ഒരു ദിവസം എന്റെയടുക്കൽ ഗാബോ പമ്മിപ്പമ്മി വന്നു. പിന്നെ ഒരപേക്ഷയാണ്, എന്നെയെന്തായാലും വിവാഹം കഴിക്കണം. താണുകേണുള്ള ആ വിവാഹാഭ്യർഥന കേട്ട് ഞാൻ അന്തംവിട്ടുപോയി. അല്പം പരിഭ്രമമൊക്കെ വന്നെങ്കിലും അപ്പോൾത്തന്നെ സമ്മതം കൊടുത്തു- തീർച്ചയായും ഞാൻ വിവാഹം ചെയ്യാം. ദിവസമോ വർഷമോ ഓർത്തുവയ്ക്കാൻ മാത്രം പ്രായം ഞങ്ങൾക്കില്ലായിരുന്നു. അദ്ദേഹത്തിന് പതിനെട്ടും എനിക്ക് പതിമൂന്നും. പക്ഷേ ഒരാൾക്ക് മറ്റൊരാൾക്കു വേണ്ടി എത്രകാലം വേണെമങ്കിലും കാത്തിരിക്കാം എന്നുതെളിയിച്ചുകൊണ്ട് പത്തുവർഷത്തിനുശേഷം ഞാൻ വാക്കുപാലിച്ചു. അദ്ദേഹത്തെ തന്നെ വിവാഹം ചെയ്തു.

ഗബ്രിയേൽ ഗാർഷ്യാ മാർക്കേസ് എന്ന ലോകസാഹിത്യത്തിന്റെ ഇടംകയ്യും വലം കയ്യുമായി ഒരേപോലെ പ്രയത്നിച്ച മേഴ്സിഡസ് ബർച്ച പാഡോ നിത്യതയെ പുൽകിയിരിക്കുന്നു. മാർക്കേസിനെ ഏറ്റെടുക്കാമെന്ന് മുൻപിൻ നോക്കാതെ തലയാട്ടുമ്പോൾ പ്രായം പതിമൂന്നേ ആയിട്ടുണ്ടായിരുന്നുള്ളൂ മെഴ്സിഡസിന്. വിവാഹിതയാവുമ്പോൾ അങ്ങനെയാരും അറിയപ്പെടാത്ത ഒരു പത്രപ്രവർത്തകൻ മാത്രമാണ് മാർക്കേസ്, അല്പം നല്ല അഭിപ്രായങ്ങളൊക്കെ ലഭിച്ച 'കൊടുങ്കാറ്റില' എന്ന പുസ്തകമായിരുന്നു സാഹിത്യപരമായി അദ്ദേഹത്തിന് സമാധാനിക്കാനുണ്ടായിരുന്നത്.

ഏകാന്തതയുടെ നൂറുവർഷങ്ങൾ എഴുതിപൂർത്തിയായ സമയം. അർജന്റീനയിലെ ബ്യൂനോസ് എയേഴ്സ് എന്ന പ്രസിദ്ധീകരണശാലയ്ക്ക് കൈയെഴുത്തുപ്രതി അയച്ചുകൊടുക്കാനായി പോസ്റ്റ് ഓഫീസിലെത്തിയപ്പോൾ 490 പേജുള്ള കെട്ടിന് മെക്സിക്കോയിൽ നിന്നും അർജന്റീനയിലേക്ക് അയക്കണമെങ്കിൽ എൺപത്തിമൂന്ന് പെസോസ് വേണം. കയ്യിലുള്ളതാവട്ടെ നാല്പത്തഞ്ച് പെസോസും. ഗാബോയും മേഴ്സിഡസും പരസ്പരം നിസ്സഹായരായി നോക്കിനിന്നു അല്പനേരം. പിന്നെ കൂടുതൽ ചിന്തിക്കാതെ നോവൽ രണ്ടായി പകുത്തു. നാല്പത്തഞ്ച് പെസോസിന് അയക്കാൻ പറ്റുന്നത്രയും അയച്ചു ബാക്കിയുമായി തിരിച്ചുപോന്നു. വീട്ടിലെത്തിയ ഉടനെ മേഴ്സിഡസ് ചെയ്തത് ഇനി പണയം വെക്കാൻ ബാക്കിയുണ്ടായിരുന്ന ഒരു ഹീറ്റർ, ഹെയർ ഡ്രയർ, ബ്ളന്റർ എന്നിവ കൂടി പണയം വെക്കുകയായിരുന്നു. ബാക്കി മുപ്പത്തിയെട്ട് പെസോസ് കൂടി അങ്ങനെ ഒപ്പിച്ചതിനു ശേഷം രണ്ടുപേരും നേരെ പോസ്റ്റ് ഓഫീസിലേക്ക് തിരിച്ചു,നോവലിന്റെ ബാക്കി ഭാഗം കൂടി അയച്ചു. ലോകമൊട്ടാകെ മർക്കേസ് സാഹിത്യം ഏറ്റെടുത്ത 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' അങ്ങനെ രണ്ടു പകുതിയായി പ്രസാധകന്റെ മേശയ്ക്കുമുന്നിലെത്തി. അതിനു പിറകിൽ മേഴ്സിഡസിന്റെ ത്യാഗവും സഹനവും ഒപ്പം ജീവിതവും ഉണ്ടായിരുന്നു.

''പണമില്ലാതാവുമ്പോൾ മേഴ്സിഡസ് ഒരിക്കലും എന്നെയറിയിച്ചിട്ടില്ല. എല്ലാം സ്വന്തം മാനേജ് ചെയ്തു. ഇറച്ചിക്കടക്കാരനും റൊട്ടിക്കടക്കാരനും എങ്ങനെയാണ് അവളെ വിശ്വസിച്ച് ഇത്രയും കാലം കടം കൊടുത്തതെന്ന് എനിക്കിന്നുമറിയില്ല. അപ്പാർട്ടുമെന്റിന്റെ ഉടമസ്ഥൻ ഒമ്പതുമാസമാണ് വാടകകിട്ടാതെ അവളെ മാത്രം വിശ്വസിച്ച് ഞങ്ങളെ ഇറക്കിവിടാതിരുന്നത്. മേഴ്സിഡസ് ചൊരിഞ്ഞ അർപ്പണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആകെത്തുകയാണ് ഗബ്രിയേൽ ഗാർഷ്യാ മാർക്കേസ് എന്ന ഞാൻ''-ഗാബോ തന്റെ സുഹൃത്തിനോട് ഒരിക്കൽ മേഴ്സിഡസിനെക്കുറിച്ച് മനസ്സ് തുറന്നു.

മാജിക്കൽ റിയലിസത്തിന്റെ മായികഭൂമികയിലേക്ക് മാർക്കേസ് കാല് വെക്കാൻ കൊതിച്ചപ്പോഴൊക്കെ ആദ്യം തന്റെ പാദം ആ ഭൂമികയിലൂന്നി ഉറപ്പിച്ചുകൊണ്ട് കൈ നീട്ടിയത് മേഴ്സിഡസ് ആയിരുന്നു. അമ്പത്താറ് വർഷം നീണ്ടുനിന്ന ദാമ്പത്യത്തിലുടനീളം ഗാബോ മേഴ്സിഡസിനെ ആശ്രയിച്ചു കൊണ്ടേയിരുന്നു. 2014-ൽ എൺപത്തിയേഴാം വയസ്സിൽ അനശ്വരനാവുന്നതുവരെ അതു തുടർന്നു. 2020- ആഗസ്റ്റ് പതിനാറിന് മേഴ്സിഡസും തന്റെ എൺപത്തിയേഴാം വയസ്സിൽ വിടപറയുമ്പോൾ ബാക്കിവെക്കുന്നത് അറ്റമില്ലാത്ത വായനാനുഭവത്തിനു പിറകിലെ ത്യാഗത്തിന്റെ മുഖമാണ്.

Content Highlights: Mercedes Barcha pardo widow of Nobel laureate Gabriel Garcia Marquez dies at 87