''തീവണ്ടി നില്‍ക്കുമ്പോള്‍ നിനക്കതില്‍ കയറാനാകും.''-സ്ത്രീ പെണ്‍കുട്ടിയോടു പറഞ്ഞു. ''പക്ഷേ, ഇതാണ് ഞാന്‍ പോകേണ്ട വണ്ടിയെന്ന് എങ്ങനെ തീര്‍ച്ചയാക്കും?'' -പെണ്‍കുട്ടി ചോദിച്ചു. ''നിന്റെ വണ്ടി ഇതുതന്നെയാണ്. കാരണം, കൃത്യസമയത്താണ് ഈ വണ്ടി എത്തിയിരിക്കുന്നത്.'' -സ്ത്രീ മറുപടി പറഞ്ഞു. തീവണ്ടി സ്റ്റേഷനിലെത്തി. പുകക്കുഴലില്‍നിന്ന് ചാരനിറമാര്‍ന്ന പുകയുയര്‍ന്നു. എത്രമാത്രം ഭയചകിതയാണ് ഞാന്‍, മുത്തശ്ശിക്കു കൊടുക്കാന്‍ കൈയില്‍ കരുതിയ മഞ്ഞ ടൂലിപ്പ് പൂക്കള്‍ മുറുകെപ്പിടിച്ചുകൊണ്ട് പെണ്‍കുട്ടി വിചാരിച്ചു. പിന്നെ ഒന്നും മിണ്ടാതെ അവള്‍ തീവണ്ടിയില്‍ കയറി. വണ്ടിയില്‍നിന്ന് അസാധാരണമായ ഒരു ശബ്ദമുയര്‍ന്നു. അത് അവള്‍ സംസാരിക്കുന്ന ഭാഷയായിരുന്നില്ല; ഒരു കരച്ചിലോ ഞരക്കമോ പോലുള്ള ഒന്നായിരുന്നു.

ലൂയിസ് ഗ്ലിക്കിന്റെ ഉട്ടോപ്യ എന്ന കവിതയില്‍നിന്നുള്ള വരികളാണിത്. മാര്‍ക്കേസിന്റെ പ്രശസ്തമായ ചെറുകഥയായ 'ചൊവ്വാഴ്ചത്തെ ഉച്ചമയക്ക'ത്തിലെ (Tuesday's Siesta) കഥാപാത്രങ്ങളെ അനുസ്മരിക്കുന്ന എന്തോ ഒന്ന് ഈ കവിതയിലുണ്ട്. ഭാഷ അന്യവും അപര്യാപ്തവുമായ ഒരു ജഡവസ്തുവായി മാറുന്നു. സ്‌ത്രൈണതയും ഭാഷയും തമ്മിലുള്ള തീവ്രവും സങ്കീര്‍ണവുമായ ഈ ക്രയവിക്രയങ്ങളാണ് ഗ്ലിക്കിന്റെ കവിതകളെന്നു പറയാം. സത്തയെ പ്രതിഫലിപ്പിക്കുന്നതും എന്നാല്‍, ഒട്ടുംതന്നെ വ്യക്തിപരമല്ലാത്തതുമായ ഒന്നാണ് ആ കവിതകള്‍.

വിശപ്പ് ഗ്ലിക്കിന്റെ കവിതകളില്‍ പലപ്പോഴും കടന്നുവരുന്നു. Epithalamium എന്ന കവിതയില്‍ അവര്‍ ഇങ്ങനെ എഴുതുന്നു: ലോകത്തില്‍ അനേകം വേദനകളുണ്ട്. ശരീരത്തിന്റെ രൂപരഹിതമായ വ്യാകുലതകള്‍, വിശപ്പാണ് അതിന്റെ ഭാഷ. ഇവിടെ വിശപ്പ് ശാരീരികം മാത്രമല്ല; അതുകൊണ്ടാണ് പെട്ടിയിലടയ്ക്കപ്പെട്ട പനിനീര്‍പ്പൂക്കള്‍ അവ്യവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് അവര്‍ തുടര്‍ന്നെഴുതുന്നത്.

ഇരയും വേട്ടക്കാരനും ഒരേ അസ്തിത്വത്തിന്റെ രണ്ടു മുഖങ്ങളാണ് ഗ്ലിക്കിന്റെ കവിതകളില്‍. നായാട്ടുകാര്‍ എന്ന കവിതയില്‍ പൂച്ച എലിയെ വേദനിപ്പിക്കുന്നതിന്റെ ഒരു ചിത്രമുണ്ട്. എലിയുടെ തൊണ്ടയില്‍നിന്ന് ഒരു രോദനമുയരുന്നു. ആ കരച്ചില്‍ ഒരു ഭൂപടമാണ്. എലിയുടെ തൊണ്ടയെവിടെയെന്ന് അത് അടയാളപ്പെടുത്തുന്നു. കഴുത്ത് കൃത്യമായി കടിച്ചുമുറിക്കാന്‍ അത് പൂച്ചയെ സഹായിക്കുന്നു. തെരുവുനിറയെ എലികളുടെ കരച്ചിലാണ് താനാണെങ്കില്‍ കിടക്കയില്‍ കിടക്കുകയാണ്, അതു നന്നായി. കാരണം, ഇവിടെ പ്രണയത്തിന്റെ രോദനങ്ങളേയുള്ളൂ. പ്രണയം പോലും ഇരയാണെങ്കില്‍ ആരാണ് വേട്ടക്കാരന്‍ എന്നാണ് കവി ചോദിക്കുന്നത്.

കാഴ്ചയുടെ അപ്പുറത്തുള്ള ലോകങ്ങള്‍ കവിയെ വ്യാകുലപ്പെടുത്തുന്നുണ്ട്. മനുഷ്യര്‍ ഇരുട്ടിനെ പഴിക്കുന്നു. കാണാനാകാത്ത ലോകങ്ങള്‍ ഇല്ലെന്ന് അവര്‍ കരുതുന്നു വവ്വാലുകള്‍ എന്ന കവിതയില്‍ ഗ്ലിക്ക് തന്റെ സന്ദേഹത്തെ ഇങ്ങനെയാണ് അടയാളപ്പെടുത്തുന്നത്. അല്ലെങ്കിലും കാണാനാവാത്ത ലോകങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളും വ്യാകുലതകളുമാണല്ലോ കവിതകള്‍.\

Content Highlights: Louise Glück awarded 2020 Nobel Prize in literature