ഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യരുടെ ജന്മവാര്‍ഷിക ദിനമാണ് ജൂണ്‍ 6. പ്രബോധനാത്മക കവിതയുടെ വക്താവായിരുന്നു ഉള്ളൂര്‍. മഹാകവിത്രയത്തില്‍ 'ഉജ്ജ്വല ശബ്ദാഢ്യന്‍' എന്നായിരുന്നു അദ്ദേഹത്തിന്റെ വിശേഷണം. അലങ്കാരങ്ങളും കല്‍പ്പനകളുംകൊണ്ട് സമൃദ്ധമായിരുന്നു ഉള്ളൂര്‍ക്കവിത. അധ്വാനത്തിന്റെ മഹത്ത്വം പ്രകീര്‍ത്തിക്കുന്നവയായിരുന്നു ഉള്ളൂര്‍ക്കവിതകള്‍. പതിറ്റാണ്ടിന്റെ അധ്വാനത്തിലൂടെ അദ്ദേഹം രചിച്ച അഞ്ചു വാല്യങ്ങളുള്ള 'മലയാള സാഹിത്യചരിത്ര'മാണ് പ്രധാന കൃതി. ഉമയമ്മറാണിയുടെയും മക്കളുടെയും ജീവിതത്തെ ആസ്പദമാക്കി രചിച്ച 'ഉമാകേരളം' എന്ന മഹാകാവ്യം ഉള്ളൂരിന്റെ പാണ്ഡിത്യത്തിനുള്ള തെളിനാളമാണ്.

ഉള്ളൂര്‍ സ്വദേശിയായ സുബ്രഹ്മണ്യ അയ്യരുടെയും പെരുന്ന താമരശ്ശേരി ഇല്ലത്തെ ഭഗവതി അമ്മയുടെയും മകനായി 1877 ജൂണ്‍ ആറിനാണ് ഉള്ളൂര്‍ ജനിച്ചത്. കവിത്രയത്തില്‍ കോളേജ് വിദ്യാഭ്യാസം നേടിയത് ഉള്ളൂര്‍ മാത്രമായിരുന്നു. മലയാളം, തമിഴ്, സംസ്‌കൃതം എന്നിവയ്ക്കൊപ്പം ഇംഗ്ലീഷിലും അദ്ദേഹത്തിന് അഗാധപാണ്ഡിത്യമുണ്ടായിരുന്നു. പിന്നീട് എം.എ.യും ബി.എല്ലും പാസായ ഉള്ളൂര്‍, സര്‍ക്കാര്‍ സര്‍വീസില്‍ തഹസില്‍ദാര്‍, മുന്‍സിഫ്, ദിവാന്‍ പേഷ്‌കാര്‍, ആക്ടിങ് ചീഫ് സെക്രട്ടറി എന്നീ പദവികളും വഹിച്ചു.

1937-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് മഹാകവിപ്പട്ടവും കൊച്ചിരാജാവ് കവിതിലകന്‍ പട്ടവും നല്‍കി. കാശിവിദ്യാലയത്തിന്റെ സാഹിത്യഭൂഷണ്‍ ബഹുമതിയും ബ്രിട്ടീഷ് സര്‍ക്കാറിന്റെ റാവുസാഹിബ് ബഹുമതിയും ലഭിച്ചിട്ടുണ്ട്. 1922 നവംബര്‍ ഒമ്പതിന് രവീന്ദ്രനാഥ ടാഗോര്‍ തലസ്ഥാനത്തെത്തിയപ്പോള്‍ സ്വീകരണസമിതിയില്‍ മഹാകവി കുമാരനാശാനൊപ്പം ഉള്ളൂരും നേതൃസ്ഥാനത്തുണ്ടായിരുന്നു. തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്കു മുന്നിലെ പ്രതിമയും ജഗതിയിലെ മഹാകവി ഉള്ളൂര്‍ സ്മാരകവുമാണ് തലസ്ഥാനത്ത് അദ്ദേഹത്തിന്റെ ഓര്‍മച്ചിഹ്നങ്ങള്‍.

ഉമാകേരളം (മഹാകാവ്യം), കര്‍ണഭൂഷണം, പിംഗള, ഭക്തിദീപിക, ചിത്രശാല, താരഹാരം, കിരണാവലി, തരംഗിണി, മണിമഞ്ജുഷ, ദീപാവലി (ഖണ്ഡകാവ്യങ്ങള്‍), കാവ്യചന്ദ്രിക, ഹൃദയകൗമുദി, കല്പശാഖി, അമൃതധാര, കിരണാവലി, തപ്തഹൃദയം (കവിതാസമാഹാരങ്ങള്‍) കേരള സാഹിത്യ ചരിത്രം (അഞ്ച് ഭാഗങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍.

Content Highlights: Malayalam Poet Ullur S Parameshvarayyar birth anniversary