പൂമുഖത്തേക്ക് നടക്കുമ്പോള്‍ കേട്ടുമറന്ന ഒരുവിളി, ദാസേട്ടാ.... അയാള്‍ അറിയാതെ നിന്നുപോയി. സാവധാനം അടുത്തുവരുന്ന പാദസരങ്ങളുടെ സംഗീതം. വാതില്‍പ്പടിയില്‍ തലയും കുനിച്ച് അയാള്‍ നിന്നു......

എം.മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' എന്ന നോവലിന്റെ കഥാസന്ദര്‍ഭങ്ങള്‍ക്ക് ചിത്രകാരന്‍ പ്രശാന്ത് ഒളവിലം രചിച്ച ചിത്രാവിഷ്‌കാരങ്ങളുടെ മാഹിയില്‍ നടന്ന പ്രദര്‍ശനം നോവല്‍ പുനര്‍വായന നടത്തിയ അനുഭൂതിയായി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പരമ്പരയായി പ്രസിദ്ധീകരിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്റെ മുഴുവന്‍ അധ്യായങ്ങളും പ്രദര്‍ശനത്തിനുണ്ട്. ആര്‍ട്ടിസ്റ്റ് എ.എസിന്റെ ചിത്രങ്ങളോടുകൂടിയ ആഴ്ചപ്പതിപ്പിന്റെ ലക്കങ്ങള്‍ ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്നതാണ്.

മാഹി മേരിമാതാ കമ്യൂണിറ്റി ഹാളിലാണ് പ്രദര്‍ശനം നടക്കുന്നത്. ആഴ്ചപ്പതിപ്പില്‍ എ.എസ്. നായര്‍ വരച്ച രേഖാചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രശാന്ത് ഒളവിലം അക്രിലിക്കില്‍ വര്‍ണാവിഷ്‌കാരം നടത്തിയത്. മയ്യഴിപ്പുഴയുടെ തീരങ്ങളെ ആസ്പദമാക്കി മനോജ് വൈക്കം ദൃശ്യഭാഷ്യം നല്‍കിയ ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനവുമുണ്ട്.

എഴുത്തുകാരന്‍ എന്‍.ശശിധരനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. 'ദേശം എഴുത്തുകാരെ സൃഷ്ടിക്കാറുണ്ട്. എന്നാലിവിടെ എഴുത്തുകാരന്‍ സൃഷ്ടിച്ച ദേശമാണ് മയ്യഴി. തന്റെ സൃഷ്ടികളുടെ ശക്തികൊണ്ട് ദേശത്തെ നിര്‍മിച്ച അപൂര്‍വം എഴുത്തുകാരിലൊരാളാണ് എം.മുകുന്ദന്‍. മയ്യഴിയുടെ തനിമ മുഴുവന്‍ ആവാഹിച്ചെടുത്തതാണ് മുകുന്ദന്റെ നോവലുകള്‍.എം.മുകുന്ദന്റെ വലിയ എഴുത്തുജീവിതത്തെ അക്ഷരാര്‍ഥത്തില്‍ അടയാളപ്പെടുത്തുന്ന ചടങ്ങുകളാണ് മാഹിയില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ' - ശശിധരന്‍ ചൂണ്ടിക്കാട്ടി. 

ഡോ. വി.രാമചന്ദ്രന്‍ എം.എല്‍.എ, മാഹി അഡ്മിനിസ്‌ട്രേറ്റര്‍ അമന്‍ ശര്‍മ, മാഹി പള്ളി സഹവികാരി ജിതിന്‍, മനോജ് വൈക്കം, പ്രശാന്ത് ഒളവിലം, പി.സി.ദിവാനന്ദന്‍, പി.സി.എച്ച്.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം 13-ന് സമാപിക്കും.

painting
എം. മുകുന്ദന് മയ്യഴി ഭരണകൂടം നല്‍കുന്ന ആദരം പരിപാടിയുടെ ഭാഗമായി നടന്ന മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ നോവലിന്റെ ഒരു കഥാസന്ദര്‍ഭത്തിന്റെ വര്‍ണാവിഷ്‌കാരം.

ജന്മനാടിന്റെ ആദരം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി

മയ്യഴി നല്‍കുന്ന പ്രൗഢാദരം പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എം.മുകുന്ദന് സമര്‍പ്പിക്കും. ചൊവ്വാഴ്ച വൈകീട്ട് നാലിന് മാഹി ജവാഹര്‍ലാല്‍ നെഹ്രു ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. മുന്‍ മന്ത്രി ഇ.വത്സരാജ്, തമിഴ് എഴുത്തുകാരി രാജാത്തി സെല്‍മ എന്നിവര്‍ സംസാരിക്കും. ഘോഷയാത്ര, നൃത്താവിഷ്‌കാരം, എം.മുകുന്ദന്റ 'അച്ഛന്‍' എന്ന കഥയെ ആസ്പദമാക്കി വടകര വരദയൊരുക്കിയ നാടകം, സംഗീതനാടക അക്കാദമിയുടെ പാട്ടോര്‍മ-നാടകഗാനാര്‍പ്പണം എന്നിവയുണ്ടാവും.

എം.മുകുന്ദന്റെ എഴുത്തുജീവിതത്തെക്കുറിച്ച് ബുധനാഴ്ച കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സെമിനാര്‍ രാവിലെ 10-ന് സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാജാത്തി സെല്‍മ ഉദ്ഘാടനം ചെയ്യും. ആദരസമര്‍പ്പണ പരിപാടികള്‍ക്ക് അസീസ് മാഹി (ചെയര്‍മാന്‍), സി.എച്ച്.പ്രഭാകരന്‍ (കോ ഓര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിയാണ് നേതൃത്വം നല്‍കുന്നത്.