മിസോറാമിലെ ഐസ്വാളില്‍ ആരംഭിച്ച തെരുവ് വായനശാലകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരങ്ങള്‍. ജനങ്ങള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക ഭരണകൂടം തെരുവുകളില്‍ 'മിനി റോഡ്‌സൈഡ് വായനശാലകള്‍' ആരംഭിക്കുന്നത്. ഇതോടെ തെരുവുകളില്‍ നിരവധി ഭംഗിയുള്ള ബുക്ക്‌ഷെല്‍ഫുകളൊരുങ്ങി. തെരുവ് വായനശാലകളെ ജനങ്ങളേറ്റെടുത്തതോടെ പരിപാടി വന്‍ വിജയമായി മാറി 

യാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിനിടെ ഇവിടെ നിന്ന് ആവശ്യാനുസരണം പുസ്തകങ്ങളെടുത്ത് വായിക്കാം. താല്‍പര്യമുള്ളവര്‍ക്ക് വായനശാലകളിലേക്ക് പുസ്തകം സംഭാവന ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു പുസ്തകം എടുക്കൂ; ഒരു പുസ്തകം നിക്ഷേപിക്കൂ എന്നതാണ് ഈ ഉദ്യമത്തിന്റെ മുദ്രാവാക്യം. ഈ വായനാമുന്നേറ്റത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഐസ്വാളിന്റെ ഈ മാതൃക ഇന്ത്യയിലെ എല്ലാ നഗരങ്ങളും പിന്തുടരണമെന്ന് ഐ.എഫ്.എസ് ഓഫീസറായ പ്രവീണ്‍ കുമാര്‍ ട്വീറ്റ് ചെയ്തു. രാഷ്ട്രനിര്‍മ്മാണത്തിനുള്ള ഏറ്റവും മികച്ച നിക്ഷേപം വായനശാലകളാണെന്നും മിസോറാം രാജ്യത്തിന് തന്നെ ദിശ കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തെരുവുകളില്‍ നിന്ന് ആളുകള്‍ പുസ്തകം വായിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വായനക്കൊപ്പം തന്നെ ആളുകള്‍ പുസ്തകം സംഭാവന ചെയ്യാനും എത്തുന്നുണ്ടെന്നും പോസ്റ്റുകളില്‍ പറയുന്നു. തെരുവ് വായനശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടങ്ങള്‍ സംസ്ഥാനത്ത് പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കമാവുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും അമൂല്യമായ സമ്പത്ത് പുസ്തകങ്ങളാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ചില ട്വീറ്റുകള്‍.

Content Highlights: Mizoram’s Aizawl Has A Mini Roadside Library Where People Can Read Books For Free