ലയാളം കേവലമൊരു ഭാഷ മാത്രമല്ല, അത് മനുഷ്യജാലങ്ങളുടെ ജീവിതക്രമത്തിന്റെ താളാത്മകമായ ആവിഷ്‌കാരം കൂടിയാണെന്ന്, നമ്മുടെ നാട്ടിലെ ഇതരസംസ്ഥാനക്കാര്‍ തെളിയിക്കുകയാണ്... തൊഴില്‍തേടി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ ചേക്കേറുന്നവര്‍ക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ ഒരുക്കിയ വിലപ്പെട്ട സമ്മാനമായി മലയാളം മാറുന്നു. ഇതിനായി നൂറുകണക്കിന് സാക്ഷരതാ പ്രവര്‍ത്തകര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സന്നദ്ധസംഘടനകളും മറുനാടന്‍ മലയാളികള്‍ക്ക് തുണയായി അവരെ മലയാളഭാഷയിലേക്ക് നയിക്കുന്നു. 

മലയാളം പഠിച്ചുതുടങ്ങിയതോടെ 'ഭായി'മാരുടെ കെട്ടിലും മട്ടിലും പെരുമാറ്റത്തിലും കാതലായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല. മുമ്പ് ഭായിമാര്‍ക്കെല്ലാം ഒരേ ഛായയായിരുന്നു. പക്ഷേ, നമ്മുടെ മാതൃഭാഷ അവരെ വൈവിധ്യവത്കരിച്ചു. 'ഭായി'യെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ തെളിയുന്ന ഒരു രൂപമുണ്ട്. ഹുക്ക വലിച്ച് കലങ്ങിയ കണ്ണുകള്‍, മുഷിഞ്ഞുതുടങ്ങിയ ബര്‍മുഡ, കരിയും പുകയും ചളിയും പടങ്ങള്‍ വീഴ്ത്തിയ ടി-ഷര്‍ട്ട്. ഇതിനൊക്കെ പുറമെ, ഒരു അലങ്കാരത്തിനായി കടുത്ത നിറത്തിലുള്ള കൂളിങ് ഗ്ലാസ്, വിലകൂടിയ മൊബൈല്‍ഫോണ്‍... ഈ വേഷത്തില്‍ എവിടെ വേണമെങ്കിലും കയറിച്ചെല്ലാമെന്ന ബോധമാണിവര്‍ക്ക്. അതിനൊക്കെയാണ് മാറ്റം സംഭവിക്കുന്നത്. മറ്റുള്ളവരെ ബഹുമാനിക്കാനും ചിരിക്കാനും അവര്‍ പഠിച്ചു. റോഡിനു നടുവിലൂടെ നടക്കുക, കാണുന്നിടത്തൊക്കെ തുപ്പുക എന്നിങ്ങനെയുള്ള 'കലാപരിപാടികള്‍' അവര്‍ നിര്‍ത്തിത്തുടങ്ങി. 

കേരളത്തില്‍ ഏറ്റവുമധികം പ്ലൈവുഡ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂരിലാണ് ഇതരസംസ്ഥാനക്കാര്‍ കൂടുതലുള്ളത്. ഒന്നരലക്ഷത്തോളം പേരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി പെരുമ്പാവൂരിലേക്കുള്ള ബസില്‍ കയറിപ്പറ്റുന്ന ഭായിമാരുടെ ഒരുദിവസത്തെ കണക്കെടുത്താല്‍ ആ ഒഴുക്കിന്റെ ശക്തി ബോധ്യപ്പെടും. ഞായറാഴ്ചകളില്‍ ഭായിമാര്‍ക്ക് കൂട്ടുകൂടി 'അടിച്ചുപൊളിക്കാന്‍'  ഒരു 'ഭായ്ബസാര്‍' തന്നെ പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഈ ബസാര്‍ നമ്മുടെ നാട്ടുകാര്‍ക്ക് കൗതുകമാണ്. പെട്ടെന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനത്തു ചെന്ന പ്രതീതിയുളവാക്കുന്നതാണ് ബസാര്‍. വിവിധ വസ്തുക്കളുടെ കച്ചവടങ്ങള്‍ ഇവിടെ നടക്കുന്നു. തയ്യല്‍ക്കട മുതല്‍ പച്ചകുത്തുകട വരെ കാണാം. ഹിന്ദുസ്ഥാനി സംഗീതം ഒഴുകുന്ന സി.ഡി. കടകള്‍ കാണാം. പാട്ടുപാടിക്കൊണ്ടാണ് ഭായിമാര്‍ പാട്ടുവില്‍ക്കുന്നത്. ചുണ്ടിന്റെ ഒരുകോണില്‍ 'ചൈനി കെയ്‌നി'യെന്ന ബീഡി കത്തിച്ചുവെച്ച്, കറപിടിച്ച പല്ലുകള്‍ കാട്ടി അവന്‍ പാടുന്നു: 'മെം ശായര്‍ തോ നഹി..., മഗര്‍ മേം ഹസി..., ജബ് തേ ദേഖാ, മേം നേ തുച്ഛ് കോ മുച്ഛ് കോ ശായരി... ആഗയി...' ('ഞാന്‍ കവിയല്ല. പക്ഷേ, എനിക്ക് കവിഹൃദയമുണ്ട്. നിന്നെ കണ്ടപ്പോള്‍ മുതല്‍ എന്നില്‍ കവിത തുളുമ്പുന്നു...' എന്ന് സാരം.)

ഹമാരി മലയാളം 

മുമ്പ് പറഞ്ഞതിന്റെ തുടര്‍ച്ച തന്നെയാണ് ഭായിമാര്‍ക്ക് പിന്നെയും പറയാനുള്ളത്: 'മേം ദുശ്മന്‍ തോ മഹീ...' 'എല്ലാവരും കരുതുന്നതുപോലെ ഞങ്ങള്‍, ഇതരസംസ്ഥാനക്കാര്‍, നിങ്ങളുടെ ശത്രുക്കളല്ല. സഹജീവികള്‍ തന്നെ. മലയാളികളായ നിങ്ങള്‍ സാധനങ്ങളുടെ വില കൂട്ടിപ്പറഞ്ഞും ബസില്‍ ബാക്കി കൊടുക്കാതെയും ഹോട്ടലില്‍ മോശപ്പെട്ട ഭക്ഷണം നല്‍കിയും ഞങ്ങളെ പറ്റിക്കരുത്...' 

ഈ പ്രശ്നം പരിഹരിക്കാനാണ് സാക്ഷരതാ മിഷന്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ച 'ഹമാരി മലയാളം' എന്ന പുസ്തകം. അരി, പരിപ്പ്, ഗോതമ്പ്, ചായ, കാപ്പി, തുടങ്ങിയ നിത്യോപയോഗ വസ്തുക്കളെ മലയാളിത്തിലൂടെ അവര്‍ക്ക് നമ്മുടെ ഭാഷ പഠിച്ചെടുക്കാനുള്ള അവസരമാണ് 'ഹമാരി മലയാളം' എന്ന പുസ്തകം നല്‍കുന്നത്. 

മിഷന്‍ പരിശീലനം നല്‍കിയ ഇന്‍സ്ട്രക്ടര്‍മാര്‍, എല്ലാ അവധി ദിവസങ്ങളിലും പ്ലൈവുഡ് ഫാക്ടറികളിലെത്തി, അവിടത്തെ തൊഴിലാളികളെ ഈ പാഠ്യപദ്ധതി പഠിപ്പിക്കുന്നു. 'ചങ്ങാതി' എന്ന പേരില്‍ ആവിഷ്‌കരിച്ച, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പരിപാടി ഒരു പരീക്ഷണമെന്ന നിലയ്ക്ക് നടപ്പാക്കാന്‍ പെരുമ്പാവൂരാണ് തിരഞ്ഞെടുത്തത്. ഇവര്‍ക്കുള്ള പരീക്ഷയും കഴിഞ്ഞയാഴ്ച നടന്നു. 568 ഇതരസംസ്ഥാനക്കാര്‍ പരീക്ഷയെഴുതി.  

ചാവല്‍, റൊട്ടി, ദാല്‍, ദോശ, പുട്ട്, കടല, ഇടിയപ്പം, പൊറോട്ട തുടങ്ങിയ ഭക്ഷണവസ്തുക്കള്‍ മലയാളത്തില്‍ പഠിപ്പിക്കുന്ന സിലബസ് ആയതിനാല്‍ സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണ് ഈ ക്ലാസുകള്‍ ഭായിമാര്‍ ശ്രദ്ധിച്ചിരിക്കുന്നതെന്ന് പരിശീലകര്‍ പറയുന്നു.

other state students
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ മലയാളം പരീക്ഷയില്‍ നിന്ന്

ആകര്‍ഷകമാണ് 'ഹമാരി മലയാള'ത്തിന്റെ കെട്ടും മട്ടും. നേരിട്ട് അക്ഷരങ്ങളിലേക്കു കടക്കുകയല്ല, ഈ പുസ്തകത്തില്‍. മറിച്ച്, ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെടുത്തി എളുപ്പത്തില്‍ മലയാളം സ്വായത്തമാക്കാന്‍ കഴിയുംവിധമാണ് പുസ്തകത്തിന്റെ ഘടന. ഭക്ഷണം, ആരോഗ്യം, യാത്ര, തൊഴില്‍സാമഗ്രികള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി അവര്‍ നിരന്തരം ബന്ധപ്പെടുന്ന മേഖലയെ അടിസ്ഥാനമാക്കിയാണ് അധ്യായങ്ങള്‍.  

ഭാഷയ്ക്കൊപ്പം ഗണിതവും സരസമായി പഠിപ്പിക്കുന്ന പുസ്തകത്തില്‍ ആകര്‍ഷകമായ ചിത്രങ്ങളുമുണ്ട്. ഓരോ അധ്യായത്തിലും മലയാളം പ്രയോഗിക്കാനുള്ള രസകരമായ പാഠ്യപ്രവര്‍ത്തനവുമുണ്ട്. 'റ' എഴുതിയാണിവര്‍ മലയാളത്തിന്റെ ലോകത്തേക്കു കടക്കുന്നത്. നാലുമാസം കൊണ്ട് തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കാന്‍ സാധിച്ചു. ആഴ്ചയില്‍ അഞ്ചു മണിക്കൂറാണ് ക്ലാസ്. വിദ്യാകേന്ദ്രങ്ങള്‍, ലൈബ്രറികള്‍, സ്‌കൂളുകള്‍, മറ്റു പൊതുസ്ഥാപനങ്ങള്‍, തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവയാണ് പഠനകേന്ദ്രങ്ങള്‍.

സ്‌കൂളിലെ മലയാളം 

ഇതരസംസ്ഥാനക്കാരുടെ കുട്ടികള്‍ പഠിക്കുന്ന കേരളത്തിലെ സ്‌കൂളുകളില്‍ സര്‍വശിക്ഷാ അഭിയാന്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. മലയാളഭാഷാ പഠനം ഇവര്‍ക്ക് നിര്‍ബന്ധമല്ലെങ്കിലും മറ്റു വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഇതരസംസ്ഥാന അധ്യാപകരെ എസ്.എസ്.എ. നിയമിച്ചിട്ടുണ്ട്. കണക്ക്, സയന്‍സ്, സാമൂഹ്യപാഠം, എന്നിങ്ങനെയുള്ള വിഷയങ്ങളുടെ പുസ്തകങ്ങള്‍ മലയാളത്തിലായതിനാല്‍ കുട്ടികള്‍ക്ക് വായിച്ചു മനസ്സിലാക്കാനാവില്ല. ഇതരഭാഷാ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപകരുടെ എണ്ണവും കൂട്ടി.

ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നുള്ള ശാമുലി, ഹമീദാഹാത്തു എന്നിങ്ങനെ രണ്ടുപേര്‍ പെരുമ്പാവൂര്‍ കണ്ടന്തറ ഗവ. യു.പി. സ്‌കൂളില്‍ ഇതരഭാഷാ അധ്യാപികമാരായുണ്ട്. ഇവിടെ ആകെയുള്ള 180 വിദ്യാര്‍ഥികളില്‍ 80 പേര്‍ ഇതരസംസ്ഥാനക്കാരാണ്. പെരുമ്പാവൂരിന് സമീപത്തെ വടക്കേ വാഴക്കുളം ഗവ. യു.പി. സ്‌കൂളിലെ ഇതരഭാഷാ അധ്യാപിക ഹസീന, കഴിഞ്ഞ നാലുകൊല്ലമായി കുട്ടികളുടെ ദ്വിഭാഷിയായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ നന്നായി മലയാളം എഴുതാന്‍ പഠിച്ചുവെന്നതും നേട്ടമായി. 

other state students
കുട്ടികളെ മലയാളം പഠിപ്പിക്കുന്ന ബംഗാളി അധ്യാപിക ഹസീന

ഇതരഭാഷക്കാരുടെ ബാഹുല്യം കണക്കിലെടുത്ത്, ഇവരുടെ ഭാഷയില്‍ത്തന്നെ പുസ്തകങ്ങള്‍ അച്ചടിച്ച് നല്‍കണമെന്ന ആവശ്യവും അധ്യാപകര്‍ മുന്നോട്ടു വയ്ക്കുന്നു. പഠനം സുഗമമാക്കാന്‍ ഇതാണ് പോംവഴി. മൂന്നുകൊല്ലം കഴിയുമ്പോഴേക്കും ആയിരത്തില്‍പ്പരം മറുനാടന്‍ കുട്ടികളെങ്കിലും കേരളത്തില്‍ എസ്.എസ്.എല്‍.സി. കഴിഞ്ഞ് പുറത്തുവരും. 

പഠനത്തിലെ പ്രശ്നങ്ങള്‍ 

ഭായിമാരുടെ നാട്ടില്‍പ്പോക്കും വരവുമൊക്കെ തോന്നിയപോലെയെന്ന മട്ടിലാകുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. മാതാപിതാക്കള്‍ ജന്മദേശത്തു പോയാല്‍ കൂടെപ്പോകുന്ന കുട്ടികള്‍ ചിലപ്പോള്‍ ആറുമാസം കഴിഞ്ഞിട്ടൊക്കെയാണ് മടങ്ങിയെത്തുക. ഇത്രയുംനാള്‍ സ്‌കൂള്‍പഠനം മുടങ്ങും. അതുവരെ പഠിച്ചതെല്ലാം മനസ്സില്‍നിന്നുമായും. നാട്ടില്‍പ്പോയി ഒരുകൊല്ലം സ്‌കൂളില്‍ പോകാതെ നടന്ന് തിരിച്ചെത്തി, വീണ്ടും ഇവിടത്തെ സ്‌കൂളില്‍ ചേരുന്ന കുട്ടികളുമുണ്ട്. ഇതിനൊക്കെ ശരിയായ തോതില്‍ പരിഹാരം കാണണം.  മക്കളുടെ വിദ്യാഭ്യാസത്തില്‍ അത്രയൊന്നും ശ്രദ്ധിക്കാത്ത ഇതരസംസ്ഥാനക്കാരെ പഠനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തണം. സര്‍വശിക്ഷാ അഭിയാനും സാക്ഷരതാ മിഷനും മറ്റും നേരിടുന്ന പ്രധാന വെല്ലുവിളിയാണിത്. 

'ഓര്‍മകള്‍ ഉണ്ടായിരിക്കണം' 

നമ്മുടെ കുട്ടികളും രക്ഷിതാക്കളും മാതൃഭാഷയില്‍ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, ഇതരസംസ്ഥാനക്കാര്‍ മലയാളം പഠിക്കാന്‍ പാടുപെടുന്നതെന്ന് ഓര്‍മിക്കണം... അവര്‍ അവരുടെ മാതൃഭാഷയെ സ്നേഹിക്കുന്നതുപോലെ മലയാളികള്‍ ചെയ്യുന്നില്ലെന്നതാണ് സത്യം. ഇതരസംസ്ഥാനക്കാര്‍ നമ്മുടെ ഭാഷ പഠിച്ച് ജീവിതക്രമം മെച്ചപ്പെടുത്തുമ്പോഴേക്കും നമ്മുടെ ജീവിതശൈലികള്‍ അവരേക്കാള്‍ കഷ്ടമായേക്കുമെന്ന ആശങ്കയും ഉയരുന്നു. ഭാഷ, പറയാനും എഴുതാനും മാത്രമല്ല, ആചരിക്കപ്പെടേണ്ടതുകുടിയാണെന്നുള്ള തിരിച്ചറിവിലേക്ക് നമ്മുടെ കുട്ടികളും എത്തണമെന്ന്, അധ്യാപകരും ഈരംഗത്തെ ഉന്നതരും ഒരേ സ്വരത്തില്‍ പറയുന്നു.