എന്റെ വേനൽക്കാലത്തിന്റെ ചുവരിൽ
ഒരൊഴിഞ്ഞ തോടുണ്ട്.
മീനുകളുടെ ചാവുബാക്കി തിരഞ്ഞ്
കരയ്ക്കൊരു മെലിഞ്ഞ പെൺകുട്ടി
വിഷാദപ്പെടുന്നുണ്ട്.

എന്റെ വിരിപ്പിലൊരു മുറിവു
തുന്നിവച്ചിട്ടുണ്ട്
ഉറക്കമില്ലാതെ പൊറുതികെട്ട്
ഓർമ്മ വെരുകോട്ടം
നടത്തുമ്പോഴൊക്കെ
മുറിവിൽ നിന്ന് നിരാസങ്ങളുടെ
അസംഖ്യം ചിലന്തികൾ
ഇറങ്ങിവരാറുണ്ട്.

മുറ്റത്ത് ഈയലു പൊങ്ങുന്ന
വൈകുന്നേരങ്ങളിൽ
കാട്ടുപച്ചയിലേയ്ക്ക് വിരൽ നീട്ടിപ്പിടിച്ച്
ഇറയത്തിരിക്കുന്നുണ്ട്
സദാപുകഞ്ഞു കത്തുന്ന വെയിൽമരം
ഉടലിൽ സൂക്ഷിക്കുന്നൊരുവൾ

ഇപ്പോൾ,
ഉഷ്ണക്കാറ്റേറ്റ് ഉറവ വരണ്ടുപോയ
ഹൃദയത്തിന്റെ ഒത്ത നടുവിൽ
വറ്റിത്തീർന്നുപോയൊരു
ഭൂതകാലപ്രേമത്തിന്റെ
തേനീച്ചയിരമ്പം
കേൾക്കാനാവുന്നുണ്ട്.

ഉന്മാദാവസ്ഥയിൽ
'എന്റെ നിലാവേ..'യെന്ന്
ഞാനെന്റെയാ മനുഷ്യന്റെ ചുണ്ടിൽ
ഒരു കടൽ വരയ്ക്കാറുണ്ട്.
അപ്പോഴൊക്കെയും
ഒരു മരുഭൂമിക്കാലത്തിന്റെ
മുഴുവൻ പുഴുക്കവും
ഞാനെന്റെ വിണ്ടമുറിയിൽ
വാസനിക്കാറുണ്ട്.

എന്റെ രഹസ്യക്കാരൻ ദൈവത്തിന്റെ
ചെവിയിൽ ചുണ്ടു ചേർത്തു പിടിച്ച്
ഞാനെന്റെ പ്രണയവേരുകളെ
പാപങ്ങളിലേയ്ക്ക്
പരിഭാഷ ചെയ്യാറുണ്ട്.

വിഷാദസ്ഥലികളിലെവിടെയോ
അർദ്ധരാത്രിയിലൊരു ചിത കത്തുന്നു.
നീണ്ടു ചെമ്പിച്ച മുടി കത്തുന്നു.
മനുഷ്യനെ മണക്കുന്നു..
എന്നെ മണക്കുന്നു.

Content Highlights: Manushyane Manakkunnu Malayalam Poem Written by LikhithaDas