2021-ലെ ബുക്കര്‍പ്രൈസ് പട്ടികയില്‍ ഇടംപിടിച്ച കൃതികളും എഴുത്തുകാരും. 

ക്ലാര ആന്‍ഡ് ദ സണ്‍ 

നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കാസ്വോ ഇഷിഗുരോയുടെ 'ക്ലാര ആന്‍ഡ് ദ സണ്‍' എന്ന നോവല്‍ സ്‌നേഹത്തിന്റെയും മാനവികതയുടെയും കഥയാണ് പറയുന്നത്. 1989-ല്‍ ദ റിമൈന്‍സ് ഓഫ് ദ ഡെ എന്ന നോവലിന് ബുക്കര്‍ സമ്മാനം നേടിയ എഴുത്തുകാരനാണ് അദ്ദേഹം. നാലാമത്തെ തവണയാണ് ബുക്കര്‍ പ്രൈസിന് നിര്‍ദ്ദേശിക്കപ്പെടുന്നത്. 

ബിവൈല്‍ഡര്‍മെന്റ് 

2019-ലെ പുലിറ്റ്‌സര്‍ പ്രൈസ് ജേതാവായ റിച്ചാര്‍ഡ് പവേഴ്‌സിന്റെ 'ബിവൈല്‍ഡര്‍മെന്റ'എന്ന നോവലും ഇത്തവണത്തെ ബുക്കര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഒരു ആസ്‌ട്രോബയോളജിസ്റ്റിന്റെയും  ബുദ്ധിവികാസം പ്രാപിക്കാത്ത മകന്റെയും കഥ പറയുന്ന നോവലാണ് ബിവൈല്‍ഡെര്‍മെന്റ്. 

ചൈനാ റൂം

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ സഞ്ജീവ് സഹോതയുടെ 'ചൈനാ റൂം' എന്ന നോവലും ബുക്കര്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. ഇംഗ്‌ളണ്ടിനും ഇന്ത്യയ്ക്കുമിടയിലെ സഞ്ചാരകഥ മൂന്നു തലമുറകളെ അവതരിപ്പിച്ചുകൊണ്ട് പറയുകയാണ് ചൈനാ റൂം.

ദ സ്വീറ്റ്‌നെസ് ഓഫ് വാട്ടര്‍

അമേരിക്കന്‍ എഴുത്തുകാരനായ നാതന്‍ ഹാരിസ്സിന്റെ 'ദ സ്വീറ്റ്‌നെസ് ഓഫ് വാട്ടര്‍' എന്ന നോവലും ബുക്കറില്‍ ഇടം നേടിയിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലെ ആഭ്യന്തരയുദ്ധം പ്രമേയമാക്കിയെഴുതിയ ദ സ്വീറ്റ്‌നെസ് ഓഫ് വാട്ടര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണ്. 

എ പാസ്സേജ് റ്റു നോര്‍ത് 

ശ്രീലങ്കന്‍ എഴുത്തുകാരനും ദേശീയപുരസ്‌കാരജേതാവുമായ അനൂക് അരുദ്പ്രഗാശത്തിന്റെ 'എ പാസ്സേജ് റ്റു നോര്‍ത്' എന്ന നോവല്‍ യുദ്ധങ്ങളുടെയും നഷ്ടങ്ങളുടെയും വേദനകളുടെയും കഥപറയുന്ന ഒന്നാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നോവലുകളില്‍ നിന്നും ബുക്കര്‍ പട്ടികയില്‍ ഇടം നേടിയ നോവലുകളില്‍ ഒന്നാണ് എ പാസേജ് റ്റു നോര്‍ത്. 

എ ടൗണ്‍ കാള്‍ഡ് സൊലേസ് 

കനേഡിയന്‍ എഴുത്തുകാരി മേരി ലോവ്‌സണിന്റെ 'എ ടൗണ്‍ കാള്‍ഡ് സൊലേസ്' എന്ന നോവല്‍ വടക്കന്‍ കനേഡിയന്‍ പ്രദേശങ്ങളിലെ ജീവിതങ്ങളെ പ്രമേയമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ദ ഫോര്‍ച്യൂണ്‍ മെന്‍

സൊമാലിയന്‍ എഴുത്തുകാരി നദീഫാ മൊഹ്മദിന്റെ 'ദ ഫോര്‍ച്യൂണ്‍ മെന്‍' എന്ന നോവല്‍ ബുക്കര്‍ പട്ടികയില്‍ ഇടംപിടിച്ചത് ഏറെ പ്രതീക്ഷയോടെയാണ് സാഹിത്യലോകം നോക്കിക്കാണുന്നത്. 

സെക്കന്റ് പ്ലേസ്

ബ്രിട്ടീഷ് -കനേഡിയന്‍ എഴുത്തുകാരിയായ റെയ്ചല്‍ ക്യൂസ്‌കിന്റെ 'സെക്കന്റ് പ്ലേസ്' എന്ന നോവലും ബുക്കര്‍ പട്ടികയിലുണ്ട്. മനുഷ്യബന്ധങ്ങളുടെ അവസ്ഥകളെ ചോദ്യം ചെയ്യുന്ന പ്രമേയമാണ് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ദ പ്രോമിസ്
സൗത്ത് ആഫ്രിക്കന്‍ നോവലിസ്റ്റായ ദമോണ്‍ ഗാല്‍ഗട്ടിന്റെ 'ദ പ്രോമിസ്' വര്‍ണവിവേചനത്തിന്റെയും വര്‍ഗീതയയുടെയും കഥ പറയുന്നു. ഗാല്‍ഗട്ടിന്റെ നോവല്‍ മുമ്പും ബുക്കറില്‍ ഇടം പിടിച്ചിട്ടുണ്ട്. 

നോവണ്‍ ഈസ് ടോക്കിങ് എബൗട്

അമേരിക്കന്‍ എഴുത്തുകാരിയായ പട്രീഷ്യാ ലോക്‌വുഡ്ഡിന്റെ പ്രഥമനോവലായ 'നോ വണ്‍ ഈസ് ടോക്കിങ് എബൗട്ട്' എന്ന നോവല്‍ ഇട്ടവണത്തെ ബുക്കര്‍ പട്ടികയിടം നേടി. സാമൂഹ്യമാധ്യമങ്ങളും മനുഷ്യജീവിതങ്ങളും തമ്മിലുള്ള ബന്ധങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്. 

ലൈറ്റ് പെര്‍പെച്വല്‍ 
ബ്രിട്ടീഷ് നോവലിസ്റ്റ് ഫ്രാന്‍സിസ് സ്പഫര്‍ഡിന്റെ 'ലൈറ്റ് പെര്‍പെച്വല്‍' എന്ന നോവല്‍ പറഞ്ഞുവെക്കുന്നത് ജീവിതമെന്ന വരദാനത്തിന്റെ ആഘോഷപരതയെക്കുറിച്ചാണ്. 

ഏന്‍ ഐലന്റ്

സൗത്ത് ആഫ്രിക്കന്‍ നോവലിസ്റ്റിന്റെ ഏന്‍ ഐലന്റ് എന്ന നോവലും ബുക്കര്‍ പട്ടികയിലുണ്ട്. കുറ്റബോധവും ഭയവും സൗഹൃദവും നിരാസവുമെല്ലാമടങ്ങുന്ന വീടെന്ന ബൃഹത്തായ  പ്രമേയമാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ഗ്രേറ്റ് സര്‍ക്കിള്‍

അമേരിക്കന്‍ നോവലിസ്റ്റായ മാഗി ഷിപ്‌സ്റ്റെഡ്ഡിന്റെ 'ഗ്രേറ്റ് സര്‍ക്കിള്‍' എന്ന നോവലും ബുക്കര്‍ പട്ടികയിലുണ്ട്. ജീവിതത്തിന്റെ ഗതി സ്വയം തീരുമാനിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു വനിതാ വൈമാനികയുടെ കഥയാണ് ഗ്രേറ്റ് സര്‍ക്കിള്‍ പ്രമേയമാക്കിയിരിക്കുന്നത്.

Content Highlights : List of Booker Prize Nominees 2021