ന്ത്യ-ജര്‍മന്‍ അസോസിയേഷന്റെ രവീന്ദ്രനാഥ ടാഗോര്‍ സാഹിത്യ അവാര്‍ഡ് നേടിയ പ്രമുഖ ജര്‍മന്‍ സാഹിത്യകാരനാണ് ഡോ. മാര്‍ട്ടിന്‍ കാംപ്ചെന്‍. ഭാരതത്തിന്റെ സംസ്‌കാരത്തെയും മതങ്ങളെയും കുറിച്ച് ജര്‍മന്‍ ജനതയ്ക്കുള്ള അറിവിന്റെ മേഖല വിപുലമാക്കിയതിന്റെ പേരിലാണ് അവാര്‍ഡ് നല്‍കപ്പെട്ടത്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഇദ്ദേഹം ജര്‍മന്‍ ഭാഷയിലെ അറിയപ്പെടുന്ന ഒരെഴുത്തുകാരനും വിവര്‍ത്തകനുമാണ്.

ഹൈന്ദവഗ്രന്ഥങ്ങളും ഇന്ത്യയിലെ ആത്മീയ അന്തരീക്ഷവുമായിരുന്നു മാര്‍ട്ടിന്റെ ഗവേഷണവിഷയങ്ങള്‍. നിരവധി ഇന്ത്യന്‍ ഭക്തിഗാനങ്ങള്‍ രചിക്കുകയും ശാന്തിനികേതനത്തിനു സമീപമുള്ള ജനങ്ങളുടെ ഉള്‍ത്തുടുപ്പ് മനസ്സിലാക്കി ചെറുകഥകള്‍ എഴുതുകയും ചെയ്തിട്ടുള്ള ഈ മനുഷ്യസ്‌നേഹി ജര്‍മനിയില്‍ പല അഖിലലോക മതസമ്മേളനങ്ങളും സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.

'ഭാരതത്തിന്റെ ആത്മീയത' എന്ന വിഷയത്തെക്കുറിച്ച് ഒമ്പത് വാല്യങ്ങള്‍ രചിച്ചിട്ടുള്ള ഗ്രന്ഥകാരന്‍ ഉപനിഷത്തുകളെയും സിക്കുകാരുടെ ഗുരുഗ്രന്ഥ് സാഹിബിനെയും ജര്‍മന്‍ ജനതയ്ക്ക് പരിചയപ്പെടുത്തി. ഇന്ത്യയിലെ മുസ്ലിം, ജൈന, ബുദ്ധമത വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളും വടക്കെ ഇന്ത്യയിലെ ആദിവാസികളുടെ മതപരമായ ഗാനങ്ങളും ഇദ്ദേഹം ജര്‍മന്‍ ജനതയ്ക്ക് ഗ്രന്ഥങ്ങളിലൂടെ സമര്‍പ്പിക്കുകയുണ്ടായി.

ശാന്തിനികേതനത്തില്‍ താമസിക്കുന്ന അവസരത്തിലാണ് കാംപ്ചെന്‍ രവീന്ദ്രനാഥ ടാഗോറിന്റെ വ്യക്തിത്വത്തില്‍ ആകൃഷ്ടനാകുന്നത്.  ഇന്ത്യന്‍ മതങ്ങളും സാഹിത്യവും പഠിക്കുന്നതോടൊപ്പം ടാഗോറിന്റെ കവിതകളും അദ്ദേഹം താത്പര്യപൂര്‍വം പഠിക്കാന്‍ ശ്രമിച്ചു.  ടാഗോര്‍ കവിതകളില്‍ ആകൃഷ്ടനായതോടു കൂടി കവിതകളുടെ രണ്ടുവാല്യം ബംഗാളിയില്‍നിന്ന് ജര്‍മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.

ടാഗോറിന്റെ ജീവചരിത്രവും ഇദ്ദേഹം ജര്‍മന്‍ ഭാഷയിലാക്കിയിട്ടുണ്ട്. ബംഗാളിലെ പാവപ്പെട്ട കര്‍ഷകരോടും ആദിവാസികളോടുമൊപ്പം സൗഹൃദം പങ്കിടുകയും അവരുടെ കുടിലുകളില്‍ അന്തിയുറങ്ങുകയും ഭക്ഷണം കഴിക്കുകയും അവരുടെ കുഞ്ഞുങ്ങളെ ഒക്കത്തേന്തി യാത്രചെയ്യുകയും ചെയ്യുന്ന ഈ വിദേശ സാഹിത്യകാരന്‍ ഇന്ത്യയിലെ ദരിദ്രജനതയുടെ നല്ല മനസ്സിനെയും കഠിനപരിശ്രമത്തെയുംകുറിച്ചും ഒരു മികച്ച പുസ്തകമെഴുതിയിട്ടുണ്ട്.

ശാന്തിനികേതനിലെ ദീര്‍ഘവര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇന്ത്യയെക്കുറിച്ച് ഈടുറ്റ ഒട്ടേറെ ലേഖനങ്ങള്‍ ഡോ. മാര്‍ട്ടിന്‍ കാംപ്ചെന്‍ ജര്‍മന്‍ പത്രങ്ങളില്‍ എഴുതി. മാത്രമല്ല ടി.വി., റേഡിയോ പ്രക്ഷേപണങ്ങളിലൂടെയും ബി.ബി.സി. പോലുള്ള വാര്‍ത്താമാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിച്ച നിരവധി ഗ്രന്ഥങ്ങളിലൂടെയും ഇന്ത്യയുടെ യഥാര്‍ഥ ചിത്രം ജര്‍മന്‍ ജനതയ്ക്ക് കാഴ്ചവെയ്ക്കുകയും ചെയ്തു.

ശാന്തിനികേതനില്‍ താമസിച്ച അവസരത്തിലൊക്കെയും തന്റെ വിലപ്പെട്ട സമയം രണ്ടു കാര്യങ്ങള്‍ക്കായിട്ടായിരുന്നു  കാംപ്ചെന്‍ ഉപയോഗപ്പെടുത്തിയിരുന്നത്. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ മാത്രം സമയം െചലവഴിക്കാന്‍ ശ്രദ്ധിച്ചു. വളരെ അത്യാവശ്യമായ കാര്യങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ആ സമയം അതിനായി അദ്ദേഹം മാറ്റിവെക്കുമായിരുന്നുള്ളൂ. തന്റെ പ്രസിദ്ധമായ മിക്കകൃതികളും ഈ സമയത്തെ കഠിനാധ്വാനത്തിന്റെ സംഭാവനകളായിരുന്നു. 

രണ്ടു മണി മുതല്‍ വൈകുന്നേരം ഏഴുവരെയുള്ള സമയങ്ങളില്‍ അടുത്ത ഗ്രാമങ്ങളും ആദിവാസി ഊരുകളും സന്ദര്‍ശിക്കാന്‍ പോകുമായിരുന്നു. സാന്തല്‍ കര്‍ഷകരോടൊപ്പം സൊറപറയുകയും അവരുടെ കൂടെ ബഹുദൂരം നടക്കുകയും ആരോഗ്യ, ശുചിത്വ കാര്യങ്ങളില്‍ അവരെ അങ്ങേയറ്റം ബോധവാന്മാരാക്കുകയും ചെയ്യുക എന്നത് മാര്‍ട്ടിന്റെ സ്വഭാവ വിശേഷമായിരുന്നു. ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അദ്ദേഹം ബോധവത്കരണത്തോടൊപ്പം സാമ്പത്തിക സഹായങ്ങളും നല്‍കിയിരുന്നു.

ഗ്രാമീണജീവിതത്തോട് താദാത്മ്യം പ്രാപിക്കാനെന്നവണ്ണം മണ്ണുകൊണ്ട് കെട്ടിയുണ്ടാക്കിയ ചെറ്റക്കുടിലില്‍ സ്വയം ഭക്ഷണം പാകംചെയ്തുകൊണ്ടാണ് ഈ 'വെളുത്ത ഭാരതീയന്‍' ജീവിച്ചുപോന്നത്. ജര്‍മന്‍കാരന്‍ എന്നതിലുപരി ഭാരതീയന്‍ എന്നറിയപ്പെടാനാണ് ഗ്രഹാംബളിനെപ്പോലെ കാംപ്ചെനും ആഗ്രഹിച്ചത്. ഇപ്പോള്‍ ജര്‍മനിയില്‍ താമസിച്ച് വിശ്രമജീവിതം നയിക്കുമ്പോഴും കൊല്‍ക്കത്തയിലെ ദരിദ്രരുടെ മുഖങ്ങളായിരിക്കും അദ്ദേഹം സ്വപ്നംകാണുക.