ദിശങ്കരന്റെയും അഭിനവശങ്കരന്റെയും ദര്‍ശനങ്ങള്‍ക്ക് നടുവില്‍ നട്ടംതിരിഞ്ഞൊരു ശങ്കരനാണ് താനെന്നാണ് മാടമ്പ് സ്വയം വിലയിരുത്താറുള്ളത്.

സമാനതകളില്ലാത്തതായിരുന്നു ആ ജീവിതം. അദ്ഭുതപ്പെടുത്തുന്നതായിരുന്നു ശൈലി. മുത്തച്ഛന്റെയും അച്ഛന്റെയും പേര് ശങ്കരന്‍ എന്നുതന്നെ ആയതിനാല്‍ അമ്മ ഉള്‍പ്പെടെയുള്ള വീട്ടിലെ സ്ത്രീകള്‍ക്ക് മാടമ്പ് ശങ്കരന്‍ എന്ന യഥാര്‍ഥ പേര് ഉറക്കെ വിളിക്കാന്‍ പ്രയാസമായി. അതിന് അവര്‍ കണ്ടെത്തിയ സൂത്രമാണ് കുഞ്ഞുക്കുട്ടന്‍ എന്ന വിളിപ്പേര്. കുഞ്ഞുക്കുട്ടന്‍ മാടമ്പ് മനയ്ക്ക് പുറത്തേക്ക് പടര്‍ന്നുപന്തലിച്ചപ്പോഴും പേരിലെ കുട്ടിത്തം കളയാന്‍ അദ്ദേഹം ഒരുക്കമായില്ല. തറവാട്ടുകാരണവരുടെ പേര് കുഞ്ഞുക്കുട്ടന്‍ എന്ന് കേള്‍ക്കുമ്പോള്‍ അതിന് ഒരു രസമില്ലേ എന്ന് വെടിവട്ടങ്ങളില്‍ അദ്ദേഹം ചോദിക്കുമായിരുന്നു.

അടുക്കും ചിട്ടയും ഇല്ലാത്തതായിരുന്നു ജീവിതം. ശാന്തിക്കാരനായും ആനക്കാരനായും താന്ത്രികസാധകനായും സിനിമാക്കാരനായും എഴുത്തുകാരനായും മാടമ്പ് പകര്‍ന്നാടിയ വേഷങ്ങള്‍ ഒട്ടേറെ. ദാരിദ്ര്യം എന്തെന്ന് അറിഞ്ഞിട്ടില്ല, ഒരുകാലത്തും ഒന്നിനും മുട്ടുവന്നിട്ടില്ല. അങ്ങനെയുള്ള ഒരാളുടെ ജീവിതം അല്പം തകരാറ് പിടിച്ചതായില്ലെങ്കിലല്ലേ അതിശയിക്കേണ്ടതുള്ളൂ -ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം.

ഓത്തും ത്യാഗപ്പെരുമയുമുള്ള തറവാട്ടിലാണ് ജനനം. സംസ്‌കൃതവും ഇംഗ്ലീഷും ഉള്‍പ്പെടെ എന്തും പഠിക്കാനുള്ള സാഹചര്യം. എന്നിട്ടും പത്തില്‍ വിസ്തരിച്ച് തോറ്റു. ശാന്തിക്കാരനായി കുറേക്കാലം. എന്തേ ശാന്തിപ്പണി അവസാനിപ്പിച്ചു എന്ന് ചോദിച്ചാല്‍ ''നിര്‍ത്താന്‍ തോന്നി. നിര്‍ത്തി''- ഉത്തരം ഒറ്റവാക്കില്‍ പുറത്തുവരും.

മദിരാശിയിലേക്ക് വണ്ടികയറിയ കുഞ്ഞുക്കുട്ടന്‍ ജ്യേഷ്ഠനൊപ്പം റേഡിയോ റിപ്പയറിങ്, കാര്‍ പെയിന്റിങ് തുടങ്ങിയ പല ജോലികള്‍ ചെയ്തുനോക്കി. എന്നാല്‍, അതിനൊന്നും ആധികം ആയുസ്സുണ്ടായിരുന്നില്ല. തറവാട്ടില്‍ ആനയെ വാങ്ങിയതോടെയാണ് ആനക്കമ്പം തലയില്‍ കയറിയത്. പതിനഞ്ചുതികയുംമുമ്പേ ആനലേലത്തിന് പോയ അറിവും അനുഭവവും കുഞ്ഞുക്കുട്ടന് സ്വന്തം. ആനയ്ക്കൊപ്പമുള്ള നടത്തം ജീവിതത്തിന്റെ ഭാഗമാകുന്നതിനിടെയാണ് കൊടുങ്ങല്ലൂരില്‍നിന്ന് വിളിവരുന്നത്. കൊടുങ്ങല്ലൂര്‍ തമ്പുരാട്ടി നടത്തിയ സ്ഥാപനത്തിലേക്ക് മലയാളം പഠിപ്പിക്കാന്‍ ചെല്ലാന്‍. ശമ്പളവും താമസവും ആയതോടെ കാര്യങ്ങള്‍ കുശാലായി.

കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ തട്ടകത്തില്‍നിന്നാണ് അക്കാദമിക് അലങ്കാരങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത കുഞ്ഞുക്കുട്ടന്‍ എന്ന എഴുത്തുകാരന്‍ ജനിക്കുന്നത്. എഴുത്തിന്റെ ആദ്യനുഭവങ്ങള്‍ ഒന്നും അത്ര കേമമായിരുന്നില്ല. അശ്വത്ഥാമാവ് പൂര്‍ത്തിയായപ്പോള്‍ നേരെ കണ്ടാണശ്ശേരിയിലേക്ക് നടന്നുകയറി. 'രണ്ടുംകല്പിച്ച കയറ്റം' എന്നാണ് ഇതിനെ സ്വയം വിശേഷിപ്പിച്ചത്.

കോവിലന്‍ ഇല്ലായിരുന്നെങ്കില്‍ മാടമ്പ് എന്ന എഴുത്തുകാരന്‍ പിറക്കില്ലായിരുന്നെന്ന് അദ്ദേഹംതന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. മഹാപാരമ്പര്യങ്ങളുടെ കോട്ട ഇളക്കിയ രചനയായിരുന്നു 'ഭ്രഷ്ട്'. നോവല്‍ പുറത്തുവന്നതോടെ നമ്പൂതിരിമാര്‍ മാടമ്പുമായി അലോഹ്യത്തിലായി. ദേശമംഗലത്തെ അധിക്ഷേപിച്ചു, പെണ്‍വഴി തമ്പുരാക്കന്മാരെ മോശമാക്കി ചിത്രീകരിച്ചു. വിമര്‍ശനങ്ങള്‍ അങ്ങനെ പലതും ഉണ്ടായി. ആക്ഷേപശരങ്ങളുടെ മുനകളെല്ലാം പൊട്ടിച്ചിരിയോടെ മാടമ്പ് തള്ളി. കെ. ആര്‍. മോഹനനനും പി.ടി. കുഞ്ഞുമുഹമ്മദും ചേര്‍ന്ന് അശ്വത്ഥാമാവ് സിനിമയാക്കണമെന്ന ആഗ്രഹവുമായി എത്തിയപ്പോള്‍ മാടമ്പ് സമ്മതംമൂളി. സ്വന്തം രചന സിനിമയായപ്പോള്‍ അതിലൂടെ നായകനായി അദ്ദേഹം വെള്ളിത്തിരയിലുമെത്തി.

ആനവാണ തറവാട്ടിലേക്ക് കഴുതയെ കൊണ്ടുവന്നുകെട്ടി മാടമ്പ് നാട്ടുകാരെ ഞെട്ടിച്ചു. നാട്ടുകാരുടെ നാവിനൊന്നും ഒരിക്കലും മാടമ്പിനെ തളയ്ക്കാനായില്ല. പൈതൃകം സിനിമ പൂര്‍ത്തിയായപ്പോള്‍ സിനിമയുടെ ഭാഗമായ കഴുതയെ ഉപേക്ഷിക്കാന്‍ മനസ്സുവന്നില്ല. ഭാഗ്യദേവത എന്ന പേരും ചാര്‍ത്തി തറവാട്ടിലേക്ക് കൂട്ടിവരുകയായിരുന്നു.

കിരാലൂര്‍ തറവാട്ടില്‍ മാടമ്പിനൊപ്പം ഇത്തരം ഒട്ടേറെ കഥാപാത്രങ്ങള്‍ ജീവിച്ചു. കുളക്കടവിലേക്ക് പോകുംവഴിയുള്ള മുള്ളുമരത്തിന് ചക്കരക്കുട്ടി പാറു എന്ന പേരുചാര്‍ത്തി കാമുകിയായി പ്രഖ്യാപിച്ചു. മണിക്കൂറുകളോളം മരത്തോട് സംസാരിച്ചുനിന്ന മാടമ്പ് മുള്ളുമുരിക്കില്‍ നിറയെ ചുവന്ന പട്ടുനൂലുകള്‍ കെട്ടി. ചേര ഇണങ്ങുമെന്ന് മനസ്സിലാക്കിയപ്പോള്‍ പത്തായപ്പുരയിലേക്ക് അവയെ അതിഥികളായി കൊണ്ടുവന്നു. വാഹന ലൈസന്‍സ് ഇല്ലാത്ത മാടമ്പ് സ്വന്തമാക്കിയ 'എന്‍ഫീല്‍ഡ്സായിപ്പ'്' തറവാടിനുമുന്നില്‍ അലങ്കാരമായി നിറഞ്ഞുനിന്നു. മാടമ്പ് മനയില്‍ ചെന്നാല്‍ വിശേഷങ്ങളുടെ മയിലാട്ടം കാണാമെന്നാണ് സുഹൃത്തുക്കളുടെ കമന്റ്.

'എന്റെ തോന്ന്യാസങ്ങള്‍'- എന്നാണ് മാടമ്പിന്റെ ആത്മകഥാക്കുറിപ്പിന്റെ പേര്. എന്താ ഇങ്ങനെ ഒരു പേര് എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലദ്ദേഹം പറഞ്ഞു: ''ജീവിതം ഒരു തോന്ന്യാസമായിരുന്നു. ഒരാള്‍ ചീത്തയാകാന്‍ മൂന്നുകാരണങ്ങള്‍ മതി. ഒന്ന് യുവത്വം, രണ്ട് വീട്ടില്‍ അത്യാവശ്യം ഊണ് കഴിക്കാനുള്ള സാഹചര്യം, മൂന്ന് അത്യാവശ്യം പ്രശസ്തി -ഇവയെല്ലാമുള്ള ആളായിരുന്നല്ലോ ഞാന്‍.'

Content Highlights: Madampu Kunjukuttan life story