വ്യക്തമായ പരിവര്‍ത്തനം രേഖപ്പെടുത്തിയില്ലെങ്കിലും ശക്തമായ രചനകളിലൂടെ മലയാള സാഹിത്യലോകത്തില്‍ ഉണര്‍വ് പ്രകടമായ കാലഘട്ടമാണ് കടന്നുപോകുന്നത്. 2010 മുതല്‍ 2019 വലെയുള്ള ദശാബ്ദത്തിനിടെ മലയാളികളുടെ വായനശീലത്തില്‍ മാറ്റങ്ങള്‍ പ്രകടമായിരുന്നു. പത്തുകൊല്ലത്തെ കാലയളവിന്റെ ആദ്യഘട്ടങ്ങളില്‍ വായനശീലത്തില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും അവസാനവര്‍ഷങ്ങളില്‍ വായന അതിന്റെ പൂര്‍വകാലഗരിമയിലേക്ക് മടങ്ങിയെത്തിയതായാണ് സൂചന. പുതുതലമുറവായനക്കാരില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള പുസ്തകങ്ങള്‍ വിപണിയിലെത്തിയതാണ് ഇതിന് പിന്നിലെന്ന് തീര്‍ച്ചയായും അനുമാനിക്കാം.

എക്കാലത്തേയും പോലെ ഫിക്ഷനുകള്‍ തേടിയെത്തിയ വായനക്കാരാണധികം. ചെറുകഥാസമാഹാരങ്ങള്‍, കവിതാസമാഹാരങ്ങള്‍ എന്നിവ തേടിയെത്തിയവര്‍ പതിവ് പോലെ ആ മേഖലയോട് തല്‍പരരായവര്‍ മാത്രം. ചെറുകഥകളും കവിതകളും ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമാകുന്നതിനാല്‍ സമാഹാരമായി പുറത്തിറങ്ങുമ്പോള്‍ അവ വാങ്ങാന്‍ താല്‍പര്യപ്പെടുന്നത് എഴുത്തുകാരന്റെ ആരാധകനോ അല്ലെങ്കില്‍ പുസ്തകപ്രേമിയോ ആവാം. പുസ്തകം വാങ്ങി സൂക്ഷിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന, വായനയോട് കടുത്ത പ്രണയമുള്ളവരാണ് സാഹിത്യത്തെ ലൈവായി നിലനിര്‍ത്തുന്നതെന്ന് നിസ്സംശയം പറയാം. 

ഫിക്ഷന്‍ തന്നെ രാജാവ്‌

A scret history of compassionഈ കാലത്ത് പുറത്തിറങ്ങിയവയില്‍ മനുഷ്യന് ഒരു ആമുഖം(സുഭാഷ് ചന്ദ്രന്‍), ദല്‍ഹി ഗാഥകള്‍(എം മുകുന്ദന്‍), ആരാച്ചാര്‍(കെ ആര്‍ മീര), അന്ധകാരനഴി(ഇ സന്തോഷ് കുമാര്‍), കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും(ടി പി രാജീവന്‍), ആതി(സാറ ജോസഫ്), മഞ്ഞവെയില്‍ മരണങ്ങള്‍, മുല്ലപ്പൂ നിറമുള്ള പകലുകള്‍(ബെന്യാമിന്‍), സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി( ടി ഡി രാമകൃഷ്ണന്‍), തക്ഷന്‍ കുന്ന് സ്വരൂപം(യു കെ കുമാരന്‍), നിലം പൂത്തു മലര്‍ന്ന നാള്‍(മനോജ് കുറൂര്‍) എന്നീ നോവലുകള്‍ രചനാമികവ്, അവതരണശൈലി, പുതുമ എന്നിവ കൊണ്ട് വായനക്കാരെ ആകര്‍ഷിച്ചു. 

മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ഇംഗ്ലീഷ് നോവല്‍ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷന്‍ 2019 ല്‍ പുറത്തിറങ്ങിയത് ഈ ദശാബ്ദത്തിലെ എടുത്തുപറയേണ്ട പ്രധാനസാഹിത്യസംഗതിയാണ്. ലോകനിലവാരത്തിലെഴുതിയ കഥകള്‍ കൊണ്ട് വായനക്കാരന്റെ ഹൃദയത്തെ കീഴടക്കിയ സക്കറിയയുടെ പുതിയ പുസ്തകവും ആരാധകര്‍ സ്വീകരിച്ചു. manushanu oru aamukham

പുനഃപ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളില്‍ നോവലുകളും സമ്പൂര്‍ണസമാഹാരങ്ങളോ ആണ് അധികവും. മഞ്ഞ്, ഒരു സങ്കീര്‍ത്തനം പോലെ, ആടുജീവിതം, രണ്ടാമൂഴം തുടങ്ങി മലയാളി വായനക്കാരനെ രണ്ടാമത്തെയും മൂന്നാമത്തെയും വായനയ്ക്ക് പ്രേരിപ്പിക്കുന്ന പുസ്തകങ്ങളും അനവധിയാണ്. കാലത്തെ അതിജീവിക്കുന്ന കാവ്യഭാവനകളെന്ന് നമുക്കിവയെ തീര്‍ച്ചയായും വിശേഷിപ്പിക്കാം. 

ചെറുകഥകളുടെ വ്യത്യസ്ത രചനാവഴി

Malayalam writers
ടി പത്മനാഭന്‍, ചന്ദ്രമതി, എം മുകുന്ദന്‍, സാറാ ജോസഫ്, സക്കറിയ

എംടിയും മാധവിക്കുട്ടിയും പത്മരാജനുമൊക്കെ ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ തന്നെ. ഇവരുടെ പുസ്തകങ്ങളുടെ പുതുപ്പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് വായനക്കാര്‍ തേടിയെത്തുന്നത് കൊണ്ടാണ്. ടി പത്മനാഭന്‍, ചന്ദ്രമതി, എം മുകുന്ദന്‍, സാറാ ജോസഫ്, മധുപാല്‍, ഉണ്ണി ആര്‍, സന്തോഷ് ഏച്ചിക്കാനം, വി ആര്‍ സുധീഷ്, സുസ്‌മേഷ് ചന്ത്രോത്ത്, കെ രേഖ, പ്രിയ എ എസ്, പി വി ഷാജികുമാര്‍, വി എം ദേവദാസ്, പ്രമോദ് രാമന്‍ എന്നിവരുടെ രചനകള്‍ മലയാള ചെറുകഥാ ലോകത്ത് വസന്തം വിരിയിച്ചു. 

2010-2019 ലെ മികച്ച കഥകള്‍: നാരകങ്ങളുടെ ഉപമ(ഇ സന്തോഷ് കുമാര്‍), സ്വച്ഛ് ഭാരത്(കെ ആര്‍ മീര), പോസ്റ്റ് മാന്‍(ബെന്യാമിന്‍), മരയ(ടി പത്മനാഭന്‍), കറുപ്പ്(സാറ ജോസഫ്), അമ്മച്ചി പ്ലാവിന്റെ മുകളില്‍(ചന്ദ്രമതി)-തിരഞ്ഞെടുത്തത് ഡോ. സൂര്യാഗോപി(അധ്യാപിക, എഴുത്തുകാരി)

സമ്പന്നമായ കാവ്യലോകംshyama madhavam

ഈ കാലയളവില്‍ പുറത്തിറങ്ങിയ കവിതാസമാഹാരങ്ങളില്‍ പ്രഭാവര്‍മയുടെ ശ്യാമമാധവം, എസ് രമേശന്‍ നായരുടെ ഗുരുപൂര്‍ണിമ, കുരീപ്പുഴ ശ്രീകുമാറിന്റെ കീഴാളന്‍, പി രാമന്റെ രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, അശോകന്‍ മറയൂരിന്റെ പച്ചവ്ട് എന്നിവ ശ്രദ്ധ നേടി. ഖണ്ഡകാവ്യമെന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും ബൃഹദ്യാഖ്യായികയുടെ ഗുണവിശേഷങ്ങളുള്ള ശ്യാമമാധവം വ്യത്യസ്തമായ കാവ്യാനുഭവമാണ് പകര്‍ന്ന് നല്‍കുന്നത്.

ശ്രീനാരായണഗുരുവിന്റെ ആത്മീയചൈതന്യം അക്ഷരങ്ങളിലാവാഹിച്ച ഗുരുപൂര്‍ണിമ 2018 ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടി. 2019 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും കവിതാസമാഹാരത്തിനായിരുന്നു. വി മധുസൂദനന്‍ നായരുടെ അച്ഛന്‍ പിറന്ന വീടും ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുമ്പോള്‍ മലയാള കവിതാ സാഹിത്യശാഖ ശക്തമായി തുടരുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്‌. 

മലയാളത്തിന്റെ പ്രിയ കവി അക്കിത്തത്തെ 2019 ലെ ജ്ഞാനപീഠപുരസ്‌കാരം തേടിയെത്തിയത് മലയാള കാവ്യലോകത്തിന് ലഭിച്ച അംഗീകാരമായി. 1952 ല്‍ പ്രസിദ്ധീകരിച്ച അക്കിത്തത്തിന്റെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന ഖണ്ഡകാവ്യം മലയാള സാഹിത്യത്തിലെ ആദ്യ ലക്ഷണമൊത്ത ആധുനിക കവിതയായാണ്  കണക്കാക്കപ്പെടുന്നത്.  

2010-2019 ലെ മികച്ച കവിതാസമാഹാരങ്ങള്‍: പച്ചവ്ട്(അശോകന്‍ മറയൂര്‍, ടണല്‍-33(കിംഗ് ജോണ്‍സ്), ദീര്‍ഘകാലം(ടി പി രാജീവന്‍)പി പി രാമചന്ദ്രന്റെ കവിതകള്‍( പി പി രാമചന്ദ്രന്‍), അഴകില്ലാത്തവയെല്ലാം(അനിതാ തമ്പി)-തിരഞ്ഞെടുത്തത് സന്ധ്യ എന്‍ പി(അധ്യാപിക, എഴുത്തുകാരി)

അതിരുകള്‍ കടന്നെത്തി ബുക്ക് ഷെല്‍ഫുകളില്‍ ഇടം പിടിച്ചവ

Adonisമൊഴി മാറിയെത്തിയ പുസ്തകങ്ങളും ബുക്ക് ഷെല്‍ഫുകളില്‍ ഇടം നേടി. അഡോണിസിന്റെ അറബ് കവിതകള്‍ ഡോ. എം എ അസ്‌കര്‍ വിവര്‍ത്തനം ചെയ്തത് അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകള്‍ എന്ന പേരില്‍ 2016 ല്‍ കവിതാപ്രേമികളുടെ കൈകളിലെത്തി. അമീഷിന്റെ നാഗന്മാരുടെ രഹസ്യം(The Secret Of Nagas), വായുപുത്രന്മാരുടെ ശപഥം (The Oath Of Vayuputras) എന്നിവ ആവേശത്തോടെ മലയാളിവായനക്കാര്‍ സ്വീകരിച്ചു. പൗലോ കൊയ്‌ലോയുടെ രചനാശൈലിയോടുള്ള ആരാധനയ്ക്ക് മലയാളിവായനക്കാരില്‍ കുറവ് വന്നിട്ടില്ലെന്നുള്ളത് യാഥാര്‍ഥ്യമാണെന്ന് പുസ്തകവില്‍പനക്കണക്കുകള്‍ വ്യക്തമാക്കുന്നു. god of small things

വായനക്കാരെ ഉദ്വേഗഭരിതരാക്കുന്ന ഷെര്‍ലക് ഹോംസ് കഥകള്‍, അമേരിക്കന്‍ എഴുത്തുകാരന്‍ ഡാന്‍ ബ്രൗണിന്റെ റോബര്‍ട്ട് ലാങ്ടണ്‍ നോവലുകള്‍ എന്നിവയുടെ മലയാളവിവര്‍ത്തനങ്ങള്‍ തേടിയെത്തുന്നവര്‍ ഏറെയാണ്. അരുന്ധതി റോയിയുടെ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന്റെ മലയാള പരിഭാഷ കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാന്‍ പുറത്തിറങ്ങിയത് 2011 ലാണ്. പ്രിയ എ എസ് പരിഭാഷപ്പെടുത്തിയ ബുക്കര്‍ പ്രൈസ് വിന്നിങ് നോവലിന് മലയാളി ആരാധകര്‍ ഏറെയാണ്. തസ്ലിമ നസ്‌റിന്റെ ലജ്ജയും നന്നായി വായിക്കപ്പെട്ടു. 

ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിനോടാണ് യുവതലമുറ വായനക്കാര്‍ക്ക് ആരാധന. ചേതന്‍ ഭഗത്തിന്റെ 'ഗേള്‍' നോവലുകള്‍  ഈ ദശാബ്ദത്തിലെ ബെസ്റ്റ് സെല്ലറുകളില്‍ ഉള്‍പ്പെടുന്നത് യുവതലമുറയുടെ എഴുത്തുകാരനോടുള്ള, അദ്ദേഹത്തിന്റെ എഴുത്തുരീതിയോടുള്ള ആരാധനയാവാം. 

മലയാളിയുടെ പുസ്തകലോകത്തെത്തിയ മറ്റു വായനകള്‍sapiens 

കഥകളും കവിതകളുമല്ലാതെ വായനക്കാരെ ആകര്‍ഷിച്ച പുസ്തകമാണ് 2011 ല്‍ പ്രസിദ്ധീകരിച്ച സാപ്പിയന്‍സ്:എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്‍ഡ് (Sapiens: A Brief History Of Humankind). ചരിത്രവും ജീവശാസ്ത്രവും കൂട്ടിയിണക്കി, മനുഷ്യരാശിയുടെ പരിണാമത്തിന്റെ കഥയാണ് സാപ്പിയന്‍സ് മുന്നോട്ട് വെച്ചത്. ചരിത്രകാരന്മാര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചെങ്കിലും സാധാരണക്കാര്‍ സാപ്പിയന്‍സിനെ ബെസ്റ്റ് സെല്ലറാക്കി. 

vivekanandaഎം പി വീരേന്ദ്രകുമാറിന്റെ വിവേകാനന്ദന്‍-സന്ന്യാസിയും മനുഷ്യനും(ജീവചരിത്രം), ബോബി ജോസ് കട്ടിക്കാടിന്റെ ഓര്‍ഡിനറി(ലേഖനസമാഹാരം), പ്രദീപ് ഭാസ്‌കറിന്റെ കാമാഖ്യ(നോവല്‍), കെജിഎസ് രചിച്ച അമ്മമാര്‍(കവിതകള്‍), ഇ വി രാമകൃഷ്ണന്റെ മലയാള നോവലിന്റെ ദേശകാലങ്ങള്‍(പഠനം), സാമ്പത്തിക ശാസ്ത്രജ്ഞനായ അരുണ്‍ ഷൂരിയുടെ മൊഴിമാറ്റ പുസ്തകം രണ്ട് ആത്മജ്ഞാനികള്‍, അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര(നോവല്‍) എന്നിവ രചനയിലും വിഷയത്തിലും  മികച്ചതും വ്യത്യസ്തവുമെന്ന അഭിപ്രായം നേടിയ പുസ്തകങ്ങളാണ്. 

വായനക്കാര്‍ ഹിറ്റാക്കിയ ത്രില്ലറുകള്‍ 

ക്രൈംത്രില്ലറുകള്‍ക്ക് എല്ലാക്കാലത്തും ആരാധകര്‍  ഏറെയാണ്. ജി ആര്‍ ഇന്ദുഗോപന്റെ ക്രൈംത്രില്ലര്‍ സീരിസുകള്‍, ലാജോ ജോസിന്റെ ത്രില്ലറുകള്‍ എന്നിവയ്ക്ക് ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നത് ത്രില്ലിങ് എക്‌സ്പീരിയന്‍സ് നല്‍കുന്ന രചനകള്‍ കാത്തിരിക്കുന്ന വായനക്കാര്‍ ഉണ്ടെന്നാണ്. ഷെര്‍ലക് ഹോംസ് കഥകളുടെ മലയാള പരിഭാഷയ്ക്ക് പുതിയ പതിപ്പുകളിറങ്ങുന്നതും ഇക്കാരണത്താല്‍ തന്നെയാണ്. sherlock holmes

കലയ്ക്കും സാഹിത്യത്തിനും കൃത്യമായ തുടക്കമോ ഒടുക്കമോ നമുക്ക് രേഖപ്പെടുത്താന്‍ കഴിയില്ല. കടന്നു പോകുന്ന കാലത്തിന്റെ നേര്‍ക്കാഴ്ചകളാണവ. അവയിലെ മാറ്റങ്ങള്‍ മാത്രമാണ് നമുക്ക് അടയാളപ്പെടുത്താനാവുക. കാലത്തെ അതിജീവിക്കുന്ന സാഹിത്യലോകം വരും കാലങ്ങളിലും അതിന്റെ സ്വാധീനം പ്രകടമാക്കിക്കൊണ്ടിരിക്കുമെന്നത്‌ തീര്‍ച്ച.

 

Content Highlights: Malayalam Literature Between 2010 And 2019