഒരു വിചിത്രകാര്യമാണ് എനിക്കിപ്പോള്‍ താങ്കളോടു ചോദിക്കാനുള്ളത്. ഒരു നല്ല ഉദ്ദേശ്യത്തിനുവേണ്ടി പോരാടി മരണം ഏറ്റുവാങ്ങാന്‍ താങ്കള്‍ എത്രമേല്‍ സജ്ജനായിട്ടുണ്ട്?''

അതിന് താനിപ്പോള്‍ത്തന്നെ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അങ്ങനെ ചിന്തിക്കരുതെന്ന് ഞാനഭ്യര്‍ഥിച്ചു. 
''ഞാന്‍ നിസ്സാരനായ ഒരു മനുഷ്യനാണ്. ഏതുനിമിഷവും മരണം ഏറ്റുവാങ്ങാന്‍ ഞാന്‍ സന്നദ്ധനാണ്. ലക്ഷ്യപൂര്‍ത്തിക്കുവേണ്ടി ആവുന്നതൊക്കെ ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു,'' ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.
തുടര്‍ന്ന് അദ്ദേഹത്തോട് ഞാനൊരു അഭ്യര്‍ഥന നടത്തി: ''ഇന്ത്യയില്‍നിന്നുള്ള സമുന്നതനായ ഒരു നേതാവാണ് താങ്കള്‍. താങ്കളുടെ ഉദ്ദേശ്യത്തിന് ചില സവിശേഷതകളുണ്ട്. മഹത്തരമാണ് താങ്കളുടെ വ്യക്തിത്വം. അതിനാല്‍ താങ്കളെക്കുറിച്ച് ഒരു ലഘുജീവചരിത്രം രചിക്കണമെന്ന് ഞാന്‍ അഭിലഷിക്കുന്നു. ഇംഗ്ലണ്ടിലെ ജനങ്ങള്‍ക്ക് താങ്കളുടെ വ്യക്തിത്വത്തിന്റെ യഥാര്‍ഥരൂപം മനസ്സിലാക്കാന്‍ അത് ഉതകും. അതെഴുതാനുള്ള എന്റെ ശേഷി താങ്കളുടെ സന്നദ്ധതയെ ആശ്രയിച്ചാണിരിക്കുന്നത്. താങ്കളുടെ ബാല്യം, യൗവനം, വ്യക്തിത്വം ഈ കാര്യങ്ങളെല്ലാം പ്രതിപാദിക്കണമെന്നാണ് എന്റെ ആഗ്രഹം.'' കുറച്ചുനേരം ആലോചിച്ചശേഷം അദ്ദേഹം സമ്മതിച്ചു. പോര്‍ബന്ദര്‍, കത്തിയവാഡ്-ഗാന്ധി, കുടുംബം, ഹിന്ദുമതം തുടങ്ങിയ കാര്യങ്ങളാണ് ആരംഭചര്‍ച്ചയില്‍ വന്നത്. ബാല്യത്തില്‍ ക്രിസ്ത്യാനികള്‍, ക്രിസ്തുമതാശയങ്ങള്‍ - ഇവയെക്കുറിച്ച് കേട്ടിരുന്നോ എന്നൊരു ചോദ്യം ഞാന്‍ ചോദിച്ചു.

''പോര്‍ബന്ദര്‍കാലത്ത് ഞാനതിനെക്കുറിച്ച് തീരെ കേട്ടിരുന്നില്ല. അക്കാലത്ത് അവിടെ ക്രിസ്ത്യാനികള്‍ തീരെയുണ്ടായിരുന്നില്ല. എന്നാല്‍ രാജ്കോട്ടിലെത്തിയപ്പോള്‍ ചില അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. കേട്ട കാര്യങ്ങള്‍ അവ്യക്തവും അനാകര്‍ഷകവുമായിരുന്നു. ഒരു പ്രസ്ബിറ്റീരിയന്‍ മിഷന്‍ രാജ്കോട്ടിലുണ്ടായിരുന്നു. ഒരു ഹിന്ദുവ്യക്തി ക്രിസ്ത്യാനിയായി മതംമാറ്റം നടത്തിയതിന്റെ റിപ്പോര്‍ട്ട് അവിടെ പരന്നിരുന്നു. മാംസാഹാരം കഴിക്കുക, വൈന്‍ കുടിക്കുക -ഇവയാണ് ക്രിസ്തുമതത്തിലേക്കു മാറുന്നവര്‍ ചെയ്യുന്നതെന്ന ധാരണയാണ് സ്‌കൂള്‍വിദ്യാര്‍ഥികളുടെ മനസ്സില്‍ പരന്നത്,'' ഈ ഉത്തരമാണ് എനിക്കപ്പോള്‍ ലഭിച്ചത്.

ക്രിസ്തുമതതത്ത്വങ്ങള്‍ പഠിപ്പിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഇതായിരുന്നു: ''ചിലപ്പോള്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ വലിയ ആള്‍ക്കൂട്ടത്തെ കണ്ടിരുന്നു. സ്‌കൂള്‍ ഗേറ്റിനു സമീപം നിന്ന് മിസ്റ്റര്‍ സ്‌കോട്ട് പ്രഭാഷണം നടത്തിയിരുന്നു. തെല്ലകലെനിന്ന് അദ്ദേഹത്തിന്റെ പ്രഭാഷണം ഞാന്‍ കേട്ടിരുന്നു. ചിലയാളുകള്‍ അദ്ദേഹത്തെ അപമാനിച്ചിരുന്നു. എന്നാല്‍ ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ അരികില്‍ പോയിരുന്നില്ല. പില്‍ക്കാലത്ത് എനിക്കദ്ദേഹത്തോട് വലിയ മതിപ്പാണു തോന്നിയത്. മെട്രിക്കുലേഷനുശേഷം ലണ്ടനില്‍ പോയി  പഠിക്കണമെന്ന് കുടുംബത്തിന്റെ ഒരു അഭ്യുദയകാംക്ഷി ഉപദേശിച്ചു. യാഥാസ്ഥിതികമനോഭാവക്കാരായ ചില കുടുംബക്കാര്‍ ഗാന്ധി ലണ്ടനില്‍ പഠിക്കാന്‍ പോകുന്നതില്‍ നീരസം പ്രകടിപ്പിച്ചു. വിയോജിപ്പുകളെ അവഗണിച്ച് 1888-ല്‍ മോഹന്‍ദാസ് ഗാന്ധി പഠനത്തിനായി ഇംഗ്ലണ്ടിലെത്തി. തുടക്കത്തില്‍ പരിചിതരാരും തുണയ്ക്കാനില്ലാതിരുന്നതിനാല്‍ വിഷമം നേരിട്ടു. വിക്ടോറിയ ഹോട്ടലിലായിരുന്നു താമസം. പിന്നീട് ഒരു ഇന്ത്യന്‍ സുഹൃത്ത് തേടിയെത്തിയപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടു. 

റിച്ച്മണ്‍ഡ് അപ്പാര്‍ട്ട്മെന്റിലേക്കാണ് സുഹൃത്ത് കൂട്ടിക്കൊണ്ടുപോയത്. യൂറോപ്യന്‍ ജീവിതശൈലി ശീലിച്ച ആ സുഹൃത്ത് മാംസം കഴിക്കുകയും വൈന്‍ കുടിക്കുകയും പുകവലിക്കുകയുമൊക്കെ ചെയ്തിരുന്നു. ലണ്ടനിലേക്ക് വരുംമുന്‍പ് അമ്മയുടെ മുന്‍പില്‍വെച്ചെടുത്ത പ്രതിജ്ഞ മോഹന്‍ദാസ് ഗാന്ധി സദാ ഓര്‍ത്തിരുന്നതിനാല്‍ ഇംഗ്ലീഷ് ജെന്റില്‍മാന്‍ ആകാനുള്ള ഉപദേശത്തോട് പൊരുത്തപ്പെടാനായില്ല. പ്രഭാഷണം, ഫ്രഞ്ച്, വയലിന്‍, പാശ്ചാത്യസംഗീതം ഇതിലെല്ലാം നിപുണനാകണമെന്ന ഉപദേശവും മോഹന്‍ദാസ് ഗാന്ധിക്ക് ലഭിച്ചിരുന്നു. അതുപാലിച്ച് ഇംഗ്ലണ്ടില്‍ പുലരാനാകില്ലെന്ന് സുഹൃത്ത് ഓര്‍മിപ്പിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു.

ഇന്നര്‍ ടെമ്പിള്‍ സ്ഥാപനത്തിലായിരുന്നു മോഹന്‍ദാസിന്റെ ബാരിസ്റ്റര്‍ പഠനം. ''ആരെല്ലാം താങ്കളില്‍ വിശേഷിച്ച് സ്വാധീനം ചെലുത്തി? ഇംഗ്ലണ്ട് വാസം വിശേഷിച്ച് എന്ത് പഠിപ്പിച്ചു?'', എന്ന എന്റെ ചോദ്യത്തിന് മോഹന്‍ദാസ് ഗാന്ധി മറുപടി നല്‍കുകയുണ്ടായി: ''ബ്രോംലെയിലെ ലേഡി മാര്‍ഗരറ്റ് ഹോസ്പിറ്റലിലെ ഡോ. ജോസയ്യ ഓള്‍ഡ് ഫീല്‍ഡ് എന്റെ അടുത്ത സുഹൃത്തായി മാറി. താങ്കള്‍ ക്രിസ്തുമതം സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ആ സുഹൃത്ത് ഒരിക്കല്‍ തിരക്കിയിരുന്നു. എന്റെ മതത്തെ മനസ്സിലാക്കാനാണ് ഞാന്‍ ആദ്യം ആഗ്രഹിക്കുക എന്നായിരുന്നു അതിന് നല്‍കിയ ഉത്തരം. മാഡം ബ്ലവാദ്സ്‌കി രൂപംനല്‍കിയ തിയോസഫി പ്രസ്ഥാനത്തിലേക്ക് ഡോ. ഓള്‍ഡ് ഫീല്‍ഡ് ക്ഷണിച്ചിരുന്നു. അതെന്നെ അത്രമേല്‍ സ്വാധീനിച്ചില്ല. രണ്ട് സുഹൃത്തുക്കള്‍ ഭഗവദ്ഗീതയുടെ സാരസംക്ഷേപം പറഞ്ഞുകൊടുക്കാന്‍ എന്നെ സമീപിച്ചു. സുഹൃത്തുക്കളുടെ ജിജ്ഞാസയുടെ ബലത്തില്‍ ഗീതയെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. മാഞ്ചസ്റ്ററിലെ ഒരു സുഹൃത്ത് ബൈബിള്‍ വായിച്ചുകൂടേ, അങ്ങനെ ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തുകൂടേയെന്ന് ചോദിച്ചിരുന്നു. സി.എച്ച്. സ്പര്‍ജിയോണ്‍, ആര്‍ച്ച് ഡീക്കന്‍ ഫറാര്‍ എന്നിവര്‍ നടത്തിയ പ്രഭാഷണങ്ങള്‍ കേട്ടെങ്കിലും അതെന്റെ മനസ്സില്‍ വലിയ മതിപ്പുണ്ടാക്കിയില്ല. എന്നാല്‍ ഡോ. പാര്‍ക്കറുടെ പ്രഭാഷണം എന്നെ നന്നായി ആകര്‍ഷിച്ചു. തുടര്‍ന്നുണ്ടായ ബൈബിള്‍ പാരായണത്തില്‍ 'ഗിരിപ്രഭാഷണപ്രകരണം' മനസ്സിന് ഏറെ ആഹ്ലാദം നല്‍കി. വെജിറ്റേറിയന്‍ സൊസൈറ്റിയുമായി അടുപ്പം സ്ഥാപിക്കാനായി. ഇഷ്ടരാജ്യം ഇന്ത്യതന്നെയാണ്, ലോകത്തിലെ വേറെ ഏതെങ്കിലും ഒരു രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ ഞാന്‍ ഇംഗ്ലണ്ടില്‍ കഴിയുന്നത് ഇഷ്ടപ്പെടും.''

ഇംഗ്ലണ്ടില്‍നിന്നുള്ള മടക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് മോഹന്‍ദാസില്‍നിന്ന് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു: ''എന്റെ പ്രിയമാതാവ് അപ്പോഴേക്ക് മരണപ്പെട്ടിരുന്നു. ആ വാര്‍ത്ത എന്റെ മനസ്സിനെ വല്ലാതെ നടുക്കി. എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ അമ്മ വഹിച്ച പങ്ക് വിവരിക്കാന്‍ സാധിക്കാത്തവിധം ഗണ്യമായിരുന്നു. രാജ്കോട്ടിലെത്തുംമുന്‍പ് 'ശുദ്ധി' വരുത്തുന്ന ചില ചടങ്ങുകള്‍ക്ക് ഞാന്‍ വിധേയനായി. നിലവിലുള്ള ജാതിസമ്പ്രദായമനുസരിച്ചുള്ള ചടങ്ങുകളായിരുന്നു പിന്നെ നടന്നത്. ഒരു പുരോഹിതന്റെ നേതൃത്വത്തില്‍ സ്‌നാനമന്ത്രോച്ചാരണച്ചടങ്ങുകള്‍ പൂര്‍ത്തിയായി. അതിനുശേഷമാണ് കുടുംബവീട്ടിലെത്തിയത്. രാജ്കോട്ട്, ബോംബെ കോടതികളില്‍ 18 മാസത്തോളം പ്രാക്ടീസ് ചെയ്തപ്പോള്‍ (1893-ല്‍) ദക്ഷിണാഫ്രിക്കയില്‍ ചെല്ലാനുള്ള ഒരു ക്ഷണം കിട്ടി.'' അത് മോഹന്‍ദാസിന് സ്വീകാര്യമായിരുന്നു. ''നേറ്റാളിലെ ആദ്യദിനം ആശങ്കാജനകമായി തോന്നി. ഇന്ത്യക്കാരോട് ഉദാരത പുലര്‍ത്താത്ത മനോഭാവമാണ് വെള്ളക്കാര്‍ക്കുള്ളതെന്ന് ബോധ്യമായി. ഞാനിവിടേക്ക് വന്നത് വലിയൊരു തെറ്റായിപ്പോയി. എന്റെ കക്ഷികള്‍ എന്നെ ചതിക്കുകയാണ് ചെയ്തതെന്ന് തോന്നിപ്പോയി. കക്ഷിക്കുവേണ്ടി കോടതിയില്‍ തലപ്പാവണിഞ്ഞ് പോയപ്പോള്‍ അത് ഊരിമാറ്റാന്‍ ആജ്ഞാപിച്ചു. അത് വലിയൊരു അപമാനമായി തോന്നി.''

പ്രിട്ടോറിയയിലെ കേസ് വാദിക്കാന്‍വേണ്ടി തീവണ്ടിയാത്ര ചെയ്തു. പീറ്റര്‍മാറ്റിസ്ബര്‍ഗ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിനിലെ ഗാര്‍ഡ് താങ്കള്‍ക്ക് ഈ കമ്പാര്‍ട്ട്മെന്റില്‍ യാത്ര തുടരാനാവില്ലെന്ന് അറിയിച്ചു. ഒന്നാംക്ലാസ് ടിക്കറ്റ് കൈവശമുണ്ടെന്ന് പറഞ്ഞപ്പോള്‍ വാന്‍ കമ്പാര്‍ട്ട്മെന്റിലാണ് പോകേണ്ടതെന്ന് ഗാര്‍ഡ് ഓര്‍മിപ്പിച്ചു. അത് അനുസരിക്കാതിരുന്നപ്പോള്‍ ഒരു കോണ്‍സ്റ്റബിളിനെ വിളിച്ച് ബലമായി എന്നെ തള്ളിപ്പുറത്താക്കി. സമീപത്ത് ഒരു പെട്ടി കണ്ടപ്പോള്‍ അവിടെയിരുന്ന ഒരു ഡച്ചുകാരന്‍ തനിക്ക് സൗകര്യമായി പുകവലിക്കാന്‍ അവിടെയിരിക്കണമെന്ന ആവശ്യത്തോടൊപ്പം, അയാളുടെ കാല്‍ക്കല്‍ ഇരുന്നുകൊള്ളാന്‍ പറഞ്ഞപ്പോള്‍ മോഹന്‍ദാസ് അതിന് വഴങ്ങിയില്ല. മുഖത്ത് കനത്തൊരു അടി കിട്ടി. ഇതുകണ്ട് ചില യാത്രക്കാര്‍ ഇടപെട്ടു. ദരിദ്രഭിക്ഷക്കാരന്‍ ഒറ്റയ്ക്കിരിക്കട്ടെ എന്നായിരുന്നു മര്‍ദകന്റെ പ്രതികരണം.

ഇന്ത്യയിലേക്ക് മടങ്ങണമെന്ന തീരുമാനത്തിലെത്തിയപ്പോള്‍ കക്ഷികള്‍ നേറ്റാളില്‍വെച്ച് യാത്രയയപ്പ് നല്‍കാന്‍ ഒരുക്കങ്ങള്‍ നടത്തി. ആ ഘട്ടത്തില്‍ നേറ്റാള്‍ മെര്‍ക്കുറി  പത്രത്തില്‍ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്ത കാണാനിടയായി. ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന ഒരു ബില്‍ പാസാക്കാനുള്ള ഒരുക്കത്തിലായിരുന്നു ഗവണ്‍മെന്റ്. വെളുത്തവര്‍ക്കും കറുത്തവര്‍ക്കും വേറെവേറെ പരിഗണനകള്‍ എന്നതാണ് ബില്ലിന്റെ ഉള്ളടക്കമെന്ന് ബാരിസ്റ്റര്‍ ഗാന്ധി അവിടെയുള്ളവരെ പറഞ്ഞ് മനസ്സിലാക്കി. ഇതിനുനേരേ പ്രതിഷേധമുയര്‍ന്നില്ലെങ്കില്‍ വലിയ വിപത്തുകളാണ് വരാനിരിക്കുന്നതെന്ന ഓര്‍മപ്പെടുത്തലിന് വലിയ ഗുണഫലങ്ങളുണ്ടായി. നിയമം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി ജോണ്‍ റോബിന്‍സണ്‍ ഒരുക്കമായിരുന്നില്ല. പക്ഷേ, ജനരോഷം സര്‍ക്കാരിനെ അമ്പരപ്പിച്ചു. 

ഇന്ത്യന്‍ ഒപ്പീനിയന്‍ പത്രത്തിന്റെ ആവിര്‍ഭാവം ഫിനിക്സ് ആശ്രമത്തില്‍ തുടക്കം. ഇവ ദക്ഷിണാഫ്രിക്കയില്‍ മോഹന്‍ദാസ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ധീരനൂതന ശ്രമങ്ങളായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സമൂഹത്തിന്റെ താത്പര്യസംരക്ഷണത്തിന്  ഇന്ത്യന്‍ ഒപ്പീനിയന്‍ മുന്‍ഗണന നല്‍കി. ഗുജറാത്തി, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ ഇതില്‍ വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചുവന്നു. ട്രാന്‍സ്വാള്‍ സുപ്രീംകോടതിയിലെ അറ്റോര്‍ണി എസ്.എസ്. എല്‍. പൊളാക് മനുഷ്യത്വപരമായ സേവനങ്ങളിലെല്ലാം മോഹന്‍ദാസിന്റെ വലംകൈയായിരുന്നു.

ഞാന്‍ മോഹന്‍ദാസ് ഗാന്ധിയെ കാണുന്നതും സംസാരിക്കുന്നതും ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹം തുടങ്ങിയ സഹനസമരഘട്ടത്തിലായിരുന്നു. അതിന് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു: ''തിന്മയെ സഹനത്തിലൂടെ പ്രതിരോധിക്കുക എന്ന ആശയത്തിന്റെ വിത്ത് ഇന്ത്യന്‍ തത്ത്വചിന്തയില്‍ അടങ്ങിയിട്ടുണ്ട്. ധര്‍ണയിരിക്കുക എന്നായിരുന്നു ഇതിന്റെ പ്രാചീന പ്രയോഗം. രാജാവിന്റെ ചെയ്തികള്‍ക്കെതിരേ പ്രജകള്‍ ഒന്നിച്ചുചേര്‍ന്ന് ഈ രീതി പ്രതിഷേധം അവലംബിച്ചിരുന്നു. പോര്‍ബന്ദറിന്റെ ചരിത്രത്തില്‍ ഇതിന്റെ പരാമര്‍ശമുണ്ട്. ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ പാഠപുസ്തകത്തില്‍ വായിച്ച ഒരു ഗുജറാത്തി കവിത എന്റെ മനസ്സില്‍ പതിഞ്ഞിരുന്നു. അതിന്റെ ആശയം ഇങ്ങനെയാണ്:
'ദാഹാര്‍ത്തനായ് നിങ്ങള്‍ നില്‍ക്കേ
ഒരാള്‍ കനിഞ്ഞേകി നിങ്ങള്‍ക്കല്‍പ്പം കുടിനീര്‍
പിന്നൊരു നാളയാള്‍ക്കു
തിരിച്ചു നല്‍കുന്നു നിങ്ങള്‍ ദാഹജലം
ഇതിലില്ല തെല്ലും മഹത്ത്വം
തിന്മയ്ക്കു പകരമായ് നല്‍കുമെങ്കില്‍
 നന്മകാണാം സത്യസൗന്ദര്യമവിടെ' 
                                     (കവി. ശാമള്‍ ഭട്ട്)

ഇത് ഞാന്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പരിശ്രമിച്ചു. ബൈബിളിലെ ഗിരിപ്രഭാഷണഭാഗവും എന്റെ മനസ്സിന് പ്രചോദനമേകി. തിന്മയോട് അതേ രീതിയില്‍ പ്രതികരിക്കുക. നിങ്ങളുടെ വലത്തേ കവിളില്‍ ഒരാള്‍ അടിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ഇടത്തേ കവിളും കാണിച്ചുകൊടുക്കുക. നിങ്ങളുടെ ശത്രുക്കളുടെ നന്മയ്ക്ക് വേണ്ടിയും നിങ്ങള്‍ പ്രാര്‍ഥിക്കുക. ഈ വചനങ്ങള്‍ എന്നെ ആഹ്ലാദിപ്പിച്ചു. എന്റെ വിശ്വാസത്തിന് അത് കരുത്തേകി. The Kingdom of God is Within You എന്ന ശീര്‍ഷകത്തിലുള്ള ടോള്‍സ്റ്റോയ് കൃതിയില്‍ ഞാനതിന്റെ സ്ഥായിത്വം കണ്ടെത്തി.

റഷ്യയിലെ സാമൂഹികപരിഷ്‌കര്‍ത്താവായ കൗണ്ട് ലിയോ ടോള്‍സ്റ്റോയ് എന്റെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ലളിതജീവിതം, നിര്‍ഭയമായ അഭിപ്രായപ്രകടനം, യുദ്ധത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇവയെല്ലാം എനിക്ക് പ്രചോദനമേകി. റസ്‌കിന്‍, തോറോ എന്നീ ചിന്തകരുടെ ആശയങ്ങളും എന്റെ മനസ്സിനെ ആകര്‍ഷിച്ചു. ഭഗവദ്ഗീത എന്റെ ചിന്തകള്‍ക്ക് ഉന്മേഷമേകി. ഇംഗ്ലണ്ടില്‍ നടന്ന പാസീവ് റെസിസ്റ്റന്‍സ് മൂവ്മെന്റും എനിക്ക് പ്രചോദനം നല്‍കി.

ഇന്ത്യന്‍ ഒപ്പീനിയന്‍ പത്രം ഒരു ലേഖനമത്സരം നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ളവരാണ് അതില്‍ പങ്കെടുത്തിരുന്നത്. ഠസവ 'റസഹരീ ്ശ ജമീീഹ്വവ ഞവീഹീറമൃരവ എന്നതായിരുന്നു മത്സരവിഷയം. മത്സരത്തിനെത്തിയ പ്രബന്ധങ്ങള്‍ എന്നെ വിസ്മയിപ്പിച്ചു. ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസത്തെപ്പറ്റി നടന്ന വിവാദത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ക്ക് നല്ല ഗ്രാഹ്യമുണ്ടായിരുന്നു. ഡോ. ക്ലിഫോര്‍ഡിന്റെ (ന്താഹശശ്ില) പേര് എനിക്കെന്നപോലെ മത്സരത്തില്‍പങ്കെടുത്ത ലേഖകര്‍ക്കും സുപരിചിതമായിരുന്നു. 'പാസീവ് റെസിസ്റ്റന്‍സ്' എന്ന പദപ്രയോഗം ശരിയായ വിധത്തില്‍ അര്‍ഥം ധ്വനിപ്പിക്കുന്നില്ല. തിന്മയെ സമാധാനപരമായി ചെറുത്താല്‍ മാത്രം പോരാ. തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്മ തിരിച്ചുനല്‍കണമെന്നുകൂടി ഞാന്‍ ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം ജനങ്ങളും ആ പദപ്രയോഗത്തിന്റെ ആശയം ഉള്‍ക്കൊണ്ടുകഴിഞ്ഞിരുന്നു.''ഇത്രയും കേട്ടപ്പോള്‍ ഞാന്‍ വേറൊരു ചോദ്യം ഉന്നയിച്ചു: ''ഇതൊരു ജനകീയ പ്രസ്ഥാനമാക്കി താങ്കള്‍ രൂപപ്പെടുത്തിയത് എങ്ങനെയാണ്?''

അതിന് ലഭിച്ച ഉത്തരം ഇങ്ങനെ: ''കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ നേറ്റാളിലെ പൊതുജീവിതത്തില്‍ പങ്കെടുക്കാന്‍ താത്പര്യം കാണിച്ചു. അപ്പോള്‍ ഈ സമരമാര്‍ഗം ഇവിടെ അവലംബിക്കുന്നതായിരിക്കും ഉത്തമമെന്ന് എനിക്ക് തോന്നി. അധികാരികള്‍ക്ക് സമര്‍പ്പിക്കുന്ന നിവേദനങ്ങള്‍ പരാജയപ്പെടുത്തുകയും അസംഘടിത ഇന്ത്യന്‍ സമൂഹം ഒന്നിച്ചുനില്‍ക്കുകയും ചെയ്തില്ലെങ്കില്‍ ഈ ഉദ്യമം ഫലവത്താകില്ലെന്ന് മനസ്സിലാക്കി. ഇതിനിടയിലാണ് ജോഹന്നാസ്ബര്‍ഗില്‍ ഒരു നിയമംകൊണ്ടുവന്നത്. ദി ഏഷ്യാറ്റിക് രജിസ്ട്രേഷന്‍ ആക്ടിലെ നിബന്ധനകള്‍ ഇന്ത്യന്‍ സമൂഹത്തെ രോഷാകുലരാക്കി. അതിനെ എതിര്‍ക്കാന്‍ അവര്‍ ഒരുമിച്ചുനിന്നു. അവര്‍ക്ക് പാര്‍ലമെന്റിലേക്ക് വോട്ട് ചെയ്യാനാകില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസരങ്ങളുണ്ടാകില്ല. പരാതികള്‍ കേള്‍ക്കാന്‍ ചില അധികാരികളുണ്ടാകും. ചര്‍ച്ചിന്റെ സമീപനം തണുത്തതായിരുന്നു. ഇത് സമരത്തിന് അനുയോജ്യമായ അവസരമാണെന്ന് എനിക്ക് തോന്നി. ഇക്കാര്യത്തില്‍ ഒരുമിച്ച് ചേര്‍ന്നൊരു സമരമാകണമെന്ന നിര്‍ദേശം ഞാന്‍ ജനസമക്ഷം അവതരിപ്പിച്ചു. അങ്ങനെ 1906-ല്‍ ഇന്ത്യക്കാരുടെ ഒരു വലിയ യോഗം ചേര്‍ന്നു. ഓള്‍ഡ് എംപയര്‍ തിയേറ്ററിലായിരുന്നു യോഗം. ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവിടെ ചര്‍ച്ച ചെയ്തു. ഒരു പൗരപ്രമുഖന്‍ നിര്‍ദേശമവതരിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും ചേര്‍ന്ന് ഒരു പ്രതിജ്ഞയെടുത്തു. സമാധാനപരമായ ചെറുത്തുനില്പിന് സന്നദ്ധത പ്രകടിപ്പിച്ചു. പാസീവ് എന്ന വാക്കില്‍ നിഷ്‌ക്രിയമെന്ന ധ്വനിയുണ്ടാകുമെങ്കില്‍പ്പോലും പ്രവര്‍ത്തനം സക്രിയമായിരിക്കും. എന്നാല്‍ അവിടെ അക്രമം, ഹിംസ ഇവ ഉണ്ടാകില്ല. പേശീബലത്തെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതായിരിക്കും മനോബലം. ഇത് ട്രാന്‍സ്വാളിലെ പ്രശ്‌നത്തിനും പരിഹാരമാകും. ഇന്ത്യക്കാര്‍ ദുരിതമനുഭവിച്ച് കഴിയുന്നിടത്തെല്ലാം ഈ സമരരീതി ഫലപ്രദമായി പ്രയോഗിക്കാനാകുമെന്നവരെ ബോധ്യപ്പെടുത്തി.

മോഹന്‍ദാസ് ഗാന്ധിയുടെ മതസങ്കല്പം എന്തായിരിക്കും? ഇക്കാര്യം അറിയാന്‍ എനിക്ക് വലിയ താത്പര്യമുണ്ടായിരുന്നു. ബുദ്ധമതാവലംബിയാണദ്ദേഹമെന്ന് ഒരിക്കല്‍ കേള്‍ക്കാനിടയായി. ക്രിസ്ത്യന്‍ മുഹമ്മദന്‍ ആണെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു. വിഗ്രഹാരാധകനാണെന്ന് ചിലര്‍ പറഞ്ഞു. ഓഫീസിലെ പുസ്തകങ്ങള്‍ക്കിടയില്‍ ഗണപതിയുടെ ഫോട്ടോ ഉണ്ടെന്നായിരുന്നു വേറൊരു ശ്രുതി. അതിനുള്ള മറുപടിയില്‍ പല കാര്യങ്ങളും ഒന്നിച്ചുചേര്‍ന്നിരുന്നു. ഹിന്ദുമതത്തിലെ പഴയ രേഖകളനുസരിച്ച് അതൊരു വിശുദ്ധവിശ്വാസരീതിയാണ്. വിഗ്രഹാരാധനയില്‍ നിന്നത് മുക്തമായിരുന്നു. പിന്നീട് ഭൗതികവാദത്തിന്റെ ആവിര്‍ഭാവത്തോടെ ഇന്ത്യയുടെ ആധ്യാത്മിക വിശ്വാസത്തില്‍ പല മാലിന്യങ്ങളും കടന്നുകൂടി. അവതാരവിശ്വാസം വ്യാപകമായി. അധര്‍മത്തിന് പതനം സംഭവിക്കുമ്പോള്‍ ധര്‍മസ്ഥാപനത്തിനായി ഞാന്‍ അവതരിക്കുമെന്ന് കൃഷ്ണന്‍ ഗീതയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്തുമതത്തിന് താങ്കളുടെ മതവിശ്വാസത്തില്‍ സുപ്രധാന സ്ഥാനമില്ലേ എന്നും ഞാന്‍ തിരക്കി. അതിന് ലഭിച്ച മറുപടിയില്‍ പലതും അടങ്ങിയതായി തോന്നി: ''എന്റെ വിശ്വാസത്തില്‍ ഒരു ഭാഗമാണത്. ദൈവത്തിന്റെ ശരിയായ ഒരു അരുളപ്പാട് (ിവ്വവാമറഹ്ൃ) യേശുവചനത്തിലുണ്ട്. എന്നാല്‍ എന്റെ വിശ്വാസത്തിന്റെ സിംഹാസനത്തില്‍ യേശുവിന് മാത്രമായി ഇടംനല്‍കാന്‍ എനിക്കാകില്ല. ദൈവം വീണ്ടും വീണ്ടും അവതരിക്കുന്നുവെന്ന വിശ്വാസമാണ് ഞാന്‍ വെച്ചുപുലര്‍ത്തുന്നത്. പാസീവ് റസിസ്റ്റന്‍സ് ആശയത്തിന് കരുത്തേകിയ പല ഘടകങ്ങളുണ്ട്. ഗിരിപ്രഭാഷണം, ഭഗവദ്ഗീത, ലൈറ്റ് ഓഫ് ഏഷ്യ ഇവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. തിയോസഫിയില്‍ അനേകം നല്ല കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും അതെന്നെ ആകര്‍ഷിച്ചിട്ടില്ല. ഞാന്‍ അതിന്റെ ഭാഗമായിട്ടില്ല.'' പാസീവ് റസിസ്റ്റന്‍സ് മൂവ്മെന്റിന് നല്ല പ്രചാരമുണ്ടായി. ഇന്ത്യന്‍ സമൂഹത്തെ ഏകോപിപ്പിച്ച് നിര്‍ത്താന്‍ അത് വളരെ സഹായകമായി. ഏത് മതവിഭാഗത്തില്‍പ്പെട്ടവരാണ് ആ സഹനസമരപാതയില്‍ കൂടുതല്‍ അണിചേര്‍ന്നതെന്ന് കൃത്യമായി പറയാനായിട്ടില്ല.

കാചാലിയ, ദാവദ് മുഹമ്മദ്, ബാസാഡിര്‍ എന്നിവര്‍ ഇസ്ലാംമതാവലംബികളായിരുന്നു. പാഴ്സി റസ്തംജി, സൊറാബി എന്നിവര്‍ സൊരാഷ്ട്രീയന്‍ മതവിശ്വാസികളായിരുന്നു. ജി.പി. വ്യാസ്, തമ്പി നായിഡു എന്നിവര്‍ ഹിന്ദുക്കളായിരുന്നു. അവരെല്ലാം സമരത്തില്‍ പങ്കെടുത്ത് തടവുശിക്ഷ അനുഭവിച്ചവരായിരുന്നു. അവരുടെ സേവനം നിസ്തുലമായിരുന്നു. എല്ലാവിധ വ്യത്യാസങ്ങളും മറന്ന് ജനങ്ങള്‍ ഇതില്‍ സഹകരിച്ചു. തമിഴനായ തമ്പിനായിഡുവിന് മൂന്നുതവണ തടവുശിക്ഷ കിട്ടി. അതികഠിനമായ ജോലി അയാളെക്കൊണ്ട് ചെയ്യിച്ചിരുന്നു.

രോഗാവസ്ഥയില്‍ കിടക്കുന്ന അയാളുടെ ഭാര്യയെ നമുക്കൊന്ന് ചെന്ന് കാണാമെന്ന് ഗാന്ധി നിര്‍ദേശിച്ചു. ഞാനതിനോട് യോജിച്ചു. ഞങ്ങള്‍ അങ്ങോട്ടുപോകുമ്പോള്‍ ഒരു മൗലവി പള്ളിയിലെ ഇമാമും പിന്നെ ഒരു ജൂതനും ഞങ്ങളോടൊപ്പം ചേര്‍ന്നു. അതൊരു അപൂര്‍വ സംഗമമായിരുന്നു. രണ്ട് മുസല്‍മാന്മാര്‍, ഒരു ഹിന്ദു, ഒരു ജൂതന്‍ - ഇവര്‍ ചേര്‍ന്നാണ് ആ വീട്ടിലെത്തിയത്. മകന്റെ സഹായത്തോടെ അവര്‍ (തമ്പിനായിഡുവിന്റെ ഭാര്യ) എഴുന്നേറ്റു. അവര്‍ കണ്ണീര്‍ വാര്‍ത്തു. വിരലുകള്‍ക്കിടയിലൂടെ കണ്ണീര്‍ത്തുള്ളികള്‍ താഴെ വീണു. പ്രസവനാള്‍ അടുത്ത സന്ദര്‍ഭമായിരുന്നു അത്. ഞങ്ങള്‍ അവരുടെ മുമ്പില്‍ വണങ്ങിനിന്നു. മൗലവി അപ്പോള്‍ ഉര്‍ദുവില്‍ സംസാരിച്ച് ആശ്വാസമേകി. അവരുടെ ക്ഷേമത്തിനായി ഞങ്ങള്‍ക്കാവുന്നത് ചെയ്യുമെന്ന് സമാധാനിപ്പിച്ചു. വംശ, മതവ്യത്യാസങ്ങളുടെ അതിരുകളെ ദൈവശക്തി പരിഹസിച്ചുനിന്ന നിമിഷമായിട്ടാണ് ഞങ്ങള്‍ക്കത് അനുഭവപ്പെട്ടത്. കിപ്ലിങ് കവിതയിലെ പുരാണ്‍ ഭഗതിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു മിസ്റ്റര്‍ ഗാന്ധിയുടെ ജീവിതം. '

Content Highlights : MK Gandhi biography by Joseph J Doke Translated by Dr Arsu