കുട്ടിക്കൃഷ്ണമാരാരുടെ ചിന്താലോകം, നിരന്തരം പുനര്‍വായിക്കപ്പെടുന്ന ഒന്നു കൂടിയാണ്. ഈ പുനര്‍വായനകളെ പലതിനെയും നിര്‍ണ്ണയിച്ച ഒന്നാണ് അദ്ദേഹം ജീവത്സാഹിത്യത്തോടും പിന്നീട് പുരോഗമന സാഹിത്യപ്രസ്ഥാനത്തോടും പുലര്‍ത്തിയ നിലപാട്. ഈ ചെറുകുറിപ്പ് ജീവത്സാഹിത്യസംഘത്തോട് മാരാര്‍ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ആദ്യത്തെ പ്രമുഖ പ്രബന്ധം എന്നു കരുതാവുന്ന 'പുരോഗതി ചിന്ത' എന്ന ലേഖനത്തെ പുനര്‍വായിക്കാനാണ് ഉദ്യമിക്കുന്നത്. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ കലാവീക്ഷണങ്ങളുടെ പരിമിതി എത്ര യും വെളിവാക്കപ്പെട്ട ഇന്ന് ഈ ലേഖനത്തിന്റെ പുനര്‍വായന പ്രസക്തമായിരിക്കുന്നു.

'സാഹിത്യലോകത്തിലെ ഒരു സുദിനം' എന്ന ലേഖനത്തില്‍ എം.പി. ശങ്കുണ്ണിനായര്‍, നാല്പതുകളിലെ മലയാളവിമര്‍ശനമണ്ഡലത്തെ ഒരു ഫുട്ബാള്‍ ഗ്രൗണ്ടിനോട് ഉപമിക്കുന്നുണ്ട്. പാശ്ചാത്യതത്വചിന്തയുടെ വെളിച്ചത്തില്‍ ജോസഫ് മുണ്ടശ്ശേരി കളിച്ചുകയറുന്നതിനിടെയാണ് പൗരസ്ത്യപാണ്ഡിത്യവുമായി മറുഭാഗത്ത് മാരാര്‍ ഗോളിയായി നിലയുറപ്പിച്ചതെന്നും പിന്നീട് പ്രതിദ്വന്ദിയുടെ ഓരോ തട്ടും ഗോളിയുടെ എതിര്‍ത്തട്ടിനാല്‍ തെറിച്ചുവെന്നും അദ്ദേഹം സരസമായെഴുതുന്നു. ബ്രിട്ടീഷ് മേധാവിത്വത്തോടുള്ള ഗാന്ധിയുടെ സമരത്തെ ഓര്‍മ്മിപ്പി ക്കുന്ന ഒന്നായും മാരാരുടെ ഇടപെടലിനെ ശങ്കുണ്ണിനായര്‍ വിശേഷിപ്പിക്കുന്നുണ്ട്. മാരാരുടെ സാഹിത്യവിമര്‍ശകദൗത്യത്തെ സാമാന്യമായി മനസിലാക്കാനുതകുന്ന ഒരു രൂപകമാണിത്. പാശ്ചാത്യദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ സാഹിത്യം വിശദീകരിക്കപ്പെടുന്നിടത്ത് പൗരസ്ത്യപാണ്ഡിത്യത്തിന്റെ 'ബദല്‍ധാര'യെ മുന്‍നിര്‍ത്തി സ്വകീയമായ ഒരു വഴി രൂപപ്പെടുത്തുകയായിരുന്നു മാരാര്‍. പൗരസ്ത്യപാണ്ഡിത്യത്തിന്റെ ആശയവാദവഴിയിലാണ് മാരാരും നില്‍ക്കുന്നതെങ്കിലും പില്‍ക്കാലത്തു പലരും ചുണ്ടിക്കാട്ടിയതു പോലെ കേവലമായ 'പിന്തിരിപ്പനാ'യിരുന്നില്ല മാരാരുടെ ചിന്താലോകം. സംസ്‌കൃതകാവ്യശാസ്ത്രത്തിന്റെ പ്രഖ്യാപിതവും പ്രാമാണികവുമായ വഴിയിലൂടെയല്ല അദ്ദേഹം സഞ്ചരിച്ചത് എന്നതു തന്നെ ഇതിനുള്ള തെളിവാണ്. മാരാര്‍ എതിര്‍ത്തുതോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നു കരുതുന്ന പാശ്ചാത്യലിബറല്‍ജ്ഞാന ധാരയുടെ ഏറ്റവും വലിയ സവിശേഷതയായ 'യുക്തിചിന്ത' അവരെക്കാള്‍ പ്രബലമായി മാരാരില്‍ നിലകൊള്ളുന്നുണ്ട്. കെ.ഭാസ്‌കരന്‍ നായരുമായുള്ള തര്‍ക്കത്തിന്റെ  സന്ദര്‍ഭത്തില്‍ മാരാര്‍ പ്രകടിപ്പിക്കുന്ന തനിമാവാദത്തിനെതിരായ നിലപാട് പൗരസ്ത്യകാവ്യശാസ്ത്രത്തിന്റെ പ്രാമാണികവഴിയില്‍ നിന്നും അദ്ദേഹത്തെ ബഹുദൂരം മാറ്റി നിര്‍ത്തുന്നു. യുക്തി ബോധമാണ് മാരാരുടെ വിമര്‍ശനത്തിന്റെ സര്‍വ്വസ്വവുമെന്ന അഴീക്കോടിന്റെ നിരീക്ഷണം മര്‍മ്മസ്പര്‍ശിയാണ്. യുക്തിവിചാരത്തിന്റെ വെളിച്ചത്തില്‍ സംസ്‌കൃതകാവ്യശാസ്ത്രത്തെ വേറിട്ടു വിശദീക രിക്കാനാണ് മാരാര്‍ ഒരുമ്പെട്ടത്.

ജീവത്സാഹിത്യസംഘത്തിന്റെ പ്രാരംഭകാലത്ത് മാരാര്‍ മുഖ്യധാരയില്‍ സ്ഥാനപ്പെട്ട ഒരു സാഹിത്യവിമര്‍ശകനായി മാറിയിരുന്നില്ല എന്നു കരുതേണ്ടിയിരിക്കുന്നു. അന്ന്, സഞ്ജയ നോളം പ്രാമാണികനായിരുന്നില്ല അദ്ദേഹം. ജീവത്സാഹിത്യസംഘത്തോടും പിന്നീട് പുരോഗമനസാഹിത്യപ്രസ്ഥാനത്തോടും നടത്തിയ വിമര്‍ശനങ്ങള്‍, അവയ്ക്കുണ്ടായ പ്രത്യാഖ്യാനങ്ങള്‍ എന്നിവ കൂടി മാരാരുടെ പില്‍ക്കാലവലുപ്പത്തില്‍ പ്രവര്‍ത്തിച്ച ഘടകങ്ങളാണ്. മാരാര്‍ തന്നെ ഇതു തുറന്നു പറയുന്നുമുണ്ട്, കല ജീവിതം തന്നെ എന്ന പ്രബന്ധസമാഹാരത്തിലെ 'എന്റെ അടിവേരുകളി'ല്‍ മാരാര്‍ എഴുതുന്നു;

ഈയിടെ, ഞാന്‍ പേരു കേട്ടിട്ടില്ലാത്ത, ശ്രദ്ധിച്ചിട്ടിട്ടില്ലാത്ത, ഒരാളുടെ ഒരു ലേഖനം കണ്ടു. അതിന്റെ ഉപസംഹാരത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നു; 'ഒരു ചീത്തകൃതി എഴുതുന്നത് തന്നോടു ചെയ്യുന്ന ഒരപരാധമായി ഗണിക്കുകയും അതില്‍ അസ്വസ്ഥതപ്പെടുകയും ചെയ്യുന്ന ഉറച്ച മൂല്യബോധം പ്രദര്‍ശിപ്പിക്കാത്ത യാതൊരാളും നിരൂപകന്‍ എന്ന പേര് അര്‍ഹിക്കുന്നില്ലെന്ന് ഞാന്‍ ആണയിടുന്നു'. ഈ വാക്യം എനിക്കു തുലോം രുചിച്ചു. അത് എന്നെപ്പറ്റി നല്ലതുപറയുന്ന ഒരു ലേഖനവുമായിരുന്നു. തന്മൂലം ആ അസ്വാസ്ഥ്യം കൊള്ളല്‍ എനിയ്ക്കുണ്ടാകാറുണ്ടോ എന്നു ഞാന്‍ ഒരാത്മാവ ലോകനം നടത്തിനോക്കി. ഫലം നൈരാശ്യജനകമായിരുന്നില്ല. പുരോഗമന സാഹിത്യപ്രസ്ഥാനവുമായുണ്ടായ ദീര്‍ഘസമരത്തിലാണ് ഇതെനിക്ക് വ്യക്തമായി അനുഭവപ്പെട്ടിട്ടുള്ളതെന്നു പറയണം. അവരെ എതിര്‍ക്കുവാനുള്ള സന്നാഹം കൂട്ടലിലാണ്, എനിക്ക് സാഹിത്യപരമായ പല അപൂര്‍വ്വ ദര്‍ശനങ്ങളും കൈവന്നിട്ടുള്ളതെന്ന ഒരു കൃതജ്ഞത കൂട്ടത്തില്‍ പറയാനുണ്ട്

ജീവത്സാഹിത്യസംഘവുമായുള്ള സംവാദാവശ്യമാണ് തന്നെ സാഹിത്യവിമര്‍ശകനാക്കിയതെന്ന് മറ്റൊരിടത്ത് മാരാര്‍ സ്പഷ്ടമായി പറയുന്നതും ചേര്‍ത്തു വായിക്കേണ്ടതുണ്ട്; 'ഞാന്‍ ബോധപൂര്‍വ്വവും ഉദ്ദേശപൂര്‍വ്വവുമായ പരിശ്രമം തുടങ്ങിയത്, 1937 കാലത്ത് കേരളത്തില്‍ ഒരു ജീവത്സാഹിത്യപ്രസ്ഥാനം പിറന്നു പടയ്ക്കു പുറപ്പെട്ടതു കൊണ്ടാണ്'. 

തന്റെ വിമര്‍ശന ജീവിതത്തെക്കുറിച്ചുള്ള മാരാരുടെ തന്നെ ആഖ്യാനങ്ങള്‍ മുഖവിലയ്‌ക്കെടുത്താല്‍ താരതമ്യേന അപ്രസക്തനായിരുന്നു 1937 കാലത്ത് അദ്ദേഹം എന്നു കരുതാം. എങ്കിലും 'മാരാരുടെ പോയറ്റിക്‌സ്' എന്നു വിളിക്കപ്പെട്ട സാഹിത്യഭൂഷണം അതിനും പത്തുവര്‍ഷം മുന്‍പേ എഴുതിക്കഴിഞ്ഞിരുന്നു. ഈ കൃതിയില്‍ തന്നെ തന്റെ വിധ്വംസകമായ വിഗ്രഹഭഞ്ജകത്വം മാരാര്‍ പ്രയുക്തമാ ക്കുന്നുണ്ട്. വള്ളത്തോളിന്റെ ടിപ്പണികാരന്‍ ആയിരുന്ന ഘട്ടത്തില്‍ തന്നെ നവോത്ഥാനാശായങ്ങള്‍ക്കായി അദ്ദേഹം നിലകൊണ്ടിരുന്നതായി അനുമാനിക്കാ വുന്നതാണ് . കൊച്ചുസീത (1928) യുടെ രചനയ്ക്കു പുറകില്‍ മാരാരുടെ നിര്‍ബന്ധമുണ്ടായിരുന്നു. കാലികമായ ഒരു സംഭവവികാസത്തെ മുന്‍നിര്‍ത്തി ജാതിവിമര്‍ശനത്തിലേക്ക് കടന്ന ആ കാവ്യത്തിന്റെ ആദ്യ അവതാരിക മാരാരുടെതായിരുന്നു താനും. കേരളീയ നായര്‍ തറവാടുകളിലെ ജാത്യാചാരത്തെ രൂക്ഷമായി വിമര്‍ശിച്ച ആ അവതാരിക രണ്ടാം പതിപ്പു തൊട്ട് വള്ളത്തോളിനെപ്പോലൊരു കവിക്ക് ഒഴിവാക്കേണ്ടി വന്നു എന്ന യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തിയാല്‍ മാരാരുടെ ജാതിവിമര്‍ശനം എത്ര ശക്തമായി പ്രവര്‍ത്തിച്ചു എന്ന് ഊഹിക്കാവുന്നതാണ്.

മാരാരുടെ ആദ്യ വിമര്‍ശനലേഖനത്തെക്കുറിച്ച് സാഹിത്യചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കിലും സാഹിത്യഭൂഷണത്തിന്റെ പ്രസിദ്ധീകരണവര്‍ഷത്തെ സംബന്ധിച്ച് വ്യക്തതയുണ്ട്. എ.ആറിന്റെ ഭാഷാഭൂഷണത്തിനുള്ള പ്രത്യാഖ്യാനമായാണ് അത് വായിക്കപ്പെട്ടത്. മാരാര്‍ തന്നെ പിന്നീടത് നിരസിച്ചിട്ടുണ്ടെങ്കിലും ആ ധാരണ പ്രബലമായിരുന്നെന്ന് ഉള്ളൂര്‍ സാഹിത്യഭൂഷണത്തിനെഴുതിയ അവതാരികയില്‍ നിന്നു വായിച്ചെടുക്കാന്‍ പറ്റും. പ്രസിദ്ധീകരിക്കപ്പെട്ടിട്ടും വലിയ കാലത്തോളം പുറത്തിറങ്ങാതെ പോയതില്‍, സാമ്പത്തികവിഷമതകള്‍ക്കു മാത്രമല്ല എ.ആര്‍. ഭക്തരുടെ സമ്മര്‍ദ്ദങ്ങള്‍ക്കും പങ്കുണ്ടായിരുന്നെന്ന് ചില വിമര്‍ശകരെങ്കിലും വിശ്വസിക്കുന്നുണ്ടുതാനും. സാഹിത്യ ഭൂഷണം, ആനന്ദവര്‍ധനന്റെ കാവ്യശാസ്ത്രത്തെ മഹിമഭട്ടനെ മുന്‍നിര്‍ത്തി എതിരിടുവാനുള്ള ശ്രമമായാണ് പൊതുവില്‍ മനസിലാക്കപ്പെടുന്നത്. സാഹിത്യഭൂഷണം, ആനന്ദവര്‍ധന വിഗ്രഹത്തെ ഭഞ്ജിച്ച് മഹിമഭട്ടവിഗ്രഹത്തെ ആരാധിക്കുകയാണ് (എം. ലീലാവതി) ചെയ്യുന്നത് എന്നും ധ്വനിവാദത്തിന്റെയും അനുമാനത്തിന്റെയും അസമഗ്രതകള്‍ മനസിലാക്കി രണ്ടിനെയും സമന്വയിപ്പിക്കാനുള്ള ശ്രമമാണ് എന്നും (സുകുമാര്‍ അഴീക്കോട്) വ്യത്യസ്ത നിലയില്‍ വായിക്കപ്പെട്ടിട്ടുണ്ട്. 

മഹിമഭട്ടസ്ഥാപനമാണെങ്കിലും ആനന്ദവര്‍ധന മഹിമഭട്ട സമന്വയമാണെങ്കിലും പാരമ്പര്യത്തെ വ്യത്യസ്തവഴിയിലൂടെ വിശദീകരിക്കുക എന്നതാണ് മാരാരുടെ താത്പര്യമാവുന്നത്. 
സഞ്ജയനടക്കമുള്ള ജീവത്സാഹിത്യവിമര്‍ശകരുടെ പുനരുത്ഥാനതാത്പര്യത്തില്‍ നിന്നു മാറിനില്‍ക്കുന്ന വഴിയാണത്. പൗരസ്ത്യചിന്തയിലെ തമസ്‌കൃത ഇടങ്ങളെ കണ്ടെടുത്ത് മുഖ്യധാരാവഴികളെ വിമര്‍ശനാത്മകമായി നോക്കിക്കണ്ടും ചിലപ്പോള്‍ തിരുത്തിയും ഒരു ബദല്‍പാരമ്പര്യം നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമമായിരുന്നു മാരാരുടേത്. അധിനിവേശ വിരുദ്ധതയുടെ രാഷ്ട്രീയഉള്ളടക്കം അതിനുണ്ടായിരുന്നു. മലയാളകാവ്യചരിത്രത്തില്‍, വള്ളത്തോള്‍ തന്നെയാണ് ആ ധാരയുടെ ഏറ്റവും വലിയ പ്രതിനിധി. 'ഭാരതത്തിന്റെ സാംസ്‌കാരികമഹിമ, വര്‍ത്തമാനകാലത്തിലെ ദുരവസ്ഥ, ഭാവിയില്‍ സാക്ഷാത്കരിക്കാനുള്ള പ്രത്യാശകള്‍ എന്നിവയെക്കുറിച്ച് ഭാവസുന്ദരങ്ങളായ ഗാനങ്ങള്‍ ആലപിച്ച് ദേശാഭിമാനത്തെ ജ്വലിപ്പിച്ച മഹാകവി' (എന്‍.കൃഷ്ണപിള്ള) എന്നു വള്ളത്തോള്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷമായി ദേശാഭിമാനപരമായ എഴുത്തുകള്‍ മാരാരില്‍ കാണാന്‍ കഴിയില്ലെങ്കിലും പാരമ്പര്യത്തെ വര്‍ത്തമാനത്തിനനുസൃതമായി സ്ഥാനപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളില്‍ ഈ അബോധപ്രേരണ കാണാം. ആധുനികതയുടെ വിചാരലോകത്തിന് അനുഗുണമായ നിലയില്‍ സംസ്‌കൃതകാവ്യമീമാംസയെ പുനര്‍നിര്‍മ്മിക്കാനുള്ള മാരാരുടെ അന്വേഷണ മാണ് വ്യക്തിവിവേകകാരനില്‍ ചെന്നുമുട്ടുന്നത്. മഹിമഭട്ടനില്‍ നിന്ന് മാരാര്‍ കണ്ടെടുക്കുന്നത് 'യുക്തി' യെയാണ്. അതാവട്ടെ മാരാരുടെ വിമര്‍ശകലോകത്തിന്റെ എക്കാലത്തെയും കേന്ദ്രമായിരുന്നു താനും.  

സംസ്‌കൃതകാവ്യശാസ്ത്രത്തെ സാമാന്യമായി പരിചയപ്പെടുത്തുന്ന സാഹിത്യഭൂഷണത്തിന്റെ പീഠികയില്‍, അല്പം ആലങ്കാരികമായിട്ടാ ണെങ്കിലും വ്യക്തിവിവേകത്തെ 'ആരുടെയും ആദരത്തിനും ലാളനത്തിനും വിഷയമാകാതെ ഏതോ ഒരു കൂരിരുള്‍ക്കല്ലറയില്‍ ചെന്നടിഞ്ഞ' ഗ്രന്ഥമായി വിശേഷിപ്പിക്കുന്നുണ്ട്. വ്യക്തി വിവേകകാരനില്‍ നിന്നു സാഹിത്യഭൂഷണം കണ്ടെടുക്കുന്ന ഗുണമാകട്ടെ 'സ്വതന്ത്ര്യമായും യുക്തിയുക്തമായും സവിസ്താരമായുള്ള വിമര്‍ശം' ആണു താനും. വ്യക്തിവിവേകകാരനില്‍ മാരാര്‍ ദര്‍ശിച്ച ഈ ഗുണങ്ങള്‍ - സ്വതന്ത്ര്യവീക്ഷണം, യുക്തി, വിമര്‍ശം  വ്യക്തി വിവേകകാരന്റെത് എന്നതിനെക്കാള്‍ മാരാരെ നിര്‍മ്മിച്ച താത്പര്യങ്ങളാണ്. മേഘ സന്ദേശം വായിക്കുമ്പോഴോ മഹാഭാരതത്തിന് വ്യാഖ്യാനമെഴുതുമ്പോഴോ വാത്മീകിയുടെ രാമനെക്കുറിച്ച് ആലോചിക്കുമ്പോഴോ മാരാരില്‍ ഈ ഗുണങ്ങള്‍ മുന്തിച്ചു നില്ക്കുന്നതായി കാണാം. ആധുനികതയുടെ മാനുഷികമൂല്യങ്ങള്‍, ധാര്‍മ്മികബോധം എന്നിവയെ മുന്‍നിര്‍ത്തി പാരമ്പര്യപാഠങ്ങളെ പുനര്‍വായിക്കുകയാണ് മാരാരുടെ വിഖ്യാതമായ ഇതിഹാസ-പ്രാചീനകാവ്യപഠനങ്ങള്‍ ചെയ്യുന്നത്. സ്വതന്ത്ര്യവിചാരപ്രസ്ഥാനം എന്ന ഒരു വഴി സംസ്‌കൃത കാവ്യശാസ്ത്രത്തില്‍ ഉണ്ടായിരുന്നുവെന്നും ആ വഴിയെ വീണ്ടെടുക്കുന്നതിലൂടെ ലിബറല്‍ യുക്തിചിന്തയുടെ കേവലപാരമ്പര്യനിഷേധത്തെ എതിരിടാന്‍ കഴിയും എന്നും മാരാര്‍ വിശ്വസിച്ചിരുന്നു എന്നു കരുതാം.

1943 ല്‍ സഞ്ജയന്‍ മരണപ്പെട്ടു, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ജീവത്സാഹിത്യസംഘത്തിന്റെ ഘട്ടത്തില്‍ മാത്രമായി പരിമിതപ്പെട്ടു. മാരാരാവട്ടെ ജീവത്സാഹിത്യാനന്തരം പുരോഗമനസാഹിത്യത്തോടും തന്റെ വിമര്‍ശനങ്ങള്‍ ശക്തമായി ആവിഷ്‌കരിച്ചു പോന്നു.  മുകളില്‍ പറഞ്ഞതു പോലെ പുരോഗമനസാഹിത്യത്തിന്റെ ഏറ്റവും വലിയ എതിരാളിയായി മാരാര്‍ മനസിലാക്കപ്പെട്ടു. കന്നിക്കൊയ്ത്തിനെഴുതിയ അവതാരികയിലെ, 'ഈ അമ്മ (മാമ്പഴത്തിലെ അമ്മ) ഒരു തൊഴിലാളിസ്ത്രീയോ അതോ മുതലാളി സ്ത്രീയോ എന്ന് അന്വേഷിച്ചറിഞ്ഞിട്ടു വേണം ഈ കൃതിയില്‍ പുരോഗതിയുണ്ടോ കേരളത്തിലെ നവോത്ഥാനമുണ്ടോ - എന്നു നിശ്ചയിപ്പാന്‍ എന്നു കരുതുന്ന ഒരു സാഹിത്യ കക്ഷിയുണ്ട്. അവരോടു എന്തു സമാധാനം പറയാനാണ്? ' വിഖ്യാതചോദ്യം ഒരു ചെറിയ സാധ്യതയെങ്കിലും ലഭിച്ചാല്‍, പുരോഗമനസാഹിത്യത്തെ എതിര്‍ക്കുക എന്ന മാരാരുടെ നിര്‍ബന്ധബുദ്ധിക്ക് ഉദാഹരണമാണ്. മാരാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു; 'അതിനെ (പു.സാ.പ്രസ്ഥാനത്തെ) കണ്ടെടത്തുവെച്ചെല്ലാം എതിക്കുന്നത് ഒരു സാഹിത്യപ്രണയിയുടെ ചുമതലയാണെന്നു ഞാന്‍ വിചാരിച്ചു. അവരുടെ ഗതിവിശേഷങ്ങളെ ഉറ്റുനോക്കുകയും പരീക്ഷിക്കുകയും ചെയ്യുക എന്നത് എന്റെ ഒരു പതിവായിത്തീര്‍ന്നു'. ഈ നിര്‍ബന്ധ ബുദ്ധിയാല്‍ തന്നെ, ഏതെങ്കിലും നിലയില്‍ കൊടുക്കല്‍ വാങ്ങല്‍ നടക്കാത്ത തരം ശത്രുത ഇരു കൂട്ടര്‍ക്കുമിടയില്‍ വളര്‍ന്നു. സംശയരഹിതമായും അതിന്റെ നഷ്ടം പു.സാ.പ്രസ്ഥാനത്തിനായിരുന്നു താനും. മാരാര്‍, സാഹിത്യകൃതിയെ വായിക്കാന്‍ പുതിയ ഒരു രീതിശാസ്ത്രം അവതരിപ്പിക്കുകയായിരുന്നു. 'സാഹിത്യ'ത്തെക്കുറിച്ചുള്ള മാരാരുടെ ആത്മീയ-മതാത്മക-അതിഭൗതികകാഴ്ച്ചകളെ നിരാകരിച്ചു കൊണ്ടു തന്നെ, മാരാര്‍ അവതരിപ്പിച്ച 'വായനയുടെ രീതിശാസ്ത്ര'ത്തെ അഭിമുഖീകരിക്കുന്നത്, പു.സാ.പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമായേനേ.

ജീവത്സാഹിത്യസംഘം രൂപീകരിക്കപ്പെട്ട് സാഹിത്യമണ്ഡലത്തിലെ സജീവ സംവാദ വിഷയമായി മാറിയ ഘട്ടത്തില്‍ വി.ടി.ഭട്ടതിരിപ്പാട് പത്രാധിപരായ ഉത്ബുദ്ധകേരളത്തില്‍ 'കല കലയ്ക്കു വേണ്ടി' എന്ന ഒരു ലേഖനം മാരാര്‍ എഴുതുന്നുണ്ട്. തന്റെ പ്രബന്ധസമാഹാരങ്ങളില്‍ എവിടെയും  ഉള്‍പ്പെടുത്തിക്കാണുന്നില്ലാത്തതിനാലും  അപ്രകാശിതമായതിനാലും ഈ ലേഖനത്തില്‍ മാരാര്‍ വാദിക്കാന്‍ ശ്രമിക്കുന്നത് എന്താണ് എന്നത് വ്യക്തമല്ല. മാരാരെക്കുറിച്ച് വിശദമായി പഠിച്ച പി.എസ്.രാധാകൃഷ്ണനും എം.തോമസ് മാത്യുവുമടക്കമുള്ളവര്‍ ഈ ലേഖന ത്തെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചു കാണുന്നുമില്ല. കെ.ദാമോദരനെ മുഖവിലയ്‌ക്കെടുത്താല്‍ കേവലലാവണ്യവാദമാണ് ലേഖനത്തിന്റെ ഉള്ളടക്കമെന്നു കരുതേണ്ടി വരും. അധികം വൈകാതെ ഈ നിലപാടില്‍ നിന്നു ഭിന്നമായി, 'കല ജീവിതത്തിനു വേണ്ടി' എന്ന വീക്ഷണത്തിലേക്ക് അദ്ദേഹം മാറുകയും ചെയ്തു. ജീവത്സാഹിത്യത്തെ എതിര്‍ക്കുവാനുള്ള സന്നാഹം കൂട്ടലിലാണ്, സാഹിത്യപരമായ പല അപൂര്‍വ്വ ദര്‍ശനങ്ങളും തനിക്ക് കൈവന്നിട്ടുള്ളതെന്ന മാരാരുടെ കൃതജ്ഞതാപ്രകടനം വെറും നിന്ദാസ്തുതിയല്ല എന്നു സാരം. ഈ ലേഖനത്തെ മാറ്റി നിര്‍ത്തിയാല്‍, ജീവത്സാഹിത്യസംഘത്തിനെതിരെ മാരാര്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം 1937 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച 'പുരോഗതിചിന്ത' എന്ന ലേഖനത്തിലാണുള്ളത്. ഇ.എം.എസിന്റെ 'ജീവത്സാഹിത്യവും സൗന്ദര്യബോധവും' കേസരിയുടെ  'ജീവത്സാഹിത്യം' എന്നീ ലേഖനങ്ങളിലെ മുഖ്യവാദങ്ങളെ ഖണ്ഡിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.

പുരോഗമനസാഹിത്യദര്‍ശനം, സാഹിത്യസ്ഥാപനത്തോടു നടത്തിയ പ്രധാനപ്പെട്ട മൂന്നു വിമര്‍ശനങ്ങളെയും - കാവ്യധര്‍മ്മം, കവി, സാഹിതീയത - സാഹിത്യസ്ഥാപനത്തിന്റെ ഭാഗത്തു നിന്നുകൊണ്ട് പ്രതിരോധിക്കാനാണ് മാരാര്‍ തുനിയെന്നുത്. ഒരര്‍ഥത്തില്‍, ഇ.എം.എസിനെയും കേസരിയെയും മാരാര്‍ ഒറ്റയ്ക്ക് എതിരിടുന്നു. എങ്കിലും കേവലമായ സ്ഥാപനപ്രതിരോധമല്ല ഈ പ്രബന്ധം. വിരുദ്ധദിശയിലുള്ള തത്വസംഹിതകള്‍ ലേഖനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതുവഴി, ഒരു സംവാദസ്ഥലി ആയി ഈ ലേഖനം സ്വയംമാറുന്നു. സ്ഥാപനപ്രതിരോധത്തിനായാണ് ശ്രമമെങ്കിലും സ്ഥാപനത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ സാധ്യതയുള്ള ആശയങ്ങള്‍ കൂടി പ്രബന്ധത്തിലുടനീളമുണ്ട്. ഒരുപക്ഷേ, അതിനു മുന്‍തൂക്കം പോലുമുണ്ട്. അതിനാല്‍ തന്നെ പുനര്‍വായിക്കപ്പെടേണ്ടുന്ന ഒരു പ്രബന്ധമാണിത്. തര്‍ക്കത്തിന്റെ അന്തരീക്ഷത്തില്‍ വലിയകാലത്തോളം വിസ്മൃതമാക്കപ്പെടുകയോ കേവലമായി വായിക്കപ്പെടുകയോ ചെയ്ത ഈ പ്രബന്ധത്തിലെ ചില പ്രധാന നിരീക്ഷണങ്ങള്‍ കണ്ടെടുക്കേണ്ടത്, പു.സാ.പ്രസ്ഥാനത്തിന്റെ വര്‍ത്തമാനാവശ്യം കൂടിയാണ്.
പ്രമേയത്തിന്റെ പുരോഗമനപരതയാണ് ജീവത്സാഹിത്യത്തെ നിര്‍ണയിക്കുന്നതെന്ന ഇ.എം.എസിന്റെ വാദത്തിനുള്ള പ്രത്യാഖ്യാനമായാണ് കലാസൗന്ദര്യത്തിന്റെ പ്രസക്തിയെ മാരാര്‍ ഈ പ്രബന്ധത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് സത്യാത്മകമായ തത്വചിന്തയെ ഉള്‍ക്കൊള്ളുന്ന കല സൗന്ദര്യം തികഞ്ഞ നിര്‍മ്മാണ വിശേഷമായി മാറും. സത്യത്തെ അഭിമുഖീകരിക്കാതെ ശാഠ്യബുദ്ധിയോടെ മിഥ്യാപരമായ കലാനിര്‍മ്മിതിയിലേര്‍പ്പെട്ടാല്‍ അത് സൗന്ദര്യത്തില്‍ നിന്നു കൂടിയാണ് അകലുക. മാരാരെ സംബന്ധിച്ച് സത്യവും സൗന്ദര്യവും ഒന്നാണ്. സൗന്ദര്യത്തികവ് ഏതും സത്യത്തെ ഉള്‍ക്കൊള്ളുന്നു. 'പരുക്കന്‍ മട്ട്' സൗന്ദര്യത്തിന്റെ അഭാവം കൊണ്ടു മാത്രമല്ല സംഭവിക്കുന്നത്, സത്യത്തിന്റെ അഭാവം കൊണ്ടു കൂടിയാണ്. അതിനാല്‍, കലാനിരൂപണത്തില്‍ എപ്പോഴും കലാസൗന്ദര്യത്തെ ത്തന്നെ വേണം മാനദണ്ഡമാക്കാന്‍ എന്നു മാരാര്‍ ശഠിക്കുന്നു. 

മാരാരുടെ വാക്കുകളില്‍, സത്യത്തെ നമ്മുടെ അന്തരാത്മാവിന്റെ നിഗൂഢാന്തഃപുരത്തിലേയ്ക്കടുപ്പിക്കുന്ന ഒരു പ്രണയദൂതിയാണ് കലാഭംഗി എന്നതിനാല്‍ തന്നെ സൗന്ദര്യാത്മകമായ ആവിഷ്‌കാരങ്ങള്‍ മനുഷ്യപുരോഗതിയെയാണ് ലാക്കാക്കുന്നത്. കലാഭംഗിനിറഞ്ഞ ഒരു കൃതി, അതില്‍ ആവിഷ്‌കരിക്കപ്പെട്ട പരിസ്ഥിതി അവസാനിച്ചു കഴിഞ്ഞാലും വായനക്കാരെ പുരോഗതി യിലേക്കു നയിച്ചുകൊണ്ടേയിരിക്കും. പ്രാമാണികമായ സാഹിത്യസിദ്ധാന്തങ്ങള്‍, എങ്ങനെയെഴുതണം എന്ന് എക്കാലത്തും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്‌കൃത-പാശ്ചാത്യകാവ്യ സിദ്ധാന്തങ്ങളില്‍ ഒരു പോലെ ഈ കര്‍ത്തവ്യാകര്‍ത്തവ്യോപദേശം കാണാം. കാര്യകാര്യോപദേശനിര്‍ബന്ധത്തെ ആധുനികസമുദായത്തിലേക്ക് തര്‍ജ്ജമപ്പെടുത്തുകയാണ് ജീവത്സാഹിത്യസംഘവും ചെയ്യുന്നത്. വ്യത്യസ്ത സാമൂഹ്യവീക്ഷണം പുലര്‍ത്തുന്നവര്‍ കലയുടെ പ്രയോജനമായി വ്യത്യസ്തമായ ആശയങ്ങളെ കണ്ടെത്തിയേക്കാം. ഈ നിബന്ധനകള്‍ പാലിച്ചുകൊണ്ടല്ല കവിത എഴുതപ്പെടുന്നത്. കവിതയ്ക്ക് ആസന്നമായ ഉപയോഗങ്ങളില്ല. അതിനാല്‍തന്നെ, കവിയുടെ വീക്ഷണമെന്താണോ അതനുസരിച്ച് കവിത സമൂഹത്തില്‍ പ്രവര്‍ത്തിക്കും എന്ന ധാരണ ഭോഷ്‌കാണ്. മറിച്ച് സാഹിത്യം ചെയ്യുന്നത് സാംസ്‌കാരികമായ അഭിവൃദ്ധിയിലേക്ക് സംഭാവന നല്‍കുക എന്നതാണ്.
 
ഏറ്റവും സുപ്രധാനമായ മറ്റൊരാശയം കൂടി മാരാര്‍ ഇതിനോടു ചേര്‍ത്തവതരിപ്പിക്കുന്നു. ഒരു സാഹിത്യകൃതി വര്‍ണനാവിഷയമായ പരിസ്ഥിതിയുടെ സാധൂകരണമാവണമെന്നില്ല, നിഷേധമായി മാറാം എന്നതാണത്;
''കവി, കാവ്യത്തിനു വിഷയമാക്കുന്ന തന്റെ പരിസ്ഥിതി, കലാപ്രകടനത്തിനും സത്യാന്വേഷണത്തിനുമുള്ള വെറും ഒരുപാധി മാത്രമാണ്. ഒരിക്കലും അതല്ല കവിയുടെ താത്പര്യവിഷയം, ഓലയിലോ കടലാസിലോ എഴുതിയ കാവ്യം എപ്രകാരം ആ ഓലയ്ക്കും കടലാസിനും വേണ്ടിയല്ലയോ, അപ്രകാരം തന്നെ വര്‍ണ്ണനാവിഷയമായ പരിസ്ഥിതിയെ നിലനിര്‍ത്താനോ സാധൂകരിപ്പാനോ അല്ല - പലപ്പോഴും അതിനെ നിഷേധിപ്പാനാണു താനും - കവിയുടെ സമുദ്യമം. അഭിജ്ഞാനശാകുന്തളം വിരചിച്ച കാളിദാസനോ പാവങ്ങള്‍ എഴുതിയ വിക്തോര്‍ യൂഗോവോ വിശദീകരിപ്പാനുദ്ദേശിച്ച സത്യം, സമുദായത്താല്‍ ആരാധിയ്ക്കപ്പെടുന്ന രാജാവും ബഹിഷ്‌കരിക്കപ്പെടുന്ന തണ്ടുവലിത്തടവുപുള്ളിയും ഇല്ലാതാകുന്ന സമത്വസുന്ദരമായ കാലത്തും സത്യമായിത്ത ന്നെ നിന്നു വ്യക്തികളെ പുരോഗതിയില്‍ സഹായിച്ചു കൊണ്ടിരിക്കും''

മേല്‍ഖണ്ഡം മലയാള സാഹിത്യചിന്തയെ സംബന്ധിച്ച് സുപ്രധാനമായ ഒരു സ്ഥാനമാണ്. കൃതി ചലനാത്മകമാണ് എന്നും ആത്യന്തികമായ വിശദീകരണം എന്ന ഒന്നില്ല എന്നും മലയാളത്തില്‍ ആദ്യമായി പറയപ്പെടുന്നത് ഇവിടെയാവാം. ആ അര്‍ഥത്തില്‍, മിഖായേല്‍ ബക്തിനും അല്‍ത്യൂസറാനന്തര മാര്‍ക്‌സിസം ഒന്നാകെയും ഉയര്‍ത്തിയ 'രൂപത്തിന്റെ പ്രക്രിയാപരത' യെക്കുറിച്ചുള്ള ആദ്യ സൂചന മാരാരില്‍ നിന്നാണു വരുന്നത്. കൗതുകകരമായ ഒരു വൈരുധ്യമാണിത്. മാര്‍ക്‌സിസത്തോട് വിപ്രതിപത്തി പുലര്‍ത്തിയ മാരാര്‍, സാഹിത്യ സ്ഥാപനത്തെ പ്രതിരോധിക്കാനുള്ള പുറപ്പാടിനിടെ എത്തിച്ചേരുന്നത് സ്ഥാപനത്തെ അടിമുടി തകര്‍ക്കാനുതകുന്ന വിധ്വംസകമായ ആശയത്തിലാണ്. താത്വികമായി ഈ ആശയത്തെ മാരാര്‍ പിന്നീട് വികസിപ്പിച്ചില്ല എങ്കിലും അദ്ദേഹത്തിന്റെ പ്രയുക്ത നിരൂപരണങ്ങളെല്ലാം ഈ പുതിയ വായനാരീതിശാസ്ത്രത്തിന്റെ പ്രയോഗങ്ങളാണ്. ഭാരതപര്യടനം തന്നെ ക്ലാസിക് ഉദാഹരണം. മാരാരുടെ വായനാരീതിശാസ്ത്രത്തിന്റെ പ്രസക്തി, താര്‍ക്കികതയുടെ സന്ദര്‍ഭത്തില്‍ (നിശ്ചയമായും സൈദ്ധാന്തികമായ പരിമിതിയാലും) മാര്‍ക്‌സിസ്റ്റുകള്‍ തിരിച്ചറിയാതെ പോയി. പുറമേ, മാരാര്‍ സ്വയംനിലകൊണ്ടത് സാഹിത്യസ്ഥാപനത്തിനുള്ളില്‍ അതിന്റെ പ്രതിനിധിയായാണു താനും. താന്‍ അവതരിപ്പിച്ച വിപ്ലവകരമായ ആശയത്തെ താന്‍ തന്നെ അട്ടിമറിക്കുന്ന വൈരുധ്യം കൂടി ഈ പ്രബന്ധത്തിന്റെ സവിശേഷതയാണ്. സ്ഥാപനത്തെ ഉറപ്പിക്കാന്‍ മാരാര്‍ സ്വീകരിച്ച തുടര്‍ന്നു വരുന്ന രണ്ടു വാദങ്ങള്‍ കൂടിയാവാം മാരാരെ യാഥാസ്ഥിതികന്‍ എന്നു വിളിക്കാന്‍ മാര്‍ക്‌സിസ്റ്റുകളെ പ്രേരിപ്പിച്ചത്.

ആന്തരമായ ഒരു പ്രേരണയാല്‍ സത്യത്തെ അന്വേഷിച്ചുകൊണ്ടു മുമ്പേ പോയിരിയ്ക്കുന്ന കവി എപ്പോഴും സാമാന്യജനങ്ങളില്‍നിന്നു ഏറെക്കുറെ അകലത്താണ് നിലകൊള്ളുന്ന തെന്നും, സാമാന്യജനങ്ങള്‍, വേണമെന്നുള്ളവര്‍, വിദ്യാഭ്യാസവും സംസ്‌കാരവും സമ്പാദിച്ച് അദ്ദേഹത്തിന്റെ അടുക്കലേക്ക് അങ്ങോട്ടു ചെല്ലുകയാണ് വേണ്ടതെന്നും മാരാര്‍ കരുതുന്നു. കലാസൗന്ദര്യമാകുന്ന പ്രഭാമണ്ഡലത്തില്‍ പരിവേഷ്ടി തനായിരിക്കുന്നത് കൊണ്ട് സഹൃദയത്വം, കലാസ്വാദനശക്തി എന്നിവയില്ലെങ്കില്‍ കവിയുടെ നില്പ് എവിടെയാണെന്നു കണ്ടെത്തല്‍ പ്രയാസമാണ്. വിമര്‍ശനത്തിന്റെ മുന നീളുന്നത് കേസരി ബാലകൃഷ്ണപിള്ളയ്ക്കു നേരെയാണ്. 'കലാവൈചിത്ര്യ' ത്തെ മനസിലാകായ്ക മൂലമാണ് കേസരി ഇതരവിദഗ്ധ തൊഴിലാളികളുടെ സ്ഥാനത്തിനു സമാനമാണ് കവിയുടെയും സ്ഥാനമെന്നു കരുതു ന്നതെന്ന് മാരാര്‍ പറയാതെ പറഞ്ഞു വെക്കുന്നു. കൃതിയുടെ ചലനാത്മകതയെയും അര്‍ഥ ബാഹുല്യത്തെയും അംഗീകരിച്ചുവെങ്കിലും അവയെല്ലാം കവിപ്രതിഭയുടെ ഗുണവിശേഷ മായാണ് മാരാര്‍ കണ്ടത്. 'കൃതിയ്ക്കകത്ത് കവി ഒളിപ്പിക്കുന്ന രഹസ്യങ്ങള്‍' എന്ന സ്ഥാപന കാഴ്ച്ചയെ ആവര്‍ത്തിക്കുന്ന മാരാര്‍ 'ദന്തഗോപുരം', 'ദിവ്യപരിവേഷം' എന്നിവയെ ഒന്നു കൂടി ഉറപ്പിച്ചു. മാരാരെ സംബന്ധിച്ച് സാഹിത്യത്തിന്റെ വിഭജനം സാധുവല്ല. 'സാഹിത്യ' വും 'സാഹിത്യമല്ലാത്ത' തും മാത്രമേ സാധ്യമാകയുള്ളൂ എന്നു മാരാര്‍ ഉറച്ചു വിശ്വസിക്കുന്നു; ''ഏറ്റവും പരുക്കന്മട്ടിലുള്ള'തെന്നു സ്വയം ബോധപ്പെട്ട യാതൊരു കൃതിയും, ഒരു കലാനിരൂപകന്‍, സാഹിത്യവിഭാഗത്തിലുണ്ടാവാമെന്ന് ഒരിക്കലും അഭിപ്രായപ്പെടുകയില്ല. അയാള്‍ക്കത് സാഹിത്യത്തിന് പുറത്തുള്ള മറ്റെന്തോ ഒന്നാണ് ''. സാഹിത്യത്തിന് പുറത്തുള്ള മറ്റെന്തോ ഒന്ന് എന്ന ഊന്നല്‍ ശ്രദ്ധാര്‍ഹമാണ്. ഇവിടെ, ഇ.എം.എസിനെയാണ് മാരാര്‍ ലക്ഷ്യം വെക്കുന്നത്. സാഹിത്യം പ്രദാനം ചെയ്യുന്ന തത്വദര്‍ശനത്തെ മുന്‍നിര്‍ത്തി സ്ഥാപനത്തെ വെട്ടിമുറിച്ച ഇ.എം.എസിനെ നേരിടുകയാണ് മാരാര്‍. സൗന്ദര്യത്തികവാര്‍ന്ന ആവിഷ്‌കാരമാണ് സാഹിത്യം, അതല്ലാത്തവ സാഹിത്യമല്ല. കൃതിയുടെ പ്രമേയമല്ല പുരഗമനമാണോ എന്നതിന്റെ തെളിവ്, സൗന്ദര്യാത്മകതയാണ് എന്നു മാരാര്‍ പറഞ്ഞുവെക്കുന്നു. 

ഇ.എം.എസിന്റെയും കേസരിയുടെയും 'പുരോഗമനസാഹിത്യ' വിഭാവനത്തിന് നിശ്ചയമായും പരിമിതികളുണ്ടായിരുന്നു. കലാകാരന്റെ കര്‍തൃത്വത്തെ അംഗീകരിക്കാതെ പോയതു തൊട്ട്, സാമൂഹ്യശാസ്ത്രവീക്ഷണത്താല്‍ നിയന്ത്രിതമാക്കപ്പെട്ടതു വരെയുള്ള ധാരാളം ഘടകങ്ങള്‍ ഇന്ന് ആ കല്പനകളില്‍ നിന്നു കണ്ടെത്താം. വീക്ഷണപരമായ ചില സങ്കുചിതത്വങ്ങളെ മറികടക്കാനുള്ള വഴി മാരാരിലുണ്ട് എന്നത് നിശ്ചയമാണ്. സാഹിത്യത്തെ സംബന്ധി ച്ചുള്ള മാരാരുടെ അടിസ്ഥാനദര്‍ശനത്തോടു വിയോജിച്ചു കൊണ്ടു തന്നെ അദ്ദേഹമവതരിപ്പിച്ച ബദല്‍വായനാരീതിയെ പുരോഗമനസാഹിത്യം പുതിയ തെളിച്ചത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. അത് പുരോഗമനസാഹിത്യത്തിന്റെ മുന്‍പോട്ടുള്ള ഗതിയ്ക്ക് കൂടുതല്‍ തെളിച്ചം നല്‍കും.

Contentent Highlights: Kuttikrishna Marar, Bharathaparyatanam, EMS