അനുഭവങ്ങളുടെ വിഷുക്കാലത്തിലൂടെ കടന്നുപോയവരാണ് നമ്മുടെ എഴുത്തുകാർ. ഡിജിറ്റൽ ആഘോഷങ്ങളില്ലാത്ത, തികച്ചും ഗ്രാമീണ പരിശുദ്ധിയോടുകൂടിയുള്ള ആണ്ടറുതികൾ അവരുടെ ഓർമകളിൽ ഭദ്രമാണ്. അങ്ങനെയൊരു വിഷുക്കാലത്തെക്കുറിച്ച് നമ്മോട് പങ്കുവെക്കുകയാണ് മുതിർന്ന എഴുത്തുകാരൻ സി.രാധാകൃഷ്ണൻ.

എങ്ങും കൊറോണപ്പേടി അടയിരിക്കുന്ന ഈ വിഷുക്കാലത്ത് ഞാൻ 1952-ലെ വിഷു ഓർത്തുപോകുന്നു. അന്ന് വസൂരിക്കാലമായിരുന്നു. മഹാമാരി എന്നാണ് എല്ലാരും അതിനെ വിളിച്ചിരുന്നത്. മാരി എന്നാൽ മഴയാണെന്നിരിക്കെ ഒരു രോഗമെങ്ങനെ ആ പേരിൽ അറിയപ്പെടുന്നു എന്ന് മനസ്സിലാകാത്ത കാലം. പ്രളയസമാനമായ ദുരന്തത്തിന്റ കാലം എന്നാണ് അക്കാലത്തുള്ള കാരണവൻമാർ ഉദ്ദേശിച്ചതെന്ന് തിരിച്ചറിയാൻ ഇവിടത്തെ പ്രളയത്തിന് ഇരയായ അനുഭവം വേണ്ടിവന്നു.

കോപിച്ച ദേവി നാഴൂരി വിത്തു വിതച്ചതാണ് പലരുടെയും ദേഹത്ത് മുളക്കുന്നെന്നാണ് നാട്ടുധാരണ. മഞ്ഞൾപ്പൊടിയും വേപ്പിലച്ചെണ്ടുംകൊണ്ടാണ് അതിനെ സ്വാഗതം ചെയ്യേണ്ടത്. മുറ്റം ചാണകം മെഴുകണം. പടിക്കൽ ഇരുവശത്തും ചിരട്ടയിൽ ചാണകം കലക്കി വെക്കണം. കടുകു വറുക്കരുത്, പപ്പടം കാച്ചരുത്...
- മകരക്കൊയ്ത്തും വസൂരിയും വരുന്നത് എല്ലാ കൊല്ലവും ഒരുമിച്ചാണ്. കിഴക്കൻ കാറ്റാണ് വസൂരിരോഗാണുക്കളെ കൊണ്ടുവരുന്നതെന്ന് കരുതപ്പെട്ടു. ആണ്ടോടാണ്ട് പതിവായിരുന്നു എങ്കിലും അക്കൊല്ലം കുറെ ഏറെപ്പോർ രോഗത്തിനിരയായി. പനിക്കുമ്പോഴാണ് പകരുക, കുരുക്കൾ പൊങ്ങിക്കഴിഞ്ഞാലല്ല എന്ന് മിക്കപേർക്കും അറിയില്ലായിരുന്നു. രണ്ടാഴ്ചയോളം ഇൻക്യൂബേഷൻ കാലം. അതിനാൽ, ഒരാൾക്കു രോഗം മാറുമ്പോൾ വേറൊരാൾ കിടപ്പിലാവുന്നു എന്നേ തോന്നൂ.

മരണനിരക്ക് അമ്പതു ശതമാനത്തിലേറെയാണെങ്കിലും ഒരിക്കൽ രോഗം വന്നു പോയാൽ ആ ആൾക്ക് ആജീവനാന്തം പ്രതിരോധശേഷിയുണ്ട്. ഇവരാണ് രോഗം പിടിപെട്ടവരുടെ ആശ്വാസകേന്ദ്രങ്ങൾ. ശുശ്രൂഷകരും വൈദ്യൻമാരും ഡയറ്റീഷ്യൻമാരും എല്ലാം ഇവരേതന്നെ.

വിഷുവിന്റെ തലേന്നാളാണ് കേശവൻ നായർ സാർ വസൂരി പിടിച്ച് മരിച്ചത്. എട്ടാം തരത്തിൽ ഞങ്ങളുടെ ഡിവിഷനിലെ ക്ളാസ് ടീച്ചറായിരുന്നു. സ്കൂളിൽ ഏറ്റവും കനത്ത ശിക്ഷ നൽകുന്ന അദ്ധ്യാപകൻ. മൂപ്പരുടെ നിഴൽ കണ്ടാൽ വരാന്തയിൽപ്പോലും ആളനക്കം നിലയ്ക്കും.

സ്കൂളിലേക്കു പോകുന്ന വഴിയിൽ നിരത്തിൽനിന്ന് നൂറു വാരി വിട്ട് വയൽ നടുവിലെ തൊടിയിലാണ് വീട്. സൈക്കിളിലാണ് വരവ്. കണ്ടാലേ പേടിച്ചു വിറയ്ക്കും. മുഖത്തപ്പോഴും രൗദ്രഭാവമാണ്. അതു ഞങ്ങൾക്കു വെറുതെ തോന്നുന്നതാണെന്ന് പാർവതി പറഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. പാർവതി മാഷ്ടെ മകൾ, ഞങ്ങളുടെ ക്ളാസ്സിൽത്തന്നെ പഠിക്കുന്നു.

ഞങ്ങൾക്കത് വിശ്വാസമായില്ല. കാരണം, ടീച്ചേഴ്സ് റൂമിൽ പോയി ചോക്ക് എടുത്തു കൊണ്ടുവരാൻ പറയാൻ മാഷ് വിളിച്ചാലും ഞങ്ങളിൽ പലരുടെയും ട്രൗസർ നനയാറുണ്ട്. വിളിക്കുന്നതെന്തിനെന്ന് അരികിലെത്തിയാലല്ലെ അറിയൂ!

മാഷ് മരിച്ചു എന്നു വീട്ടിൽ വന്നു പറഞ്ഞത് എന്റെ അച്ഛനാണ്. കിട്ടാവുന്ന പൂത്തിരിയും മത്താപ്പും ഒക്കെ വാങ്ങി സംക്രമം വരാൻ കാത്തിരിപ്പായിരുന്നു. അതിനിടെയാണ് അന്തിക്കു പൊന്നാനിയിൽ നിന്നു വന്ന അച്ഛൻ പറഞ്ഞത്, ആഘോഷമൊന്നും വേണ്ട, നിന്റ കേശവൻ നായർ മാഷ് മരിച്ചുപോയി എന്ന്.

മരണം എന്നതിന്റെ അർത്ഥം മുഴുവനായി മനസ്സിലാകാത്ത പ്രായം. അതികഠിനമായി ശിക്ഷിക്കുന്ന ഒരാളാണ് മരിച്ചത്. സത്യത്തിൽ ആശ്വാസമാണ് തോന്നിയത്. ആ മാരണം ഇനി ഇല്ലല്ലൊ! സന്തോഷിക്കാനൊരു അവസരം എന്നുതന്നെ തോന്നി. അപ്പോഴാണ് അച്ഛൻ കർശനമായി പറയുന്നത്, ഒരു പൂത്തിരിപോലും കത്തിക്കരുതെന്ന്. വിഷു പോയതോ പോകട്ടെ, മാഷ്ടെ അടി ഇനിയില്ല എന്ന സന്തോഷമെങ്കിലും ചെറുതായി ആഘോഷിക്കാതെയെങ്ങനെ?

ഞങ്ങളുടെ കൂട്ടത്തിൽ വികൃതിയായ ശ്രീധരനാണ് അതിന് ഉപായം നിർദ്ദേശിച്ചത്. അവൻ വീട്ടിലെ പട്ടിയുടെ വാലിൽ മാലപ്പടക്കം കെട്ടി തീ കൊളുത്തുക. നാടാകെ ഓടി പട്ടി ആഘോഷിക്കും! ശ്രീധരന് സ്ഥിരമായി മാഷടെ അതികഠിന ശിക്ഷ കിട്ടുമായിരുന്നു. ദുഷ്ടന്റ കഥ കഴിഞ്ഞുകിട്ടാൻ എന്താണൊരു വഴി ഈശ്വരാ എന്നായിരുന്നു എന്നും രാവിലെ സ്കൂളിലേക്കുള്ള വഴിയിൽ അവൻ തുറന്ന പ്രാർഥന.

അവൻ ആസൂത്രണം ചെയ്ത കോലാഹലം അരങ്ങേറുകയും ചെയ്തു. ഇതൊഴികെ നാട്ടിലെങ്ങും അക്കൊല്ലം ഒരു മത്താപ്പും കത്തിയില്ല. പക്ഷേ, അവധിക്കാലം കഴിഞ്ഞ് സ്കൂൾ തുറക്കുവോളം പിന്നെ ആരും ഇതൊന്നും ഓർത്തില്ല.

കരഞ്ഞുകൊണ്ടാണ് പാർവതി പുതുവർഷത്തിൽ വന്നത്. ക്ളാസ്കയറ്റം കിട്ടാത്തതൊന്നും  ആയിരുന്നില്ല. പുതിയ ക്ളാസ്സിലെ എല്ലാവർക്കും വിഷമമായി. എപ്പോഴും ചിരിക്കുന്ന ആളാണ് പാർവതി. ഡ്രോയിങ് മാസ്റ്റർ നീയൊരു മന്ത്രിയാണ് എന്നു പറഞ്ഞപ്പോഴും ചിരിച്ചേ ഉള്ളൂ.

വള്ളത്തോൾ കുടുംബത്തിലെ ബാലചന്ദ്രൻ സാറായിരുന്നു പുതിയ ക്ലാസിൽ. അദ്ദേഹം പാർവതിയുടെ അച്ഛന്റെ മരണത്തിൽ വ്യസനം കാണിക്കാൻ എല്ലാരും കുറച്ചു നേരം എഴുന്നേറ്റു നിൽക്കണമെന്നു പറഞ്ഞു. അതു കേട്ട ഉടനെ പാർവതി ഉറക്കെ കരയാൻ തുടങ്ങി. പട്ടിവാലിൽ പടക്കം പൊട്ടിച്ച് ഞങ്ങൾ കുറച്ചു പേരെ ചൂണ്ടിക്കാണിച്ച് തേങ്ങിത്തേങ്ങി എന്തെല്ലാമൊ എണ്ണിപ്പെറുക്കാനും തുടങ്ങി.

സാർ കേസ് വിചാരണ ചെയ്തു. ഞങ്ങൾ ചെയ്തത് വളരെ വലിയ തെറ്റാണെന്ന് ഞങ്ങളെ ബോദ്ധ്യപ്പെടുത്തി. ആ സാധു വളർത്തുമൃഗത്തോടു ചെയ്തതും മാപ്പില്ലാത്ത അപരാധംതന്നെ. കേശവൻ നായർ സാറിന് കുട്ടികളോട് സ്നേഹമായിരുന്നു എന്ന് ഞങ്ങളെ അറിയിച്ചു. പുഴയിൽ ഒഴുകി വന്ന ഒരു കുട്ടിയെ അദ്ദേഹം മകനായിത്തന്നെ വളർത്തി വരുന്ന കാര്യം പറഞ്ഞു.- ഉള്ളിൽ തട്ടി മാഷ് പറഞ്ഞു നിർത്തിയപ്പോൾ എന്തുകൊണ്ടാ ഞങ്ങളുടെ കണ്ണു നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെയും തൊണ്ടയും കണ്ണും ഈറനായിരുന്നു.

ആദ്യം ഉറക്കെ കരഞ്ഞത് പാർവതിയാണ്. ഞങ്ങളെല്ലാം അതിൽ സ്വയമേവ ചേർന്നു. അതൊരു കൂട്ടക്കരച്ചിലായി. അടുത്ത ക്ളാസ്സുകളിലെ കുട്ടികളും മാഷമ്മാരും വന്നു, അവരും കരയാൻ തുടങ്ങി. ഉയർന്ന ക്ളാസ്സിലെ കുട്ടികളാണ് കൂടുതൽ ഉറക്കെ കരഞ്ഞത്. അവർക്കാണ് മാഷ്ടെ ശിക്ഷ കൂടുതൽ കിട്ടിയിരുന്നതും!

ഒരു വ്യാഴവട്ടം കഴിഞ്ഞ് അമ്പലത്തിൽ വെച്ച് പാർവതിയെ കണ്ടു. വിവാഹിതയായിരുന്നു. കൂടെ ഭർത്താവുമുണ്ട്. അന്യദിക്കിൽ ജോലിയിലായതിനാൽ എനിക്കു വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇരുവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷമറിയിച്ച് ഞാൻ തുടർന്നു, എനിക്കിപ്പോഴും ഒരു പഴയ കാര്യമോർത്ത് സങ്കടമുണ്ട്. പിന്നീട് ഒരു വിഷുവിനും ഞാൻ പടക്കം പൊട്ടിച്ചിട്ടില്ല.

പാർവതി ചിരിച്ചു, ഞാൻ അതൊക്കെ ആ കൂട്ടക്കരച്ചിലോടെ മറന്നു. മാത്രമല്ല, വാലിൽ പടക്കം കൊളുത്തിയ വീരനെ ആ പട്ടി വീട്ടിനകത്തുവരെ ഓടിക്കയറി കടിച്ചു എന്നുകൂടി മനസ്സിലായതോടെ ഞാൻ ചിരിച്ചതിന് കയ്യും കണക്കും ഇല്ല! അതാണ് ഇപ്പോൾ സങ്കടം!

Content Highlights: CRadhakrishnan, Vishu, Malayalam Literature