രു പിറന്നാളിന്റെ ഓര്‍മയെ എന്നേക്കും മധുരതരമാക്കിക്കൊണ്ട് ചെമ്പനീര്‍പ്പൂവുമായി തായാട്ട് ബാലേട്ടന്‍ എത്തി. തന്നേക്കാള്‍ അഞ്ചാണ്ട് ഇളപ്പമായ എം.ടി. വാസുദേവന്‍നായര്‍ക്ക് ആശംസ നേരാന്‍. സ്വാതന്ത്ര്യസമരത്തിന്റെ സത്തയുള്‍ക്കൊണ്ട ഗാന്ധിയന്‍പോരാളിയെക്കണ്ടപ്പോള്‍ ജ്ഞാനപീഠമേറിയ എഴുത്തിന്റെ തമ്പുരാന്റെ മുഖത്ത് മനംനിറഞ്ഞ ചിരി. പനിനീര്‍പ്പൂ സ്വീകരിച്ചു. അടുത്ത കസേരയിലിരുന്ന് തായാട്ട് ബാലന്‍ എം.ടി.യുടെ വലതുകരം ഗ്രഹിച്ചു. രണ്ടുകൈകള്‍കൊണ്ടും മുറുകെപ്പിടിച്ച് അക്ഷരപുണ്യം നിറഞ്ഞ ആ വിരലുകളില്‍ ചുണ്ടമര്‍ത്തി. അല്പനേരം കുശലം. 

ഹൃദ്യമായിരുന്നു ആ സന്ദര്‍ശനം. രണ്ടുപേരുടെയും പിറന്നാളായിരുന്നു കര്‍ക്കടകത്തിലെ ഉത്രട്ടാതിയായ വ്യാഴാഴ്ച. നടക്കാവ് കൊട്ടാരം റോഡിലെ എം.ടി.യുടെ വീടായ 'സിതാര'യില്‍ രാവിലെമുതല്‍ പിറന്നാളാശംസക്കാരുടെ വരവായിരുന്നു. എം.ടി.ക്ക് എണ്‍പത്തിയഞ്ചാം പിറന്നാളായിരുന്നു. വെസ്റ്റ്ഹില്‍ അത്താണിക്കലിലെ വീട്ടില്‍ തായാട്ട് ബാലന്റെ നവതി ആഘോഷത്തിന്റെ തിരക്കും രാവിലെതന്നെ തുടങ്ങി.

അതിഥികള്‍ക്കിടയില്‍നിന്നാണ് ബാലേട്ടന്‍ എം.ടി.യെ കാണാന്‍ പുറപ്പെട്ടത്. 'സിതാര'യില്‍നിന്ന് പെട്ടെന്നുതന്നെ മടങ്ങുകയും ചെയ്തു. അപ്പോഴേക്കും അദ്ദേഹത്തിന്റെ വീട്ടില്‍ നവതിസദ്യ വിളമ്പാനുള്ള തയ്യാറെടുപ്പായിരുന്നു. ആഘോഷമൊന്നുമില്ലാതെയായിരുന്നു എം.ടി.യുടെ പിറന്നാള്‍. എങ്കിലും ആശംസനേരാന്‍ വായനക്കാരും എഴുത്തുകാരുംമറ്റും രാവിലെമുതല്‍ വീട്ടിലേക്കെത്തി. എല്ലാവര്‍ക്കും ചുണ്ടിന്റെ കോണിലൊരു ചെറുപുഞ്ചിരിയോടെ സ്വാഗതം. അടുത്ത പരിചയമുള്ളവരോട് കുശലം. 

കാലാവസ്ഥ, ആരോഗ്യസ്ഥിതി, എഴുത്ത് -ഒക്കെ വിഷയങ്ങളായി. പിറന്നാളിന് മൂകാംബികയില്‍ പോകുന്ന പതിവുണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ: ''നാലഞ്ചുകൊല്ലമായി പോകാറില്ല. പണ്ട് പോകാറുണ്ടായിരുന്നു. ഒന്നുകില്‍ എന്റെ പിറന്നാളിന്, അല്ലെങ്കില്‍ മകള്‍ അശ്വതിയുടെ പിറന്നാളിന്. രണ്ടുനാളുകളും അടുത്തടുത്താണ് - ഉത്രട്ടാതിയും അശ്വതിയും.'' തമിഴ് കവി വൈരമുത്തു ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഫോണില്‍ ആശംസകളര്‍പ്പിച്ചു.