ജീവിതത്തിലെ ആദ്യത്തെ കുറച്ച് വര്‍ഷങ്ങളാണ് നമ്മളെ ഉണ്ടാക്കുന്നത്. എവിടെയാണ് നമ്മള്‍ ജനിച്ചത് ? എവിടെയാണ് നമ്മള്‍ വളര്‍ന്നത്? അതാണ് നമ്മള്‍. പിന്നീട് നമ്മള്‍ പറിച്ചുനടപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എവിടെയൊക്കെ പോയാലും എന്തൊക്കെ ചെയ്താലും വിദൂരമായൊരു വിളിയുണ്ട്. നമ്മുടെ ജന്‍മനാടിന്റെ വിളി. ആ ഒരു വിളി, അതില്‍ നിന്ന് എനിക്ക് രക്ഷപ്പെടാന്‍ പറ്റിയിട്ടില്ല.

ഒരു അഭിമുഖ സംഭാഷണത്തില്‍ എം. മുകുന്ദന്‍ പറഞ്ഞ വാക്കുകളാണിവ. എം. മുകുന്ദന്‍ എന്ന എഴുത്തുകാരനെ രൂപ്പെടുത്തുന്നതില്‍ മയ്യഴി എന്ന നാടിനുള്ള പങ്ക് ആ വരികളില്‍ വായിക്കാം. അത്രത്തോളം ദൃഢമാണ് മയ്യഴിയും മുകുന്ദനും തമ്മിലുള്ള ബന്ധം. നോവലുകള്‍ക്കുള്ള ഭൂമിക മാത്രമായിരുന്നില്ല മുകുന്ദന് മയ്യഴി. അതിനുമപ്പുറമായിരുന്നു. മയ്യഴിയുടെ കഥാകാരനെത്തേടി സംസ്ഥാന സര്‍ക്കിരിന്റെ പരമോന്നത സാഹിത്യപുരസ്‌കാരവും എത്തിയിരിക്കുകയാണ്. 

അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: പുതിയ മയ്യഴിയെക്കുറിച്ച് എഴുതാത്തത് എന്താണെന്ന് പലരും ചോദിക്കാറുണ്ട്. പുതിയ മയ്യഴിയെക്കുറിച്ച് എഴുതാന്‍ ഒന്നുമില്ല എന്നതാണ് കാരണം. എഴുതണമെങ്കില്‍ അതില്‍ ഉന്‍മാദം നല്‍കുന്ന എന്തെങ്കിലുമൊന്ന് ഉണ്ടാകണം. പുതിയ മയ്യഴിയില്‍ അങ്ങനെയൊന്നില്ല. മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വായിക്കാത്ത, എന്നെ അറിയാത്ത ഒരാള്‍ ഇന്നിവിടെ വന്നാല്‍ ഇവിടെ എന്താണുള്ളത്. ഒരു സാധാരണ പട്ടണം. പിന്നെ ആകെ കാണാവുന്നത് മദ്യത്തിന്റെ അതിപ്രസരം മാത്രമാണ്. കുറേ മദ്യശാലകളുണ്ട് എന്നത് മാറ്റി നില്‍ത്തിയാല്‍ ഇവിടെ ഒന്നുമില്ല. 

ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച് കേരളത്തിലെ വായനാസമൂഹത്തെ സ്വാധീനിച്ച എഴുത്തുകാരില്‍ പ്രമുഖനാണ് എം മുകുന്ദന്‍. റിയലിസത്തിന്റെ ആഖ്യാനത്തെ പൊളിച്ചടക്കി ആധുനികത മലയാളത്തിലേക്ക് എത്തിച്ചവരില്‍ മുകുന്ദന്റെ സ്ഥാനം അനിഷേധ്യമാണ്. സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് മുകുന്ദന്‍ ശ്രദ്ധേയനായത്. ഒപ്പം അസ്തിത്വവാദപരമായ ആഖ്യാനശൈലി മലയാളത്തിന് പുതിയ വായനാനുഭവം നല്‍കി. അസ്തിത്വവാദത്താല്‍ മുഖരിതമായ ആഖ്യാനം രൂപപ്പെടുത്തിയ മുകുന്ദന്‍ ഉത്തരാധുനികത ശൈലിയില്‍ പുതിയ എഴുത്തുകള്‍ സൃഷ്ടിച്ചതും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. 

മുകുന്ദന്റെ കഥകളിലെ കമ്യൂണിസ്റ്റ് വിരുദ്ധതയും കമ്യൂണിസവും പരസ്പര വിരുദ്ധതയുടെ പേരില്‍ നിരൂപകരുടെ വിമര്‍ശനത്തിന് കാരണായി. എങ്കിലും എഴുത്തും വായനയും ജീവിതമായി കണ്ട എത്രയോ പേരെ ഭാഷയുടെ വശീകരണം കൊണ്ട് ഭാവനാത്മകമായ ഒരു ലോകത്തില്‍ എത്തിക്കുന്നതില്‍ മുകുന്ദന്റെ രചനകള്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മയ്യഴിയിലെ ദാസനും ദൈവത്തിന്റെ വികൃതികളിലെ അല്‍ഫോന്‍സാച്ചനും  ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്ന നോവലിലെ രമേശനും ഡല്‍ഹിയിലെ അരവിന്ദനുമെല്ലാം വ്യാപകമായ അര്‍ത്ഥതലങ്ങളാല്‍ വായിക്കപ്പെട്ടവും വശീകരിക്കപ്പെട്ടവയുമാണ്. അതുതന്നെയാണ് മുകുന്ദനെ മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരില്‍ ഒരാളാക്കി മാറ്റുന്നതും.

1942 സെപ്തംബര്‍ 10 ന് അന്ന് ഫ്രഞ്ച് കോളനിയായിരുന്ന മാഹി (മയ്യഴി) അദ്ദേഹത്തിന്റെ ജനനം. 1961 ല്‍ ആദ്യ കഥ പുറത്തുവന്നു. വീട്, നദിയും തോണിയും തുടങ്ങിയ ആദ്യകാല കഥകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലാണ് മുകുന്ദന്റെ ഏറ്റവും ശ്രദ്ധേയമായ രചനയായി അറിയപ്പെടുന്നത്. ദൈവത്തിന്റെ വികൃതികള്‍, ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, ആദിത്യനും രാധയും മറ്റുചിലരും, ആവിലായിലെ സൂര്യോദയം, ആകാശത്തിന് ചുവട്ടില്‍, കിളിവന്നു വിളിച്ചപ്പോള്‍, ഒരു ദളിത് യുവതിയുടെ കദനകഥ, ഈ ലോകം ഇതിലൊരു മനുഷ്യന്‍, സീത, കേശവന്റെ വിലാപങ്ങള്‍, നൃത്തം, പ്രവാസവും പിന്നിട്ട് ആ നോവല്‍ സപര്യ കുട നന്നാക്കുന്ന ചോയിയും നൃത്തം ചെയ്യുന്ന കുടകളും വരെ എത്തിനില്‍ക്കുന്നു. 

വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, അഞ്ചര വയസ്സുള്ള കുട്ടി, തട്ടാത്തിപ്പെണ്ണിന്റെ കല്യാണം, തേവിടിശ്ശിക്കിളി, കള്ളനും പോലീസും, കണ്ണാടിയുടെ കാഴ്ച്ച, മുകുന്ദന്റെ കാഴ്ച്ച, റഷ്യ, പാവാടയും ബിക്കിനിയും നഗരവും സ്ത്രീയും എന്റെ രാവും പകലും തുടങ്ങി നിരവധി കഥകള്‍ മുകുന്ദന്റേതായി വ്യാപകമായി വായിക്കപ്പെട്ടവയാണ്. അവസാനമായി അച്ഛന്‍, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്നീ മുന്ന് കഥകളും നന്നായി വായിക്കപ്പെട്ടു.

കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, മാതൃഭൂമി പുരസ്‌കാരം, ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ് ബഹുമതി, വയലാര്‍ പുരസ്‌കാരം, എം പി പോള്‍ അവാര്‍ഡ്, എന്‍ വി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും മുകുന്ദനെ തേടിവന്നു.

എം മുകുന്ദന്റെ പുസ്തങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights : M. Mukundan, Ezhuthachan award