അമൃത മഹാലെയുടെ 'മില്‍ക്ക് ടീത്ത്' ഒരു മാട്ടുംഗക്കഥയാണ്; ബോംബെയില്‍നിന്ന് മുംബൈയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന നഗരസ്വത്വമാണിവിടെ പശ്ചാത്തലം. പഴയ അമോല്‍ പലേകര്‍ സിനിമകളിലേതുപോലുള്ള 'ബോംബെ' നഗരത്തിന്റെ വശ്യത മുഴുവന്‍ അമൃതയുടെ അക്ഷരങ്ങളില്‍ വഴിയുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് മുമ്പുള്ള പ്രേമങ്ങളുടെ വഴികള്‍ കുറിച്ചിടുന്ന, തിരക്കുകള്‍ക്കിടയില്‍ ജീവിതം കണ്ടെത്തുന്ന ചെറിയ, വലിയ മനുഷ്യരുടെ ജീവിതവിഹ്വലകള് ചാലിക്കുന്ന, വായനാസുഖം ഒരുപാടുള്ള, ഈ നോവല്‍ കന്നിപ്പുസ്തകമാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. അത്രയ്ക്ക് ചാരുതയോടെ ഒതുക്കത്തോടെയാണ് തന്റെ വിഷയത്തെ ഉള്ളോട് ചേര്‍ത്തുപിടിച്ചുകൊണ്ട് അമൃത മഹാലെ എഴുതുന്നത്.
അയല്‍വാസികളും ബാല്യകാല സുഹൃത്തുക്കളുമായ ഐരയും കാര്‍ത്തിക്കും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണിത്. അതിന്റെ പിന്നാമ്പുറങ്ങളിലെല്ലാം എരിഞ്ഞുതീരാറായ ജീവിതങ്ങളുടെ ഭൂപടങ്ങളും. എല്ലാത്തിലും ഇടപെടുന്ന അച്ഛനമ്മമാരും അവര്‍ മക്കളില്‍ വളര്‍ത്തിയിട്ടുള്ള ജീവിതവിജയങ്ങളോടുള്ള അതിരുകടന്ന ആവേശവും മധ്യവര്ത്തിശീലങ്ങളും നിയമങ്ങളും നിയന്ത്രിക്കുന്ന ജീവിതങ്ങളില്‍നിന്ന് കെട്ടുപൊട്ടിച്ചോടാനുള്ള ത്വരയും അതിന് തടസ്സമായി നില്ക്കുന്ന ഉത്തരവാദിത്വബോധവും മറ്റും അതിസൂക്ഷ്മമായി വരച്ചുകാണിക്കുമ്പോള്‍ ആദ്യ നോവലെഴുത്തില്ത്തന്നെ അമൃത മഹാലെ വെന്നിക്കൊടി പാറിച്ചു എന്ന് പറയാന്‍ മറ്റൊരു കാരണംകൂടിയുണ്ട്. ഒരു പൈങ്കിളിക്കഥയോ, ഒരു വിഷയാധിഷ്ഠിത നയപ്രഖ്യാപനമോ ആയി വഴുതി വീഴാന്‍ കഥയുടെ ഓരോ തിരിവിലും സാധ്യത വളരെയുണ്ടായിരുന്ന ഒരു ആഖ്യാനത്തെ ഗൗരവമുള്ള എഴുത്തിന്റെ തലത്തിലേക്ക് എത്തിക്കാന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു. തൊണ്ണൂറുകളില്‍ മുംബൈ നഗരം കടന്നുപോയ ബൃഹത്തായ മാറ്റങ്ങളും അതിന്റെ തീയില്‍ നിറംമാറിയ ജീവിതങ്ങളും ഉള്ക്കൊണ്ടെഴുതാനും അമൃതയ്ക്ക് കഴിഞ്ഞു. സമൂഹം എഴുതിയ കരിനിയമങ്ങള്‍ കോടതികള്‍ കീറിയെറിയുന്ന കാലത്തുതന്നെ ഈ നോവല്‍ ഇറങ്ങുന്നത് അതിന്റെ വായനയുടെ അര്‍ത്ഥതലങ്ങള്‍ക്ക് ആഴം കൂട്ടുന്നു.
അബ്ദുള്ള ഖാന്റെ 'പട്ന ബ്ലൂസ്' പറയുന്നത് മാറുന്ന പട്ന പട്ടണത്തിന്റെ കഥയാണ്. തൊണ്ണൂറുകളില്‍ മതതീവ്രതയുടെ ഒരു കൊടുങ്കാറ്റില്‍ ഇന്ത്യയുടെ ചരിത്രം വഴിമാറിയൊഴുകിയപ്പോള്‍ അതില്‍ പെട്ടുപോയ പലരെയും പോലെ ഹിന്ദു ഭൂരിപക്ഷ പ്രദേശത്തു താമസിക്കുന്ന ആരിഫ് എന്ന ചെറുപ്പക്കാരന്റെ കുടുംബവും അതിന്റെ അനുഭവങ്ങള്‍ ഏറ്റുവാങ്ങി. സത്യസന്ധനും ഉത്തരവാദിത്വബോധമുള്ളവനുമായ പോലീസ് സബ് ഇന്‍സ്പെക്ടറായ അച്ഛന്, അഭിനേതാവാകാന്‍ ആഗ്രഹിക്കുന്ന അനുജന് സക്കീര്‍, ഐ.എ.എസ്. നേടാന്‍ പരിശ്രമിക്കുന്ന ആരിഫ്, അവരുടെ മറ്റു കുടുംബാംഗങ്ങള്‍ എന്നിവരുടെ ജീവിതം കടന്നുപോകുന്ന പരാജയത്തിന്റെ വഴികള്‍, തങ്ങള്‍ വ്യത്യസ്തരാണ് അഥവാ, മറ്റുള്ളവരെപ്പോലെയല്ലാതെയായി എന്ന തിരിച്ചറിവ് കൊണ്ടുവരുന്ന സംഭവങ്ങള്‍. അതിനിടയില്‍ ആരിഫിന് വിവാഹിതയായ ഒരു ഹിന്ദു യുവതിയോട് തോന്നുന്ന കൊടുമ്പിരിക്കൊണ്ട ഇഷ്ടം, അതവന്റെ ജീവിതലക്ഷ്യങ്ങളെ മാറ്റിമറിക്കുന്നതെങ്ങനെ, തുടങ്ങി ഇരുന്നൂറില്‍പ്പരം പേജുകളില്‍ പരന്നുകിടക്കുന്ന നോവല്‍ സംഭവബഹുലം തന്നെയാണ്. പട്ന നഗരത്തെ ഇത്ര കൃത്യമായി രേഖപ്പെടുത്തിയ ഇന്ത്യന്‍ നോവലുകള്‍ വിരളമാണ്. കഥയുടെ പശ്ചാത്തലത്തില്‍ പരാമര്‍ശിച്ചുപോകുന്ന മനോഹരമായ മിത്തുകളും സന്ദര്‍ഭത്തിനൊത്ത് ചേര്‍ത്തിട്ടുള്ള പ്രണയാര്‍ദ്രമായ ഉര്‍ദു കവിതകളും എഴുത്തിന്റെ അന്തരീക്ഷത്തിന് വല്ലാത്ത വശ്യത ഉളവാക്കുന്നു. ഇതില്‍ ചില കവിതകള്‍ നോവലിസ്റ്റിന്റെ തന്നെയാണ് എന്നറിയുന്നു. ചിലയിടത്തൊക്കെ നോവലിന് അടുത്ത പടിയായി ഒരു ബോളിവുഡ് അരങ്ങേറ്റം എന്ന മോഹം ഒളിഞ്ഞിരിക്കുന്നു എന്ന് തോന്നിക്കുമെങ്കിലും ആസ്വാദ്യമായ വായനാനുഭവം.
ഹന്സ്ട സൗവേന്ദ്ര ശേഖര്‍ രചിച്ച 'മൈ ഫാദേഴ്സ് ഗാര്ഡന്' നോവലെന്ന വ്യാഖ്യാനത്തില്‍ ഒതുങ്ങുന്ന പുസ്തകമല്ല. അതൊരു ഓര്മക്കുറിപ്പെന്നോ, നീണ്ടകഥകളുടെ സമാഹാരമെന്നോ ഒക്കെ വിളിക്കാമെന്നു തോന്നുന്നു. ഗോത്രവര്‍ഗ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആംഗലേയത്തില്‍ നേരിട്ട് കുറിച്ച് ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനാണ് ശേഖര്‍, എന്നു മാത്രമല്ല പൊതുധാരയില്‍ നിലനില്‍ക്കുന്ന ഗോത്രവര്‍ഗ ജീവിതചിത്രങ്ങള്‍ മാറ്റിയെഴുതാനും അവയിലെ രാഷ്ട്രീയം തുറന്നു പറയാനും മടിയില്ലാത്ത തൂലികയുമാണത്. ഈ പുസ്തകം പറയുന്നത് പേരില്ലാത്ത ഒരു യുവ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ കഥയാണ്. 'ലവര്', 'ഫ്രണ്ഡ്', 'ഫാദര്‍' എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി പറഞ്ഞുപോകുന്ന ഉത്തമ പുരുഷാഖ്യാനമാണ് ശേഖര്‍ സ്വീകരിച്ചിട്ടുള്ളത്. വിദ്യാര്‍ഥിജീവിതകാലത്തെ വിലക്കപ്പെട്ട സ്നേഹത്തിന്റെ കഥയാണ് ആദ്യത്തേതെങ്കില്, രണ്ടാമത്തേത് ഒരു ചെറിയ ആശുപത്രിയില്‍ ജോലി നേടി ചെല്ലുമ്പോള്‍ അവിടെവച്ച് കഥാപുരുഷന് നേരിടുന്ന ജീവിതാനുഭവങ്ങളാണ്. കാണുമ്പോലെയല്ല എല്ലാമെന്ന് അവിടെ അയാള്‍ മനസ്സിലാക്കുന്നു. മൂന്നാം വിഭാഗത്തില്‍ ഗോത്രവര്‍ഗ ചരിത്രവും ഝാര്‍ഖണ്ഡ് പ്രക്ഷോഭവും കോര്‍ത്തിണക്കി അവതരിപ്പിക്കാന്‍ കഥാപുരുഷന്റെ രണ്ട് മുന്‍ തലമുറകളെപ്പറ്റിയും ഇവരെല്ലാം തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയും എഴുതിയിരിക്കുന്നു. ശേഖറിന്റെ പുസ്തകങ്ങള്‍, പ്രത്യേകിച്ച് 'ആദിവാസി വില്‍ നോട്ട് ഡാന്‍സ്', വായിച്ചിട്ടുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ തനതു ശൈലിയുടെ സൗകുമാര്യം അറിയാം. അത് ഒട്ടും ചോര്‍ന്നുപോകാതെ ഈ പുസ്തകത്തിലും അങ്ങനെതന്നെയുണ്ട്. വായിച്ചിരിക്കേണ്ട ഒരു പുസ്തകം.
ശരണ്യ മണിവണ്ണന്റെ 'ദ ക്വീന്‍ ഓഫ് ജാസ്മിന് കണ്ട്രി' വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിലെ പന്ത്രണ്ട് ആഴ്വാമാരില് ഒന്‍പതാമത്തേതായ കവയിത്രി 'ആണ്ടാളി'ന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള നോവലാണ്. 'കോതൈ' എന്ന പെണ്‍കൊടിയുടെ ആണ്ടാളിലേക്കുള്ള പ്രയാണമാണ് കവിതതുളുമ്പുന്ന ഭാഷയില്‍ ഈ പുസ്തകത്തിലൂടെ ശരണ്യ രേഖപ്പെടുത്തുന്നത്. ശിശുവായിരിക്കെ, ഉപേക്ഷിക്കപ്പെട്ട കോതൈയെ എടുത്തുവളര്‍ത്തുന്നത് 'വിഷ്ണുചിത്തന്' എന്ന ഭക്തകവിയായ ബ്രാഹ്മണനാണ്. ഭക്തികൊണ്ട് ഈശ്വരനെ വരെ കീഴ്പ്പെടുത്തുന്ന ആണ്ടാളായി അവള് മാറുന്നതിനിടെ ആ പെണ്‍കൊടി കടന്നുപോകുന്ന ജീവിതവഴികള്‍ എപ്പോഴും സുഖകരമല്ല. എന്നാല്‍, ആ കാലഘട്ടത്തിലും അവള് അക്ഷരം പഠിക്കുന്നുണ്ട്, എഴുതുന്നുണ്ട്, ജാതിയെന്തെന്ന് അറിയാത്ത അവള് ബ്രാഹ്മണത്വം നിറഞ്ഞ പശ്ചാത്തലത്തില്‍ വളരുന്നുണ്ട് എന്നൊക്കെ കഥയിലെഴുതുമ്പോള്‍, പില്ക്കാലത്ത് പ്രചുരപ്രചാരം നേടിയ ദുരാചാരങ്ങളെ ഈ ആഖ്യാനത്തിലൂടെ വ്യംഗ്യത്തില്‍ എഴുത്തുകാരി ചോദ്യം ചെയ്യുന്നുണ്ട്. സ്ത്രീയുടെ ലൈംഗിക തൃഷ്ണ, സ്ത്രീയെന്നനിലയിലുള്ള സ്വത്വം, അങ്ങനെ പലതും പില്ക്കാലത്ത് അരുതുകളുടെ പട്ടികയിലേക്ക് നീങ്ങിയത് എങ്ങനെ എന്ന് അന്വേഷിക്കുന്നുണ്ട്. ചരിത്രവും ഇതിഹാസവും പറഞ്ഞുതരാത്ത കഥകള്‍ ഭാവനയില്‍ കണ്ടെഴുതുന്നുണ്ട് ശരണ്യ. ആണ്ടാള്‍ കഥകളുടെ നീണ്ട പട്ടികയിലേക്ക് വായനക്ഷമത തികച്ചുമുള്ള മറ്റൊരു സമകാലിക സംഭാവന.
Content Highlights: milk teeth, the queen of jasmine country, patna blues, my father's garden, Amrita Mahale, sharanya manivannan, Abdullah Khan, Hansda Sowvendra Shekhar