'ഭൂഖണ്ഡാന്തര കവി'യെന്ന വിശേഷണമുണ്ട് ബുധനാഴ്ച ന്യൂയോര്‍ക്കില്‍ അന്തരിച്ച മീന അലക്‌സാണ്ടര്‍ക്ക്. ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ ജനിച്ച്, കേരളത്തിലും സുഡാനിലും വളര്‍ന്ന്, ഇംഗ്ലണ്ടില്‍ പഠിച്ച്, ഒടുവില്‍ അമേരിക്കയില്‍ പാര്‍പ്പുറപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ നാലുഭൂഖണ്ഡങ്ങള്‍ താണ്ടിയിരുന്നു മീന. അപ്പോഴേക്കും ഇംഗ്ലീഷ് കവിയെന്നും അധ്യാപികയെന്നും പേരെടുത്തുതുടങ്ങിയിരുന്നു അവര്‍. അറുപത്തേഴാം വയസ്സില്‍ അവര്‍ വിടപറഞ്ഞപ്പോള്‍ ഇല്ലാതായത് ഇന്ത്യന്‍-അമേരിക്കന്‍ കവിതയിലെ ശ്രദ്ധേയമുഖങ്ങളിലൊന്നാണ്.

പത്തനംതിട്ട ജില്ലക്കാരിയാണ് മീന. അമ്മ തിരുവല്ല നിരണം കുറിച്യത്ത് മേരി. അച്ഛന്‍ കോഴഞ്ചേരി കീഴുകര കണ്ണാടിക്കല്‍ ജോര്‍ജ് അലക്‌സാണ്ടര്‍. പക്ഷേ, മീന ജനിച്ചത് അലഹാബാദില്‍. ഇന്ത്യന്‍ കാലാവസ്ഥാവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അച്ഛന്റെ ജോലിസ്ഥലമായിരുന്നു അത്. പിന്നീട് ജോലിക്കായി അദ്ദേഹം സുഡാനിലേക്കു പോയി. അമ്മയ്‌ക്കൊപ്പം അച്ഛനടുത്തേക്ക് കപ്പലില്‍ ഇന്ത്യന്‍മഹാസമുദ്രംതാണ്ടി മീന ചെന്നു; അഞ്ചാംവയസ്സില്‍.

ഖാര്‍ത്തൂം സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷിലും ഫ്രഞ്ചിലും ഓണേഴ്സ് ബിരുദം നേടി. ബ്രിട്ടനിലെ നോട്ടിങ്ങാം സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റെടുത്തു. മേരി എലിസബത്തായി പിറന്ന അവര്‍, പതിനഞ്ചാം വയസ്സില്‍ സ്വന്തമായിട്ട പേരാണ് മീന. പലഭാഷകളില്‍ ആ പേരിനുള്ള അര്‍ഥങ്ങളുടെ ആഴമായിരുന്നു ആ തിരഞ്ഞെടുപ്പിനു പിറകില്‍.

ഭാഷയായിരുന്നു മീനയുടെ ശക്തി. മലയാളവും ഹിന്ദിയും അറബിയും ഫ്രഞ്ചും ഇംഗ്ലീഷും അവര്‍ക്കു വഴങ്ങി. പഠനം കഴിഞ്ഞ് അധ്യാപികയായി എത്തിയത് ഹൈദരാബാദ് സര്‍വകലാശാലയിലാണ്. അവിടെയിരിക്കെ അമേരിക്കക്കാരനായ ഡേവിഡ് ലെലിവെല്‍ഡിനെ പരിചയപ്പെട്ടു. ജീവിതപങ്കാളിയാക്കി. അദ്ദേഹത്തിനൊപ്പം അമേരിക്കയിലേക്ക്. കൊളംബിയ സര്‍വകലാശാലയില്‍ അധ്യാപികയായി. അവിടെ ചരിത്രാധ്യാപകനായിരുന്നു ഡേവിഡ്. ആധുനിക ഇന്ത്യയുടെ ചരിത്രമായിരുന്നു അദ്ദേഹത്തിന്റെ മേഖല. ആദം കുരുവിള, സ്വാതി മറിയം എന്നിവര്‍ മക്കള്‍.

എണ്‍പതുകളില്‍ മീന ഇന്ത്യന്‍-ഇംഗ്ലീഷ് കവിതയില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ചു. സ്റ്റോണ്‍ റൂട്സ് (1980), ഹൗസ് ഓഫ് എ തൗസന്‍ഡ് ഡോര്‍സ് (1988) എന്നീ സമാഹരങ്ങളിലൂടെയാണ് മീന ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടത്. 'ദ ബേഡ്സ് ബ്രൈറ്റ് റിങ്' (1976) ആണ് മീനയുടെ ആദ്യകവിത. 2002-ല്‍ പുറത്തിറങ്ങിയ 'ഇല്ലിറ്ററേറ്റ് ഹാര്‍ട്ട്' എന്ന സമാഹാരം അവരെ പെന്‍ ഓപ്പണ്‍ ബുക്ക് അവാര്‍ഡിന് അര്‍ഹയാക്കി.

'ദ ന്യൂയോര്‍ക്കറി'ലും, 'ഹാര്‍വാഡ് റിവ്യൂ'വിലും 'കെന്യന്‍ റിവ്യൂ'വിലുമെല്ലാം അവര്‍ എഴുതി. 'റോ സില്‍ക്', 'ക്വിക്ലി ചേഞ്ചിങ് റിവര്‍', 'ബര്‍ത്പ്ലേസ് വിത്ത് ബറീഡ് സ്റ്റോണ്‍സ്', അറ്റ്മോസ്ഫെറിക് എംബ്രോയ്ഡറി എന്നിവയാണ് പ്രധാന സമാഹാരങ്ങള്‍. ഇക്കൊല്ലമാണ് അറ്റ്മോസ്ഫെറിക് എംബ്രോയിഡറിയെത്തിയത്. നമ്പള്ളി റോഡ്, മാന്‍ഹാട്ടന്‍ മ്യൂസിക്' എന്നീ നോവലുകളും വിവിധ ലേഖനങ്ങളും സാഹിത്യവിമര്‍ശനങ്ങളും എഴുതിയിട്ടുണ്ട്. 'ഫോള്‍ട്ട് ലൈന്‍സ്' എന്നാണ് ആത്മകഥയുടെ പേര്.

Content Highlights: Meena Alexander was an Indian poet, scholar, and writer. Born in Allahabad, India, and raised in India