തറവാട്ടില്‍നിന്ന് ഇറങ്ങിയോടിയ കുട്ടി

തളിപ്പറമ്പിലെ അക്കിപ്പറമ്പ് യു.പി.സ്‌കൂള്‍ അങ്കണം. തിക്കുറിശ്ശി സുകുമാരന്‍നായരുടെ സ്ത്രീ എന്ന നാടകം കളിക്കാന്‍ തുടങ്ങുകയാണവിടെ വക്ക് പൊട്ടിയ ട്രൗസറും കീറിയ കുപ്പായവുമിട്ട 12 വയസ്സുള്ള ഒരു ബീഡിതെറുപ്പുകാരന്‍ ചെക്കന്‍ അതേപ്രായത്തിലുള്ള ചങ്ങായിക്കൊപ്പം സ്റ്റേജിനടുത്തെത്തി കള്ളലക്ഷണത്തോടെ നില്‍പ്പുറപ്പിച്ചു. ടിക്കറ്റെടുക്കാന്‍ കാല്‍ക്കാശില്ല. നാടകം കണ്ടേ തീരൂ. ആരും കാണാതെ സ്റ്റേജിനടിയിലൂടെ ആമയിഴച്ചില്‍ നടത്തി മുന്നിലെത്തി അവര്‍ ഇരുന്നു, നാടകം കണ്ട് വീട്ടിലെത്തിയതും അവിടെ 'അടിയന്തരാവസ്ഥ' പ്രഖ്യാപിക്കപ്പെട്ടിരുന്നു. സമ്പൂര്‍ണമായ മൗനം. അത് ഭേദിച്ചുകൊണ്ട് കാരണവന്മാരുടെ അലര്‍ച്ച: 'നീ ഇസ്ലാമാണോടാ, ഹറാം പിറന്നോനെ...' ചൂരലിന്റെ പ്രയോഗം. ഇസ്ലാമിന് ഹറാമായ നാടകംകണ്ട നീ ഇബിലീസാണെന്ന മട്ടില്‍ കണ്ണില്‍ച്ചോരയില്ലാതെ ചൂരല്‍ ഉയര്‍ന്നുതാഴ്ന്നു. അതേ കാരണവരുടെ പത്തുരൂപ കട്ടെടുത്ത് അവന്‍  അതേദിവസം തറവാട്ടില്‍നിന്ന് ഇറങ്ങിയോടി. ഇബ്രാഹിം വെങ്ങര  എന്ന നാടകത്തിന്റെ തിരശ്ശീല ഉയരുമ്പോള്‍ കാണുന്ന ആദ്യരംഗമാണിത്. ഇതുതന്നെ ക്ലൈമാക്‌സാണല്ലോ എന്നുപറയുമ്പോള്‍ ആ 'നാടകം' പറയുക, 'നാടകം കാണാന്‍ സ്റ്റേജിനടിയിലൂടെ ആമയിഴച്ചില്‍ നടത്തിയത് തന്റെ അഭിനയജീവിതത്തിലെ ബാലപാഠംമാത്രമാണ്' എന്നാണ്. 

എ.കെ.ജി. എന്ന ദൈവം

ഏഴിമല നാവിക അക്കാദമിക്ക് തൊട്ടടുത്ത് സമുദ്രവും കായലും പുഴയും കണ്‍മുന്നില്‍ സംഗമിച്ചുനില്‍ക്കുന്ന വിജനകാന്താരത്തിലെ തന്റെ കളിക്കൂടെന്ന നാടകപ്പുരയുടെ മുറ്റത്തുനിന്ന് ഇബ്രാഹിം വെങ്ങര എന്ന നാടകം രണ്ട് തൂണുകള്‍ ചൂണ്ടിക്കാണിച്ചു. വിശേഷപ്പെട്ട തടിയില്‍ കൊത്തിയെടുത്തതും കൃഷ്ണശിലയുടെ പീഠവുമുള്ള സ്തംഭങ്ങള്‍. എറണാകുളത്ത് ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് തളിപ്പറമ്പ് ചിറവക്കിലെ ഒരു വസ്തു ഏജന്റ് വിളിച്ചുപറയുന്നത്: 'ഇക്കാ ഒരു ഇല്ലം പൊളിച്ചതിന്റെ മരം കിട്ടാനുണ്ട്, വേണോ?' ഉടന്‍തന്നെ കാറില്‍ എറണാകുളത്തുനിന്ന് തളിപ്പറമ്പ് ചിറവക്കിലെത്തി. രണ്ട് തൂണുകള്‍ കച്ചവടമാക്കി വീട്ടിലെത്തിക്കുകയുംചെയ്തു. ഇല്ലം പൊളിച്ചതിന്റെ നീക്കിബാക്കിയാണിതെന്ന് പറഞ്ഞുകേട്ടതും മൂത്തപെങ്ങള്‍ മോഹാലസ്യപ്പെട്ട് വീണതും ഒപ്പം. നൂറ്റാണ്ടുകള്‍ക്കപ്പുറം ആ ഇല്ലത്തെ കുഞ്ഞമ്മ ധര്‍മത്തൂരുകാരനായ മുസ്ലിം യുവാവില്‍ അനുരക്തയാവുകയും ഒന്നിക്കുകയും ചെയ്തതിന്റെ പരമ്പരയല്ലയോ, കുഞ്ഞമ്മ കുഞ്ഞാമിനയായതും പുതിയോട്ടില്ലമെന്ന  തറവാടുണ്ടായതും അതിന്റെ ഇങ്ങേത്തലക്കല്‍...

എഴുത്തിനു മാത്രമായി താനുണ്ടാക്കിയ നാടകപ്പുരയുടെ തൂണാകാന്‍ ഇതുതന്നെ എത്തിയ യാദൃച്ഛികത! ഇത്തരം യാദൃച്ഛികതകളാണ് ഇബ്രാഹിം വെങ്ങര എന്ന നാടകത്തിന്റെ ഓരോ രംഗത്തിന്റെയും തിരശ്ശീല ഉയര്‍ത്തിയത്. അപ്പോള്‍ ആ ഏകാന്തതയിലേക്ക് കടന്നെത്തിയത് ഒരു ടെലിഫിലിമിന്റെ ആളുകളാണ്. മത്സരത്തിനയക്കാന്‍ ഇക്കയുടെ ജീവിതത്തിലെ ഒരു ഏടുവേണം. ചോരപുരണ്ട ആ ഏട്, വെങ്ങര എല്‍.പി.സ്‌കൂളില്‍ മൂന്നാംക്ലാസില്‍ മൂന്നുദിവസം പൂര്‍ത്തിയാക്കിയശേഷം വിദ്യാഭ്യാസം നിര്‍ത്തേണ്ടിവന്ന കഥ. പിന്നെ തളിപ്പറമ്പിലെ തറവാട്ടുവീട്ടിലേക്ക് താമസംമാറി അവിടെ ഒമ്പതാംവയസ്സില്‍ ബീഡിക്ക് നൂല്‍കെട്ടാന്‍ പോകുന്ന ചെക്കന്‍. ടെലിഫിലിമിന്റെ ഇതിവൃത്തമല്ല, കളിച്ചുതീര്‍ത്ത ജീവിതനാടകത്തിലെ ഒരു രംഗം. ആദ്യം വിവരിച്ച രംഗത്തിന്റെ  ഫ്ലാഷ്ബാക്കാണിത്.

ഒരു നാടകത്തില്‍ എത്ര ക്ലൈമാക്‌സാകാം. ക്ലൈമാക്‌സുകള്‍ ഏറ്റുമുട്ടി നാടകം ട്രാജി-കോമഡിയാക്കിയാലോ.
നാടകം കണ്ടതിന് വീടുവിടേണ്ടിവന്ന ഇബ്രാഹിം പിറ്റേന്ന് കോയമ്പത്തൂര്‍ റെയില്‍വേസ്റ്റേഷനുമുമ്പില്‍ കുതിരകള്‍ക്ക് വെള്ളം കൊടുക്കുന്നതിനുള്ള ടാങ്കില്‍നിന്ന് കൈക്കുടന്നയില്‍ വെള്ളമെടുത്ത് കുടിക്കുമ്പോള്‍ പിന്നില്‍നിന്ന് നനുത്ത ഒരു കരസ്പര്‍ശം. അത് രക്ഷകനായിരുന്നു, അബ്ദുള്‍ റസാഖ് എന്ന വെറ്ററിനറി ഡോക്ടറുടെ രൂപത്തില്‍. വയറുനിറയെ പുട്ടും കടലയും വാങ്ങി നല്‍കിയശേഷം സ്വന്തം വീട്ടിലേക്കുകൂട്ടി സംരക്ഷണം. രണ്ടുമാസത്തിനുശേഷം കോയമ്പത്തൂരില്‍ത്തന്നെ തമിഴ് ബ്രാഹ്മണനായ സാമിയണ്ണന്റെ സഹായിയായി അദ്ദേഹത്തിന്റെ വീട്ടില്‍ മകനെപ്പോലെ. 

ഇനി നാടകത്തിന്റെ രംഗവേദി മദിരാശിയും മൂര്‍ മാര്‍ക്കറ്റുമാണ്. തീവണ്ടിയാത്രക്കിടയില്‍ മുണ്ടും കുപ്പായവും 30 രൂപയുമടങ്ങിയ സഞ്ചി നഷ്ടപ്പെട്ട് മദിരാശി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ 16-കാരന്‍. പൊതുടാപ്പുകള്‍ അവന് വെള്ളം നല്‍കി. മൂര്‍മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ചിലപ്പോള്‍ ഒരു പഴമോ തൈരുസാദത്തിന്റെ ശേഷിപ്പോ നല്‍കി. രാത്രി വൈകി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങാന്‍ ദിനതന്തി പത്രം ധാരളം. നാറുന്ന വേഷത്തോടെ, സ്വയം അവജ്ഞയോടെ മൂര്‍മാര്‍ക്കറ്റിനുപിറകിലെ മൈതാനത്ത് നില്‍ക്കുമ്പോള്‍ അവിടേക്ക് സര്‍ക്കസിലെ മൃഗങ്ങളുമായി വണ്ടികള്‍ വരുന്നു. ജെമിനി സര്‍ക്കസ്. അതുതന്നെ നോക്കിനില്‍ക്കുമ്പോള്‍ ഒരു പണികിട്ടുമെന്ന പ്രതീക്ഷ വളര്‍ന്നു. അപ്പോഴേക്കും അവിടെ ഒരു ടാക്‌സിക്ക് ചേര്‍ന്നുനില്‍ക്കുകയാണ് എ.കെ.ജി. സാക്ഷാല്‍ എ.കെ. ഗോപാലന്‍! അടുത്തേക്ക് നടന്നുചെന്ന് മുഖത്തേക്ക് ഉറ്റുനോക്കി. തളിപ്പറമ്പില്‍ പ്രസംഗിക്കുന്നതുകേട്ട ഓര്‍മയുണ്ട്. കണ്ണുനിറഞ്ഞ് അവിടെനിന്നപ്പോള്‍ എ.കെ.ജി. കാറില്‍ക്കയറി ഇരിക്കാനാണ് പറഞ്ഞത്. നേരെ മദിരാശി നിയമസഭാ ഹോസ്റ്റലിലേക്ക്. കുളിച്ച് പുതിയ വസ്ത്രം ധരിച്ചപ്പോള്‍ പുതിയൊരു ലോകത്തേക്ക് മോചനം ലഭിക്കുകയാണെന്നുതോന്നി. പ്രസിദ്ധമായ ബുഹാരി ഹോട്ടലില്‍നിന്ന് വയറുനിറച്ച് ഭക്ഷണം കഴിപ്പിച്ചശേഷം മാത്രമാണ് വീടും നാടും പേരും ചോദിച്ചത്. ഏതോ തെരുവില്‍ ഒടുങ്ങിപ്പോവുകയോ അറിയാതെ അധോലോകത്തിന്റെ ഭാഗമായിപ്പോവുകയോ ചെയ്യുമായിരുന്ന  ഇബ്രാഹിം വെങ്ങരയുടെ ജീവിതനാടകത്തില്‍ അത് വഴിത്തിരിവാകുകയായിരുന്നു. ''ഞാന്‍ ദൈവത്തെ കാണുകയായിരുന്നു. യഥാര്‍ഥ മനുഷ്യനാണ് യഥാര്‍ഥ ദൈവം.''  ജെമിനി സര്‍ക്കസില്‍ ജോലിക്ക് കത്തുകൊടുത്ത്, കുറെനാള്‍ ജീവിക്കാനാവശ്യമായ  പണവും നല്‍കി ഇബ്രാഹിമിനെ പുതിയൊരു മനുഷ്യനാക്കുകയായിരുന്നു എ.കെ.ജി.

നാടകപ്രവേശം

അടുത്ത രംഗം മട്ടാഞ്ചേരിയാണ്. തനിക്കുശേഷം വീട്ടില്‍നിന്ന് നാടുവിട്ടുപോയ ജ്യേഷ്ഠനെത്തേടി. മുഹമ്മദ് സ്രാങ്ക്. ചക്കാമാടത്തിനുമേലെ സ്ഥലത്തെ പ്രധാന ദിവ്യനെപ്പോലെ കഴിയുന്ന സ്രാങ്ക്. സ്രാങ്കിന്റെ തണലില്‍ ഒന്നരക്കൊല്ലം ജോലിയൊന്നും ചെയ്യാതെ  സുഖജീവിതം. ''മട്ടാഞ്ചേരിയിലെ ലൈബ്രറികള്‍ ഇക്കാലത്ത് എന്റെ സര്‍വകലാശാലകളായി. ഡ്രൈവിങ്ങുംകൂടി പഠിച്ചതോടെ എനിക്ക് ഇനി സ്വന്തം കാലില്‍ നില്‍ക്കാമെന്ന തോന്നലായി. ചെമ്മീന്‍ കമ്പനിയുടെ വണ്ടിയില്‍ ജോലിയായതോടെ നാടകത്തിന്റെ അകത്തളത്തിലേക്കും പ്രവേശിക്കുകയായി.''
 
നാടകപ്രവേശവും യാദൃച്ഛികമായിരുന്നു. 1964-ലെ തൃപ്പൂണിത്തുറ അത്താഘോഷം. അവിടത്തെ നാടകമത്സരത്തില്‍ സി.വി. അഗസ്റ്റിന്റെ 'ക്രൂശിക്കപ്പെട്ട ആത്മാവ്' അവതരിപ്പിക്കുന്നു. അഗസ്റ്റിന്റെ സുഹൃത്തായതിനാല്‍ റിഹേഴ്സല്‍ ക്യാമ്പില്‍ സ്ഥിരക്കാരനായി. പ്രോംപ്റ്ററുടെ പണിയെടുത്തു. മത്സരത്തില്‍ നാടകം അവതരിപ്പിക്കേണ്ട സമയമടുത്തപ്പോള്‍ പ്രധാന നടനെ കാണാനില്ല. കുടിച്ച് പൂസായി എവിടെയോ കിടപ്പായിരുന്നു അദ്ദേഹം. സംവിധായകന്‍ പ്രോപ്റ്ററെ മേക്കപ്പ് മുറിയിലേക്ക് തള്ളി, 'നീ അഭിനയിച്ചേ പറ്റൂ...' അഞ്ച് സമ്മാനങ്ങള്‍ നേടിയ ആ നാടകം മലയാളത്തിലെ ഏറ്റവും പ്രമുഖനായ ഒരു നാടകപ്രതിഭയുടെ അരങ്ങേറ്റരംഗമാവുകയായിരുന്നു. 

'നാടകം എഴുതാന്‍ തുടങ്ങിയേെതപ്പാഴാണിക്കാ' എന്ന ചോദ്യത്തിന് അല്പനേരം ഉത്തരമുണ്ടായില്ല. വിദൂരത്തില്‍ നോക്കി ഇരിപ്പായിരുന്ന അദ്ദേഹത്തിന്റെ മനസ്സ് മട്ടാഞ്ചേരിയിലായിരുന്നു. ചോദ്യത്തിനല്ലാതെ ഉത്തരമായി ചന്ദ്രതാരാ തിയേറ്റേഴ്സ്, പരീക്കുട്ടി സാഹിബ്, വൈക്കം മുഹമ്മദ് ബഷീര്‍ എന്നെല്ലാം ശിഥിലമായ വാക്കുകള്‍... വീണ്ടും ചോദിച്ചപ്പോള്‍ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നിട്ടെന്നപോലെ പറയുകയാണ്, 'രചനയല്ല, സംവിധാനമാണാദ്യം.'  പണിയെടുക്കുന്ന ചെമ്മീന്‍കമ്പനിയുടെ വര്‍ഷികത്തിന് സലാം കാരശ്ശേരിയുടെ 'വൈരൂപ്യങ്ങള്‍' എന്ന നാടകം സംവിധാനംചെയ്തു. ദിവസം ഒന്നരരൂപമാത്രം കൂലിയുണ്ടായിരുന്ന അന്ന് നാടകത്തിന്റെ സമ്മാനമായി 500 രൂപയാണ് മുതലാളി നല്‍കിയത്. 

എറണാകുളത്ത് നഗരമാലിന്യക്കൂമ്പാരത്തില്‍നിന്ന് തനിക്കും അമ്മയ്ക്കും കഴിക്കാന്‍ അവശിഷ്ടങ്ങളെടുക്കുന്ന ഒരു പയ്യന്‍. അവനെ അതില്‍നിന്ന് പിടിച്ചുമാറ്റി മറ്റൊരു ജീവിതം നല്‍കാന്‍ ശ്രമിക്കുന്ന താന്‍... തന്നെ എ.കെ.ജി. എങ്ങനെ നഗരമാലിന്യക്കൂമ്പാരത്തില്‍നിന്ന് രക്ഷിച്ചോ അതുപോലൊന്ന് താനും. ഇത്തരമൊരു ചിന്തയാണ് മനസ്സിനെ നോവിച്ചുനോവിച്ച് 'ആര്‍ത്തി'യെന്ന പേരില്‍ നാടകമായി വാര്‍ന്നുവീണത്. 1964-ല്‍ എറണാകുളം ടി.ഡി.എം.ഹാളില്‍ അഖിലകേരള നാടകമത്സരത്തില്‍ മട്ടാഞ്ചേരിയിലെ കൂട്ടുകാര്‍ ആ നാടകം അവതരിപ്പിച്ച് രണ്ടാംസമ്മാനം നേടിയപ്പോള്‍  ഇബ്രാഹം വെങ്ങര എന്ന നാടകകൃത്ത് വെളിപ്പെടുകയായി.

ജീവിതം എന്ന തീക്കുണ്ഡം 

അപ്പോഴും ക്ലൈമാക്‌സുകള്‍ ഇബ്രാഹിം വെങ്ങര എന്ന നാടകത്തെ കാത്തുകിടപ്പായിരുന്നു. നീണ്ട 16 കൊല്ലത്തിനുശേഷം നാട്ടില്‍ തിരികെയെത്തിയ ഇബ്രാഹിമിനുമുന്നില്‍ ജീവിതം പ്രഹേളികയായിത്തന്നെ നിന്നു. ഹോട്ടലില്‍ കാഷ്യറായി ജോലിയും അതിനിടെ നാടകവും. നാട്ടിലെത്തിയപ്പോഴാണ് ഇബ്രാഹിം എന്ന നാടകത്തില്‍ നായികയെ വേണ്ടേ എന്ന ആലോചനകള്‍ വന്നത്. വന്നതെല്ലാം നിരസിച്ച നായകന്‍ കേട്ടറിഞ്ഞത് പത്താംവയസ്സില്‍ 40-കാരന്‍ മൊഴിചൊല്ലിയ സൈനബയെയാണ്. ആളെ കാണാതെ, സ്വത്തോ പണമോ ബന്ധുബലമോ ഉണ്ടോ എന്നറിയാതെ വീട്ടുകാരുടെയും നാട്ടുകാരുടെയുമാകെ എതിര്‍പ്പ് അവഗണിച്ച് ഒരേയൊരു സുഹൃത്തിനൊപ്പം ചെന്ന് നിക്കാഹ് നടത്തുകയാണ്. വി.ടി.യുടെ നേതൃത്വത്തില്‍ നമ്പൂതിരിസമുദായത്തില്‍നടന്ന വിവാഹവിപ്ലവംപോലെയെന്നാരും പറഞ്ഞില്ലെങ്കിലും ഇബ്രാഹിം സ്വയം അങ്ങനെയാക്കുകയായിരുന്നു. 

ആ ക്ലൈമാക്‌സിന്റെ അനുബന്ധമാണ് കൂടുതല്‍ പ്രശ്‌നമായത്. കുട്ടികളുടെ പേരുകള്‍. ആദ്യത്തെ മകളെ ബിന്ദുവെന്ന് വിളിച്ചപ്പോള്‍ രൂക്ഷമായ എതിര്‍പ്പും വിരോധവും. സാമ്പത്തികപരാധീനതയാല്‍ വിദഗ്ധചികിത്സ കിട്ടാതെ ആ കുഞ്ഞ് മരിച്ചപ്പോള്‍ കുറ്റം പിതാവില്‍ ആരോപിതം. കുഞ്ഞിന്റെ പേര് ബിന്ദുവെന്ന് വിളിച്ചതാണ് പ്രശ്‌നമെന്ന്. പക്ഷേ, രണ്ടാമത്തെ കുട്ടിയെ ഷാജിയെന്നും മൂന്നാമത്തെ കുട്ടിയെ ബീനയെന്നും നാലാമത്തെ കുട്ടിയെ നിശാന്ത് എന്നും വിളിച്ച് പേരില്‍ മതമില്ലെന്നും മതം പേരുകള്‍ക്കതീതമാണെന്നും തെളിയിച്ചത് കടുത്ത എതിര്‍പ്പുകളെയും നിരാസത്തെയും അവഗണിച്ച്. 

ഇബ്രാഹിമിനെ പള്ളിയില്‍ കണ്ട് അന്നൊരിക്കല്‍ ആളുകള്‍ അമ്പരന്നു. നാടകം എന്ന ഹറാമുമായി നാടുതെണ്ടുന്നവന്‍ പള്ളിയില്‍. മട്ടാഞ്ചേരിയില്‍നിന്ന് തിരിച്ചെത്തിയശേഷം സി.എല്‍.ജോസിന്റെ 'മണല്‍ക്കാട്', കെ.എം.രാഘവന്‍ നമ്പ്യാരുടെ 'ബലിച്ചോറ്' എന്നിവയില്‍ അഭിനയം, പരിയാരം ക്ഷയരോഗ സാനിറ്റോറിയത്തില്‍ രോഗികളെ അഭിനേതാക്കളാക്കി 'ദല്ലാള്‍' എന്ന നാടകത്തിന്റെ രചനയും സംവിധാനവും- ഇതെല്ലാമായിരുന്നു അക്കാലത്ത് ഇബ്രാഹിം നടത്തിയ ഹറാമുകള്‍. നാടകം കണ്ടതിന് നാടുവിടേണ്ടിവന്നയാള്‍ നാടകത്തില്‍ ആണ്ടുമുഴുകിയിരിക്കുന്നു. സഹോദരിയായ ഖദീജയുടെ ഭര്‍ത്താവ് നീരസം കാരണം വീട്ടില്‍ വരാതായി; അതോടെ തീപ്പുകയാതെയും. ഇനി നാടകത്തില്‍ അഭിനയിക്കുകയോ കാണുകയോപോലും ചെയ്യില്ലെന്ന് പള്ളിയില്‍ച്ചെന്ന് സത്യംചെയ്തില്ലെങ്കില്‍ പെങ്ങളെ മൊഴിചൊല്ലുമെന്ന് ഭീഷണി.  പള്ളിയില്‍ച്ചെന്ന് (തൗബ ചെയ്തു)മാപ്പപേക്ഷിച്ചു. കുടുംബങ്ങളെയോ സമൂഹത്തെയോ ഒന്നിപ്പിക്കാന്‍ ഒരു കളവൊക്കെയാകാമെന്ന വചനമാണിവിടെ ഇബ്രാഹിം ഓര്‍ത്തത്. നാടകം പൂര്‍വാധികം ശക്തമായി തുടരുകയുംചെയ്തു. 

നാടകത്തില്‍ അഭിനയിച്ചതിന്റെ പേരിലും   സ്വന്തം നാട്ടില്‍ സ്ത്രീകള്‍ക്കെതിരായ പീഡനത്തെ കായികമായിത്തന്നെ എതിര്‍ത്തതിന്റെ പേരിലും തന്നെ അധിക്ഷേപിച്ചയാളെ പള്ളിയില്‍വെച്ച് തല്ലിപ്പോയത് ഇബ്രാഹിമിന് പുലിവാലാകുന്നു. സ്വന്തം നാട്ടിലെ പുതിയ പള്ളിയുടെ ഉദ്ഘാടനദിവസമായിരുന്നു സഹികെട്ട്  ശത്രുവിനെ തല്ലിപ്പോയത്.  ആദ്യത്തെ ഒളിവ് അങ്ങനെ. ഒടുവില്‍ ആ മര്‍ദനത്തിന്റെ പേരില്‍ പള്ളിക്കമ്മിറ്റി 25 രൂപ പിഴ വിധിക്കുകയും അത് അടയ്ക്കാത്തതിനാല്‍ വീട് ജപ്തിചെയ്യാനെത്തുകയും ഭാര്യയുടെ  താലിപ്പൊന്ന് വിറ്റ് ജപ്തി തടയുകയും ചെയ്തത് മറ്റൊരു ക്ലൈമാക്‌സ്. 

മനാമയിലെ വീട്ടുവേലക്കാരന്‍ 

അടുത്തരംഗം മനാമയാണ്. വീട്ടില്‍ അടുപ്പ് പുകയുന്നില്ലെന്ന ഘട്ടമെത്തിയപ്പോള്‍ വലിയ മോഹങ്ങളോടെ കപ്പല്‍ കയറി. ബഹ്റൈന്റെ തലസ്ഥാനം. എഴുപതുകളുടെ ആദ്യം വിസിറ്റിങ് വിസയില്‍ അവിടെയെത്തിയ ഇബ്രാഹിം വിസയില്ലാതെ അഞ്ചുമാസം അവിടെ തങ്ങുകയാണ്; ഒരു സമ്പന്നന്റെ മകന്റെ വീട്ടുവേലക്കാരനായി. 15 ദിനാര്‍ അഥവാ 500 ഇന്ത്യന്‍ രൂപ ശമ്പളം. സമ്പന്നപുത്രന്‍ മദ്യത്തിനടിമ. അയാളുടെ പത്‌നി ഈജിപ്ഷ്യന്‍ സുന്ദരിയായ ആയിഷ. അവര്‍ക്ക് മൂന്നുവയസ്സുകാരന്‍ മകന്‍. മദ്യപിച്ചെത്തുന്ന യുവാവ് ആയിഷയെ തല്ലുന്ന തല്ലെല്ലാം ഇടയില്‍ കയറിനില്‍ക്കുന്ന ഇബ്രാഹിമിന്. 

നാടകത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ബന്ധുക്കള്‍ നാടുകടത്തിയ ഇബ്രാഹിം മനാമയില്‍ കേരള സമാജത്തിലെ നാടകങ്ങളുടെ സൂത്രധാരനായിക്കഴിഞ്ഞിരുന്നു അപ്പോള്‍. സുന്ദരനായ ഇബ്രാഹിമിനെ വശീകരിക്കാന്‍ പലതവണ ശ്രമിച്ച ആയിഷ അന്നൊരിക്കല്‍ ആരുമില്ലാത്തപ്പോള്‍ ഔട്ട്ഹൗസില്‍ ഇബ്രാഹിമിനെ തേടിയെത്തി. സന്ധ്യാസമയം. പതിവ് നാടകപരിപാടിക്കായി കേരളസമാജത്തിലേക്കിറങ്ങാന്‍ തുടങ്ങിയ ഇബ്രാഹിമിനുമുമ്പില്‍ വഴിതടഞ്ഞ് ആയിഷ. അവരെ തട്ടിമാറ്റാനുള്ള ശ്രമത്തിനിടെ വീഴ്ചയാണ്. ആയിഷ തെറിച്ചുവീണു. കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെ തോന്നിയ ഇബ്രാഹിം തെരുവിലൂടെ ഓടുകയാണ്. 

എട്ടുകിലോമീറ്ററോളം ഓടി നാട്ടുകാരനായ സുഹൃത്തിന്റെ ബന്ധുവിന്റെ മുറിയില്‍. പിന്നെ ആഴ്ചകളോളം ഒളിവില്‍. ഒടുവില്‍ ഡീ-പോര്‍ട്ട്. നാട്ടില്‍നിന്നുപോയി അഞ്ചുമാസം കഴിഞ്ഞപ്പോള്‍ കൈയില്‍ പെട്ടിയോ ഒരു രൂപയോപോലുമില്ലാതെ കഥാനായകന്‍. ഇല്ല, ക്ലൈമാക്‌സുകള്‍ തീര്‍ന്നില്ല. ഒരു ആന്റി ക്ലൈമാക്‌സായ ആദ്യ മനാമ അനുഭവത്തിനായി വിസിറ്റിങ് വിസ കിട്ടിയതിന്റെ തലേന്ന് അതേ പോസ്റ്റോഫീസില്‍നിന്ന ലഭിച്ച കമ്പി തുഞ്ചന്‍ പറമ്പിലെ നാടകമത്സരത്തിന്റേതായിരുന്നു. സ്വന്തം നാട്ടുകാരായ കെ.പി.ഗോപാലനെയും മറ്റും അഭിനയിപ്പിച്ച് താനും അഭിനയിച്ച് അവതരിപ്പിച്ച 'വത്മീകം' നാടകത്തിന് തുഞ്ചന്‍ നാടകമത്സരത്തിലെ മികച്ച നാടകത്തിനും മികച്ച നടനുമുള്ള സമ്മാനം. നടന്‍ താന്‍തന്നെ.

മനാമ കേരളസമാജത്തില്‍ നാടകങ്ങളുടെ പൂക്കാലമായിരുന്നു അത്. ജഹന്നം എന്ന നാടകത്തിലൂടെ ഇബ്രാഹിം വെങ്ങര ബഹ്റൈന്‍ മലയാളികളെ ഇളക്കിമറിച്ചു. നാടകം വീണ്ടും നാട്ടിലേക്ക് വിളിച്ചപ്പോള്‍ 11 മാസത്തിനുശേഷം തിരികെയെത്തി പൂര്‍ണസമയ നാടകക്കാരനായി.  

അടിയന്തരാവസ്ഥയിലെ തടവുകാരന്‍

അതിനിടയിലാണ് അടിയന്തരാവസ്ഥയിലെ ക്ലൈമാക്‌സ്. ഇബ്രാഹിം വെങ്ങര രചനയും സംവിധാനവും മുഖ്യകഥാപാത്രമായി അഭിനയിക്കുകയും മാത്രമല്ല നിര്‍മാണവും നിര്‍വഹിക്കുന്ന നാടകം 'ഭൂതവനം' പഴയങ്ങാടി ടാക്കീസില്‍ ടിക്കറ്റുവെച്ച് നടത്തുന്നതിന്റെ പരസ്യം നാടാകെ. ബോഡുകളില്‍ ഭാരതാംബയെ ബന്ധിച്ച ചിത്രം. അവതരണത്തലേന്ന് വൈകീട്ട് നാടകകാരനെ പോലീസ്സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയാണ്.  നാടകത്തിന്റെ സ്‌ക്രിപ്റ്റുമായി നാളെ കാലത്ത് സ്റ്റേഷനിലെത്താന്‍ കല്പന. സര്‍ക്കാര്‍വിരുദ്ധ പരാമര്‍ശമോ അടിയന്തരാവസ്ഥാവിരുദ്ധ സൂചനകളോ ഉണ്ടോ എന്നുനോക്കണം. കടുത്ത ഭീഷണികള്‍, ഭീതിനിറഞ്ഞ അന്തരീക്ഷം, നാടകം നടക്കില്ലെന്ന് പ്രചാരണം. അടിയന്തരാവസ്ഥയ്ക്കും അമിതാധികാരവാഴ്ചയ്ക്കുമെതിരേ ആഞ്ഞടിക്കുന്ന നാടകത്തിന്റെ സ്‌ക്രിപ്റ്റുമായി വെങ്ങര ചമയക്കാരനും ഗുരുവും രക്ഷിതാവുമായ കേശവന്‍ മാസ്റ്ററുടെ വീട്ടിലേക്ക് നടക്കുന്നു. സ്‌ക്രിപ്റ്റ് മാറ്റണം. പ്രകടമായ രാഷ്ട്രീയമെല്ലാം നീക്കി, അടിയന്തരാവസ്ഥാവിരുദ്ധ പരമാര്‍ശങ്ങള്‍ ഒഴിവാക്കി, അര്‍ധരാത്രിയാവുമ്പോഴേക്കും മാറ്റിയെഴുതി. നടനായ ഗോപാലനൈക്കാണ്ട് പകര്‍പ്പെടുപ്പിച്ച് കേശവന്‍ മാസ്റ്ററുടെ വീടിന്റെ തട്ടിന്‍പുറത്തുനിന്നിറങ്ങുമ്പോഴേക്കും കോഴി കൂവുന്നുണ്ടായിരുന്നു. 

പോലീസ് സ്റ്റേഷനില്‍ സര്‍ക്കിള്‍ മിന്നല്‍ മാധവന്റെ ആജ്ഞപ്രകാരം സ്‌ക്രിപ്റ്റ് വായിച്ച ഹെഡ്കോണ്‍സ്റ്റബിള്‍ തലകുലുക്കി, സര്‍ക്കാര്‍വിരുദ്ധമേയില്ല. രാത്രി നിറഞ്ഞുകവിഞ്ഞ സദസ്സിനുമുന്നില്‍ 'ഭൂതവനം' അവതരിപ്പിച്ചപ്പോള്‍ പഴയ സ്‌ക്രിപ്റ്റിലെ സംഭാഷണങ്ങളും മുഴങ്ങി. പുതുക്കിയെഴുത്തിനുശേഷം റിഹേഴ്സലിന് സമയമുണ്ടായിരുന്നില്ല. നാടകം കാണാന്‍ വന്‍ പോലീസ്സംഘവുമുണ്ടായിരുന്നു. നാടകംതീര്‍ന്ന്  അല്പസമയം കഴിയുമ്പോഴേക്കും സ്റ്റേജിന്റെ പിന്നിലേക്ക് സിവില്‍ വേഷത്തില്‍ മൂന്ന് പോലീസുകാര്‍ വന്നു. ''എനിക്കറിയാമായിരുന്നു അവര്‍ വരുമെന്ന്. പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച നാടകത്തിലെ ഡയലോഗിലധികം എന്തെങ്കിലും പറഞ്ഞാല്‍ പോലീസെത്തും. ഒച്ചയുണ്ടാക്കാതെ ഒപ്പം വന്നേക്കണമെന്ന് മിന്നല്‍ താക്കീത് നല്‍കിയതാണ്. അവര്‍ ചോദിച്ചത് 'പോകാമല്ലേ' എന്നാണ്. ഞാന്‍ പറഞ്ഞു: രണ്ടുമിനുട്ട്. ആരുമറിയാതെ, ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ കേശവന്‍ മാസ്റ്ററെ വിളിച്ച് കൈയിലുണ്ടായിരുന്ന പണം നല്‍കി. കസേരവാടകയും മറ്റ് ചെലവുകളും... പോലീസ് ജീപ്പ് നേരെ പോയത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ്. അവിടെ കള്ളന്മാര്‍ക്കും കള്ളക്കടത്തുകാര്‍ക്കുമൊപ്പം മൂന്നുമാസം. രേഖയില്ലാത്ത തടവ്'' -ഇബ്രാഹിം വെങ്ങര പറഞ്ഞു.

''നാടകം ഇപ്പോഴും എനിക്ക് ലഹരിതന്നെയാണ്. ഈ ഏഴിമലപ്പുറത്തിരുന്ന് ഞാന്‍ താഴേക്ക് നോക്കുകയാണ്. സുല്‍ത്താന്‍ തോടും അറബിക്കടലും കവ്വായിക്കായലും പുഴയും കണ്ട് ഭൂതത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്കും ഭാവിയിലേക്കും നോക്കിനോക്കി. അങ്ങനെയുള്ള ഒരു നിമിഷത്തിലാണ് മോയിന്‍കുട്ടി വൈദ്യരുടെ 'ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍' നാടകമായി മനസ്സില്‍ നിറഞ്ഞത്. കടലിലും കരയിലും മരുഭൂമിയിലും നടക്കുന്ന കഥ. അമ്പതടി നീളവും അത്രതന്നെ വീതിയുമുള്ള സ്റ്റേജില്‍ അമ്പത് നടീനടന്മാര്‍, അതില്‍ 21 പേരും സ്ത്രീകള്‍..  മൂന്നരമണിക്കൂറോളം നടത്തുന്ന രംഗാവതരണം. ഒരവതരണത്തിന് മൂന്നരലക്ഷത്തോളം രൂപ വേണ്ടിവന്നിട്ടും ഖത്തറിലും പഴയങ്ങാടിയിലും കോഴിക്കോട്ടുമായി നാല് അവതരണങ്ങള്‍ സാധ്യമായി'' -ഇബ്രാഹിം പറഞ്ഞുനിര്‍ത്തി. 

Content Highlights: Ibrahim Vengara