കുറത്തി, കടിഞ്ഞൂൽപൊട്ടൻ, മഴപെയ്‌യുന്നു മദ്ദളം കൊട്ടുന്നു, വെള്ളിവെളിച്ചം... മലയാളകവിതയ്‍ക്ക് കവി കടമ്മനിട്ട രാമകൃഷ്ണന്റെ ദാനം. അദ്ദേഹം അന്തരിച്ചിട്ട് ഇന്നേക്ക് പന്ത്രണ്ട് വർഷം തികഞ്ഞിരിക്കുന്നു. കടമ്മനിട്ടയെ ഈയവസരത്തിൽ ഓർക്കുകയാണ് കവിയും നിരൂപകനുമായ കല്പറ്റ നാരായണൻ

പൂന്താനത്തിന് ശേഷം 'ചെവിതന്നിതു കേൾപ്പിനെല്ലാവരും'എന്ന വരി അക്ഷരാർഥത്തിൽ തന്നെ സ്വാർഥകമാക്കിയ കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ. ആധുനികത ആളുകളിൽ നിന്ന് അകന്നുതുടങ്ങിയപ്പോൾ അത് ആളുകളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ഒരാളാണ് കടമ്മനിട്ട. മലയാളികളുടെ മനസ്സിലെ സ്മരണകളിൽ മാത്രമുണ്ടായിരുന്ന താളങ്ങളെ അദ്ദേഹം പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്തത്. ആ ഒരു പ്രത്യേക കാലഘട്ടത്തിൽ കവിതയ്‍ക്ക് എന്തുമാത്രം തീവ്രതയുണ്ട് എന്ന് മലയാളിയ്‍ക്ക് മനസ്സിലാക്കിക്കൊടുത്ത കടമ്മനിട്ട 'നെഞ്ചത്തൊരു പന്തം കുത്തി നില്പൂ കാട്ടാളൻ'എന്നു പറയുന്നതിലെ ആ കാട്ടാളൻ ഈ കാവ്യകാരന്റെ അകത്ത് ഉണ്ടായിരുന്നു. ഇത്ര തീവ്രതയോടെ ഭാഷ ഉപയോഗിച്ച, താളത്തെ ഇങ്ങനെ സന്നിവേശിപ്പിച്ച ഒരു കവി മലയാളത്തിൽ ഉണ്ടായിട്ടില്ല. ആളുകൾ കവിത ആസ്വദിക്കാറുണ്ട്. അത് സംഗീതത്തിന്റെ വഴിയിലൂടെയാണ്. കവിതയുടെ വഴിയിലൂടെ ആസ്വാദനത്തിലേക്ക് ആളുകളെ തിരികെ നടത്തിച്ച കവിയാണ് അദ്ദേഹം.

കടമ്മനിട്ടയെപ്പോലെ സുഹൃത്തുക്കൾ ഉള്ളയാൾ പൊതുവേ സാഹിത്യത്തിൽ കുറവായിരിക്കും. ഞാൻ താമസിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തുനിന്നും ഒരു ദിവസം റെയിൽവേ ലൈനിൽ കൂടി നടന്നുപോകുമ്പോൾ എതിരേ വരുന്ന ആൾക്ക് കടമ്മനിട്ടയുടെ അതേ ഛായയുണ്ടല്ലോ എന്നോർത്തു. അടുത്തെത്തിയപ്പോൾ അത് കടമ്മനിട്ട തന്നെയായിരുന്നു. അവിടെ എനിക്കറിഞ്ഞുകൂടാത്ത ഒരു ചാരായക്കട അദ്ദേഹത്തിനറിയാമായിരുന്നു. അന്ന് കേരളത്തിന്റെ മുക്കും മൂലയുമറിയാമായിരുന്ന എന്റെ പ്രിയങ്കരനായ സുഹൃത്തായിരുന്നു അദ്ദേഹം. എല്ലാ പ്രദേശങ്ങളിലെയും മുറുക്കാൻ കടയും പരിചിതമായിരുന്നു അദ്ദേഹത്തിന്. സദാസമയം മുറുക്കിച്ചുവപ്പിച്ച പുഞ്ചിരി ആ മുഖത്തുണ്ടാവുമായിരുന്നു. എസ്.കെ പൊറ്റക്കാടിന്റെ മറ്റൊരു വിധത്തിലുള്ള രൂപമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ചെറിയൊരു പരിഹാസത്തോടുകൂടി, എന്നാൽ തീവ്രമായ ധ്വനികളോടുകൂടിയാണ് അദ്ദേഹം കവിതകൾ ചൊല്ലിയിരുന്നത്.

Kalpatta Narayanan
കല്പറ്റ നാരായണന്‍. ഫോട്ടോ: ബിജു വര്‍ഗീസ്‌

കവിതയിൽ നിന്നും മുക്തനായിത്തീർന്നതിനു ശേഷമാണ് കടമ്മനിട്ട പുരോഗമനസാഹിത്യ പ്രസ്ഥാനത്തിലെ ഭാരവാഹിത്തത്തിലേക്കു വരുന്നത്. അതിന് മുമ്പ് എം. ഗോവിന്ദൻ തുടങ്ങിയ ആളുകളുടെ മറ്റൊരു ചേരിയിലാണ് പ്രവർത്തിച്ചിരുന്നത്. കേരളകവിതയായിരുന്നു അദ്ദേഹത്തിന്റെ മണ്ഡലം. കടമ്മനിട്ടയുടെ കാവ്യപ്രതിഭ ഏതാണ്ട് മന്ദീഭവിച്ച സമയത്താണ് രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്. ആ സമയത്ത് അദ്ദേഹം കാര്യമായിട്ട് കവിതകൾ എഴുതിയിട്ടില്ല. കവിതയെഴുതുന്ന കാലത്ത് ഏകമാത്രമായ കാഴ്ചപ്പാടിലൂടെയല്ല അദ്ദേഹം കവിതകൾ എഴുതിയിട്ടുള്ളത്. കവിതയും ജീവിതവും നമ്മൾ ഒരുമിച്ചു വായിക്കേണ്ടതില്ല.

എഴുപതുകളിലെ അടിയന്തിരാവസ്ഥക്കാലത്ത് നമുക്ക് ഒരു പുതിയ രാഷ്ട്രീയ ജാഗ്രത കൈവരികയുണ്ടായി. കെ.ജി.എസ്, കടമ്മനിട്ട, പിൽക്കാലത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരൊക്കെ വരുന്നത് അങ്ങനെയാണ്. കടമ്മനിട്ട തന്റെതായ ഭാഷകൊണ്ടും ,താളക്രമം കൊണ്ടും, കാവ്യനിലപാടുകൊണ്ടും വ്യത്യസ്തനായി. അയ്യപ്പപണിക്കർ, സച്ചിദാനന്ദൻ തുടങ്ങിയ പ്രബുദ്ധകവികളുടെ കൂടെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ആ കാലങ്ങളിൽ അദ്ദേഹത്തിന് ഒരു പ്രത്യയശാസ്ത്രത്തിന്റെയും പരിമിതി ഉണ്ടായിരുന്നില്ല.

അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യകാലത്തുമാണ് കടമ്മനിട്ട കവിതകൾ സജീവമാവുന്നത്. അരങ്ങുകളിലാണ് പിന്നെ കവിതകൾ അവതരിപ്പിക്കപ്പെടുന്നത്. നല്ലപോലെ ഗ്രാമീണജീവിതം അറിയാവുന്ന ആളായിരുന്നു അദ്ദേഹം. പടയണി എന്ന കലാരൂപത്തിന്റെ പ്രദേശമാണ് പത്തനംതിട്ടയിലെ കടമ്മനിട്ട. പടയണിയുടെ സ്വാധീനം അദ്ദേഹത്തിന്റെ ആദ്യകാല കവിതകളിൽ കാണാമായിരുന്നു. പിന്നീട് ആ കാവ്യഭാവുകത്വം സമകാലിക വിഷയങ്ങൾക്കു വഴിമാറി. ചെറിയ അർഥത്തിൽ അരാജകത്വവും കവിയുടെ ജീവിതത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓർമകൾക്കുമുന്നിൽ പ്രണാമം.

Content Higlights: Malayalam Poet Kalpeta Narayanan writes about Kadamamnitta Ramakrishnan