മാടമ്പില്‍ പോവുകയെന്നാല്‍ മനസ്സ് ഒരു മയിലിനെപ്പോലെ ആടുമെന്നു പറഞ്ഞത് കവി മുല്ലനേഴിയാണ്. മനസ്സിന് ആനന്ദവും ശാന്തിയുമെല്ലാം നല്‍കുന്ന വക മാടമ്പിലുണ്ടായിരുന്നു. മനയിലും സാക്ഷാല്‍ കുഞ്ഞുകുട്ടനിലും. പേരില്‍ കുഞ്ഞെങ്കിലും ആ നാവില്‍നിന്ന് വരുന്നതും പേനയില്‍ വിരിഞ്ഞതും ഇമ്മിണി വലിയവതന്നെ. അറിവുകൊണ്ട് മലയാളിയെ അമ്പരിപ്പിക്കുകയും ആദരവ്പിടിച്ചു പറ്റുകയും ചെയ്ത തമ്പുരാക്കന്മാരുടെ നിരയിലെ തലപ്പൊക്കമുള്ള വ്യക്തി. മാടമ്പ് കുഞ്ഞുകുട്ടനെന്ന പ്രതിഭ വിടപറഞ്ഞിരിക്കുകയാണ്. 
 
ആഡ്യന്മാരുടെ കുടുംബത്തില്‍ പിറന്ന മാടമ്പില്‍ മാടമ്പിത്തരത്തെ അതിജീവിച്ചു വളര്‍ന്നത് സഹൃദയത്വം. നോവലിസ്റ്റും കഥാകാരനും തിരക്കഥാകൃത്തും നടനും എന്ന വിലാസം ഒരു വശത്ത്. ആനക്കാര്യം പറഞ്ഞും പഠിപ്പിച്ചും അങ്ങനെയൊരു മുഖം. യാഗാധികാരമുള്ള കുടുംബത്തില്‍ പിറന്ന മാടമ്പ് റേഡിയോ റിപ്പയറിങ്, സ്‌പ്രേപെയിന്റിങ്, ട്യൂട്ടോറിയല്‍ അധ്യാപകന്‍, ശാന്തിക്കാരന്‍ തുടങ്ങിയ വേഷങ്ങളും തരംപോലെ അണിഞ്ഞു. ഒരുപണിയും മോശമല്ലെന്ന മഹാ സന്ദേശമാണോ അദ്ദേഹം നല്‍കിയത്? ഫലേച്ഛയില്ലാത്ത കര്‍മ്മമാണ് വേണ്ടതെന്ന ഗീതയുടെ സന്ദേശം ചെറുപ്പത്തിലേ മാടമ്പിനു സ്വന്തമായതിനാല്‍ വേഷങ്ങളില്‍ ഭേദചിന്തയില്ലാതെ അദ്ദേഹം അരങ്ങു നിറഞ്ഞു.
 
മാടമ്പ് ശങ്കരന്‍ നമ്പൂതിരിയെന്നാണ് യഥാര്‍ഥ പേരെങ്കിലും മുത്തശ്ശിമാർ വിളിച്ച കുഞ്ഞുകുട്ടന്‍ എന്ന നാമം നാട്ടുകാരും ഏറ്റെടുത്തു. തൃശ്ശൂര്‍ കിരാലൂരിലെ മാടമ്പ് മനയില്‍നിന്ന് കേരളത്തിന്റെ സംസ്‌കരരിക മണ്ഡലത്തിലേക്ക് തലപ്പൊക്കത്തോടെ ഉയര്‍ന്നുവന്ന കുഞ്ഞുകുട്ടന് കൈവച്ച മേഖലയിലെല്ലാം പ്രമാണം കിട്ടി. ആനക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ തലേക്കെട്ടുവെച്ച ജീവിതം.
 
അശ്വത്ഥാമാവ് എന്ന നോവലിലൂടെ സാഹിത്യത്തിലേക്ക് കടന്ന മാടമ്പ് സിനിമയില്‍ കൈവച്ചതും അതിലൂടെ തന്നെ. കെ.ആര്‍ മോഹനന്‍ അത് സിനിമയാക്കിയപ്പോള്‍ മാടമ്പ് തിരക്കഥ രചിച്ചു. നായകവേഷവും അദ്ദേഹത്തിനുതന്നെ കിട്ടി. ഭഷ്ട്, മഹാപ്രസ്ഥാനം, എന്തരോ മഹാനുഭാവലു, അവിഘ്‌നമസ് തുതുടങ്ങി തികവൊത്ത രചനകള്‍. അശ്വത്ഥാമാവിനുശേഷം ജയരാജിന്റെ വിളിയില്‍ വീണ്ടും സിനിമയിലേക്ക് ദേശാടനം' നടത്തി. 2000ല്‍ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് മാടമ്പ് മനയിലേക്ക് എത്തിയതും ജയരാജിന്റെ സിനിമയിലൂടെത്തന്നെ- ''കരുണം ' എന്ന ചിത്രം. പൈതൃകത്തിലുടെ അഭിനയ രംഗത്തും തിരിച്ചുവരവ്. ഗൗരീശങ്കരവും ശാന്തവുമെല്ലാം ആ എഴുത്തിന്റെ പ്രൗഢി വിളിച്ചു പറഞ്ഞു. വീണ്ടും എഴുത്തിലും അഭിനയത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലുമെന്നാം സജീവമായ മാടമ്പ്. എഴുതാനും അഭിനയിക്കാനും ഒരുപാട് ബാക്കിവെച്ചാണ് അദ്ദേഹമിപ്പോള്‍ വിടപറഞ്ഞിരിക്കുന്നത്.
 
Content Highlights: Madampu Kunjukuttan life