കെനിയയിലെ നയ്റോബിയില്‍ ജനിച്ചു വളര്‍ന്ന്, ബ്രിസ്റ്റോള്‍, കേംബ്രിഡ്ജ് സര്‍വകലാശാലകളിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലുമായി പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ്, നിയമം എന്നീ വിഷയങ്ങളില്‍ വിവിധ ബിരുദങ്ങള്‍ നേടിയശേഷം, യു.കെ.യില്‍ തന്നെ വക്കീലായും അധ്യാപകനായും ഗവേഷകനായും പുസ്തകം വില്പനക്കാരനായും ജോലി നോക്കിയശേഷം, 'എല്ലാം മതിയായി' എന്ന തോന്നലായപ്പോഴാണ് മഹേശ് റാവു നാട്ടില്‍, കൃത്യമായി പറഞ്ഞാല്‍ മൈസൂരില്‍ സ്ഥിരതാമസം തുടങ്ങിയത്.

എഴുതാനുള്ള താത്പര്യവും ആശയങ്ങളും സമയവും ഒത്തുവന്നപ്പോള്‍ ചെറുപ്പം മുതല്‍ തന്നെ പുസ്തകങ്ങളുടെ കളിക്കൂട്ടുകാരനായ മഹേശ് തൂലികയെടുത്തു. മാല്‍ഗുഡിയുടെ കലാകാരന്റെ വീടിനു മുന്നിലൂടെ നടന്നുപോകുമ്പോഴൊക്കെ മഹേശിനു തോന്നിയ ഒന്നായിരുന്നു ആ കഥ ഇന്നെഴുതിയാല്‍ എങ്ങനെയിരിക്കും എന്ന്. അങ്ങനെ ചന്ദ്രയാന്‍-1 ഭ്രമണപഥത്തിലെത്തിയ കാലത്തെ മൈസൂരിന്റെ ഒരു കഥയെഴുതി മഹേശ്, അതേ കാലഘട്ടത്തിലിരുന്നു തന്നെ. ഹൃദയശൂന്യമായ നഗരവികസന പദ്ധതികളില്‍പ്പെട്ട് വീടും നാടും കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത സമൂഹപദവിയും സമ്പത്തുമൊക്കെ നഷ്ടപ്പെടുന്നവന്റെ കഥ പറയുന്ന 'സ്‌മോക്ക് ഇസ് റൈസിങ്' എന്ന നോവല്‍.

2008-09 കാലഘട്ടത്തില്‍ ഹെറിറ്റേജ് ലാന്‍ഡ് എന്ന പേരില്‍ മൈസൂര്‍ നഗരത്തില്‍ പണിയാന്‍ ഉദ്ദേശിച്ചിട്ടുള്ള ഒരു തീം പാര്‍ക്ക്. വികസനത്തിന്റെ ആദ്യ ഉപോത്പന്നമായ ഭൂമി നഷ്ടം, അതുമാറ്റി മറിക്കുന്ന ജീവിതങ്ങള്‍, അതിനു ചുറ്റുമുള്ള പ്രധാനമോ അടിയന്തരമോ ആയ മറ്റു സാമൂഹിക പ്രശ്‌നങ്ങള്‍, അതില്‍ അന്തര്‍ലീനമായ അനീതി എന്നിങ്ങനെയുള്ള ആഖ്യാനത്തില്‍ മാല, സുശീല, ഉമ എന്നിങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള സ്ത്രീകഥാപാത്രങ്ങള്‍ കേന്ദ്രബിന്ദുക്കളാണ്. ക്ലാസിക് ഇംഗ്ലീഷ് ഭാഷാശൈലിയിലുള്ള എഴുത്തില്‍ കഥ തെരുവിലെത്തുമ്പോള്‍ കടന്നുവരുന്ന പ്രാദേശിക ഇംഗ്ലീഷ്, പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടല്‍, സൂക്ഷ്മമായ നിരീക്ഷണങ്ങള്‍, ആക്ഷേപഹാസ്യം മേമ്പൊടി ചേര്‍ത്തുള്ള ദൃശ്യനാടക രീതി എന്നിങ്ങനെ വിമര്‍ശകനും വായനക്കാരനും ഒരുപോലെ ശ്ലാഘിക്കാന്‍ ധാരാളമുണ്ടായിരുന്നു മഹേശിന്റെ ആദ്യ നോവലില്‍.

2010-ല്‍ എഴുതിത്തീര്‍ത്ത നോവലിനെത്തേടി പക്ഷേ, പ്രസാധകരെത്തിയത് 2014-ലാണ്. ഇതിനിടെ തന്നെ അന്വേഷിച്ചുവന്ന കഥാപാത്രങ്ങള്‍ക്കിരിക്കാന്‍ മഹേശ് ചെറുകഥകളുടെ അരങ്ങൊരുക്കി. അങ്ങനെ 2012-ലെ കോമണ്‍വെല്‍ത്ത് ചെറുകഥാ പുരസ്‌കാരം നേടുകയും ബ്രിഡ്പോര്‍ട്ട് ചെറുകഥാ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു മഹേശിന്റെ കഥകള്‍.

നോവല്‍ പുറത്തിറങ്ങിയതോടെ സാഹിത്യസമ്മാനങ്ങളും പിന്നാലെയെത്തി. ശക്തിഭട്ട് ആദ്യ പുസ്തക സമ്മാനത്തിനും ക്രോസ് വേര്‍ഡ് സമ്മാനത്തിനും നാമനിര്‍ദേശം ചെയ്യപ്പെട്ട 'സ്മോക്ക് ഇസ് റൈസിങ്' അക്കൊല്ലത്തെ ടാറ്റ ഫസ്റ്റ് ബുക്ക് ഫിക്ഷന്‍ അവാര്‍ഡ് നേടുകയും ചെയ്തു.

ഒരു കൊല്ലം കഴിഞ്ഞ് 'വണ്‍ പോയിന്റ് ടു ബില്യണ്‍' എന്ന പേരില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പശ്ചാത്തലമാക്കിയുള്ള ചെറുകഥകളുടെ സമാഹാരമായിരുന്നു അടുത്ത പുസ്തകം. അതു കഴിഞ്ഞ് 2018-ല്‍ ഇറങ്ങിയ 'പൊളൈറ്റ് സൊസൈറ്റി' എന്ന നോവല്‍ രസകരമായ ഒരു പരീക്ഷണമാണ്.

ജയിന്‍ ഓസ്റ്റന്റെ 'എന്മ' എന്ന ക്ലാസിക് ഓര്‍മയില്ലേ. അത് ഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന കഥയാണെങ്കിലോ? അതു തന്നെയാണ് 'പൊളൈറ്റ് സൊസൈറ്റി' എന്ന നോവല്‍. ഡല്‍ഹിയില രാജവീഥികളുടെ പരിസരത്തുള്ള ലുട്ടെയ്ന്‍ ബംഗ്ലാവില്‍ താമസിക്കുന്ന വരേണ്യവര്‍ഗത്തിന്റെ കഥയാണ് പ്രഹസന മാതൃകയിലുള്ള ഈ നോവല്‍. ഒരുതലത്തില്‍, ഏതാണ്ട് 'എന്മ' കഥാപാത്രങ്ങളൊക്കെയും ഇന്ത്യന്‍ വേഷത്തില്‍ അണിനിരക്കുന്നുണ്ട് ഇതില്‍. എന്നാല്‍ അതു മാത്രമല്ല 'പൊളൈറ്റ് സൊസൈറ്റി' പറയുന്ന കഥ എന്ന് ആസ്വാദകര്‍ പറയുന്നു. വ്യക്തിഗത മനഃശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ഓരോ കഥാപാത്രത്തിന്റെയും ജീവിതം കുറിക്കുമ്പോള്‍ അവിടെ കടന്നുവരുന്ന അദൃശമായ മറ്റു കഥകളാണ് ഈ നോവലിന്റെ ശക്തി.

എഴുതിത്തുടങ്ങുന്നവരോട് മഹേശ് പറയുന്നത് ഇത്രമാത്രം: 'വായിക്കുക, ധാരാളം!'

Content Highlights : Mahesh Rao, Polite Society, The Smoke Is Rising, One Point Two Billion