രിത്രം ഒരു വിഷയമായി വായിക്കാന്‍ ഇഷ്ടമുള്ളവര്‍ അധികമുണ്ടാവില്ല. അഥവാ, ചരിത്രം ഒരു 'വിഷയ'മായി അല്ലാതെ നമ്മുടെ പുസ്തകങ്ങളില്‍ അവതരിപ്പിച്ചു കാണുന്നത് ചുരുക്കം. ചില എഴുത്തുകാരാകട്ടെ, ചരിത്രം രസകരമായി സാഹിത്യത്തിലൂടെ അവതരിപ്പിക്കും. വായനക്കാരന്റെ ശ്രദ്ധ ചോര്‍ന്നുപോകാതിരിക്കാന്‍ നമ്മുടെ ഇന്നലെകളുടെ നിറങ്ങളും നിഴലുകളും കൂട്ടിയെഴുതും. ആവശ്യത്തിനു ഭാവന ചേര്‍ത്ത് രസച്ചരട് മെനയും. അതിലെ വാസ്തവങ്ങള്‍ കൈവിട്ടുകളയും. അപ്പോഴും അര്‍ധസത്യങ്ങളോ, ജയിച്ചവന്റെ ചരിത്രമോ വായിക്കുമ്പോള്‍ ഇതില്‍ വരേണ്ടുന്ന വേറെയും പേരുകളില്ലേ എന്ന് ചോദിക്കാറില്ലേ നമ്മള്‍?

എന്നാല്‍, കാണാത്ത ചരിത്രം തിരഞ്ഞുപോകുന്ന ചിലരുണ്ട്. അവരത് ചരിത്രപുസ്തകമായിത്തന്നെ എഴുതുകയും ചെയ്യും. മുന്‍പേ പോയവര്‍ എഴുതിയതിന്റെ ചുവടുപിടിച്ചല്ലാതെ, വിട്ടുപോയ പേരുകളും മായ്ച്ചുകളഞ്ഞ കാലവും കൃത്യമായി ചികഞ്ഞെടുത്ത് കഥപോലെ എഴുതുന്നത് ഒരു കലയാണ്. എഴുതാന്‍ ഉദ്ദേശിക്കുന്ന ചരിത്രത്തിന്റെ ഏടുകള്‍ക്കായി കഷ്ടപ്പെട്ടു തിരഞ്ഞും അത് കാലഗണനപ്രകാരം അടുക്കിവെച്ചും ചിട്ടയായി എഴുതുക എന്നത് ഏറെ പരിശ്രമം വേണ്ട കാര്യവും.

മനു എസ്. പിള്ള ഇക്കാര്യത്തിനായി ചെലവഴിച്ചത് ആറ് വര്‍ഷം. ഗവേഷണം നടത്തിയത് മൂന്ന് ഭൂഖണ്ഡങ്ങളില്‍.  2016-ല്‍ മനുവിന്റെ 'ദി ഐവറി ത്രോണ്‍, ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍' ഇറങ്ങുമ്പോള്‍ എഴുത്തുകാരന്റെ പ്രായം വെറും ഇരുപത്താറു വയസ്സ്. 700 പേജ് വരുന്ന പുസ്തകം പറയുന്ന കഥയോ...? തിരുവിതാംകൂറിന്റെ അവസാന റാണിയായിരുന്ന 'സേതുലക്ഷ്മീബായി'യുടെ ജീവിതകഥ. അസാമാന്യവ്യക്തിത്വം എന്ന വാക്കിന്റെ പര്യായമായ ഈ ഭരണാധികാരിയെക്കുറിച്ച് പുസ്തകങ്ങള്‍ തീരെ ഇല്ല എന്നുതന്നെ പറയാം. അവര്‍ തിരുവിതാംകൂറിന് ആരായിരുന്നു എന്ന് ഒന്നിലധികം തലമുറകള്‍ക്ക് പരിചയപ്പെടുത്തുക എന്ന ഭാരിച്ച ദൗത്യമാണ് മനു ഇവിടെ നിര്‍വഹിച്ചത്.

1920-കളില്‍ മഹാറാണി സേതുലക്ഷ്മീബായി അധികാരത്തില്‍ വന്നതിനു ശേഷം നടപ്പാക്കിയ പല നയങ്ങളുമാണ് ആ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിലേക്കു നയിച്ചത് എന്ന് എത്രപേര്‍ക്കറിയാം? അവര്‍ റവന്യൂ വരുമാനത്തിന്റെ അഞ്ചിലൊന്ന് വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവച്ചതുകൊണ്ട് ആ രാജ്യത്തിന്റെ സാക്ഷരതാ നിലവാരം ഭേദപ്പെട്ടതും സ്ത്രീകള്‍ ആരും സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ലാതിരുന്ന കാലത്ത് മഹാറാണി സേതുലക്ഷ്മീബായി ഭരണത്തില്‍ വന്നു നാലു കൊല്ലത്തിനകം നൂറുകണക്കിന് സ്ത്രീകള്‍ ഉദ്യോഗങ്ങളില്‍ പ്രവേശിച്ചതും അതേത്തുടര്‍ന്ന്, മെഡിക്കല്‍ വകുപ്പിന്റെ തലപ്പത്ത് ഒരു സ്ത്രീ വന്നതും സ്ത്രീകള്‍ക്കായി 'നിയമം' എന്ന തൊഴില്‍ മേഖല തുറന്നുകൊടുത്ത ശേഷം ആദ്യത്തെ വനിതാ ജഡ്ജി ഉണ്ടായതും വര്‍ഗീയരാഷ്ടീയം എന്ന രീതി പിന്തുടരാതെ കീഴ്ജാതിക്കാര്‍ക്കും അഹിന്ദുക്കള്‍ക്കും കൂടി പ്രയോജനപ്പെടുന്ന ഭരണനയങ്ങള്‍ നടപ്പിലാക്കിയതും ഒക്കെ വെറും കടലാസിലൊതുങ്ങേണ്ട പൊതുവിജ്ഞാനം മാത്രമല്ല.

the ivory throneസേതുലക്ഷ്മിബായി എന്ന ഭരണാധികാരി എന്നാല്‍, അന്‍പതുകളില്‍ ഇവിടെ നിന്ന് അപ്രത്യക്ഷയായി. അവര്‍ ജനിച്ച നാടും ജീവിച്ച കൊട്ടാരങ്ങളും സാഹചര്യങ്ങളും ഉപേക്ഷിച്ച്, മലയാളനാട് വിട്ട് മറ്റൊരു പ്രദേശത്ത് ചേക്കേറി. എണ്‍പതുകളില്‍ അന്യനാട്ടില്‍ വച്ച് അവര്‍ മരിച്ചു. ഇവരുടെ ജീവിതത്തില്‍ സംഭവിച്ച ഉയര്‍ച്ച-താഴ്ചകളും അതിനൊപ്പം ഒരു നാടിന്റെ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു കാലഘട്ടത്തിന്റെ സാമൂഹിക -രാഷ്ട്രീയ ചരിത്രവും ആണ് മനു എസ്. പിള്ള ഈ പുസ്തകത്തില്‍ പറഞ്ഞു പോരുന്നത്. അതും തികച്ചും ആധികാരികമായ ഗവേഷണത്തിന്റെ പിന്തുണയോടെ മാത്രം. ഒരു നോവല്‍ വായിക്കുന്ന രസമോടെ വായിച്ചുപോകാവുന്ന ഈ പുസ്തകം വളരെയധികം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. 

തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഒരു പുനര്‍വായനയ്ക്ക് പ്രേരിപ്പിക്കുന്ന ഒരു പുസ്തകമായി ഇതിനെ വിമര്‍ശകരും വായനക്കാരും സ്വാഗതം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് 2016-ലെ 'ടാറ്റാ ലിറ്റ് ലൈവ്' പ്രൈസും 2017-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'യുവ' പുരസ്‌കാരവും ഐവറി ത്രോണിന് ലഭിച്ചു. അടുത്തിടെ ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മാവേലിക്കരയില്‍ ജനിച്ച മനു വളര്‍ന്നത് കേരളത്തിനു പുറത്താണ്. പുണെ ഫെര്‍ഗുസന്‍ കോളേജ്, ലണ്ടനിലെ കിങ്സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപത്തൊന്നാം വയസ്സില്‍ പാര്‍ലമെന്റ് അംഗം ശശി തരൂരിന്റെ കൂടെ അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ഓഫീസില്‍ ഡല്‍ഹിയില്‍ ജോലി. അതിനു ശേഷം ബ്രിട്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗം ബിലിമോരിയ പ്രഭുവിന്റെ ലണ്ടന്‍ ഓഫീസിലും ഇതേ ഉത്തരവാദിത്വങ്ങള്‍. തുടര്‍ന്ന്, പ്രൊഫ. സുനില്‍ ഖില്‍നാനിയുടെ 'ഇന്‍കാര്‍നേഷന്‍സ്' എന്ന പ്രസിദ്ധമായ ഇന്ത്യാചരിത്ര പുസ്തകത്തിനായുള്ള ഗവേഷണത്തിന് ബി.ബി.സി. യുടെ ക്ഷണം. മനുവിന്റെ ഇടം ചരിത്രവും ഗവേഷണവും തന്നെ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇത് മനുവിന്റെ ആദ്യ പുസ്തകമാണ്. ഈ പുസ്തകത്തിന്റെ യാത്രാവഴികളില്‍ കണ്ടുമുട്ടിയ മറ്റു കഥകള്‍ ഇടയ്ക്കിടെ ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതുന്നുമുണ്ട്... വായനാസുഖം തരുന്ന ശൈലിയില്‍ കുറിക്കുന്ന രസകരമായ വിശേഷങ്ങള്‍!

Content highlights : manu s pillai, the ivory throne chronicles of the house of travancore