തൃശ്ശൂര്‍: 2020-ലെ ലോക്ഡൗണിലാണ് അത് സംഭവിച്ചത്. അച്ഛനും അമ്മയും വര്‍ക്ക് അറ്റ് ഹോം തിരക്കില്‍. ഓണ്‍ലൈന്‍ ക്ലാസിന്റെ മടുപ്പും അടച്ചിരിപ്പും. മുഷിപ്പകറ്റാന്‍ അഞ്ചാംക്ലാസുകാരന്‍ ജോഷ്വ ഒരു കഥയെഴുതാന്‍ തുടങ്ങി.

നാല്‍പ്പതുപേജ് പൂര്‍ത്തിയായപ്പോള്‍ ജോഷ്വ അമ്മയോട് പറഞ്ഞു, ഞാനൊരു ചെറുകഥയെഴുതുകയാണ്. അമ്മ അവനെ തിരുത്തി, ഇത് ചെറുകഥയല്ല നോവല്‍. ആറുമാസംകൊണ്ട് ആ നോവല്‍ പൂര്‍ത്തിയായി.

'മര്‍ഡര്‍ അറ്റ് ദ് ലീക്കി ബാരല്‍' എന്ന ജോഷ്വയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ ജൂലായ് നാലിനാണ് ആമസോണിലെ കിന്‍ഡില്‍ ഇ -ബുക്ക് വിഭാഗത്തില്‍ റിലീസ് ചെയ്തത്. അന്നുതന്നെ ഇത് ബെസ്റ്റ് സെല്ലറായി. ബെസ്റ്റ് സെല്ലര്‍ എഴുതിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞയാളുമായി ജോഷ്വ. മലയാളി എഴുത്തുകാരുടെ കൂട്ടായ്മയായ ബുക്‌സതകമാണ് നോവല്‍ പ്രസിദ്ധീകരിച്ചത്.

1532-ല്‍ അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ നടന്ന കൊലപാതകവും അഞ്ചുനൂറ്റാണ്ടിനു ശേഷമുള്ള പ്രതികാരവും തുടരന്വേഷണങ്ങളുമെല്ലാമാണ് ഈ നോവലിന്റെ ഇതിവൃത്തം. പുണെയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് ജോഷ്വ .

പുണെ ഐസറിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോയ് തോമസിന്റെയും എഴുത്തുകാരി സുമ സണ്ണിയുടെയും മകനാണ്. ബിജോയ് കോട്ടയം സ്വദേശിയും സുമ മാളയ്ക്കടുത്ത് വൈന്തല സ്വദേശിനിയുമാണ്.