'ആത്മാവില്‍ പതിഞ്ഞ അക്ഷരങ്ങള്‍...' എം.ടി. വാസുദേവന്‍ നായരുടെ ചിത്രം പതിച്ച കലണ്ടറില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തി കുറിച്ച വരികള്‍... കാറ്റിലാടുന്ന കലണ്ടറിന്റെ താളുകള്‍ മറിയാതിരിക്കാന്‍ അടിയില്‍ ക്ലിപ്പിട്ടിരിക്കുന്നു. ചുമരില്‍ പതിച്ച കലണ്ടറിന്റെ താളുകള്‍ മറിയുന്നില്ലെങ്കിലും അതിനു താഴെയിരുന്ന് സംസാരിക്കുമ്പോള്‍ സാനു മാഷിന്റെ ഓര്‍മപ്പുസ്തകത്തിലെ താളുകള്‍ പിറകിലേക്ക് മറിഞ്ഞുകൊണ്ടേയിരുന്നു.
പ്രിയപ്പെട്ടവന്‍ ഓര്‍മകളില്‍ വാചാലനാകുമ്പോള്‍ അതിലെ പല രംഗങ്ങളിലേയും കഥാപാത്രമായതിന്റെ സന്തോഷത്തില്‍ പുഞ്ചിരിതൂകി രത്‌നമ്മ അരികിലിരുന്നു. അച്ഛനും അമ്മയും ഓര്‍മകളുടെ തോണിയേറുമ്പോള്‍, തീരത്ത് നില്‍ക്കാനാകാതെ മകന്‍ രഞ്ജിത്തും ഭാര്യ മായയും കൊച്ചുമകന്‍ രോഹനും കൂടി അതിലേക്ക് തുഴയാനെത്തിയതോടെ കാതോരമെത്തിയതെല്ലാം ഓര്‍മകളുടെ വിശേഷങ്ങളായിരുന്നു... ആത്മാവില്‍ പതിഞ്ഞ ഓര്‍മകള്‍.
കേന്ദ്രമന്ത്രി എത്തിയ കല്യാണം
സാനു മാഷ് ഓര്‍മകളുടെ പുഴയിലൂടെ സഞ്ചരിക്കുമ്പോള്‍, ആദ്യ ചോദ്യത്തിന്റെ തുഴയെറിഞ്ഞത് കൊച്ചുമകന്‍ രോഹനായിരുന്നു: ''അപ്പൂപ്പന്റെ കല്യാണം എങ്ങനെയായിരുന്നു...? അതൊക്കെ ഇപ്പോഴും ഓര്‍ക്കാറുണ്ടോ...?''
രോഹന്റെ ചോദ്യം കേട്ട് സാനു മാഷ് പുഞ്ചിരിതൂകിയപ്പോള്‍ ഉത്തരവുമായി ചാടിവീണത് രത്‌നമ്മയായിരുന്നു: ''കേന്ദ്രമന്ത്രി വരെ വന്ന കല്യാണമായിരുന്നില്ലേ ഞങ്ങളുടേത്...''
രത്‌നമ്മ പറഞ്ഞുതുടങ്ങിയ കല്യാണക്കഥ തുടര്‍ന്നത് സാനു മാഷായിരുന്നു: ''ഇവള്‍ മന്ത്രിപുത്രിയായിരുന്നില്ലേ... ഞങ്ങളുടെ കല്യാണത്തിന് മന്ത്രിമാരായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോനും എ.ജെ. ജോണും ടി.എം. വര്‍ഗീസുമൊക്കെ എത്തിയിരുന്നു. കല്യാണത്തിലെ വിശിഷ്ടാതിഥി കേന്ദ്രമന്ത്രി കെ.എന്‍. കട്ജുവായിരുന്നു. മന്ത്രിമാരൊക്കെയുണ്ടായിരുന്നെങ്കിലും ലളിതമായിരുന്നു ഞങ്ങളുടെ കല്യാണം. സദ്യ വേണ്ടെന്നുവെച്ച കല്യാണത്തിന് ഇഡ്ഡലിയും ചായയുമായിരുന്നു അതിഥികള്‍ക്ക് വിളമ്പിയത്...''
സാനു മാഷ് ഓര്‍മകളിലൂടെ സഞ്ചരിക്കുമ്പോള്‍ രത്‌നമ്മ വീണ്ടും ഡയലോഗടിച്ചു: ''ലളിതമായിരുന്നെങ്കിലും കേന്ദ്രമന്ത്രി വന്ന കല്യാണമായിരുന്നില്ലേ നമ്മുടേത്...?''
അച്ഛന്‍ ഇപ്പോഴും സ്മാര്‍ട്ടല്ലേ...!
കല്യാണത്തിന് ചായവിളമ്പിയ കഥ പറഞ്ഞിരിക്കുമ്പോഴാണ് മരുമകള്‍ മായ എല്ലാവര്‍ക്കും ചായയുമായി അരികിലെത്തിയത്. സാനു മാഷ് ചൂടുചായ ഊതിക്കുടിക്കുന്നതിനിടയിലാണ് മകന്‍ രഞ്ജിത്ത് അച്ഛന്റെ 'സ്മാര്‍ട്ട്' വിശേഷങ്ങള്‍ പങ്കുവെച്ചത്: ''അച്ഛന് ഇപ്പോള്‍ 92 വയസ്സായി... എനിക്ക് 65 വയസ്സും. എന്നാല്‍ ചെറുപ്പത്തിന്റെ കാര്യത്തില്‍ നേരേ തിരിച്ചാണ് അനുഭവം. ഈ പ്രായത്തിലും അങ്ങേയറ്റം പ്രസരിപ്പിലും ഉന്മേഷത്തിലുമാണ് അച്ഛന്‍ ജീവിക്കുന്നത്. ഇപ്പോഴും ദിവസേന രണ്ടോ മൂന്നോ പരിപാടികളില്‍ അച്ഛന്‍ പങ്കെടുക്കാറുണ്ട്. രാവിലെ ആറുമണിക്ക് എഴുന്നേല്‍ക്കുന്ന ശീലം ഇതുവരെ മാറിയിട്ടില്ല. എഴുന്നേറ്റാലുടന്‍ പത്രവായനയാണ് ആദ്യപരിപാടി. അതുകഴിഞ്ഞ് അരമണിക്കൂര്‍ നീളുന്ന വ്യായാമമുണ്ടാകും...''
മകന്‍ പറഞ്ഞുതുടങ്ങിയ, സാനു മാഷിന്റെ ഒരുദിന വിശേഷങ്ങള്‍ പൂരിപ്പിച്ചത് മരുമകള്‍ മായയായിരുന്നു: ''എട്ടുമണിയാകുമ്പോള്‍ അച്ഛന്‍ പ്രഭാതഭക്ഷണം കഴിക്കാന്‍ വന്നിരിക്കും. ചായയ്ക്ക് നല്ല കടുപ്പം വേണമെന്ന് നിര്‍ബന്ധമാണ്. ദോശയായാലും ഇഡ്ഡലിയായാലും പുട്ടായാലും അതിന്റെ കൂടെ പാളയംകോടന്‍ പഴമുണ്ടെങ്കില്‍ വലിയ സന്തോഷമാണ്. ഉച്ചയൂണുകഴിക്കുമെങ്കിലും രാത്രി പലഹാരം തന്നെയാണ് പതിവ്. ഇതിന്റെയൊക്കെ ക്കൂടെ പഴമുണ്ടെങ്കില്‍ നന്നായി...''
മായയുടെ സംസാരം തീരുംമുമ്പേ രത്‌നമ്മ ഇടക്കുകയറി: ''ഒരു നേരമല്ലല്ലോ, എല്ലാ നേരവും മാഷിന് പഴം തന്നെയല്ലേ ഇഷ്ടം...''
മാഷ് നാട്ടുകാര്‍ക്കുള്ളതല്ലേ...!
ഭക്ഷണത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോഴാണ് അച്ഛനും അമ്മയും തമ്മിലുള്ള 'കെമിസ്ട്രി'യെപ്പറ്റി മായ വാചാലനായത്: ''അച്ഛനും അമ്മയും പരസ്പരം വളരെയധികം മനസ്സിലാക്കുന്ന മാതൃകാ ദമ്പതിമാരല്ലേ... അച്ഛന്‍ ഇപ്പോഴും പുറത്തുപോയി വന്നാല്‍ ആദ്യം അന്വേഷിക്കുന്നത് അമ്മയുടെ കാര്യമായിരിക്കും. അമ്മ ഭക്ഷണം കഴിച്ചോ, കുളിച്ചോ എന്നൊക്കെ അന്വേഷിക്കും. അച്ഛന് ഞങ്ങളോടെല്ലാം എല്ലായ്പ്പോഴും സ്‌നേഹമാണ്. അച്ഛന് ദേഷ്യംവരുന്നത് ഒറ്റ കാര്യത്തിലാണ്... പുസ്തകങ്ങള്‍ മാറ്റിമറിച്ചിടല്‍. വായിക്കാന്‍ അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങള്‍ ഒരു തരിപോലും സ്ഥാനംമാറുന്നത് അച്ഛനിഷ്ടമല്ല. അതെങ്ങാനും ഞങ്ങള്‍ വേറെ വല്ലയിടത്തും കൊണ്ടുപോയി വെച്ചാല്‍ ആളാകെ ദേഷ്യത്തിലാകും. അതുപോലെ, മക്കളുടെ കാര്യത്തിലും അച്ഛന് വലിയ ഓര്‍മയാണ്. രോഹന്റെ പരീക്ഷാസമയത്ത് വൈവയുടെ കാര്യം ഞങ്ങള്‍ മറന്നപ്പോള്‍, അച്ഛനാണ് ഓര്‍മിപ്പിച്ചത്. മക്കളോട് പരീക്ഷാസമയമൊക്കെ ചോദിച്ച് അച്ഛന്‍ അത് ഡയറിയില്‍ കുറിച്ചുവെക്കും...''
മായ അച്ഛന്റെ സ്‌നേഹചിത്രം വരച്ചിടുമ്പോള്‍ രത്‌നമ്മ വീണ്ടും ഡയലോഗടിച്ചു: ''മാഷ് നാട്ടുകാര്‍ക്കുള്ളതല്ലേ...! അന്നും ഇന്നും അതങ്ങനെ തന്നെ...''
ഭാര്യയുടെ ഡയലോഗിന്റെ അര്‍ത്ഥം വിശദീകരിച്ചത് സാനു മാഷായിരുന്നു: ''എന്റെ തിരക്കിനെപ്പറ്റിയാണ് ഇവള്‍ കളിയാക്കുന്നത്. അവള്‍ പറഞ്ഞത് സത്യവുമാണ്. എഴുത്തും പൊതുപ്രവര്‍ത്തനവുമായുള്ള തിരക്കിനിടയില്‍ വീട്ടിലെ കാര്യം ശ്രദ്ധിക്കാന്‍ പലപ്പോഴും എനിക്ക് പറ്റിയിട്ടില്ല...'' അച്ഛന്‍ പറഞ്ഞതുകേട്ട് മക്കള്‍ ചിരിച്ചു.
വലിയ പൊട്ടും മഹാരാജാസിലെ പാന്റ്സും
അമ്മയുടെ വസ്ത്രങ്ങളോടും ചമയങ്ങളോടുമുള്ള ഇഷ്ടങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ മായയാണ് ഉത്തരവുമായി വാചാലയായത്: ''നെറ്റിയില്‍ വലിയ പൊട്ടുതൊടലാണ് അമ്മയുടെ ഏറ്റവും വലിയ ഇഷ്ടം. ഞങ്ങളോടും എപ്പോഴും വലിയ പൊട്ടുതൊടാന്‍ അമ്മ പറയാറുണ്ട്. രാവിലെ എഴുന്നേറ്റു വന്നാല്‍ മുടി ചീകാതെ അടുക്കളയില്‍ കയറാന്‍ അമ്മ സമ്മതിക്കില്ല...''
മായ അമ്മയുടെ ഇഷ്ടങ്ങള്‍ പറഞ്ഞിരുന്നപ്പോള്‍ സാനു മാഷ് ഇടയ്ക്കുകയറി: ''അവള്‍ പണ്ട് വര്‍ണസാരികള്‍ ഉടുക്കുമായിരുന്നു. ഇപ്പോള്‍ വെള്ളസാരി മാത്രമാണ് ഉടുക്കാറുള്ളത്. എനിക്ക് ഇഷ്ടമുള്ള വേഷം മുണ്ടും ഷര്‍ട്ടുമാണ്. ഇടയ്ക്ക് ഞാന്‍ പാന്റ്സിടുമായിരുന്നു. മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്ന സമയത്ത് പാന്റ്സായിരുന്നു ആദ്യകാലത്തെ വേഷം. സൈക്കിള്‍ ചവിട്ടി കോളേജില്‍ പോകാന്‍ അന്ന് എളുപ്പം പാന്റ്സിടുന്നതായിരുന്നു...''
അപ്പൂപ്പന്റെ പാന്റുകഥ കേട്ട് രോഹന്‍ ചിരിച്ചു.
മുണ്ടശ്ശേരിയും പാല്‍ച്ചായയും
ചായക്കപ്പ് തിരികെയെടുക്കാന്‍ മായ അരികിലെത്തിയപ്പോഴാണ് സാനു മാഷ് പണ്ടത്തെ ചില ചായസത്കാരങ്ങളുടെ വിശേഷങ്ങള്‍ കുടഞ്ഞിട്ടത്: ''നമ്മളിപ്പോള്‍ ഇരിക്കുന്ന മുറിക്ക് 60 വര്‍ഷത്തിലേറെ പഴക്കമുണ്ട്. എത്രയോ അതിഥികള്‍ വന്ന മുറിയാണിത്. എന്റെ സുഹൃത്തുക്കള്‍ ആരൊക്കെ വന്നാലും അവര്‍ക്കൊക്കെ ഇവള്‍ വെച്ചുവിളമ്പുമായിരുന്നു. ഒരുദിവസം രാവിലെ നെടുമുടി വേണുവും ഭരത് ഗോപിയും അയ്യപ്പപ്പണിക്കരും കാവാലം നാരായണപ്പണിക്കരും കൂടി പെട്ടെന്ന് കയറിവന്നു. പറയാതെ വന്നിട്ടും അവര്‍ക്കെല്ലാം ഇവള്‍ ഏതാനും നിമിഷംകൊണ്ട് ചായയും ഇഡ്ഡലിയും ഉണ്ടാക്കിക്കൊടുത്തു. മുണ്ടശ്ശേരി മാഷും തകഴിയുമൊക്കെ ഇവിടെ പലതവണ വന്നിട്ടുണ്ട്. മുണ്ടശ്ശേരി മാഷ് വന്നാല്‍ എരുമപ്പാലൊഴിച്ച് നല്ല ചായ വേണമെന്ന് പറയും. അടുത്തുള്ള കടയില്‍നിന്ന് എരുമപ്പാല്‍ വാങ്ങി അദ്ദേഹത്തിന് ഇവള്‍ ചായയുണ്ടാക്കിക്കൊടുക്കുമായിരുന്നു. ഇവിടെ വന്നാല്‍ കഞ്ഞി കുടിക്കാനായിരുന്നു ജി. ശങ്കരപ്പിള്ളയ്ക്ക് ഏറെയിഷ്ടം...''

സാനു മാഷ് പഴയ കൂട്ടുകാരെക്കുറിച്ച് വാചാലനാകുമ്പോള്‍ മായ ഇടയ്ക്കുകയറി: ''അതൊക്കെ പണ്ടത്തെ കഥ... ഇപ്പോള്‍ അച്ഛനും അമ്മയും വളരെ മധുരപ്രിയരാണ്. ഏതെങ്കിലും ഭക്ഷണം ഇഷ്ടമായില്ലെങ്കില്‍ അതില്‍ കുറച്ച് തേനൊഴിച്ച് കൊടുത്താല്‍ രണ്ടാളും കഴിച്ചോളും...''
മായ പറഞ്ഞതുകേട്ട് സാനു മാഷും രത്‌നമ്മയും തേനിനെക്കാള്‍ മധുരത്തില്‍ പുഞ്ചിരിച്ചു.
Content Highlights: Malayalam writer MK Sanu memories